മതരാഷ്ട്രവാദം, ന്യൂനപക്ഷ പീഡനം, ഹമാസ് ഇസ്രായേല്‍ സൃഷ്ടി, ന്യൂനപക്ഷ ഫണ്ട് - ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

ന്യൂനപക്ഷ അവകാശങ്ങളുടെ മുകളിലുള്ള കടന്നുകയറ്റം ചര്‍ച്ച പോലും ചെയ്യാതെ ഇരുട്ടിലാവുന്നതില്‍ പ്രധാന കാരണം കേരളത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയാണ്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 06)

Update: 2024-08-19 11:35 GMT
Advertising

കേരളത്തില്‍ സി.പി.എം നേതൃത്വത്തില്‍ പ്രചരിക്കുന്ന ഇസ്‌ലാമോഫോബിയ ഒരു യാഥാര്‍ഥ്യമാണ്. ഒരു വശത്തു ഇസ്‌ലാം, ന്യൂനപക്ഷം, മതം തുടങ്ങിയവയെക്കുറിച്ചുള്ള പാര്‍ട്ടി വച്ചുപുലര്‍ത്തുന്ന വാര്‍പ്പു മാതൃകകള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടായി പുറത്തുവരുന്നു. മുസ്ലിം സംഘടനകള്‍ മതരാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം മുതല്‍ ഫലസ്തീന്‍ ചെറുത്തു നില്‍പ്പു പ്രസ്ഥാനമായ ഹമാസ് ഇസ്രയേലിന്റെ സൃഷ്ടിയാണ് എന്നുവരെ അതു നീളുന്നു. മറുവശത്ത്, സി.പി.എമ്മിനുള്ളിലുള്ളവരെപ്പോലും സ്വാധീനിക്കുന്ന അദൃശ്യമുസ്‌ലിം കരങ്ങളെക്കുറിച്ചുള്ള ഹിന്ദുത്വപ്രചാരണം. മന്ത്രി റിയാസിനെക്കുറിച്ചുള്ള അത്തരം പ്രചാരണങ്ങള്‍ ഭാഗം രണ്ടില്‍ ചര്‍ച്ച ചെയ്തിരുന്നു. കെ.ടി ജലീല്‍ തുടങ്ങിയവരെക്കുറിച്ചും സമാനമായ പ്രചാരണങ്ങളുണ്ട്. മുസ്‌ലിംകളുടെ സാമൂഹിക-രാഷ്ട്രീയ അവകാശ നിഷേധം ഇടതു-ഹിന്ദുത്വ ഇസ്ലാമോഫോബിയയിലൂടെ നിരന്തരം ഉറപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. മറിച്ചൊരു ചോദ്യത്തിനുപോലും ഇടനല്‍കാതെ അവകാശ നിഷേധങ്ങള്‍ തുടരുന്നു. പിണറായി സര്‍ക്കാരിന്റെ കാലത്തെ ന്യൂനപക്ഷ ഫണ്ട് അട്ടിമറിയെക്കുറിച്ചുള്ള കണ്‍ട്രോള്‍ ആന്റ് ഓഡിറ്റിംഗ് ജനറലിന്റെ റിപ്പോര്‍ട്ട് കേരളത്തില്‍ പൊതുചര്‍ച്ചയാവാത്തത് ഇതിന് ഉദാഹരണമാണ്.

മതരാഷ്ട്രവാദം:

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം സി.പി.എം മുസ്ലിം സംഘടനകളെ ആക്ഷേപിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്കാണ് 'മതരാഷ്ട്രവാദം'. ഏപ്രിലില്‍ തുടങ്ങിയ പ്രചാരവേലയാണിത്. മതരാഷ്ട്രവാദ ആരോപണ രാഷ്ട്രീയത്തെ വിശകലനം ചെയ്തുകൊണ്ട് ജൂണ്‍ മാസത്തെ ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ടിലും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാലയളവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഈ വാക്ക് ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ചത്. ജൂലൈ മാസം ശൈലജ ടീച്ചര്‍ നിയമസഭയ്ക്കുള്ളിലും ഇതുപയോഗിച്ചു.

കാവിവത്കരണത്തിനും മതരാഷ്ട്രവാദത്തിനുമെതിരേ:

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഇസ്ലാമോഫോബിക് പ്രതികരണത്തിനെതിരേ ശക്തമായി നിലപാടെടുത്തവരില്‍ പ്രധാനിയാണ് എം.വി ഗോവിന്ദന്‍. എന്നാല്‍, എസ്.എന്‍.ഡി.പി യോഗത്തിനെതിരേ നിലപാടെടുക്കുന്നതിനെ അദ്ദേഹം ബാലന്‍സ് ചെയ്തത് മുസ്ലിംകള്‍ക്കെതിരേ മതരാഷ്ട്രവാദം ഉന്നയിച്ചാണ്. അദ്ദേഹം നടത്തിയ പ്രസ്താവനയുടെ ഒരു സാമ്പിള്‍ ഇതാ: ''എസ്.എന്‍.ഡി.പി യോഗത്തിന്റെ കാവിവത്കരണത്തെയും മതരാഷ്ട്രവാദത്തെയും എതിര്‍ക്കുമെന്ന് സി.പി.എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന് സി.പി.എം എതിരല്ല. ബി.ഡി.ജെ.എസ്സിനെ ഉപകരണാക്കി യോഗത്തെ ആര്‍.എസ്.എസ് കാവിവത്കരിക്കാന്‍ ശ്രമിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റ്ക്ക് ഭൂരിപക്ഷം നേടുമെന്ന് പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോയാല്‍ വിമര്‍ശനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരു സ്ഥാപിച്ച യോഗത്തില്‍ നേതാക്കള്‍ സി.പി.എം നേതാക്കള്‍ക്കെതിരേ വിമര്‍ശനങ്ങള്‍ നടത്തുകയാണ്. മതരാഷ്ട്രവാദികളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗിന്റെ നിലപാട് തുറന്നുകാട്ടും. വര്‍ഗീയശക്തികള്‍ പരസ്പരം കുറ്റപ്പെടുത്തി ശക്തിപ്പെടുന്ന അവസ്ഥയാണ്. ന്യൂനപക്ഷങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കാനും ആര്‍.എസ.്എസ് ശ്രമിക്കുന്നു. (യോഗത്തിന്റെ കാവിവത്കണത്തെ എതിര്‍ക്കും: എം.വി ഗോവിന്ദന്‍, കേരള കൗമുദി, ജൂലൈ 23, 2024).

തെരഞ്ഞെടുപ്പ് അവലോകനവും തിരുത്തല്‍രേഖയും

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് തിരിച്ചുകയറാന്‍ സര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തിലും പാര്‍ട്ടിയുടെ രാഷ്ട്രീയസമീപനത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് സി.പി.എം തീരുമാനിച്ചു. അതിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന സമിതിയോഗം ഒരു തിരുത്തല്‍രേഖ തയാറാക്കി. രേഖയിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്: പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ വിഭാഗത്തില്‍നിന്നുള്ള ചോര്‍ച്ച തടയാന്‍ എസ്.എന്‍.ഡി.പിയിലെ ആര്‍.എസ്.എസ് നുഴഞ്ഞുകയറ്റത്തെ ചെറുക്കണം. അതനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമ്പോള്‍ ഭൂരിപക്ഷ വിഭാഗം അകലാതിരിക്കാന്‍ മുസ്‌ലിം ലീഗിനോട് കഴിഞ്ഞ കുറച്ചുനാളായി സ്വീകരിച്ചുപോരുന്ന അയഞ്ഞ സമീപനത്തില്‍ മാറ്റം വരുത്തണം. മുസ്‌ലിം ലീഗിനുമേല്‍ മതരാഷ്ട്രവാദ ആക്ഷേപം ആവര്‍ത്തിച്ച് ഉന്നയിക്കുന്നതിലൂടെ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുന്നെന്ന നിലപാട് മുന്നോട്ടുവെക്കും''. (മാധ്യമം ജൂലൈ 23, 2024) ഹിന്ദുവര്‍ഗീയതയെ തുറന്നെതിര്‍ക്കുമ്പോള്‍ ഭൂരിപക്ഷ വോട്ടുകളിലുണ്ടായേക്കാവുന്ന അതൃപ്തി മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്ന് മാധ്യമം നിരീക്ഷിക്കുന്നു.

സംസ്ഥാന സമിതി യോഗത്തിനുശേഷം സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടു. വാര്‍ത്താസമ്മേളനത്തില്‍ ലീഗിനും ബി.ജെ.പിക്കുമെതിരേ അദ്ദേഹം ആഞ്ഞടിച്ചു: 'മുസ്ലിം ലീഗ് മതരാഷ്ട്ര വാദികളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. മുസ്ലിം ലീഗിന്റെ വര്‍ഗീയ നിലപാടിനെ പാര്‍ട്ടി തുറന്നുകാട്ടും. വര്‍ഗീയ ശക്തികള്‍ പരസ്പരം കുറ്റപ്പെടുത്തി ശക്തിപ്പെടുന്ന അവസ്ഥയാണ് കേരളത്തില്‍ ഉള്ളത്. ന്യൂനപക്ഷങ്ങളെ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ഇടതുപക്ഷം പ്രധാന ചുമതലയായി ന്യൂനപക്ഷ പരിരക്ഷ ഏറ്റെടുക്കും. ബി.ജെ.പിയുടെ മതരാഷ്ട്ര നിലപാടിനെതിരെ ശക്തമായ ആശയപ്രചാരണം വേണം. വിശ്വാസികളെയടക്കം വര്‍ഗീയവത്കരിക്കാനാണ് ബി.ജെ.പിയുടെ നീക്കം. ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്' (ഡൂള്‍ ന്യൂസ് ജൂലൈ 22, 2024). 


വരാനിരിക്കുന്ന് വലിയ അപകടം:

വര്‍ഗീയതയ്‌ക്കെതിരെ പോരാടിയില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ അപകടമെന്ന് സി.പി.എം നേതാവ് കെ.കെ ശൈലജ യു.ഡി.എഫിനെ ഓര്‍മപ്പെടുത്തി. ഫലപ്രഖ്യാപനത്തിനു ശേഷമായിരുന്നു നിയമസഭയില്‍ ശൈലജയുടെ ഉപദേശം: മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഭൂരിപക്ഷ ഹൈന്ദവ വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗത്തിലെ വര്‍ഗീയതയെയും എതിര്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാകുന്നുണ്ട്. ഹൈന്ദവ രാഷ്ട്രവാദത്തെ എതിര്‍ക്കുമ്പോള്‍ മുസ്‌ലിം രാഷ്ട്രവാദത്തെയും എതിര്‍ക്കാന്‍ നമുക്ക് കഴിയണ്ടെ? എല്ലാ വര്‍ഗീയതയെയും എതിര്‍ക്കാന്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും കഴിയണം. എന്നാല്‍, വടകരയില്‍ ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കും സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. യു.ഡി.എഫ് ശ്രദ്ധിക്കേണ്ട ഒരുപാട് വിഷയങ്ങളുണ്ട്. നാളെ കോണ്‍ഗ്രസിനും ലീഗിനും ഉണ്ടാകാന്‍ പോകുന്ന അപകടം കേരളത്തിനും ബാധകമാണെന്ന് ഓര്‍ക്കണം. (ജൂലൈ 9, 2024, റിപ്പോര്‍ട്ടര്‍)

പിന്തുണച്ചത് മുസ്‌ലിം ലീഗിനെ:

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനെയും കോണ്‍ഗ്രസ്സിനെയുമാണ് പിന്തുണച്ചതെന്ന് മതരാഷ്ട്രവാദ സംഘടനയായ ജമാഅത്തെ ഇസ്‌ലാമി തുറന്നുസമ്മതിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു: തങ്ങളുടെ പിന്തുണ സ്വീകരിച്ചതിന് സി.പി.ഐ.എം ലീഗിനെ ഭയപ്പെടുത്തുകയാണ്. 'ഇടതിനേറ്റ തിരിച്ചടി: വീണ്ടെടുപ്പിന് കുറുക്കുവഴികളില്ല' എന്ന പേരില്‍ ജമാഅത്തെ ഇസ്‌ലാമി മുഖപത്രമായ മാധ്യമത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെടുത്ത നിലപാട് പരസ്യപ്പെടുത്തിയത്. ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രപ്രസ്ഥാനമല്ലെന്നും വിശുദ്ധവും നിഷ്‌കളങ്കവുമായ സംഘടനയാണെന്നും സ്ഥിപിക്കാനും മാധ്യമം ചീഫ് ഒ. അബ്ദുറഹ്മാന്റെ ലേഖനത്തിലുടനീളം ശ്രമിച്ചിട്ടുണ്ട്. (പിന്തുണച്ചത് മുസ്‌ലിം ലീഗിനെ: ജമാഅത്തെ ഇസ്‌ലാമി, ദേശാഭിമാനി, ജൂലൈ 7, 2027)

മതരാഷ്ട്രവാദം അദൃശ്യമാക്കുന്നതെന്തിനെയാണ്?

മതരാഷ്ട്രവാദ ആരോപണം ഉയര്‍ത്തുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തകനും ആക്റ്റിവിസ്റ്റുമായ കെ.കെ ബാബുരാജ് രേഖപ്പെടുത്തുന്നു: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബഹുജനാടിത്തറയില്‍ നിര്‍ണായകമായിട്ടുള്ളത് ദലിതരും കീഴാളഹിന്ദുക്കളുമാണെങ്കിലും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര സാംസ്‌കാരിക അടിത്തറ നിലകൊള്ളുന്നത് സവര്‍ണ മേധാവിത്വ ശക്തികളെ ആശ്രയിച്ചാണ്. ആ നെടുനായകത്വത്തെ മറച്ചുപിടിക്കാനാണ് കീഴാളരെയും ന്യൂനപക്ഷങ്ങളെയും പഴിചാരുന്നതെന്ന് വ്യക്തം. ഇന്ത്യയിലെ ഒരു മുസ്‌ലിം പ്രസ്ഥാനവും മതരാഷ്ട്രവാദത്തിന് അല്ലെങ്കില്‍ തിയോക്രാറ്റിക് സ്റ്റേറ്റിനുവേണ്ടി വാദിക്കുന്നവരോ പ്രവര്‍ത്തിക്കുന്നവരോ അല്ല. ഈ പ്രസ്ഥാനങ്ങളെല്ലാംതന്നെ ഇന്ത്യയിലെ നിയമാധിഷ്ഠിത ഭരണവ്യവസ്ഥയെയും ഭരണഘടനയെയും അംഗീകരിക്കുന്നവരാണ്. അല്ലാതുള്ള ഏതെങ്കിലും വിരുദ്ധചിന്താഗതിക്കാര്‍ നിലകൊള്ളുന്നുണ്ടെങ്കില്‍ അവരെ മുസ്‌ലിം സമുദായംതന്നെ തിരസ്‌കരിക്കാറുണ്ട്. വസ്തുത ഇതായിരിക്കെ തങ്ങള്‍ക്ക് ഏറ്റ തിരിച്ചടിക്ക് കാരണമായി മുസ്‌ലിം സംഘടനകളെ തിയോക്രാറ്റിക് സ്റ്റേറ്റിന്റെ വക്താക്കളായി ചിത്രീകരിക്കുന്ന മാര്‍ക്‌സിസ്റ്റ് നേതാക്കന്മാര്‍ നാസി മോഡല്‍ വംശീയതയാണ് പ്രചരിപ്പിക്കുന്നതെന്ന് പറയാതെ തരമില്ല.

അഖിലേന്ത്യാതലത്തില്‍ ബി.ജെ.പിക്ക് ക്ഷീണം പറ്റിയതിന് കാരണം ദലിത് പിന്നാക്ക വിഭാഗങ്ങള്‍ അവര്‍ക്കെതിരായി മാറിയതും മുസ്‌ലിം വോട്ടുകളില്‍ ഭാഗികമായിട്ടെങ്കിലും ഏകീകരണം സംഭവിച്ചിട്ടുള്ളതുമാണ്. ഈ അര്‍ഥത്തില്‍ മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കപ്പെടുന്നതും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അല്ലാതെ മതരാഷ്ട്രവാദത്തിന് ശക്തിപകരുന്ന ഒരു പ്രമേയമല്ല. ബിഹാര്‍, ആന്ധ്രപ്രദേശ് മുതലായ സംസ്ഥാനങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ കുറച്ചുകൂടി നല്ല നിലയില്‍ ഏകീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ ബി.ജെ.പി അധികാരത്തില്‍ വരുകപോലുമില്ലായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയില്‍ പല ഭാഗത്ത് എന്ന പോലെ കേരളത്തിലും മുസ്ലിം വോട്ടുകള്‍ ബി.ജെ.പിക്കെതിരില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായി മാറിയതിനെയാണ് മാര്‍ക്‌സിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍ മതരാഷ്ട്രവാദത്തിലേക്കുള്ള വീഴ്ചയായി ചിത്രീകരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഹിന്ദുത്വത്തിനെതിരായ കീഴാള ന്യൂനപക്ഷപ്രതിരോധങ്ങളെത്തന്നെയാണ് മാര്‍ക്‌സിസ്റ്റ് സവര്‍ണര്‍ തള്ളിപ്പറയുന്നത്. (മതരാഷ്ട്രവാദം അദൃശ്യമാക്കുന്നതെന്തിനെയാണ്?, കെ.കെ ബാബുരാജ്, മാധ്യമം, ജൂലൈ 23, 2024). 


ലീഗിന്റെ വര്‍ഗീയതയും കെ.ടി ജലീലിന്റെ ന്യൂനപക്ഷ പീഡനവും

എന്നാല്‍, സി.പി.എമ്മിന്റെ ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളെ ഒരു പടികൂടി വികസിപ്പിക്കുന്ന തരത്തിലാണ് ഹിന്ദുത്വ ആഖ്യാനങ്ങള്‍ വികസിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം സംഘടനകള്‍ സി.പി.എമ്മിലൂടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഹിന്ദുത്വസ്വഭാവമുള്ള വിശകലന വിദഗ്ധരുടെ ആക്ഷേപം. സി.പി.എം ആഖ്യാനങ്ങളെ നിരന്തരം ശക്തിപ്പെടുത്തുന്ന കെ.ടി ജലീലിനെപ്പോലും ഉന്നം വെക്കുന്ന പ്രചാരണങ്ങളാണ് ഹിന്ദുത്വരുടെ ഭാഗത്തുനിന്നുണ്ടായത്. സി.പി.എമ്മിന്റെ മുന്‍ചൊന്ന ഇസ്‌ലാമോഫോബിക് നിലപാടുകള്‍ പോലും കാപട്യമാണെന്നു വാദിക്കുന്ന ഒരു കുറിപ്പ് കഴിഞ്ഞ മാസം ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ഏതു സാഹചര്യത്തിലും ഒരു മുസ്‌ലിം അദൃശ്യകരം കേരളത്തെ നിയന്ത്രിക്കുന്നുവെന്ന ആഖ്യാനത്തിന്റെ ശക്തിയാണിത്.

ഗോവിന്ദന്‍മാഷും വെള്ളാപ്പള്ളിയും (അനന്തപുരി/ദ്വിജന്‍, 28 ജൂലൈ ദീപിക) എന്ന ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം: ''മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നു ഗോവിന്ദന്‍ പറയുന്നു. മുസ്‌ലിംലീഗ് മതരാഷ്ട്രവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നതു സത്യമാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അതിന്റെ അടയാളമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനാധിപത്യമുന്നണിയില്‍ പുതുതായി ചേര്‍ന്നിരിക്കുന്ന പേരില്ലാത്ത സംഘടനകളും നല്ല അടയാളമല്ലെന്നു സംശയിക്കുന്നവര്‍ ഏറെയുണ്ട്. അതുകൊണ്ട് മുസ്‌ലിം വര്‍ഗീയത തങ്ങള്‍ക്ക് അനുകൂലമാകുന്നില്ലെന്നു കണ്ടപ്പോഴുള്ള പുത്തന്‍ വ്യാഖ്യാനം എന്നുമാത്രം ഗോവിന്ദന്റെ നിലപാടിനെ കരുതാനാകില്ല.

കേരളത്തില്‍ ചത്ത കുതിരയെ പറപ്പിച്ചതു സി.പി.എമ്മായിരുന്നു. 1967ലെ സപ്തകക്ഷി മുന്നണിയാണ് ലീഗിന് ഇന്നുള്ള പദവിയുടെ യഥാര്‍ഥ കാരണക്കാര്‍. ആ മുന്നണിയില്‍ ഇരുന്നു ലീഗ് മലപ്പുറം ജില്ല ഉണ്ടാക്കി. മലപ്പുറം ജില്ലയില്‍ കോഴിക്കോട് യൂണിവേഴ്സിറ്റി കൊടുത്തു. അന്നു സാക്ഷാല്‍ കേളപ്പന്‍ വിമര്‍ശിച്ചതാണ് മാപ്പിളസ്ഥാനുള്ള തുടക്കമാകും അതെന്ന്.

പക്ഷേ, ഇ.എം.എസും എ.കെ.ജിയുംവരെ സമ്മതിച്ചില്ല. കേളപ്പനുമായി വലിയ വാക്പോര് തന്നെ ഉണ്ടായി. ഇപ്പോള്‍ ഒറ്റപ്പെട്ടാണെങ്കിലും സംസ്ഥാനവാദം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇ.എം.എസ് ആപത്തു മനസ്സിലാക്കി പിന്‍വാങ്ങി. ലീഗുമായുള്ള ചങ്ങാത്തംതന്നെ അവസാനിപ്പിച്ചു. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീതയല്ല വഴിയെന്നു തുറന്നുപറഞ്ഞു. പക്ഷേ, പിണറായി യുഗമായപ്പോള്‍ മഅ്ദനിയെ വരെ കൂട്ടുപിടിക്കാനായി ഓട്ടം. മുസ്‌ലിം തീവ്രനിലപാടുകാരോട് സി.പി.എം കൂടിയപ്പോള്‍ മുസ്‌ലിം ലീഗ് 'ലെസര്‍ ഈവിളാ'യി. മതേതര പാര്‍ട്ടി വരെയായി. ലീഗിന്റെ ദേശീയ നേതാവായി ഉയര്‍ത്തപ്പെട്ട് ലോക്സഭയിലേക്കു പോയ പി.കെ കുഞ്ഞാലിക്കുട്ടി 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ നിരീക്ഷകര്‍ക്കു സംശയമായി. ജനാധിപത്യമുന്നണി അധികാരത്തില്‍ തിരിച്ചുവന്നാല്‍ മുഖ്യമന്ത്രിക്കസേര ഉന്നം വച്ചാകും കുഞ്ഞാലിയുടെ വരവെന്നായിരുന്നു സംശയം. അതിന്റെ പ്രയോജനം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കു കിട്ടുകയും ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അതു പ്രതിഫലിച്ചു.

പിന്നീടാണ് ഒന്നാം പിണറായി മന്ത്രിസഭയില്‍ ജലീല്‍ ചെയ്ത 'ന്യൂനപക്ഷപീഡന'ങ്ങള്‍ മാലോകര്‍ അറിയുന്നത്. അക്കാലത്ത് നിയമസഭയില്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് പോലും ക്രൈസ്തവര്‍ക്കെതിരേയുള്ള നീക്കങ്ങള്‍ മനസ്സിലാക്കിയില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ സര്‍ക്കാരിന്റെ രൂപം മാറി. കേരളം തീവ്രവാദികളുടെ പറുദീസയാകുന്നതിനെതിരേ ഒന്നും ചെയ്തില്ല. ഇന്ത്യയിലെ ഏതു ഭീകരക്കേസിലെ പ്രതിക്കും വേണ്ടി പൊലീസ് അന്വേഷിച്ചുവരുന്ന ഇടമായി കേരളം. ഇത്തരം സമീപനങ്ങള്‍ തിരുത്തുമോയെന്നതാണ് വിഷയം'

ദൈവനാമത്തില്‍ ഷാഫി:

വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ച ഷാഫി പറമ്പില്‍ ജൂണ്‍ 24ാം തിയ്യതി സത്യപ്രതിജ്ഞ ചെയ്ത് ഔപചാരികമായി സഭയില്‍ അംഗമായി. പതിവില്‍നിന്ന് വ്യത്യസ്തമായി സത്യപ്രതിജ്ഞാച്ചടങ്ങില്‍ അദ്ദേഹം ദൃഢപ്രതിജ്ഞയെടുക്കുകയാണ് ചെയ്തത്. 99 കോണ്‍ഗ്രസ് എം.പിമാരില്‍ ഷാഫി മാത്രം എന്തുകൊണ്ടാണ് ദൃഢപ്രതിജ്ഞ ചെയ്തതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എ.കെ ബാലന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അറിയാനുള്ള കൗതുകമാണത്രെ പ്രചോദനം: ''പത്ര, ദൃശ്യമാധ്യമങ്ങളില്‍ പ്രാധാന്യത്തോടു കൂടി വരേണ്ട ഒരു വാര്‍ത്ത എന്തുകൊണ്ട് തമസ്‌ക്കരിച്ചു എന്നറിയില്ല. കാര്യം ഇതാണ്; പാലക്കാട്ടുകാരനായ വടകര എം.പി ശ്രീ. ഷാഫി പറമ്പില്‍ ലോക്‌സഭയില്‍ ദൃഢപ്രതിജ്ഞയാണ് ചെയ്തത്. എന്തുകൊണ്ട് ഈ മാറ്റം ഉണ്ടായെന്ന് അദ്ദേഹത്തെ വിളിച്ചു ചോദിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, കിട്ടിയില്ല. സത്യപ്രതിജ്ഞ ചെയ്ത 99 കോണ്‍ഗ്രസ് എം.പിമാരില്‍ എന്റെ അറിവില്‍ പെട്ടിടത്തോളം ഷാഫി ഒഴികെ മറ്റെല്ലാവരും ദൈവനാമത്തില്‍ ആണ് പ്രതിജ്ഞ എടുത്തത്. ഷാഫി ദൃഢപ്രതിജ്ഞയും. കേരള നിയമസഭയിലെ രേഖകള്‍ പ്രകാരം അവിടെ രണ്ടുപ്രാവശ്യവും ദൈവനാമത്തില്‍ ആണ് ഷാഫി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഉണ്ടായ ഈ മാറ്റം കൗതുകത്തോടെയാണ് ശ്രദ്ധിച്ചത്. എന്താണ് ഈ മാറ്റത്തിന്റെ കാരണം? ദൃഢപ്രതിജ്ഞ എടുത്തത് ഒരു നല്ല കാര്യമെന്നാണ് വ്യക്തിപരമായി ഞാന്‍ കാണുന്നത്. നെഹ്‌റു ആദ്യം മുതല്‍ അവസാനം വരെ ദൃഢപ്രതിജ്ഞയാണ് ചെയ്തത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേരളത്തിലെ രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ആദ്യം ദൃഢപ്രതിജ്ഞയാണെടുത്തതെങ്കിലും പിന്നീട് മാറി. അതിന് അവരുടേതായ കാരണങ്ങളുണ്ട്. ഷാഫിക്ക് ഉണ്ടായ ഈ മാറ്റത്തിന്റെ കാരണമറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.''

എന്നാല്‍ ചോദ്യം വെറും കൗതുകമല്ലെന്നാണ് അടുത്ത വാചകങ്ങളിലൂടെ വ്യക്തമായത്: ''നോമ്പുകാലത്തായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം. നോമ്പുമെടുത്ത്, അഞ്ചു നേരം നിസ്‌കരിച്ച കറകളഞ്ഞ ഒരു വിശ്വാസിയാണ് ഷാഫി. അതായത്, ഈമാനുള്ള നല്ല മനുഷ്യന്‍. ഖുറാനില്‍ ഒരു വാചകമുണ്ട്. അത് പ്രവാചകന്‍ സൂചിപ്പിച്ചതാണ്. നിരീശ്വരവാദികളെ നിങ്ങള്‍ക്ക് വിശ്വസിക്കാം; പക്ഷേ കപടവിശ്വാസികളെ വിശ്വസിക്കരുത്. അവരെ മുനാഫിക്കുകള്‍ എന്നാണ് വിളിക്കാറ്. ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ മതന്യൂനപക്ഷങ്ങളില്‍പെട്ട ചിലര്‍, ഭരണത്തലവന്മാര്‍ ഉള്‍പ്പെടെ, ആര്‍.എസ്.എസിന്റെ വക്കാലത്ത് പിടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കാലമാണിത്. സന്ദര്‍ഭവശാല്‍ ഇക്കാര്യങ്ങള്‍ ഒന്ന് സൂചിപ്പിക്കുന്നുവെന്നു മാത്രം. (എഫ്.ബി, മെട്രോ വാര്‍ത്ത, മനോരമ, ജൂലൈ 7, 2024).

വടകരയില്‍ നടന്ന കാഫിര്‍ വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എ.കെ ബാലന്റെ പ്രതികരണം. ഷാഫി മതം ചൂഷണം ചെയ്ത് വോട്ട് നേടിയെന്നാണ് എ.കെ ബാലനടക്കമുള്ള നേതാക്കള്‍ ആരോപിച്ചത്. അതിന് തെളിവായി ഒരു ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ടും ഹാജരാക്കി. എന്നാല്‍, സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. ഈ പശ്ചാത്തലത്തിലേക്കാണ് എ.കെ ബാലന്‍, കോണ്‍ഗ്രസ് എം.പിയായ ഷാഫിയെ വീണ്ടും വലിച്ചിടുന്നത്. ഷാഫിയുടെ സ്ഥാനാര്‍ഥിത്വംതന്നെ മതേതരത്വത്തിനെതിരായ നീക്കമാണെന്നാണ് ഒരുപക്ഷം സാംസ്‌കാരികപ്രവര്‍ത്തകര്‍ ആ സമയത്ത് പ്രചരിപ്പിച്ചത്.

ഇതിന് മറ്റൊരു വശം കൂടിയുണ്ട്. 2022ല്‍ മുരളീധരന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ ബൈറ്റില്‍ ദൃഢപ്രതിജ്ഞയെക്കുറിച്ച് ഒരു വിമര്‍ശനമുന്നയിച്ചിരുന്നു: ''തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയായാല്‍ ദൃഢപ്രതിജ്ഞ. ഇപ്പോള്‍ പുതിയ വാക്കുണ്ട്, സഗൗരവം. ഇതേ ആളുകള്‍ ദേവസ്വം ബോര്‍ഡില്‍ കയറിയാല്‍ ദൈവനാമം. ഇത് ആളെപ്പറ്റിക്കലും കപടമതേതരത്വവുമാണെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. ('മാര്‍ക്സിസ്റ്റുകാര്‍ എം.എല്‍.എ ആയാല്‍ 'സഗൗരവം' ദേവസ്വം ബോര്‍ഡില്‍ കയറിയാല്‍ 'ദൈവനാമം'; കെ. മുരളീധരന്‍, 2022, റിപ്പോര്‍ട്ടര്‍)

ഹമാസിനെ വളര്‍ത്തിയതും ഇസ്രായേല്‍:

മുസ്‌ലിം രാഷ്ട്രീയം, ഇസ്‌ലാമിക രാഷ്ട്രീയം തുടങ്ങിയ പരികല്‍പനയെക്കുറിച്ചു സി.പി.എം പക്ഷത്ത് വലിയ ആശയക്കുഴപ്പമാണുള്ളത്. ഇത് പ്രതിഫലിക്കുന്ന ഒരു ലേഖനം പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയിരുന്നു. പ്രസ്തുത ലേഖനത്തില്‍ നിന്നുള്ള ചില നിരീക്ഷണങ്ങള്‍:

വളരെ കുറച്ചുപേര്‍ക്കുമാത്രം അറിയാവുന്ന മറ്റൊരു കാര്യം ഹമാസ് പ്രധാന ശക്തിയായി മാറുന്നതിനു പിന്നില്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചത് ഇസ്രായേല്‍ അധികൃതര്‍ തന്നെ ആയിരുന്നെന്ന കാര്യമാണ്. മതനിരപേക്ഷ പ്രസ്ഥാനമായ ഫലസ്തീന്‍ വിമോചനസംഘടന (പി.എല്‍) തളര്‍ത്താനാണ് അവര്‍ ഈ സംഘടനയെ ഉപയോഗിച്ചത്. അതിനുശേഷം നാം കാണുന്നത് ഇസ്‌ലാമിക തീവ്രവാദത്തിന്റെയും അതിനെതിരായ ജൂതവലതുപക്ഷ തീവ്രവാദത്തിന്റെയും ഉയര്‍ച്ചയാണ്. ജൂതതീവ്രവാദത്തെ നിയന്ത്രിക്കുന്നതാകട്ടെ നെതന്യാഹു സര്‍ക്കാരും. അതുകൊണ്ടുതന്നെ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ വര്‍ഗീയ കണ്ണിലൂടെ കാണുന്നതിനെ എതിര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഇസ്രായേല്‍ അധിനിവേശത്തില്‍ ഫലസ്തീന്‍ ജനത, അവര്‍ ക്രിസ്ത്യാനികളായാലും മുസ്ലിംകളായാലും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. ഇതിനു കാരണം മേഖലയില്‍ അറബ് മതനിരപേക്ഷ ദേശീയ ശക്തികള്‍ക്കെതിരെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാവല്‍ക്കാരനാണ് ഇസ്രായേല്‍ എന്നതുകൊണ്ടാണ്. ലോക സാഹചര്യങ്ങളില്‍ വന്ന മാറ്റവും ഇതിന് ആക്കംകൂട്ടി. പ്രത്യേകിച്ചും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മതപരമായ സ്വത്വവാദശക്തികള്‍ മുഖ്യധാരയിലേക്ക് കടന്നു. അമേരിക്കയുടെ സഖ്യശക്തികളായ അറബ് രാജ്യങ്ങളിലെ രാജാക്കന്മാരും ഷെയ്ഖുമാരും ഫലസ്തീന്‍ ജനതയുടെ താല്‍പ്പര്യങ്ങളെ വഞ്ചിക്കുകയും ചെയ്തു. ഈ പ്രതികൂല ഘടകങ്ങളെല്ലാം ഉണ്ടായിട്ടും ഇസ്രായേല്‍ അധിനിവേശത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഫലസ്തീന്‍ ജനതയുടെ ധൈര്യത്തെയും മനക്കരുത്തിനെയും വിലമതിക്കാതിരിക്കാനാകില്ല. കേരളത്തിലെ ജനങ്ങള്‍ അവര്‍ ഏതു മതവിഭാഗത്തില്‍പ്പെട്ടവരായാലും ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിനൊപ്പമാണ് അണിചേരേണ്ടത്. (23 ജൂലൈ, ദേശാഭിമാനി, ഫലസ്തീന്‍ ഒരു മതവിഷയമല്ല, നടക്കുന്നത് ദേശീയ വിമോചന പോരാട്ടം)

ഹമാസ് - ഇസ്രായേല്‍ ബന്ധം: ഒരു വിശദീകരണം

ലിബറല്‍-സെക്കുലര്‍-ഇടതു ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ഭാഷയിലേക്ക് ഇസ്‌ലാമോഫോബിയ കടന്നുവരുന്ന ഒരു പ്രധാനപ്പെട്ട വഴി ഹമാസിന്റെ ഇസ്ലാമിക ഉള്ളടക്കത്തെക്കുറിച്ചുള്ള സന്ദേഹങ്ങളാണ്. ഹമാസ് ഇസ്രയേലിന്റെ സൃഷടിയാണ് എന്ന വാദം ഈ സന്ദേഹങ്ങളില്‍നിന്നാണ് വികസിച്ചുവന്നത്. ഇതുസംബന്ധിച്ച സാമൂഹിക-രാഷ്ട്രീയ വിശദീകരണവും പത്രപ്രവര്‍ത്തക യുക്തിയില്‍നിന്നു രൂപംകൊണ്ട ഗൂഢാലോചനാ സിദ്ധാന്തവും ഇതിന്റെ ഭാഗമാണ്.

രണ്ടു വിമര്‍ശനങ്ങളില്‍ ആദ്യത്തേത് ഇതാണ്: ഹമാസിനു ഇസ്രായേല്‍ സഹായം ലഭിച്ചുവെന്ന് ചില റിട്ടയേഡ് ഇസ്രായേലി മിലിട്ടറി ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. ഹമാസിന്റെ ഇസ്രായേലി ബന്ധത്തെ സാധൂകരിക്കുന്ന പ്രധാന തെളിവും ഇതാണ്. എന്നാല്‍, ഈ അവകാശവാദത്തെ തള്ളുന്ന ഇസ്രായേലി മിലിറ്ററി ഉദ്യോസ്ഥരുമുണ്ട്. ഗസ്സയില്‍ നിന്നുള്ള ഹമാസിന്റെ സ്ഥാപക നേതാക്കളായ അഹ്മദ് യാസീന്‍, അബ്ദുല്‍ അസീസ് അല്‍ - റന്‍തീസി അടക്കമുള്ളവരെ ഇസ്രായേല്‍ വകവരുത്തിയതും ഇസ്രായേല്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാരില്‍ ഹമാസ് പ്രവര്‍ത്തകരാണ് ഭൂരിപക്ഷമെന്നതും അടക്കമുള്ള, ഹമാസിന്റെ ചരിത്രം എഴുതിയ അസ്സാം തമീമിയെ (ഹമാസ്: അണ്‍റിട്ടണ്‍ ചാപ്‌റ്റേഴ്‌സ് (2007) എന്ന പുസ്തകം) പോലുള്ളവരുടെ, വിവരണം ഈ വിശകലനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇസ്രായേലിന്റെ സൃഷടിയാണ് ഹമാസ് എന്ന ഗൂഢാലോചനാസിദ്ധാന്തം വസ്തുതകളുടെ ബലത്തില്‍ സ്ഥാപിച്ചെടുക്കുക പ്രയാസമാണ്.

ഫലസ്തീന്‍ ദേശീയ ഐക്യത്തില്‍ വിള്ളലുണ്ടാക്കിയെന്നതാണ് രണ്ടാമത്തെ വിമര്‍ശനം. ദേശീയ വിമോചന പോരാട്ടത്തിന്റെ സാമൂഹ്യ - രാഷ്ട്രീയ ഉള്ളടക്കത്തെ പറ്റിയാണ് ഈ വിമര്‍ശനം. തീര്‍ച്ചയായും ഹമാസിന്റെ വളര്‍ച്ച ദേശീയ ഐക്യത്തെ ബാധിച്ചിരുന്നുവെന്നതു ശരിയാണ്. എഡ്വേഡ് സൈദ് അടക്കമുളളവര്‍ ഈ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുറേകൂടി ഗൗരവമുള്ള ഒരു വിമര്‍ശനമാണിത്. എന്തുകൊണ്ടു ഫലസ്തീന് ജനത ഫലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അടക്കമുള്ള പരമ്പരാഗത ഫലസ്തീന്‍ ദേശീയ പ്രസ്ഥാനങ്ങളെ കയ്യൊഴിഞ്ഞുവെന്നതിന് ഉത്തരം നല്‍കാന്‍ ഈ വിമര്‍ശനത്തിനു പൂര്‍ണമായും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കഴിയാതെ പോവുന്നുവെന്നതാണ് ഇത്തരം വിമര്‍ശനങ്ങളുടെ പ്രശ്‌നം.

ഫലസ്തീനിലെ മറ്റൊരു സായുധ ചെറുത്തുനില്‍പു പ്രസ്ഥാനമായ ശിയാ പശ്ചാത്തലമുള്ള ഇസ്ലാമിക് ജിഹാദ് രൂപീകരിച്ചത് പഴയകാല മാവോയിസ്റ്റുകളുടെ പങ്കാളിത്തത്തോടെയായിരുന്നു (മാന്‍ഫ്രഡ് സിംഗ്. ''ബ്രദേഴ്‌സ് ഇന്‍ ആര്‍മ്‌സ്: ഹൗ പാലസ്‌റ്റൈന്‍്് മാവോയിസ്റ്റ്‌സ് ടേണ്‍ഡ് ജിഹാദിസ്റ്റ്‌സ്.'' ഡൈ വെല്‍ട് ദെസ് ഇസ്‌ലാം, 2011, എന്ന പഠനം) എന്നതു മാറുന്ന ജനകീയ ഇച്ഛയുടെ പ്രകാശനമായി മനസ്സിലാക്കണം. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തോടുള്ള സെക്കുലര്‍ - ലിബറല്‍ വിപ്രതിപത്തി മൂലമാണ് ഫലസ്തീനിലെ ജനങ്ങളുടെ മാറുന്ന ഇച്ഛയെ കേവലം അധിനിവേശ ഭരണകൂട ഗൂഢാലോചനയായും ദേശീയ ഐക്യത്തിന്റെ തകര്‍ച്ചയായും കാണാന്‍ പ്രേരിപ്പിക്കുന്നത്. മുസ്ലിം എന്ന രീതിയില്‍ സ്വയം തിരിച്ചറിയുന്ന ഫലസ്തീനിലെ ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ (ചോയ്‌സ്) കണക്കാക്കാത്ത വിശകലനമാണിത്. 


1980 - 2000 കാലയളവില്‍ രൂപംകൊണ്ട ഈ വിമര്‍ശനങ്ങള്‍ പിന്നീടു അപ്രസക്തമായിട്ടുണ്ട്. 2006ലെ തെരഞ്ഞെടുപ്പില്‍ 132ല്‍ 74 സീറ്റും നല്‍കി ഫലസ്തീന്‍ ജനത ഹമാസിനൊപ്പം നിന്നു. ഹമാസിന്റെ എതിരാളികളായ ഫതഹ് പാര്‍ട്ടിക്കു ആയുധങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ അമേരിക്കയും ഇസ്രായേലും ശ്രമിച്ചെന്നു അലിസ്റ്റര്‍ കുക്ക് നടത്തിയ അന്വേഷണത്തിലൂടെ തെളിഞ്ഞിരുന്നു. (ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സ്, 5 ജൂലൈ 2007) അതോടെ അമേരിക്കന്‍ - ഇസ്രായേല്‍ പിന്തുണ ആര്‍ക്കാണെന്ന പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്: സംസ്ഥാനത്ത് നടക്കുന്നതെന്ത്?

നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറക്കുകയും തികഞ്ഞ വിവേചന ചിന്തയോടെ അട്ടിമറിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് പരമാര്‍ഥമാണ്. കേന്ദ്രം സമയബന്ധിതമായി തുക നല്‍കാത്തതിനാല്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാനാവുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയും ഫണ്ട് വകമാറ്റലുമെല്ലാം സ്‌കോളര്‍ഷിപ് മുടക്കത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് സി.എ.ജി കണ്ടെത്തിയത്് (ന്യൂനപക്ഷ സ്‌കോളര്‍ഷിപ്: സംസ്ഥാനത്ത് നടക്കുന്നതെന്ത്? ആര്‍. സുനില്‍, 22 ജൂലൈ 2024, മാധ്യമം)

ന്യൂനപക്ഷ അവകാശങ്ങളുടെ മുകളിലുള്ള ഈ കടന്നുകയറ്റം ചര്‍ച്ച പോലും ചെയ്യാതെ ഇരുട്ടിലാവുന്നതില്‍ പ്രധാന കാരണം കേരളത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയാണ്. ഫണ്ട് വകമാറ്റല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി കേന്ദ്രാവിഷ്‌കൃത പ്രീ, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ് പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേനയാണ് നടപ്പാക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിക്കുകയും അര്‍ഹത പരിശോധിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നത് സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയാണ്. പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടോ എന്നാണ് സി.എ.ജി പരിശോധിച്ചത്. 2014-15 വര്‍ഷം ലഭിച്ച ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ് ഫണ്ടിന്റെ വിനിയോഗസാക്ഷ്യപത്രം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയില്ല. ചെലവഴിക്കാത്ത സ്‌കോളര്‍ഷിപ് ഫണ്ട് വക മാറ്റി ചെലവഴിച്ചുവെന്ന് പരിശോധനയില്‍ കണ്ടെത്തി.

വിദ്യാര്‍ഥിക്ക് പട്ടിണി, ഉദ്യോഗസ്ഥര്‍ക്ക് പത്രാസ്

ന്യൂനപക്ഷങ്ങള്‍ക്കായുള്ള കേന്ദ്രാവിഷ്‌കൃത പ്രീ മെട്രിക് പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പാക്കുന്നതിനുള്ള ഉത്തവാദിത്തം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും (ഡി.ജി.ഇ) പോസ്റ്റ് മെട്രിക് സ്‌കീമിന്റെ ചുമതല കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു (ഡി.സി.ഇ)മാണ്. പ്രീ മെട്രിക്‌സീമില്‍ ഡി.ജി.ഇ, സംസ്ഥാന നോഡല്‍ ഓഫിസര്‍ എന്നിവര്‍ക്കായിരുന്നു പദ്ധതി നടത്തിപ്പിന്റെ ചുമതല. വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍നിന്ന് 40.28 ലക്ഷം ഉപയോഗിച്ചാണ് ഡി.ജി.ഇയുടെ കാര്യാലയത്തിന്റെ ഔദ്യോഗിക ഉപയോഗത്തിനായി രണ്ട് പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങിയത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ 2019 ആഗസ്റ്റില്‍ ഭരണാനുമതി നല്‍കി. സെപ്റ്റംബറില്‍ വാഹനങ്ങള്‍ വാങ്ങി. 2019 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ഈ വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ്, അനുബന്ധ വസ്തുക്കള്‍ എന്നിവക്കായി 10.58 ലക്ഷം ചെലവഴിച്ചു. 2017 -18 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ഡി.ജി.ഇയുടെ ഓഫിസിന്റെയും കേരള സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉപയോഗത്തിനായി മൂന്ന് വാഹനങ്ങളുടെ വാടകയായി ഈടാക്കിയ 40.14 ലക്ഷത്തിന് പുറമെയാണിത്.

നാഷ്ണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നതിനും എ.സി, ഐപാഡുകള്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ വാങ്ങുന്നതിനുമായി 10.98 ലക്ഷത്തിന്റെ ഫണ്ടും വകമാറ്റി ചെലവഴിച്ചു. സ്‌കോളര്‍ഷിപ് ഫണ്ടില്‍നിന്ന് ഒരു ശതമാനം തുക ഭരണപരവും അനുബന്ധവുമായ ചെലവുകള്‍ക്ക് വിനിയോഗിക്കാമെന്ന വ്യവസ്ഥ അനുസരിച്ചാണ് കാറുകള്‍ വാങ്ങിയതും മറ്റു ചെലവുകള്‍ നടത്തിയതുമെന്നാണ് സംസ്ഥാന നോഡല്‍ ഓഫിസര്‍ 2023 ജനുവരിയില്‍ നല്‍കിയ മറുപടി.

വിതരണത്തിലെ അലംഭാവം

2014-15 വര്‍ഷത്തില്‍ 8,45,465 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭരണ ചെലവ് ഉള്‍പ്പെടെ 85.39 കോടി രൂപ ന്യൂനപക്ഷ സ്‌കോളര്‍ഷിപ് പദ്ധതി പ്രകാരം കേരളത്തിന് അനുവദിക്കപ്പെട്ടിരുന്നു. 2014 - 15ല്‍ 3.52 ലക്ഷം കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ് ആയി 35.24 കോടി രൂപ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ മോഡലിലേക്ക് മാറ്റിയപ്പോള്‍ അപേക്ഷകള്‍ സമര്‍പ്പിച്ച അക്കൗണ്ടിലെ വിശദാംശങ്ങളിലെ പൊരുത്തക്കേടുകള്‍ കാരണം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. 2016 ജൂണോടെ 2.65 ലക്ഷം വിദ്യാര്‍ഥികള്‍ക്കും 2022 മാര്‍ച്ചില്‍ 55,590 വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ് വിതരണം ചെയ്തു. 2023 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് 31,908 ഗുണഭോക്താക്കള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കാനുണ്ട്. പ്രീ മെട്രിക്‌സ്‌കോളര്‍ഷിപ് പദ്ധതി നടപ്പാക്കുന്നതിന് 2019 മാര്‍ച്ച് 31 വരെ നല്‍കിയ ഫണ്ടില്‍ ചെലവഴിക്കാത്ത തുക തിരിച്ചടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2020 ഡിസംബറിലും 2022 ജനുവരിയിലും നിര്‍ദേശിച്ചു. എന്നാല്‍, പദ്ധതിക്കായി 2014-15ല്‍ അനുവദിച്ച ഫണ്ടില്‍ ചെലവഴിക്കാത്ത തുക പലിശസഹിതം ബാങ്ക് അക്കൗണ്ടില്‍ നിലനിര്‍ത്തി. പ്രീമെട്രിക് പദ്ധതിയുടെ ബാക്കി തുക ക്രമരഹിതമായി കൈകാര്യം ചെയ്‌തെന്നാണ് കണ്ടെത്തല്‍. 2023 മേയ് 16ന് 8,954 വിദ്യാര്‍ഥികള്‍ക്കുകൂടി സ്‌കോളര്‍ഷിപ് അനുവദിച്ചു. ബാക്കി തുക കേന്ദ്രസര്‍ക്കാറിന് തിരികെ നല്‍കാന്‍ നടപടി ആരംഭിച്ചു എന്നാണ് സര്‍ക്കാര്‍ 2023 ജൂണില്‍ നില്‍കിയ മറുപടി.

അക്കൗണ്ടുമായി പൊരുത്തപ്പെടാത്തത്

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ എസ്.ബി അക്കൗണ്ടില്‍ 2022 മാര്‍ച്ച് 31ന് 8.78 കോടി രൂപയുടെ ക്ലോസിങ് ബാലന്‍സ് ഉണ്ടായിരുന്നു. ബാങ്ക് അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കലുകള്‍ രേഖപ്പെടുത്തുന്നതിന് ഡി.ജി.ഇ ഒരു ചെക്ക് ഇഷ്യു രജിസ്റ്റര്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍, ലഭിച്ച നിക്ഷേപങ്ങളുടെ രസീത്, ക്രെഡിറ്റ് ചെയ്ത പലിശ, തിരിച്ചടവ്, മടങ്ങിയ സ്‌കോളര്‍ഷിപ് തുക എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ബാങ്ക് ഇടപാടുകള്‍ക്കുള്ള വകുപ്പുതല അക്കൗണ്ട് സൂക്ഷിക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ടുമായി ഒത്തുനോക്കലും സാധ്യമായില്ല. വകുപ്പുതല അക്കൗണ്ടിന്റെയും ബാങ്ക് റീകണ്‍സീലിയേഷന്‍ സ്റ്റേറ്റ്‌മെന്റിന്റെയും അഭാവത്തില്‍, ബാക്കി തുകയുടെ കൃത്യത ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. രേഖപ്പെടുത്താത്ത ക്രെഡിറ്റുകള്‍/വ്യാജമായ പിന്‍വലിക്കലുകള്‍ എന്നിവ കണ്ടെത്താനുമാവില്ല. സുതാര്യമായല്ല ഫണ്ട് ചെലവഴിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം മുഹമ്മദ് മുസ്തഫ, നിഹാല്‍ എ.)




Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News