നൂറ്റാണ്ടിനപ്പുറത്തു നിന്ന് മായാബസാര്‍ ഇറ്റ്‌ഫോക്കിലേക്ക്
നൂറ്റാണ്ടിലേറെയായി, സുരഭിയുടെ തനതായ കുടുംബ നാടക പാരമ്പര്യം നിലനില്‍ക്കുന്നു. ഈ വലിയ പാരമ്പര്യത്തില്‍ നിന്നാണ് മായ ബസാര്‍ എന്ന നാടകം പതിമൂന്നാമത് അന്തര്‍ദേശീയ നാടകോത്സവത്തില്‍ എത്തുന്നത്. |Itfok2023
എഴുതപ്പെടാത്ത ചരിത്രമനുസരിച്ച്, സുരഭി തീയേറ്റര്‍ കമ്പനിയുടെ ഉത്ഭവം എ.ഡി 1860 മഹാരാഷ്ട്രയിലാണ്. സുരഭി കുടുംബത്തിന്റെ പൂര്‍വ്വികര്‍ ശിവാജി രാജാവിന്റെ കൊട്ടാരവുമായി ബന്ധപ്പെട്ടിരുന്നു. ചില കുടുംബങ്ങള്‍ ആന്ധ്രയിലേക്ക് കുടിയേറി. 1885-ല്‍ വാനരസ ഗോവിന്ദ റാവുവിന്റെ കുടുംബം സൊരുഗു ഗ്രാമം താത്കാലിക വസതിയാക്കി, അതിന്റെ പേര് സുരഭി എന്നാക്കി മാറ്റി. തുകല്‍പ്പാവക്കാരനായ ഗോവിന്ദ റാവു ഒരു സഞ്ചാര നാടകസംഘം രൂപീകരിച്ച് സുരഭി എന്ന പേര് തന്നെ നല്‍കി. ഇന്നും നൂറ്റാണ്ടിലേറെയായി, സുരഭിയുടെ തനതായ കുടുംബ നാടക പാരമ്പര്യം നിലനില്‍ക്കുന്നു. ഈ വലിയ പാരമ്പര്യത്തില്‍ നിന്നാണ് മായ ബസാര്‍ എന്ന നാടകം പതിമൂന്നാമത് അന്തര്‍ദേശീയ നാടകോത്സവത്തില്‍ എത്തുന്നത്. തെലുങ്കാന സാംസ്‌കാരിക വകുപ്പിന്റെ യാത്രാ സഹായത്തോടെ തെലുങ്കാനയില്‍ നിന്നെത്തുന്ന നാടകമാണ് മായാ ബസാര്‍. നൂറ്റാണ്ട് പാരമ്പര്യമുള്ള സുരഭി നാടക സംസ്ത അവതരിപ്പിക്കുന്ന മായാ ബസാര്‍ നിരവധി പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയാണ് ഇറ്റ്‌ഫോക്കിലെത്തുന്നത്. ഒരു കുടുംബമാണ് ഈ നാടക കമ്പനി നടത്തുന്നത്. തെലുങ്ക് സംസ്ഥാനങ്ങളായ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും തനതു നാടകത്തിന് വളരെയധികം വളക്കൂറുണ്ട്. ശ്രീ വെങ്കിടേശ്വര സുരഭി തിയേറ്ററും ജയചന്ദ്ര വര്‍മ്മ ട്രൂപ്പും ചേര്‍ന്ന് 50 പ്രതിഭാധനരായ കലാകാരന്മാരെ അണിനിരത്തിയാണ് മായാബസാര്‍ അവതരിപ്പിക്കുന്നത്. പ്രത്യേക സംവിധാനങ്ങളും തന്ത്രങ്ങളും ആനിമേഷനുകളും മായാബസാറില്‍ കടന്നു വരുന്നുണ്ട്. സുരഭിയുടെ മായാബസാര്‍ നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തെലുങ്കിലെ മായാബസാര്‍ എന്ന സിനിമ തന്നെ ഉണ്ടായത്.
സിനിമയുടെയും ടിവിയുടെയും തള്ളിക്കയറ്റത്തിനിടയിലും സുരഭി തിയേറ്റര്‍ ഗ്രൂപ്പ് അതിന്റെ പരമ്പരാഗത രീതികളില്‍ പ്രേക്ഷകരെ കൈ വിടാതെ തീയേറ്റര്‍ ലോകത്തുകൂടെ നടത്തുന്നു. പ്രേക്ഷകരെല്ലാം അതിന്റെ ചാരുതയും ഗൃഹാതുരതയും ആസ്വദിക്കുന്നു. മായാ ബസാര്‍ സംവിധാനം നിര്‍വ്വഹിക്കുന്നത് സുരഭി ജയചന്ദ്ര വര്‍മ്മയാണ്. ഗ്രൂപ്പിലെ ഒരു പ്രധാന ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മായാ ബസാര്‍ സംവിധാനം ചെയ്ത സുരഭി ജയചന്ദ്ര വര്‍മ്മ 5,000-ത്തിലധികം വേദികളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
ലവകുശ, ഭക്ത പ്രഹ്ലാദ, ജയ് പാതാളഭൈരവി, അന്നമയ്യ വെണ്ണേല, കനക താര, ബാല മായാബസാര്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം സുരഭി തിയേറ്ററിന്റെ സാങ്കേതികതകളെക്കുറിച്ചു നിരവധി ശില്‍പശാലകള്‍ നടത്തി.
കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ നിന്ന് ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌കാരം ലഭിച്ച സുരഭി ജയചന്ദ്ര നാടകരംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടത്തി. നാഷണല്‍ സ്‌കൂള്‍ ഡ്രാമയുടെ ഭാരത് രംഗ് മഹോത്സവം , ജഷ്നെ ബച്ച്പന്‍ ഫെസ്റ്റിവല്‍, എസ്എന്‍എ ന്യൂഡല്‍ഹി ഫെസ്റ്റിവല്‍ തുടങ്ങി നിരവധി ദേശീയ അന്തര്‍ദേശീയ നാടകോത്സവങ്ങളില്‍ സുരഭി തിയേറ്റര്‍ ഗ്രൂപ്പ് പങ്കാളികളായിട്ടുണ്ട്.
നാടകത്തിന്റെ വളര്‍ച്ചക്കുവേണ്ടി നിലകൊള്ളുന്ന ഇറ്റ്‌ഫോക്ക് വേദിയില്‍ എത്തുന്ന മായ ബസാര്‍ പ്രേക്ഷകര്‍ക്ക് വലിയ അനുഭവമായിരിക്കും. നാടകോത്സവത്തിന്റെ മൂന്നാം ദിവസമായ ഫെബ്രുവരി 7 ന് വൈകുന്നേരം നാലു മണിക്കും നാലാം ദിവസമായ ഫെബ്രുവരി 8ന് രാവിലെ 11.30 നും കെ.ടി മുഹമ്മദ് തീയേറ്ററില്‍ മായാബസാര്‍ കാണാം.