വിവേചനങ്ങളോട് സൗമ്യമായി കലഹിച്ച ജസ്റ്റിസ് ഫാത്തിമ ബീവി

ഔദ്യോഗിക ജീവിതത്തിലെ തന്റെ നേട്ടങ്ങളെ കുറിച്ച് ഫാത്തിമ ബീവി പറഞ്ഞത് " വാതില്‍ തള്ളി തുറന്നാണ് ഞാന്‍ ഈ പദവികളില്‍ ഒക്കെ എത്തിയത് " എന്നായിരുന്നു.

Update: 2023-11-26 10:22 GMT
Advertising

സ്വാതന്ത്ര്യം കിട്ടിയതിനുശേഷം നാലു ദശാബ്ദം കാത്തിരിക്കേണ്ടിവന്നു ഇന്ത്യയുടെ ഉന്നത നീതിപീഠത്തില്‍ സ്ത്രീ സാന്നിധ്യം ഉണ്ടാവാന്‍. രാജ്യത്ത് ആദ്യ ഹൈക്കോടതി ജഡ്ജിയായ അന്ന ചാണ്ടിയുടെ പാതപിന്തുടര്‍ന്ന് പത്തനംതിട്ടക്കാരിയായ ഫാത്തിമ ബീവി 1989 ഒക്‌ടോബര്‍ 6ന് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേറ്റത്തോടെ ഇന്ത്യന്‍ നിയമചരിത്രത്തില്‍ പുതു ഏടാണ് പിറന്നത്. ഏഷ്യയില്‍ തന്നെ ആദ്യമായി ഉന്നത കോടതിയില്‍ എത്തിയ വനിതയും ഫാത്തിമ ബീവിയാണ്. 1887 സയ്യിദ് മഹ്മൂദ് ആദ്യ മുസ്‌ലിം ഹൈക്കോടതി ജഡ്ജ് ആയെങ്കിലും ആദ്യമായി ഈ പദവിയില്‍ എത്തിയ മുസ്‌ലിം വനിതയാണ് ഫാത്തിമ ബീവി. കേരളത്തില്‍ നിന്നും തുടങ്ങിയ യാത്ര സുപ്രീംകോടതിയിലും ദേശീയ മനുഷ്യാവകാശ കമീഷനിലും ഗവര്‍ണര്‍ പദവിയിലും എത്തി.

1927 ഏപ്രില്‍ 30 തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പത്തനംതിട്ടയില്‍ മീര സാഹിബിന്റെയും ഖദീജ ബീവിയുടെയും എട്ടു മക്കളില്‍ മൂത്തമകളായിട്ടാണ് ഫാത്തിമ ബീവിയുടെ ജനനം. 1943 മെട്രിക്കുലേഷന്‍ പാസായ ഫാത്തിമ ബീവി സയന്‍സ് പഠിക്കാന്‍ തിരുവനന്തപുരത്തേക്ക് പഠനം മാറ്റി. ഭൗതിക വിദ്യാഭ്യാസ മേഖലയിലേക്ക് മുസ്‌ലിംകള്‍ വരാന്‍ മടിച്ചിരുന്ന കാലത്ത് സ്വന്തം നാട്ടില്‍ നിന്നും മാറി തിരുവനന്തപുരത്തേക്കുള്ള മാറ്റം പിതാവിന്റെ പ്രേരണ കൂടിയായിരുന്നു. അന്ന ചാണ്ടിയുടെ നിയമപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ പിതാവായിരുന്നു നിയമവഴി തെരഞ്ഞെടുക്കാന്‍ ഫാത്തിമ ബീവിയെ പ്രേരിപ്പിച്ചത്. 1950ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തപ്പോള്‍ നിരവധി ആദ്യ നേട്ടങ്ങളാണ് തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. ഇന്ത്യയുടെ ബാര്‍ കൗണ്‍സിലില്‍ ചേര്‍ന്ന ആദ്യ വനിതയായി ഫാത്തിമ ബീവി.

1991 ലെ ഒരു വിധിയില്‍ ഭരണകൂടം ഏകപക്ഷീയമായി പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെ ഫാത്തിമ ബീവി വിമര്‍ശിച്ചു (Scheduled Caste & Weaker Section Welfare Association v. State of Karnataka (1991) . ദുരുദ്ദേശത്തോടുള്ള കരാര്‍ ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് 1872 പ്രകാരം നിയമവിരുദ്ധമാണെന്ന് പ്രസ്താവിച്ചു. ജഗദീഷ് സിംഗ് ബേദി കേസില്‍ ഭരണഘടനയുടെ 136 പട്ടികപ്രകാരം സുപ്രീംകോടതിക്കുള്ള സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ അധികാരം കൂടുതല്‍ വ്യക്തമാക്കി (Mool Chand etc v. Jagdish Singh Bedi and Ors).

14 നവംബര്‍ 1950 കൊല്ലം കീഴ് കോടതിയില്‍ അഭിഭാഷകയായി ചേര്‍ന്നതോടുകൂടിയാണ് നിയമ വൃത്തി ആരംഭിക്കുന്നത്. സ്ത്രീ പ്രാതിനിധ്യം തീരെ ഇല്ലാതിരുന്ന കാലത്ത് ആക്ഷേപങ്ങളെ നിയമമൂര്‍ച്ച കൊണ്ട് നേരിട്ട് ഫാത്തിമ ബീവി മറികടന്നു. എട്ടുവര്‍ഷത്തെ അഭിഭാഷക വൃത്തിക്ക് ശേഷം 1958ല്‍ മുന്‍സിഫ് ജഡ്ജിയായി കേരള ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നു. 1972 ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായും 1974 ജില്ലാ മജിസ്‌ട്രേറ്റായും സ്ഥാനക്കയറ്റം ലഭിച്ചു. 1980 സംസ്ഥാന ആദായ നികുതി ട്രൈബൂണലില്‍ ജുഡീഷ്യല്‍ അംഗമായി നിയമിതയായി. 1983ആഗസ്റ്റ് 4 ന് കേരള ഹൈക്കോടതിയില്‍ സ്ഥിരംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഈ സ്ഥാനത്ത് എത്തിയ ആദ്യ മുസ്‌ലിം വനിതയാണ് ഫാത്തിമ ബീവി. 

1989 ഏപ്രിലില്‍ ഹൈക്കോടതിയില്‍ നിന്ന് രാജിവെച്ചെങ്കിലും അതേവര്‍ഷം ഒക്ടോബറില്‍ സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായി രാജീവ് ഗാന്ധിയുടെ സര്‍ക്കാര്‍ നിയമിച്ചതോടെയാണ് ഏഷ്യയില്‍ തന്നെ ഉന്നത കോടതിയില്‍ എത്തിയ ആദ്യ വനിതയായി ഫാത്തിമ ബീവി മാറുന്നത്. കോണ്‍ഗ്രസുമായി ഇടഞ്ഞ പുരോഗമന മുസ്‌ലിം വിഭാഗങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു ഫാത്തിമ ബീവിയുടെ നിയമനം എന്ന ബാലിശമായ വാദം അക്കാലത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രവര്‍ത്തിപരിചയം കൊണ്ടും സീനിയോറിറ്റി കൊണ്ടും ഈ സ്ഥാനത്തിന് അര്‍ഹയായിരുന്നു അവര്‍ എന്നതാണ് യാഥാര്‍ഥ്യം. 2023ല്‍ കേരള സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് അതോറിറ്റി നിര്‍മിച്ച 'നീതി പാതയിലെ ധീര' എന്ന ഡോക്യുമെന്ററിയില്‍ ഫാത്തിമ ബീവിയുടെ നിയമ ഇടപെടലുകളെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്. 1991 ലെ ഒരു വിധിയില്‍ ഭരണകൂടം ഏകപക്ഷീയമായി പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെ ഫാത്തിമ ബീവി വിമര്‍ശിച്ചു (Scheduled Caste & Weaker Section Welfare Association v. State of Karnataka (1991) . ദുരുദ്ദേശത്തോടുള്ള കരാര്‍ ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് 1872 പ്രകാരം നിയമവിരുദ്ധമാണെന്ന് പ്രസ്താവിച്ചു. ജഗദീഷ് സിംഗ് ബേദി കേസില്‍ ഭരണഘടനയുടെ 136 പട്ടികപ്രകാരം സുപ്രീംകോടതിക്കുള്ള സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ അധികാരം കൂടുതല്‍ വ്യക്തമാക്കി (Mool Chand etc v. Jagdish Singh Bedi and Ors).

1992 സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ഫാത്തിമ ബീവി മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനായി നിയമിതയായി. ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയും ഇവരാണ്. 1997 ല്‍ ഡി.എം.കെ നേതാവായിരുന്നു കരുണാനിധിയുടെ ശുപാര്‍ശ പ്രകാരം തമിഴ്‌നാട് ഗവര്‍ണറായി നിയമിതയായി. കേരളവും തമിഴ്‌നാടും തമ്മില്‍ ജലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ ചര്‍ച്ചയിലേക്ക് എത്തിച്ചു ഫാത്തിമ ബീവി തന്റെ ഭരണ മികവ് വ്യക്തമാക്കി. പക്ഷേ, രണ്ടു വിവാദങ്ങള്‍ ഗവര്‍ണര്‍ പദവിയിലിരിക്കെ നേരിടേണ്ടിവന്നു. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വഴങ്ങാതെ നിയമത്തിന്റെ പക്ഷം ചേര്‍ന്നതിന്റെ കൂരമ്പുകള്‍ ആയിരുന്നു ഈ വിവാദങ്ങള്‍. നിയമസഭയില്‍ അംഗമല്ലാതിരുന്ന ജയലളിതയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. എന്നാല്‍, ഭരണഘടനയുടെ 164 പട്ടിക പ്രകാരം നിയമസഭ അംഗമല്ലാത്ത ഒരാള്‍ക്ക് മുഖ്യമന്ത്രിയാകാമെന്ന നിര്‍ദേശമാണ് അവര്‍ പാലിച്ചത്. രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ ദയാഹരജി തള്ളിക്കളഞ്ഞ ഫാത്തിമ ബീവി ദേശീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ പ്രസിഡന്റിന്റെ തീരുമാനമായിരിക്കും ഉചിതം എന്ന് വ്യക്തമാക്കുകയും ചെയ്തു. 

ജീവിതത്തിലുടനീളം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യാതെ നിയമത്തിന്റെ ഓരം ചേര്‍ന്നായിരുന്നു ആ ജീവിതം. അധികാരങ്ങളും പദവികളും കൈവന്നപ്പോഴും മിതമായി സംസാരിച്ചു. ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ മാത്രം നിര്‍വഹിച്ച മാതൃകാപരമായ പൊതുജീവിതത്തിന്റെ ഉടമയായിരുന്നു ജസ്റ്റിസ് ഫാത്തിമ. നിയമവ്യവസ്ഥയില്‍ ഇപ്പോഴും പ്രാബല്യത്തിലുള്ള ലിംഗ വിവേചനത്തിനെതിരെ സൗമ്യമായി കര്‍ത്തവ്യ നിര്‍വഹണം നടത്തി അവര്‍. അവരുടെ തന്നെ വാക്കുകളില്‍ 'വാതില്‍ തള്ളി തുറന്നാണ് ഞാന്‍ ഈ പദവികളില്‍ ഒക്കെ എത്തിയത്'.

2023ല്‍ കേരള സര്‍ക്കാര്‍ 'കേരള പ്രഭ' പുരസ്‌കാരം നല്‍കി ഫാത്തിമ ബീവിയെ ആദരിച്ചിരുന്നു. 96ാം വയസ്സില്‍, 2023 നവംബര്‍ 23 ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായയിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവിയുടെ അന്ത്യം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഗ്രേസ് മുബഷിര്‍

Research scholar

Similar News