ഗവര്‍ണറുടെ ചൂണ്ടയില്‍ ആര് കുരുങ്ങും

പല സന്ദര്‍ഭങ്ങളിലും കളി കാര്യമാകുന്നുവെന്ന് കാണുമ്പോള്‍ വേഗത്തില്‍ ഒത്തുതീര്‍പ്പിലെത്തുന്നതായിരുന്നു പതിവ് കാഴ്ചയെങ്കില്‍, 2022 സെപ്റ്റംബര്‍ 19 കേരള രാജ്ഭവന്റെ ആഡിറ്റോറിയം സാക്ഷ്യംവഹിച്ചത് മറ്റൊന്നിനായിരുന്നു. സംസ്ഥാന സര്‍ക്കാറിനെതിരെ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ നിറഞ്ഞാടി.

Update: 2022-09-19 16:48 GMT

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഫെഡറല്‍ അധികാര കേന്ദ്രങ്ങള്‍ പലതരത്തിലാണ്. കേന്ദ്രത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലുമായി പ്രധാനമന്ത്രിയും മന്ത്രിമാരും പിടിച്ചു നില്‍ക്കുന്നത്, ലോക്‌സഭയില്‍ സ്പീക്കര്‍ വഴിയും രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുടെ നാവും ഉപയോഗപ്പെടുത്തിയാണ്. എല്ലാവര്‍ക്കും മീതേ രാഷ്ട്രപതിയുടെ പേനക്കും കാര്യമുണ്ടെന്ന് മനസ്സിലാക്കി റെയ്‌സിന ഹില്‍സില്‍ എത്തിക്കേണ്ടത് ആരെയെന്ന കാര്യത്തിലും നാളിത് വരെ രാഷ്ട്രീയ കക്ഷികള്‍ കവടി നിരത്തി ആളെ നിയമിക്കലാണ് പതിവ്. ചില ചില്ലറ പാളലുകള്‍ ഒഴിച്ചാല്‍ കേന്ദ്രഭരണം കയ്യാളുന്നവരുടെ കൈ പാവകളായി തന്നെയാണ് ഈ പദവിയും ആടിയിട്ടുള്ളത്. സ്പീക്കറും, ഉപരാഷ്ട്രപതി അഥവാ, രാജ്യസഭാ നേതാവ് എന്നതൊക്കെ ഇങ്ങനെ ഭരണക്കാറ്റിന് അനുസരിച്ച് ആടിക്കളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പതിവ് കാഴ്ചകളാണ്. ഈ പ്രതിഷ്ഠകള്‍ പോലെ തന്നെയാണ് സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരുടെ നിയമനങ്ങളും.


എന്നാല്‍, ഈ പാവകളി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യാ രാജ്യത്ത് കുറച്ചധികമാണ്. ഫാഷിസം ഫണം വിരിച്ചു നില്‍ക്കുമ്പോള്‍ അതിന്റെ മുന്നില്‍ ഗീതം പൊഴിച്ച് മകിടിയായി നില്‍ക്കുന്ന പദവിയായി ഈ കസേരകള്‍ മാറി കഴിഞ്ഞു. രാത്രി ഇരുട്ടിവെളുക്കും മുന്‍പ് രാജ്യത്ത് ജമ്മു കശ്മീര്‍ എന്ന സംസ്ഥാനം ഇല്ലാതായത് ഈ പാവകളി കാര്യമായപ്പോഴാണ്. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ സര്‍ക്കാറുകള്‍ അധികാരമേറ്റാല്‍ രാജ്ഭവനുകളില്‍ നിന്ന് തന്നെ ഓപ്പറേഷന്‍ തുടങ്ങുമ്പോഴാണ് എം.എല്‍.എമാര്‍ മറ്റ് സംസ്ഥാനങ്ങളിലെ റിസോര്‍ട്ടുകളില്‍ ഊഞ്ഞാലാടി പാവകളി കളര്‍ഫുള്ളാക്കുന്നത്.

ഇത്തരമൊരു കളിയാട്ടമാണ് കേരളത്തിലും ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. പല സന്ദര്‍ഭങ്ങളിലും കളി കാര്യമാകുന്നുവെന്ന് കാണുമ്പോള്‍ വേഗത്തില്‍ ഒത്തുതീര്‍പ്പിലെത്തുന്നതായിരുന്നു പതിവ് കാഴ്ച. പതിവിന് വിപരീതമായ കാഴ്ചയാണ് 2022 സെപ്റ്റംബര്‍ 19 കേരള രാജ്ഭവന്റെ ആഡിറ്റോറിയം സാക്ഷ്യംവഹിച്ചത്. സംസ്ഥാന സര്‍ക്കാറിനെതിരെ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ആഞ്ഞ് ആടി. ചരിത്രത്തില്‍ ഇടംപിടിച്ച ഈ ആട്ടം പതിവ് പോരടിയായി മാത്രം എങ്ങനെ കാണും. ഫാഷിസ കാലത്തെ പാവകളിയുടെ പകര്‍പ്പ് ഇവിടേക്കുമെത്തി എന്ന കൃത്യ സന്ദേശം ദാ വന്നു എന്ന് കരുതാവുന്ന തരത്തിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. ആ ഒന്നേമുക്കാല്‍ മണിക്കൂര്‍ നടന്ന വാചകമടി കേവല പോരാകില്ല എന്നത് കാണാനിരിക്കുന്നതിന്റെ സാംപിള്‍ വെടിക്കെട്ടാണ്.


1988ല്‍ കേരളത്തിന്റെ ഒന്‍പതാമത് ഗവര്‍ണര്‍ ആയിരുന്ന രാംദുലാരി സിന്‍ഹക്കെതിരെ അന്നത്തെ ഇ.കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് നിയമസഭയില്‍ ശാസനാ പ്രമേയം കൊണ്ടു വന്നിരുന്നു. കേരള സര്‍വകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതിനെച്ചൊല്ലിയായിരുന്നു സര്‍ക്കാരും ഗവര്‍ണറും തമ്മിലടിച്ചത്. സര്‍ക്കാര്‍ കൊടുത്ത അംഗങ്ങളുടെ പട്ടികയില്‍ മറ്റാരുടെയോ ബാഹ്യസമ്മര്‍ദത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ മാറ്റം വരുത്തിയതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ശാസനാപ്രമേയം നിയമസഭ പാസാക്കിയെങ്കിലും താന്‍കൊടുത്ത പട്ടികയില്‍ മാറ്റമൊന്നും വരുത്താന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ എന്ന ചാന്‍സലര്‍ക്കുള്ള അധികാരത്തിന് മേല്‍ കത്തിവച്ചതാണ്. അത് കാരണമായി എടുത്ത ഗവര്‍ണര്‍ അതില്‍ ചവിട്ടി രേഖകള്‍ എന്ന പേരില്‍ കത്തുകളും വീഡിയോ ദൃശ്യങ്ങളുമായാണ് മാധ്യമങ്ങള്‍ക്ക് മുന്നിലിരുന്നത്.

നിയമവും അതില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളും ചേര്‍ത്ത് മറ്റൊരു നിയമം ചുട്ടെടുക്കുന്ന പ്രശ്‌നത്തില്‍ നിന്ന് കാര്യങ്ങള്‍ രാഷ്ട്രീയ പ്രശ്‌നമായി മാറുകയാണ്.

ഗവര്‍ണര്‍ പദവി ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രയോഗരീതി ഇവിടെക്കും എന്ന് പറയാവുന്ന പ്രയോഗങ്ങളും രാജ്ഭവന്റെ നാഥന്റെ ഭാഗത്ത് നിന്നുണ്ടായി. കേരളത്തിലെ തെളിവെള്ളത്തില്‍ ഒളിഞ്ഞു കിടക്കുന്ന താമര തണ്ടിന് വേരുപിടിക്കാനുള്ള കലക്കവെള്ളമൊഴിക്കാനാണ് ശ്രമമെന്ന് കൃത്യമായ സൂചന നല്‍കി കഴിഞ്ഞു. കേരളത്തിലെ സമ്മതിദായകരെ വലവീശാന്‍ കേന്ദ്ര നേതാക്കളും കേന്ദ്ര മന്ത്രിമാരും ഒക്കെ വട്ടമിട്ടു പറക്കുകയും സ്വയം സേവകരുടെ ആസ്ഥാന സ്ഥാനപതി തൃശൂരിലെത്തിയപ്പോള്‍ ഔദ്യോഗിക കാറെടുത്ത് പാഞ്ഞെത്തി കണ്ടതും എത്ര നിസാരമായി കാണാനാകും. അവിടേക്ക് പോകും മുന്‍പ് മേധാവി തലേന്ന് എത്തിയ കേരള ആസ്ഥാനത്ത് വന്ന് പൊട്ട് തൊട്ട് തൊഴുതിട്ടാണ് പോയതും. കയ്യിലേല്‍പിച്ച ചൂണ്ടയില്‍ എങ്ങനെ ഇരകളെ കൊരുത്തു പിടിക്കാം എന്ന ശിക്ഷകിന് വിധേയമായതിന്റെ ലക്ഷണങ്ങള്‍ ആ മുഖത്ത് പ്രകടമായിരുന്നുവല്ലോ.


ഇവിടെയാണ് ഭരണ പ്രതിപക്ഷ കക്ഷികളുടെ രാഷട്രീയ പ്രസ്താവനകളുടെ ഗതി ഈ ചൂണ്ടയെ ചുറ്റി കറങ്ങുക. തോമസ് ഐസക്കിന് ഇ.ഡി നല്‍കിയ ചുവപ്പുകാര്‍ഡ് വലിച്ചു കീറാന്‍ പ്രതിപക്ഷ നേതാവ് തന്നെ രംഗത്തിറങ്ങിയത് കണ്ടതാണ്. ഇപ്പോഴത്തെ കേരള രാഷ്ട്രീയ പരിസരത്ത് നടക്കുന്ന ഓരോ പ്രസ്താവനകള്‍ക്കും കരുതലുണ്ടായില്ലെങ്കില്‍ ചൂണ്ടയങ്ങനെ ചുറ്റിത്തിരിയും. രാജ്യത്തെ ഒന്നാക്കാന്‍ എന്ന മുദ്രാവാക്യത്തെ ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തുന്ന ദേശവ്യാപക പദയാത്രയായ ഭാരത് ജോഡോയെ വിമര്‍ശിക്കുമ്പോഴുണ്ടാകുന്ന ഗുണം ആര്‍ക്കെന്ന സംവാദം കണ്ടതാണ് നമ്മള്‍. ഇത് മനസിലാക്കിയാണ് സി. പി.ഐ.എം ന്റെ ദേശീയ നേതൃത്വം പക്വമായ സമീപനം സ്വീകരിച്ചത്. ഇത് തിരിച്ചും സംഭവിക്കാമെന്ന് മറ്റുള്ളവര്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഗര്‍ണര്‍ക്ക് പിന്തുണയില്ല എന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാറിനെ എതിര്‍ത്ത് ഗവര്‍ണറെ ശരിക്കും പിന്തുണക്കുന്നതും നല്ല രാഷട്രീയമായി ഇപ്പോഴത്തെ അവസ്ഥയില്‍ കാണാനാകില്ല. ഫാഷിസത്തിന്റെ ചുണ്ട വലയായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിന്ന്.




Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - യു. ഷൈജു

contributor

Similar News