ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൊതുചര്‍ച്ചകളിലെ ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ നടീനടന്മാരും സാങ്കേതികപ്രവര്‍ത്തരും നിര്‍മാണ-സംവിധാനരംഗത്തു പ്രവര്‍ത്തിക്കുന്നവരും തമ്മിലുള്ള പ്രശ്നമാണ്. എന്നിട്ടും വിവാദം പൊട്ടിപ്പുറപ്പെട്ട് ഏറെ താമസിയാതെ ഒരു മുസ്ലിംബന്ധം ചര്‍ച്ചയിലേക്ക് കടന്നുവന്നു. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 04)

Update: 2024-09-10 13:03 GMT
Advertising

മലയാള സിനിമയെ ഒന്നാകെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2024 ആഗസ്റ്റ് 19ന് പുറത്തുവന്നു. 2019 ഡിസംബര്‍ 31നാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയതെങ്കിലും അത് പൊതുജനങ്ങളിലേക്കെത്താന്‍ പിന്നെയും അഞ്ച് വര്‍ഷമെടുത്തു, അതും പല ഭാഗങ്ങളും മറച്ചുവച്ച രൂപത്തില്‍. 2017ലെ നടിയെ ആക്രമിച്ച സംഭവത്തിനുശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മിറ്റിയെ നിയമിക്കുന്നത്. തുടര്‍ന്ന് അതേ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിക്ക് രൂപം നല്‍കി.

മലയാള സിനിമാ മേഖലയില്‍ 'കറുത്ത മേഘ'ങ്ങളെന്ന പരാമര്‍ശങ്ങളുമായി തുടങ്ങുന്ന റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്: ചലച്ചിത്രമേഖലയെ നിയന്ത്രിക്കുന്നത് ഒരുകൂട്ടം ക്രിമിനലുകളാണ്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെ നടക്കുന്നുണ്ട്. സിനിമയിലെത്തുന്നതിനുവേണ്ടി വനിതകള്‍ക്കു വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു. വ്യാപകമായ ലൈംഗികചൂഷണം നിലനില്‍ക്കുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നടിമാരെ സമ്മര്‍ദം ചെലുത്താറുണ്ട്. ('നക്ഷത്രങ്ങളെ വിശ്വസിക്കരുത്, സിനിമാ മേഖലയില്‍ കറുത്ത മേഘങ്ങള്‍'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്, ദി ഫോര്‍ത്ത് ന്യൂസ്, ആഗസ്റ്റ് 19, 2024).

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമയുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നിരവധി സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ചു. സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലുള്ളവരും ആരോപണവിധേയരായി. ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഭരണസമിതിയില്‍നിന്ന് രാജിവച്ചു. നിലവിലെ സംഭവവികാസങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു രാജി. 'അമ്മ' ഭരണസമിതിയും പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരാഴ്ചയോളം 'അമ്മ'യുടെ പ്രതികരണം വൈകിയതും ലൈംഗിക പീഡനമടക്കമുള്ള പരാതികളില്‍ 'അമ്മ' നടപടിയെടുക്കാതിരുന്നതും അംഗങ്ങളടക്കമുള്ളവരില്‍ വ്യാപക രോഷമുണ്ടാക്കിയിരുന്നു. 'അമ്മ' മൗനം വെടിഞ്ഞ് നിലപാട് കൈക്കൊള്ളണമെന്ന് ഉര്‍വശിയും, ജഗദീഷും 'അമ്മ'യ്ക്ക് വീഴ്ച പറ്റിയെന്ന് പൃഥ്വിരാജടക്കമുള്ളവരും പരസ്യപ്രസ്താവനകളും നടത്തി. ('ധാര്‍മിക ഉത്തരവാദിത്തമേല്‍ക്കുന്നു'; അമ്മയില്‍ കൂട്ടരാജി; ഭരണസമിതി പിരിച്ചുവിട്ടു, മനോരമന്യൂസ്, ആഗസ്റ്റ് 27, 2024).

ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം:

റിപ്പോര്‍ട്ട് വന്ന അതേ ദിവസം ലോസ്റ്റ് ബോയ്സ് (കാഫിര്‍) എന്ന ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു: 'അതാണ് അവര്‍ക്ക് വേണ്ടത്, ജമാഅത്തെ ഇസ്ലാമി മലയാള സിനിമയില്‍ അവര്‍ ലക്ഷ്യം വെച്ചത് നേടി, ഇനി അവരുടെ ഒത്താശയിലുള്ള നേതാക്കള്‍ ഭരണസമിയില്‍ വരും'. ജനം ടിവി വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടിനൊപ്പമായിരുന്നു ഈ പ്രതികരണം. ഇതൊരു ട്രോളാണെന്ന പ്രതീതിയാണ് ആദ്യം ഉണ്ടാക്കിയത്. ആ മട്ടില്‍ത്തന്നെ വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. പക്ഷേ, പിന്നീട് സമാനസ്വഭാവമുള്ള നിരവധി പോസ്റ്റുകള്‍ ഗൗരവത്തില്‍ത്തന്നെ പുറത്തുവന്നു. 


പ്രത്യേക സമുദായത്തിലുള്ളവരുടെ സമ്മര്‍ദ്ദം:

ആരോപണം നേരിട്ടവരില്‍ പ്രധാനിയായിരുന്നു ചലച്ചിത്രതാരവും ഇടതു എംഎല്‍എയുമായ മുകേഷ്. ആഗസ്റ്റ് 27 ഉച്ചയോടെ 'സത്യം പുറത്ത് വരണം... നിയമപരമായി നേരിടും' എന്ന ശീര്‍ഷകത്തില്‍ ഫേസ്ബുക്ക് വാളിലൂടെ അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി. അതിലെ ഒരു പരാമര്‍ശം സവിശേഷ ശ്രദ്ധപിടിച്ചുപറ്റുന്നതായിരുന്നു: ''2009ല്‍ സിനിമയില്‍ അവസരം തേടുന്നയാള്‍ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണില്‍ ബന്ധപ്പെട്ടു. വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആല്‍ബവുമായി എന്റെ വീട്ടില്‍ വന്ന അവര്‍ മീനു കൂര്യന്‍ എന്ന് പരിചയപ്പെടുത്തി. അവസരങ്ങള്‍ക്കായി സഹായിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ലാപ്ടോപ് സന്ദേശം അയക്കുകയുണ്ടായി. ആ സമയത്തൊന്നും അവര്‍ എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെന്ന് പറയുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. 2022ല്‍ ഇതേ സ്ത്രീ വീണ്ടും ഫോണില്‍ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവര്‍ മീനു മുനീര്‍ എന്നാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്നവര്‍ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ നിസ്സഹായത അറിയിച്ചപ്പോള്‍ ഒരു ലക്ഷമെങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചു. ഞാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തില്‍ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ട് ഫോണില്‍ വിളിച്ച് മറ്റൊരാളും വന്‍ തുക ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്ത ഈ സംഘം ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവര്‍ എനിക്ക് അയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച് തെളിവുകളുടെ പിന്‍ബലത്തിലാണ് ഞാന്‍ ഈ കാര്യം വെളിപ്പെടുത്തുന്നത്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാന്‍ കൂട്ടുനില്‍ക്കുന്ന ഒരാള്‍ അല്ല ഞാന്‍.'' (മുകേഷിന്റെ എഫ്ബി പോസ്റ്റ്, ആഗസ്റ്റ് 27, 2024)

പോസ്റ്റിന്റെ ആദ്യ ഭാഗത്ത് തന്റെ നിരപരാധിത്വം തെളിയിക്കാനാണ് അദ്ദേഹം ശ്രമിച്ചതെങ്കില്‍ തന്നെ ലക്ഷ്യമിടുന്ന ഒരു 'പ്രത്യേക സമുദായ'ത്തെക്കുറിച്ച് സൂചന നല്‍കിക്കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. തനിക്കെതിരേ ആരോപണമുന്നയിച്ച സ്ത്രീ ആദ്യം മീനു കുര്യനെന്നാണ് പേര് പറഞ്ഞതെന്നും പിന്നീട് അവര്‍ പേര് മീനു മുനീര്‍ എന്നാക്കി മാറ്റിയെന്നും ഇതേ പോസ്റ്റില്‍ അദ്ദേഹം പറയുന്നു. തുടര്‍ന്നാണ് 'പ്രത്യേക സമുദായ'പ്രയോഗം നടത്തുന്നത്. കേരളത്തിലെ ഇസ്ലാമോഫോബിക് പദാവലിയില്‍ മുസ്ലിംകളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് 'പ്രത്യേക സമുദായം'.

ജമാഅത്തെ ഇസ്ലാമി, മട്ടാഞ്ചേരി മാഫിയ:

തനിക്കെതിരേയുള്ള നീക്കങ്ങള്‍ ഒരു കൂട്ടായ ആക്രമണത്തിന്റെ ഭാഗമാണെന്നും അതിനു പിന്നില്‍ ആ പ്രത്യേകസമുദായമാണെന്നുമുള്ള വിശദീകരണങ്ങള്‍ ഇസ്ലാമോഫോബിക് അന്തരീക്ഷത്തെ തനിക്കനുകൂലമായി ഉപയോഗപ്പെടുത്താനും അത്തരക്കാരില്‍നിന്ന് പിന്തുണ തേടിക്കൊണ്ടുള്ളതുമാണ്. ഏറെക്കുറെ ട്രോള്‍ ആണെന്ന് തോന്നിച്ച നേരത്തെ നാം സൂചിച്ച സ്‌ക്രീന്‍ഷോട്ടും പറയാന്‍ ശ്രമിച്ചത് ഈ സംഭവങ്ങള്‍ക്കു പിന്നില്‍ മുസ്ലിംകളാണെന്നാണ്. കുറച്ചുകൂടെ സ്പെസിഫിക്കായി പ്രശ്നങ്ങള്‍ക്കു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നുകൂടി ആ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.

അധികം താമസിയാതെ സിനിമാ മേഖലയിലെ പ്രതിസന്ധിയെ മുസ്ലിംകളുമായി കൂട്ടിക്കെട്ടിക്കൊണ്ടുള്ള വിശകലനങ്ങള്‍ ധാരാളം പുറത്തുവന്നു. ഒരു മാതൃക താഴെ കൊടുക്കുന്നു: ''ദിലീപിനെ പണ്ടേ ഒതുക്കി. മോഹന്‍ലാലിനെയും ജയസൂര്യയെയും ഇടവേള ബാബുവിനെയും ഉണ്ണിമുകുന്ദനെയും ജയന്‍ ചേര്‍ത്തലയെയും ഒക്കെ സൈഡ് ആക്കി. സുരേഷ് ഗോപി സീനില്‍ ഇല്ല. ഇനി ഊള രാജുമോന്റെ നേതൃത്വത്തില്‍ സുടാപ്പി സ്പോണ്‍സേര്‍ഡ് മട്ടാഞ്ചേരി മാഫിയ അമ്മയെ വിഴുങ്ങും. അമ്മ ചിലപ്പോള്‍ ഉമ്മയാകും. നാടകം ശുഭം!''(അംബിക ജെ.കെ, എഫ്ബി, ആഗസ്റ്റ് 28, 2024).

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി എ. റഹ്മത്തുന്നീസയുടെ നേതൃത്വത്തില്‍ ഒരു വാര്‍ത്ത സമ്മേളനം നടന്നു. ഏതാനും ആളുകളുടെ രാജികൊണ്ട് തീരാവുന്ന പ്രശ്നമല്ല ഇതെന്നും ആഴത്തിലുള്ള വിലയിരുത്തലും പൊതുസമൂഹത്തില്‍ ചര്‍ച്ചയും നടക്കേണ്ട കാര്യമാണെന്നുമാണ് അവരുടെ അഭിപ്രായം. സ്ത്രീക്കെതിരായ അതിക്രമം അവരുടെ മാത്രം പ്രശ്നമായല്ല, സമൂഹത്തിന്റെ പ്രശ്നമായാണ് കാണേണ്ടത്, ആര്‍ജവമുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കേണ്ട സമയമാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇതിനോട് വി ലൗ സിപിഐഎം എന്ന ഫേസ്ബുക്ക് പേജില്‍ ആഗസ്റ്റ് 28ാം തിയ്യതി വന്ന പോസ്റ്റ് ഇങ്ങനെയായിരുന്നു: ''പറ്റിയ ശിനിമ നടിമാര്‍ മുഖം മറച്ചഭിനയിക്കുക, അപ്പോഴവരുടെ മൊഞ്ച് നടന്മാര്‍ കാണൂല്ല...''(എഫ്ബി, വി ലൗ സിപിഐഎം, ആഗസ്റ്റ് 28, 2024)

ആഷിഖ് അബു, റിമ കല്ലിങ്കല്‍, മട്ടാഞ്ചേരി മാഫിയ:

കൂടുതല്‍ ആരോപണങ്ങളും മുസ്ലിമും ഇടതുപക്ഷനിലപാടുകാരനുമായ സംവിധായകന്‍ ആഷിഖ് അബുവിനെയും നടിയും ഭാര്യയുമായ റിമ കല്ലിങ്കലിനെയും ഉന്നംവച്ചായിരുന്നു. ആഷിഖിനെ 'മട്ടാഞ്ചേി മാഫിയ'യെന്നാണ് വിമര്‍ശകര്‍ വിളിച്ചത്. ആഷിഖ് അബുവിന്റെ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നുവെന്നും ആരോപിച്ചിരുന്നു. എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിക്കുക മാത്രമല്ല, സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനുശേഷമാണ് കൂടുതല്‍ ആക്രമണങ്ങളുണ്ടായതെന്നുകൂടി പറഞ്ഞുവച്ചു:

ഷൂട്ടിങ് സെറ്റുകളില്‍ ഒരുകാലത്തും ലഹരി പ്രോല്‍സാഹിപ്പിച്ചിട്ടില്ല. സിനിമയില്‍ എവിടെയെങ്കിലും എത്തിയെങ്കില്‍ അത് ആ അച്ചടക്കം കാത്തുസൂക്ഷിച്ചതുകൊണ്ടാണ്. മദ്യം ഉപയോഗിക്കുന്നവര്‍വരെ സിനിമ നിര്‍മാണത്തിന് തടസമാണ്. ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രശ്നം അനുഭവിക്കുന്നവരുടെ കൂട്ടത്തിലാണ് താന്‍. ലഹരി ആരോപണത്തോടോപ്പം മട്ടാഞ്ചേരി മാഫിയ എന്ന ലേബല്‍ തനിക്കെതിരെയടക്കം ചാര്‍ത്തിയത് സംഘ്പരിവാറാണ്. സിഎഎ വിരുദ്ധ സമരത്തിന് അനുകൂല നിലപാടെടുത്തതിനാലാണ് തനിക്കും റിമയ്ക്കുമെതിരായ ആക്രമണം രൂക്ഷമായത്. ('തന്റെ സെറ്റില്‍ ലഹരി പ്രോല്‍സാഹിപ്പിച്ചിട്ടില്ല'; ആരോപണങ്ങള്‍ നിഷേധിച്ച് ആഷിഖ് അബു, മനോരമ, സെപ്തംബര്‍ 6, 2024).

ആഷിഖ് അബുവിന്റെ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നതായി തമിഴ് ഗായിക സുചിത്രയും ആരോപണമുന്നയിച്ചു. റിമയുടെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നു. ഇതു റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു. മുസ്‌ലിം നാമധാരികള്‍ക്കെതിരെ സംഘ്പരിവാര്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണമാണിതെന്ന് ഒരു സംശയത്തിനും ഇടനല്‍കാതെ ആഷിഖ് അബു വ്യക്തമാക്കി: 'ഞങ്ങളുടെ സിനിമാ സെറ്റുകളില്‍ സിനിമയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ പരിശോധിക്കട്ടെ. ആരാണ് ഈ കുറ്റകൃത്യം ചെയ്യുന്നതെന്ന കൃത്യമായ വിവരങ്ങള്‍ പുറത്തുവരട്ടെ. ഉറപ്പായും അത് വേണം. പിണറായി വിജയന്‍ മമ്മൂട്ടിയും മോഹന്‍ലാലുമായി ചേര്‍ന്ന് ഫഹദ് ഫാസിലിന്റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്നൊക്കെയാണ് ആരോപണം. ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്ന് തീര്‍ച്ചയായും അന്വേഷിക്കണം. ഇതിനു മുമ്പും ഇത്തരത്തില്‍ യാതൊരു അടിസ്ഥാനവും ലോജിക്കോ ഇല്ലാത്ത ഒരുപാട് ആരോപണങ്ങള്‍ മറ്റു പലര്‍ക്കെതിരെയും ഉയര്‍ത്തിയിട്ടുള്ള ആളാണ് സുചിത്ര. മുസ്‌ലിം നാമധാരികള്‍ക്കെതിരെ സംഘ്പരിവാര്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണമാണിത്. അവര്‍ക്ക് ഇതിലൊരു പരാതിയുണ്ടെങ്കില്‍ അത് കൊടുക്കാതെ മാധ്യമങ്ങളില്‍ ഇരുന്ന് ഓരോരോ പേരുകളിട്ട് ആഘോഷിക്കുന്നതാണ് കണ്ടുവരുന്ന പ്രവണത. ഞങ്ങളുടെ സിനിമാ സെറ്റുകളില്‍ സിനിമയല്ലാതെ മറ്റൊന്നും നടക്കുന്നില്ല'.('മുസ്‌ലിം നാമധാരികള്‍ക്കെതിരെ സംഘ്പരിവാര്‍ വര്‍ഷങ്ങളായി നടത്തുന്ന ആക്രമണം'; ലഹരി പാര്‍ട്ടി ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആഷിഖ് അബു, മീഡിയവണ്‍, സെപ്തംബര്‍ 4, 2024) 


ആയുധങ്ങളൊളിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ കുറിച്ച് കേന്ദ്ര മന്ത്രിയും സിനിമാനടനുമായ സുരേഷ് ഗോപിയോട് തൃശൂര്‍ രാമനിലയത്തില്‍വച്ച് ഏതാനും മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടി. ഇതിനോട് നടന്റെ പ്രതികരണം അസാധാരണമായിരുന്നു. മാധ്യമങ്ങളെ മൊത്തത്തില്‍ അപഹസിക്കുകയും ചെയ്തു അദ്ദേഹം: ''മുകേഷിന്റെ കാര്യത്തില്‍ കോടതി വല്ലതും പറഞ്ഞോ. ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ എന്റെ ഓഫീസിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചോദിക്കണം. വീട്ടില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കൂ. ആരോപണങ്ങളൊക്കെ മാധ്യമസൃഷ്ടിയാണ്. ഇത് മാധ്യമങ്ങളുടെ തീറ്റയാണ്. ഇതുവെച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ. പക്ഷെ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോരകുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടുകയാണ് മാധ്യമങ്ങള്‍. വിഷയങ്ങളെല്ലാം കോടതിക്ക് മുമ്പിലുണ്ട്. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. സര്‍ക്കാര്‍ കോടതിയില്‍ കൊണ്ടുചെന്നാല്‍ അവര്‍ എടുത്തോളും.''('നിങ്ങളാണോ കോടതി', വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റ; മുകേഷിനെതിരായ ആരോപണത്തില്‍ സുരേഷ് ഗോപി, ആഗസ്റ്റ് 27, 2024, ദി ക്യു).

മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി വീണ്ടും പിറകേയെത്തിയപ്പോള്‍ കൂടുതല്‍ കുപിതനായി. മൈക്കുകള്‍ തള്ളിമാറ്റി കാറിലേക്ക് കയറി. ''എന്റെ വഴി എന്റെ അവകാശമാണ് പ്ലീസ്'' എന്നും പറഞ്ഞത്രെ. വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ ഉത്തരം പറയാന്‍ സൗകര്യമില്ലെന്നും പറഞ്ഞു. പ്രശ്നം അവിടെയും നിന്നില്ല. തന്റെ വഴി തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ് തൃശൂര്‍ സിറ്റി പോലിസ് കമീഷണര്‍ക്ക് പരാതിയും നല്‍കി. (വഴി തടസ്സപ്പെടുത്തി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുത്ത് സുരേഷ് ഗോപി, മാതൃഭൂമി, ആഗസ്റ്റ് 28, ആഗസ്റ്റ് 2024).

മന്ത്രിയുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. മീഡിയവണ്‍ അടക്കം മൂന്നു ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി, തള്ളി മാറ്റി, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നിവയാണ് ചുമത്തിയ കുറ്റങ്ങള്‍. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് മുന്‍ എംഎഎ അനില്‍ അക്കരയുടെ പരാതിയില്‍ സുരേഷ് ഗോപിയ്ക്കെതിരേയും കേസെടുത്തു. (വഴി തടസപ്പെടുത്തി; സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്, സിറാജ് ലൈവ്, ആഗസ്റ്റ് 28, 2024, സിറാജ് ലൈവ്).

ഹേമ കമ്മിറ്റിയെക്കുറിച്ച് നടന്ന മാതൃഭൂമി ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഈ പ്രശ്നം പരാമര്‍ശിക്കപ്പെട്ടു. ഇന്ത്യാമഹാരാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു കേന്ദ്ര മന്ത്രിയും മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുന്ന രംഗം കണ്ടിട്ടില്ലെന്ന് മാതൃഭൂമി ന്യൂസ് അവതാരകന്‍ അഭിപ്രായപ്പെട്ടു. അതിനോട് പാനലിസ്റ്റ് സന്ദീപ് വാര്യരുടെ പ്രതികരണം മീഡിയവണിലെ തൗഫീഖ് ആലം മന്ത്രിയെ കുത്തിക്കൊല്ലുമെന്ന് ആക്ഷന്‍ കാണിച്ചുവെന്നാണ്. അദ്ദേഹം തുടര്‍ന്നുപറഞ്ഞതും വിചിത്രമായ വാദങ്ങളായിരുന്നു: അങ്ങനെ ചെയ്ത (മന്ത്രിയെ കുത്തിക്കൊല്ലുമെന്ന് ആക്ഷന്‍ കാണിച്ചു) മാധ്യമപ്രവര്‍ത്തകനെ മാധ്യമപ്രവര്‍ത്തകര്‍ മാറ്റിനിര്‍ത്തിയില്ല. നടപടിയെടുത്തില്ല. കേന്ദ്രമന്ത്രിയ്ക്ക് വഴിയൊരുക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന പോലിസിനായിരുന്നു. അവരത് ചെയ്തില്ല. തികഞ്ഞ പ്രോട്ടോകോള്‍ ലംഘനം നടന്നു. മീഡിയവണിലെ മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് ഗോപിയുമായി ക്ലോസ് റേഞ്ചില്‍വന്നു. അദ്ദേഹം തന്റെ മൈക്കിനുള്ളില്‍ കത്തിയൊളിപ്പിച്ചിട്ടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. ഇല്ലെന്ന് ഉറപ്പുപറയാന്‍ കഴിയുമോ? അതുപോലൊരു മാധ്യമപ്രവര്‍ത്തകന്‍ യുപിയില്‍ ജയിലില്‍ കിടന്നു.... (താരവാഴ്ച തീര്‍ന്നോ? കാലം കാത്തുവെച്ച കാവ്യനീതിയോ? ആഗസ്റ്റ് 27, 2024, മാതൃഭൂമി ന്യൂസ്).  


ഹേമ കമ്മിറ്റി, സിനിമയിലെ മുസ്‌ലിംസാന്നിധ്യം, ഇസ്‌ലാമോഫോബിയ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ നടീനടന്മാരും സാങ്കേതികപ്രവര്‍ത്തരും നിര്‍മാണ-സംവിധാനരംഗത്തു പ്രവര്‍ത്തിക്കുന്നവരും തമ്മിലുള്ള പ്രശ്നമാണ്. എന്നിട്ടും വിവാദം പൊട്ടിപ്പുറപ്പെട്ട് ഏറെ താമസിയാതെ ഒരു മുസ്ലിംബന്ധം ചര്‍ച്ചയിലേക്ക് കടന്നുവന്നു. സിനിമയ്ക്ക് പുറത്തുള്ള മുസ്ലിംകള്‍ക്കും മുസ്ലിംസംഘടനകള്‍ക്കും ഈ വിവാദമുണ്ടാക്കിയതില്‍ പങ്കുണ്ടെന്നും സിനിമാരംഗത്തുനിന്ന് ഹിന്ദു-സവര്‍ണ വിഭാഗങ്ങളെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു ഒരു ചര്‍ച്ച. കള്ളപ്പണത്തിലൂടെയും ലഹരിയിലൂടെയും ലൈംഗിക അരാജകത്വത്തിലൂടെയും മലയാള സിനിമയെ മലിനീകരിക്കുന്നത് മുസ്ലിംകളാണെന്നതായിരുന്നു മറ്റൊരു പ്രമേയം. ആഷിഖ് അബുവിനെപ്പോലുള്ള ഇടത് സിനിമാപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ഈ ആരോപണം ഉയര്‍ന്നുവന്നത്. തന്റെ മുസ്ലിംസ്വത്വത്തിനു നേരെയുള്ള ആക്രമണമാണിതെന്ന് അദ്ദേഹം തിരിച്ചറിയുക മാത്രമല്ല, അതിനെ ചോദ്യംചെയ്യുകയും ചെയ്തു. പൗരത്വഭേദഗതി നിയമത്തില്‍ പരസ്യ നിലപാടെടുത്തതിന്റെ പ്രതികാരമാണ് തനിക്കെതിരേയുള്ള ആക്രമണമെന്ന് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

സിനിമാ രംഗത്തെ സവര്‍ണഹൈന്ദവ കുത്തകയെ ചോദ്യം ചെയ്യാന്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല (കെ.കെ ബാബുരാജ്, മലയാള സിനിമ: കീഴാള സാമുദായികതയുടെ തിരസ്‌കാരം, മാധ്യമം, 6 സെപ്തംബര്‍ 2024). ദലിതര്‍ക്കും കീഴാള ക്രൈസ്തവര്‍ക്കും ആദിവാസി വിഭാഗത്തിനും ഹിന്ദുക്കളായി പരിഗണിക്കപ്പെടുന്ന പിന്നാക്കക്കാര്‍ക്കും ഇതുവരെ സിനിമയുടെ പ്രമേയത്തിലോ അതിന്റെ അണിയറയിലോ തങ്ങളുടെ കര്‍തൃത്വപരമായ സാന്നിധ്യം രേഖപ്പെടുത്താനും കഴിഞ്ഞിട്ടില്ല. പഴയ കാലത്തും മലയാള സിനിമയില്‍ മുസ്ലിംസിനിമാക്കാര്‍ കുറവായിരുന്നില്ലെങ്കിലും മുസ്ലിംസ്വത്വത്തെ കര്‍തൃത്വപരമായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ കുറവായിരുന്നു. ഇങ്ങിനെ നമ്മുടെ സിനിമാലോകത്തെ പുതുക്കിപ്പണിയാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അപ്രതീക്ഷിതമായി മുസ്ലിംകളില്‍നിന്ന് നേരിടേണ്ടിവന്ന ഈ സമ്മര്‍ദ്ദമായിരിക്കണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുന്‍നിറുത്തി വികസിച്ച ഇസ്‌ലാമോഫോബിക് ഭാവനയ്ക്ക് പിന്നില്‍.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്ലാം, കമാല്‍ വേങ്ങര)

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News