കടുത്ത തൊഴിലില്ലായ്മ - മോദി ഭരണത്തില്‍ തകര്‍ന്ന യുവാക്കളുടെ സ്വപ്നങ്ങള്‍ - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 04

തൊഴില്‍ രഹിതരായ യുവാക്കളെ മോദി ഗവണ്‍മെന്റ് മോഹന വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയായിരുന്നു. ജനവഞ്ചനയുടെ കണക്കെടുപ്പ് ; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 04

Update: 2024-05-28 15:22 GMT
Advertising

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് മോദി ഗവണ്‍മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍:

> ഓരോ വര്‍ഷവും രണ്ട് കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. (എന്ന് പറഞ്ഞാല്‍, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അവര്‍ 20 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതായിരുന്നു.)

> 'സ്‌കില്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി 2022 ഓടെ 40 കോടി ജനങ്ങള്‍ക്ക് വിവിധ കഴിവുകള്‍ വര്‍ധിപ്പിക്കാനുള്ള പരിശീലനങ്ങള്‍ നല്‍കും.

> സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കും.

എന്നാല്‍ യാഥാര്‍ഥ്യം എന്ത്?

> വിദ്യാഭ്യാസരംഗം ലാഭമുണ്ടാക്കാനുള്ള ബിസിനസ് സംരംഭമാക്കി മാറ്റി. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതവും ഗ്രാന്റുകളും സര്‍ക്കാര്‍ വെട്ടിക്കുറച്ചു, ഇത് സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണത്തിന് വഴിയൊരുക്കുന്നു.

> ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് (ബി.എ), ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്.സി), ബാച്ചിലര്‍ ഓഫ് എഡ്യൂക്കേഷന്‍ (ബി.എഡ്), മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് (എം.എ), മാസ്റ്റര്‍ ഓഫ് സയന്‍സ് (എം.എസ്സി), ഡിപ്ലോമ, ഐ.ടി.ഐ (ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്), എഞ്ചിനീയറിംഗ് തുടങ്ങിയ ബിരുദങ്ങള്‍ നേടിയിട്ടും, ഈ യുവാക്കളെല്ലാം വലിയ ബുദ്ധിമുട്ടിലാണ്. മാത്രമല്ല, രക്ഷിതാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആവുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍ കണ്ടെത്താന്‍ പാടുപെടുന്നു. ഇവരുടെ മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ തകര്‍ന്നടിയുന്നു.

> പത്താം ക്ലാസ് മാത്രം ആവശ്യമുള്ള ജോലികള്‍ക്കായുള്ള പരസ്യങ്ങള്‍ക്ക് എം.എ, ബി.എ, പി.എച്ച്.ഡി വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലക്ഷക്കണക്കിന് യുവാക്കളില്‍ നിന്ന് വരെ അപേക്ഷകള്‍ ലഭിക്കുന്നു.

> ഉത്തര്‍പ്രദേശില്‍ 2023ല്‍ 16,000 തസ്തികകളിലേക്ക് 50 ലക്ഷം അപേക്ഷകള്‍ വന്നിരുന്നു. ഇത് തൊഴിലില്ലായ്മയുടെ തീവ്രതയെ കാണിച്ചു തരുന്നു.

> ദശലക്ഷക്കണക്കിന് ഇരട്ട ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും 6000 മുതല്‍ 12,000 രൂപ വരെ ശമ്പളമുള്ള ഗസ്റ്റ് ലക്ചറര്‍ തസ്തികകള്‍ക്കോ കരാര്‍ തസ്തികകള്‍ക്കോ വേണ്ടി കഷ്ടപ്പെടുകയാണ്.

> പത്ത് വര്‍ഷം മുമ്പ് 2.1 ശതമാനമായിരുന്ന രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഇപ്പോള്‍ 8.1 ശതമാനമായി ഉയര്‍ന്നു.

> ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ തൊഴിലവസരങ്ങള്‍ തേടി ദക്ഷിണേന്ത്യയിലേക്ക് യാത്ര ചെയ്യുന്നു.

> വീട്ടില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും വളരെ അകലെയുള്ള, അവര്‍ക്ക് ഇഷ്ടമില്ലാത്ത, ഏത് ജോലിയും ചെയ്യാന്‍ യുവാക്കള്‍ നിര്‍ബന്ധിതരാകുന്നു.

ഇതിനുള്ള കാരണങ്ങള്‍

> കാര്‍ഷിക മേഖലയിലെ ഇടിവ് കാരണം, നിരവധി ചെറുപ്പക്കാര്‍ക്ക് ഗ്രാമങ്ങളില്‍ ഉപജീവനമാര്‍ഗം നിലനിര്‍ത്താന്‍ കഴിയുന്നില്ല, സ്വാഭാവികമായും ഉപജീവനം ലക്ഷ്യം കണ്ട് ധാരാളം ആളുകള്‍ നഗരപ്രദേശങ്ങളിലേക്ക് കുടിയേറി പോവുന്നു.

> നഗരങ്ങളില്‍ പോലും ജോലികള്‍ അതിവേഗം അപ്രത്യക്ഷമാകുന്നു. 2014-2019 എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ 60 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ നികത്താതെ ഒഴിഞ്ഞുകിടന്നു. മാത്രമല്ല, ഒഴിഞ്ഞുകിടക്കുന്ന തസ്തികകളെക്കുറിച്ചുള്ള കൃത്യമായ സ്ഥിതിവിവരക്കണക്ക് നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയും ചെയ്യുന്നു. എന്നാലിപ്പോള്‍ നികത്തപ്പെടാത്ത ഒഴിവുകളുടെ എണ്ണം ഇരട്ടിയായി. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വളരെ കുറഞ്ഞ ജീവനക്കാര്‍ അലസമായി ജോലി ചെയ്യുന്നു, അല്ലെങ്കില്‍ കുറഞ്ഞ വേതനത്തിന് കരാര്‍ തൊഴിലാളികളുടെ സഹായത്തോടെയാണ് ജോലി ചെയ്യുന്നത്. സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിത്.

> ഓരോ വര്‍ഷവും 50,000 പേരെയാണ് ആര്‍മിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍, 'അഗ്‌നിവീര്‍' പദ്ധതി ഈ റിക്രൂട്ട്‌മെന്റുകള്‍ക്ക് വിരാമമിട്ടു. ഈ പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യുന്നവരില്‍ 75% പേരും നാല് വര്‍ഷത്തിന് ശേഷം തൊഴില്‍രഹിതരാകും.

> ചെറുകിട സംരംഭങ്ങളെയും ഇടത്തരം ബിസിനസ് സംരംഭങ്ങളെയും കുടില്‍ വ്യവസായങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പിന്തുണ ലഭിക്കാത്തത്, ജി.എസ്.ടി, നോട്ടുനിരോധനം, കോവിഡ് കാലത്തെ സര്‍ക്കാര്‍ പിന്തുണയുടെ അഭാവം, മാത്രമല്ല വന്‍കിട കോര്‍പ്പറേറ്റ് സംരംഭങ്ങളുമായി മത്സരിക്കാന്‍ ഈ ചെറുകിട ബിസിനസ്സ് സംരംഭങ്ങള്‍ക്ക് കഴിയാത്തതും കൂടെ ആണ് ഈ സാഹചര്യത്തിലേക്ക് നയിച്ചത്. 25 ശതമാനം മുതല്‍ 33 ശതമാനം വരെയുള്ള ഇടത്തരം സംരംഭങ്ങളും ഏകദേശം 40 ശതമാനം ചെറുകിട വ്യാപാരവും അടച്ചുപൂട്ടുമ്പോഴുണ്ടാവുന്ന നഷ്ടത്തിന് കേന്ദ്രസര്‍ക്കാരിന് നേരിട്ട് തന്നെ ഉത്തരവാദിത്തമുണ്ട്. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

> അദാനിയുടെയും അംബാനിയുടെയും പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകളെ പരിപോഷിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആഴത്തില്‍ നിക്ഷേപം നടത്തുന്നു. പൊതുമേഖലയിലും ചെറുകിട, ഇടത്തരം ബിസിനസ്സ് സംരംഭങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്വയം അവഗണിക്കുന്നതിന് ഇത് കാരണമായി. തല്‍ഫലമായി, യുവാക്കളുടെ ഭാവി നശിപ്പിക്കപ്പെടുകയായിരുന്നു.

(തുടരും) കടപ്പാട്: എദ്ദളു കര്‍ണാടക ലഘുലേഖ വിവര്‍ത്തനം: അലി ഹസ്സന്‍


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News