സദ്ദാമിന്റെ പിഴവുകളിൽ നിന്നാണ് അമേരിക്ക ഇറാഖ് അധിനിവേശം എളുപ്പമാക്കിയത്

യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഇറാഖ് യുദ്ധ റിപ്പോർട്ടിങ് അനുഭവങ്ങൾ ഓർത്തെടുത്ത് എം.സി.എ നാസർ

Update: 2022-08-02 09:05 GMT
Click the Play button to listen to article

പൗരാണിക നഗരത്തിന്റെ സംസ്കൃതിക്കു മുകളിലൂടെ ഇരമ്പിയാർക്കുകയായിരുന്നു അപ്പോഴും യു.എസ് സൈനിക വാഹനങ്ങൾ. ഏതോ പ്രാകൃത പക തീർത്തതിന്റെ സായൂജ്യം സൈനികരുടെ മുഖങ്ങളിൽ മാത്രമല്ല, എണ്ണമറ്റ പടിഞ്ഞാറൻ മാധ്യമ പ്രവർത്തകരുടെ ശരീരഭാഷയിലും പ്രകടമായിരുന്നു. ബഗ്ദാദിലെ സമ്പന്ന മ്യൂസിയത്തിൽ നിന്ന് കവർന്ന മേത്തരം ഈടുവെപ്പുകൾ കുറഞ്ഞ ഡോളറുകൾ നൽകി വാങ്ങിക്കൂട്ടിയവരിൽ മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു. ഇറാഖ് റിപ്പോർട്ടിങ്ങ് ലാഭകരമായ ഏർപ്പാടായിരുന്നു അവർക്ക്.


അൽ ജസീറയുടെ താരിഖ് അയൂബിന്റെ ജീവനെടുത്തതും മറക്കാനാവില്ല. ഇറാഖിലേക്ക് തിരിക്കും മുമ്പെ ഉറപ്പിച്ചതാണ്, അവനെ കണ്ട് അഭിമുഖം തയാറാക്കണമെന്ന്. ഫാറൂഖ് കോളജിൽ കൂടെയുണ്ടായിരുന്ന ഫലസ്തീൻ വിദ്യാർഥികളിൽ ഒരാൾ. പിന്നീട് ഫലസ്തീനിൽ ഇസ്രായേലിന്റെ കൊടും ക്രൂരതകളെ കുറിച്ച് നിരന്തരം അൽ ജസീറയിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞ ധീരൻ. കൊളോണിയലിസത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് ഒരു ജനത കരുവാകുന്നതിനെ കുറിച്ചു തന്നെയായിരുന്നു മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആ പാതിരാവിലും താരിഖിന് ലോകത്തോട് പറയാനുണ്ടായിരുന്നത്. അഫ്ഗാൻ യുദ്ധം അൽജസീറക്കു വേണ്ടി റിപ്പോർട്ട് ചെയ്യുകയും അന്യായമായ ആരോപണങ്ങൾ ഉന്നയിച്ച് സ്പെയിൻ പിന്നീട് വേട്ടയാടുകയും ചെയ്ത ധീരമാധ്യമ പ്രവർത്തകൻ തൈസീർ അല്ലൂംനിയുടെ സങ്കടചിത്രവും അന്നു നേരിൽ കണ്ടു. മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ഒരു ചാക്കിൽ പ്രിയ സഹപ്രവർത്തകന്റെ ചിതറിയ മൃതദേഹ തുണ്ടുകൾ വാരിയെടുക്കവെ താൻ തളർന്നുപോയെന്ന് തൈസീർ പറയുമ്പോൾ ആ കണ്ണുകളിൽ തിരയടിച്ച രോഷവും സങ്കട വ്യാപ്തിയും എത്ര തീവ്രമാണെന്ന് തിരിച്ചറിഞ്ഞു.




 2001ലെ അഫ്ഗാൻ അധിനിവേശ ഘട്ടത്തിൽ അൽജസീറ ഓഫീസിനെയല്ല, തന്നെയായിരുന്നു യു.എസ് മിസൈൽ ലക്ഷ്യം വെച്ചതെന്ന് തൈസീർ അല്ലുംനി പറഞതും വെറുതെയല്ല. മിസൈൽ വീണുതകർന്ന ആ ചുമരുകളിൽ ഇനിയും ഉണങ്ങാത്ത ചോരപ്പാടുകൾ അപ്പോഴും ബാക്കിനിന്നു. താരിഖ് അയൂബിന്റെ ഓർമകളിൽ വിങ്ങി ഫലസ്തീൻ ഹോട്ടലിനു പുറത്തേക്ക് നടക്കവെയാണ് റോബർട്ട് ഫിസ്കിനെ കണ്ടത്. തിരക്കിന്റെ ലോകത്തായിരുന്നു ഫിസ്ക് അപ്പോഴും. ആദരവോടെ മുഴുവൻ മാധ്യമ പ്രവർത്തകരും ഫിസ്കിനെ വലയം ചെയ്തുനിന്നു. അധിനിവേശങ്ങളുടെയും സംഘർഷങ്ങളുടെയും പടിഞ്ഞാറൻ രാഷ്ട്രീയ താൽപര്യങ്ങളെ പതിറ്റാണ്ടുകളായി മനുഷ്യപക്ഷത്തു നിന്ന് വരച്ചിട്ട ഫിസ്ക് അടുത്തിടെയാണ് അരങ്ങൊഴിഞ്ഞത്. അന്ന് മാധ്യമ പ്രവർത്തകരോട് ഫിസ്ക് പറഞ്ഞ ഒന്നുണ്ട്: "ഈ യുദ്ധത്തിന്റെ പ്രധാന ഗുണഭോക്താവ് ഇറാനായിരിക്കും. അമേരിക്ക തുറന്നു സമ്മതിച്ചില്ലെങ്കിൽ തന്നെയും'"


സമ്പന്നമായ പൈതൃകം പേറുന്ന ബഗ്ദാദിനെ അധിനിവേശം മുച്ചൂടും നശിപ്പിച്ചു. മാരകശേഷിയുള്ള ബോംബുകളാൽ തകർന്ന കെട്ടിടങ്ങളുടെ കോൺഗ്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ അസ്ഥിപഞ്ജരം പോലെ ഉരുക്കുകവചങ്ങൾ എല്ലുന്തി നിന്നു. ബഗ്ദാദിലെ പ്രധാന കേന്ദ്രങ്ങളൊക്കെയും വ്യോമാക്രമണത്തിലൂടെ തകർത്തായിരുന്നു കവചിത വാഹനങ്ങളിൽ യു.എസ് സൈനികരുടെ പടയോട്ടം. ഏറ്റവും മികച്ച മൂല്യം ഉണ്ടായിരുന്ന ഇറാഖി ദിനാറുകൾ ആർക്കും വേണ്ടാത്ത കറൻസിയായി പരിണമിച്ചതും ആസൂത്രിത അധിനിവേശത്തിന്റെ ഉപോൽപന്നം തന്നെ. സംശയമില്ല.




 


ഫിർദൗസ് ചത്വരത്തിലെ സദ്ദാം പ്രതിമ തകർക്കൽ മുൻകൂട്ടി രൂപപ്പെടുത്തിയ തിരക്കഥയുടെ ഭാഗം മാത്രം. ഇറാഖി കുടുംബം പൂക്കൂടകൾ നൽകി യു.എസ് സൈന്യത്തെ സ്വീകരിക്കുന്ന ചിത്രങ്ങളും വാർത്താ ഏജൻസികളിലൂടെ ലോകത്തു പടർന്നിരുന്നു. ഇറാഖിൽ എല്ലാം ശുഭം എന്നു വരുത്തി തീർക്കാൻ യാങ്കിക്കു വേണ്ടി മാധ്യമങ്ങളും മത്സരിച്ചു.


ഭരണസംവിധാനം തകരുമ്പോൾ അരാജകത്വം സ്വാഭാവികം. അധിനിവേശ നാളുകളിൽ ബഗ്ദാദിലും പരിസര പ്രദേശങ്ങളിലും അതു നേർക്കു നേർ കണ്ടു. തസ്കര സംഘങ്ങളും ക്രിമിനൽ ഗാംഗുകളും ആരെയും കൂസാതെ എല്ലാം കവർന്ന് തിമർത്താടി. അവർക്ക് ഒത്താശ ചെയ്ത് അധിനിവേശ സൈന്യവും. ഏതാനും ദിവസങ്ങൾ. അതോടെ എല്ലാ എതിർപ്പും കെട്ടടങ്ങും എന്നായിരുന്നു പെന്റഗൺ നേതൃത്വം വിവരിച്ചത്. ഇറാഖിനെ മുച്ചൂടും നശിപ്പിക്കുന്നതിൽ യാങ്കി വിജയിച്ചു. പക്ഷെ, നിനച്ചതല്ല തിരിച്ചുകിട്ടിയത്. ആൾനാശവും തിരിച്ചടിയും കൂടിയപ്പോൾ പിൻവാങ്ങാൻ നിർബന്ധിക്കപ്പെടുകയായിരുന്നു.


പക്ഷെ, വംശീയഘടകങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ടുള്ള രാഷ്ട്രീയം. ആ കളിയാണ് തുടക്കംമുതൽ അമേരിക്ക കളിച്ചത്. അമേരിക്കക്ക് എല്ലാം ഒരുക്കി നൽകിയ അഹ്മദ് ശലബി ഉൾപ്പെടെയുള്ളവർക്ക് കുറച്ചു കാലം പോലും ഇറാഖിൽ പിടിച്ചു നിൽക്കാനായില്ല. സദ്ദാമിന്റെ കാലത്തും സുന്നി, ശിയാ, കുർദ് ഘടകങ്ങൾ ഇറാഖി യാഥാർഥ്യമാണ്. വൈവിധ്യങ്ങളുടെ ചേരുവകൾ രാജ്യം എന്ന ഏകതക്ക് അത്രയൊന്നും വിഘാതമായില്ല. സേഛാ ഭരണത്തിലൂടെ അത്തരം ഘടകങ്ങളിലേക്ക് കുതറാൻ സദ്ദാമിനു കീഴിൽ ഇറാഖ് ശ്രമിച്ചില്ലെന്നു കൂടി പറയാം. തുടരൻ സ്ഫോടനങ്ങളിലൂടെ രൂപപ്പെട്ട വംശീയവെറിയുടെ പകർന്നാട്ടം അധിനിവേശത്തിന്റെ ഒന്നര വ്യാഴവട്ടം പിന്നിടുന്ന വേളയിലും മാറുന്നില്ല. യു.എസ് സൈനികരിൽ നല്ലൊരു പങ്ക് ഇറാഖിൽ നിന്ന് മടങ്ങി. സൈനിക താവളം ഇപ്പോഴും അവിടെയുണ്ട്. ഇറാനെ അടിക്കാനുള്ള വേദിയായി ഇറാഖിനെ മാറ്റാമെന്ന യാങ്കിലക്ഷ്യവും പാളി. പുറം രാജ്യങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങളുടെ വിളഭൂമിയാക്കി ഇറാഖിനെ പരുവപ്പെടുത്തിയ അമേരിക്കയാണ് ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടരുതെന്ന് ഇറാനോട് ഇപ്പോൾ വേദമോതുന്നതും!


1937 ഏപ്രിൽ 28ന് തിക്രിതിലെ ദരിദ്രകുടുംബത്തിൽ ജനിച്ച അധികാര, സൈനിക ധാർഷ്ട്യത്തിന്റെ ആൾരൂപമായ സദ്ദാമിന്റെ പിഴവുകളിൽ നിന്നാണ് യാങ്കി ഇറാഖ് അധിനിവേശം എളുപ്പമാക്കിയത്. നീണ്ട എട്ടുവർഷം ഇറാനെതിരെ യുദ്ധം ചെയ്ത് ലക്ഷങ്ങളെ കൊല ചെയ്ത സദ്ദാമിനൊപ്പമായിരുന്നു അമേരിക്കയും ലോകവും അറബ് രാജ്യങ്ങളും.


നാല് ലക്ഷത്തോളം സൈനികരുടെ മികവിലായിരുന്നു സദ്ദാമിന്റെ പ്രതിഛായ. 1979ൽ ഷാ ഭരണത്തെ കടപുഴക്കി ഇമാം ഖുമൈനി ഇറാനിൽ നടത്തിയ ഇസ്ലാമിക വിപ്ലവം അമേരിക്കയെ വിറപ്പിച്ചു. ആ നാണക്കേട് മറികടക്കാൻ സദ്ദാം വേണമായിരുന്നു യാങ്കിക്ക്. 1980 സെപ്റ്റംബർ 22ന് ഇറാനു നേരെ ഇറാഖ് മിസൈൽ ആക്രമണം നടത്തുന്നു. 1988 വരെ നീണ്ടുനിന്ന യുദ്ധത്തിന്റെ നാന്ദിയായിരുന്നു അത്. അന്നൊക്കെ യാങ്കിയുടെ മാനസപുത്രനാണ് സദ്ദാം.




 


1982ൽ ദുജൈ കൂട്ടക്കൊലയുടെ കറുത്ത അധ്യായത്തിനു പോലും സംരക്ഷണത്തിന്റെ കവചം തീർത്തത് യാങ്കിയാണ്. അന്നത്തെ യു.എസ് പ്രസിഡന്റ് റീഗെൻറ ദൂതനായി ബഗ്ദാദിൽ ഒാടിയെത്തിയത് ഡൊണാൾഡ് റംസ്ഫെഡ്. സദ്ദാമിനെ ഹസ്തദാനം ചെയ്ത ശേഷം റംസ്ഫെഡ് പറഞ്ഞതായി വന്ന റിപ്പോർട്ട് ഇങ്ങനെ:


"Don't worry about all the talk coming from the United States about your human rights violations. We're going to suppport you, and we are going to offer you backup in your conflict with Iran''


ഇറാനെ ഒതുക്കാൻ സദ്ദാമിനെ യാങ്കി മുന്നിൽ നിർത്തി. ആയുധങ്ങളും സമ്പത്തും ഇന്റലിജൻസ് വിവരങ്ങളും സദ്ദാമിന് ആവോളം നൽകി. 1990 ആഗസ്റ്റ് രണ്ടിന് സദ്ദാം നടത്തിയ കുവൈത്ത് അധിനിവേശത്തിന്റെ യഥാർഥ ഗുണഭോക്താവായും പിന്നീട് അമേരിക്ക മാറി. ഗൾഫിൽ ആദ്യമായി സൈനിക താവളം ലഭിച്ചതും രാഷ്ട്രീയ, സൈനിക അപ്രമാദിത്വം ഉയർന്നതും യാങ്കിയുടെ വലിയ നേട്ടം.


ഒടുക്കം ഇത്രയും കൂടി: ഇറാഖ് അധിനിവേശത്തിന്റെ ഒന്നര വ്യാഴവട്ടം പിന്നിട്ടിരിക്കെ, പഴയ പാസ്പോർട്ടെടുത്ത് എല്ലാ പേജുകളിലൂടെയും വീണ്ടും കണ്ണോടിച്ചു. ഇല്ല. ഞാൻ ഇറാഖിൽ പോയതിനും യുദ്ധവേളയിലും യുദ്ധാനന്തരവും അവിടെ ചെലവിട്ടതിനും പാസ്പോർട്ടിൽ ഒരു തെളിവു പോലും ഇല്ല. ആ നിലക്ക് യുദ്ധം നല്ല ഒരു ഏർപ്പാടാണ്. ഒരു രാജ്യത്തിന്റെ അതിർത്തി അവരുടെ അനുമതിയില്ലാതെ ഭേദിച്ച് തിരിച്ചെത്തുക.


എല്ലാ രാജ്യങ്ങളും അങ്ങനെ ആയെങ്കിൽ എത്ര നന്നായേനെ. പക്ഷെ, ചില രാജ്യങ്ങളുടെ കാര്യത്തിൽ മാത്രമേ വിധിവിലക്കുകളും രേഖകളും ഇല്ലാത്ത ഇൗ ഉദാരതയും സ്വാതന്ത്ര്യവും അവർ അനുവദിക്കൂ. യുദ്ധം. അത് എവിടെയായാലും തോൽക്കുന്നത് സാധാരണ മനുഷ്യർ മാത്രം. വിജയിക്കുന്നതോ, സേഛാ ഭരണകൂടങ്ങളും ആയുധ വിപണിയിലെ ഇടനിലക്കാരും.




Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - എം.സി.എ നാസര്‍

contributor

Similar News