മാധവിക്കുട്ടി,ടി.എന്‍ ജോയി; മതം മാറ്റം വീണ്ടും ചർച്ചയാവുമ്പോൾ

മാധവിക്കുട്ടി മതംമാറി കമലാസുരയ്യയായി മാറിയത് കേരളീയ സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് ഇടവരുത്തിയ സംഭവമാണ്. ഇതുനടക്കുന്ന സമയത്ത് ആരും ലൗജിഹാദ് ആരോപണം ഉയര്‍ത്തിയിരുന്നില്ലെങ്കിലും ഏകദേശം കാല്‍നൂറ്റാണ്ടിനുശേഷം ചർച്ചയാകുമ്പോൾ പ്രണയം നടിച്ച് മതംമാറ്റുകയെന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെയും ആഗോള ഫണ്ടിങിന്റെയും കഥകള്‍ സമാന്തരമായി ഉണ്ടായിരുന്നു | ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -4 | islamophobiakerala| MediaoneShelf |

Update: 2024-11-26 11:29 GMT
Advertising

ഒക്ടോബര്‍ മാസത്തില്‍ ശ്രദ്ധേയമായ പഴയ രണ്ട് മതംമാറ്റക്കേസുകളാണ് കേരളീയ സമൂഹത്തിന്റെ മുന്നിലെത്തിയത്. ഒന്ന് മാധവിക്കുട്ടിയുടെ മതംമാറ്റവും മറ്റൊന്ന് ടി. എന്‍ ജോയിയുടെതും. ടി.എന്‍ ജോയിയുടെ ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായാണ് ഇത് ചര്‍ച്ചയായതെങ്കില്‍ മാധവിക്കുട്ടിയുടേത് നിയമസഭയില്‍ നടന്ന ഒരു പരാമര്‍ശത്തിന്റെ പേരിലാണ് വീണ്ടും ബഹുജന ശ്രദ്ധയിലെത്തിയത്. രണ്ട് സംഭവങ്ങളും മുസ് ലിംവിരുദ്ധ വംശീയതയുടെ വിവിധ ഘടകങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കാന്‍ പര്യാപ്തമാണ്.

മാധവിക്കുട്ടിയും കമലാസുരയയ്യയും:

2024 ഒക്ടോബര്‍ മാസം തുടക്കത്തില്‍ കേരള നിയമസഭയില്‍ പ്രക്ഷുബ്ധമായ രംഗങ്ങള്‍ അരങ്ങേറി. ലീഗ് നേതാക്കളായ പി.കെ ബഷീര്‍, നജീബ് കാന്തപുരം, ഇടത് സ്വതന്ത്രന്‍ കെ.ടി ജലീല്‍ തുടങ്ങിയവര്‍ തമ്മിലാണ് പോര് നടന്നത്. മലപ്പുറം ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പരാമര്‍ശമായിരുന്നു വിഷയം. 'ഞാന്‍ സി.എച്ച് മുഹമ്മദ് കോയയുടെ എല്ലാ ലേഖനങ്ങളും പ്രസംഗങ്ങളും വായിച്ചിട്ടുണ്ട്. പി.കെ ബഷീര്‍ വായിച്ചിട്ടേ ഉണ്ടാവില്ല ഒന്നും...'' എന്ന കെ.ടി ജലീലിന്റെ പരാമര്‍ശത്തോടെയാണ് തുടക്കം.

'പി.കെ ബഷീര്‍ വായിച്ചോ, പി.കെ ബഷീര്‍ വായിച്ചില്ലേ എന്ന് പറയാന്‍ ഇവനാരാ എരപ്പന്‍...'' എന്ന് ബഷീര്‍ കുപിതനായി. പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രതിഷേധവുമായി എഴുന്നേറ്റതോടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ജലീലിന് മുന്നറിയിപ്പ് നല്‍കി.

അതവിടെ തീര്‍ന്നില്ല. തുടര്‍ദിവസങ്ങളില്‍ പി.കെ ബഷീറിനെ പരിഹസിച്ച ജലീലിനെ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ ലീഗ് അംഗം നജീബ് കാന്തപുരം കടന്നാക്രമിച്ചു: ‘സി.എച്ച് മുഹമ്മദ് കോയയുടെ ലേഖനങ്ങളെല്ലാം വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ജലീല്‍ ഇ.എം.എസിന്റെ ലേഖനങ്ങളും വായിക്കണം. സിമിയെയും ലീഗിനെയും ഒറ്റുകൊടുത്ത ജലീല്‍ ഇനി സിപിഎമ്മിനെയും ഒറ്റിക്കൊടുക്കുമെന്നുമായിരുന്നു നജീബിന്റെ പരാമര്‍ശം. (പോയിന്റ് പറയൂ ജലീല്‍, ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് സ്പീക്കര്‍; കൂടുതല്‍ പറയിപ്പിക്കരുതെന്ന് ജലീല്‍, കേരള കൗമുദി, ഒക്ടോബര്‍ 9, 2024; ജലീലുമായി വീണ്ടും ഏറ്റുമുട്ടല്‍ ..., ഒക്ടോബര്‍ 10, 2024, മനോരമ ഓണ്‍ലൈന്‍) 

 ഇത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. സമുദായത്തെ ലീഗ് വഞ്ചിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയത് ഒറ്റാണെങ്കില്‍ ഇനിയൊരായിരം തവണ ഒറ്റുമെന്ന് ജലീല്‍ തിരിച്ചടിച്ചു. ലീഗ് എം.പി അബ്ദുസ്സമദ് സമദാനി മുന്‍പ് സിമിയുടെ അഖിലേന്ത്യാ നേതാവായിരുന്നില്ലേയെന്നും ചോദിച്ചു: ‘ഞാന്‍ സിമിയായി പ്രവര്‍ത്തിച്ച ശേഷമാണ് യൂത്ത് ലീഗില്‍ വന്നത്. എവിടെയും ഒറ്റുകൊടുത്തിട്ടില്ല. ഞാന്‍ ചെയ്തത് നിങ്ങള്‍ പാര്‍ട്ടിയെയും സമുദായത്തെയും വിറ്റു കാശാക്കാന്‍ നോക്കിയപ്പോള്‍ അതിനെ എതിര്‍ത്തിട്ടുണ്ട്. അത് ഒറ്റാണെങ്കില്‍ ഇനിയും ഒരായിരം തവണ ഒറ്റുകൊടുക്കും. മുസ്ലിംലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി സിമിയുടെ സംസ്ഥാന നേതാവായിരുന്നു. കേരളത്തിലെ പ്രമാദമായൊരു മതപരിവര്‍ത്തനക്കേസില്‍ ശ്രീധരന്‍ പിള്ളയെ വക്കീലായി നിയമിച്ചത് ആരാണ്. മാധവിക്കുട്ടിയെ മതംമാറ്റിയ കാര്യത്തില്‍ ആരാണ് ശ്രീധരന്‍ പിള്ളയെ വക്കീലാക്കിയത്?’ ശ്രീധരന്‍ പിള്ള എന്റെ വക്കീലല്ല. (നജീബ് കാന്തപുരത്തിന് മറുപടിയുമായി കെ.ടി ജലീല്‍, കൈരളി ന്യൂസ്, ഒക്‌ബോര്‍ 9, 2024). 

നിയമസഭയിലെ വാഗ്വാദങ്ങള്‍ അവിടെ തീര്‍ന്നെങ്കിലും മാധവിക്കുട്ടിയുടെ മതംമാറ്റ പരാമര്‍ശത്തോടെ വിഷയം പുറത്തെത്തി. ഹിന്ദുത്വാഭിമുഖ്യമുള്ള മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു.

സമദാനിയുടെ വഞ്ചനയെന്ന്

സമദാനിയുടെ ഭാഗത്തുനിന്ന് നടന്നത് വലിയ കുറ്റകൃത്യമാണെന്നാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം പറഞ്ഞത്. ബലാത്സംഗം, വിവാഹവാഗ്ദാനം നടത്തി പറ്റിക്കുക, ചതിച്ച് മതംമാറ്റുക തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങള്‍. ഹിന്ദുത്വമാധ്യമങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എ.പി അഹമ്മദായിരുന്നു ആദ്യം പ്രതികരിച്ച ഒരാള്‍. 'ഒടുവില്‍ മാധവിക്കുട്ടി നിയമസഭയിലും' എന്ന ശീര്‍ഷകത്തില്‍ തന്റെ ഫേസ്ബുക്ക് വാളില്‍ എഴുതിയ കുറിപ്പില്‍ മാധവിക്കുട്ടിയുടെ മതംമാറ്റത്തില്‍ നടന്ന കുറ്റകൃത്യം കേരളീയ സമൂഹം മൂടിവച്ചുവെന്ന് ആരോപിച്ചു:

‘മാധവിക്കുട്ടിയുടെ മതംമാറ്റത്തിനു പിന്നില്‍ നടന്ന കുറ്റകൃത്യങ്ങള്‍, കൃത്യമായി അറിഞ്ഞിട്ടും മൂടിവയ്ക്കുന്ന കപടസമൂഹമാണ് മലയാളി. ഇപ്പോഴിതാ, ആ സംഭവത്തിന് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍, കേരള നിയമസഭയില്‍, ആ വിശ്വപ്രതിഭയുടെ വിലാപം, ഒരു സാമാജികന്റെ ഗര്‍ജ്ജനമായി മുഴങ്ങിയിരിക്കുന്നു. തീര്‍ത്തും അപക്വവും അനുചിതവുമായ വാഗ്വാദങ്ങള്‍ക്കിടയിലാണ് സഭയില്‍ മാധവിക്കുട്ടി കടന്നുവന്നതെങ്കിലും, അടച്ചിട്ട സത്യങ്ങള്‍ ഏതെങ്കിലും കലാപവേളയില്‍ കൂടുപൊട്ടിച്ചു പുറത്തിറങ്ങും എന്നു തെളിഞ്ഞു(...). മാധവിക്കുട്ടിയെ വഞ്ചിച്ചു മതംമാറ്റിയ കേസിന്റെ വക്കാലത്ത് ബിജെപി നേതാവ് ശ്രീധരന്‍പിള്ളയെ ഏല്‍പിച്ചതിലൂടെ ആരെയൊക്കെയാണ് സമദാനി ഒറ്റിയതെന്നും അദ്ദേഹം (ജലീല്‍) ചോദിച്ചു. സഭ എന്നോ കേള്‍ക്കാന്‍ കാത്തിരുന്ന ചോദ്യമായിരുന്നു അതെന്ന്, ജലീലിനു കിട്ടിയ ആരവങ്ങള്‍ തെളിയിച്ചു (എ.പി അഹമ്മദ്, ഒക്ടോബര്‍ 9, 2024, ഫേസ്ബുക്ക് പോസ്റ്റ്).

കുടുംബത്തിന്റെ ഭീരുത്വം

അടുത്ത ദിവസം എബിസി മലയാളത്തിന്റെ ചര്‍ച്ചയില്‍ എ.പി അഹമ്മദ് പങ്കെടുത്തു. ഇതു സംബന്ധിച്ച ഏതാനും പുതിയ അവകാശവാദങ്ങളോടെയാണ് ചര്‍ച്ച തുടങ്ങിയത്: ‘അവസാന കാലത്ത് പൂര്‍വമതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പുസ്തകത്തിലുണ്ട്. അവസാന കാലത്ത് പര്‍ദ്ദ വലിച്ചെറിഞ്ഞു. ലീലാമേനോനെയും കവി വിജയലക്ഷ്മിയെയും വിളിച്ചുവരുത്തി ശ്രീകൃഷ്ണ സ്‌തോത്രം ചൊല്ലിച്ചിരുന്നു. മക്കള്‍ വന്നാണ് വീണ്ടും പര്‍ദ്ദ ഇടീപ്പിച്ചത്. ഹിന്ദുമതത്തില്‍നിന്ന് ഇസ്ലാമിലേക്ക് പോയാല്‍ ഞങ്ങള്‍ക്കൊന്നുമില്ല. പക്ഷേ, തിരിച്ച് ഇങ്ങോട്ടുവന്നാല്‍ അത് ഞങ്ങളെയും ബാധിക്കുമെന്ന് മക്കള്‍ പറഞ്ഞു. അവര്‍ ഭീരുക്കളാണ്. അത് പുസ്തകത്തിലുണ്ട്. അവരെ ചതിച്ച രീതി അതിക്രൂരമാണ്. സമദാനിയുടെ റിസോര്‍ട്ടുണ്ട്. സര്‍ക്കാര്‍ ചെലവിലുണ്ടാക്കി സ്വന്തമാക്കിയതാണ്. അഴിമതിയുടെ ആള്‍രൂപമാണ്. ആ റിസോര്‍ട്ടില്‍ കൊണ്ടുപോയി ചാലിയാറിന്റെ പടവിലിരുത്തി ബലാല്‍ക്കാരം ചെയ്തുവെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്.

ഗ്രീന്‍ ബുക്‌സ് ഈ പുസ്തകം മലയാളത്തില്‍ ആക്കിയപ്പോഴാണ് സമദാനി ശ്രീധരന്‍ പിള്ള വഴി വക്കീല്‍നോട്ടിസയച്ചത്. ഇങ്ങനെയൊരു കേസില്‍ ശ്രീധരന്‍ പിള്ളയെ വക്കാലത്ത് ഏല്‍പ്പിക്കുമ്പോള്‍ നൈതികത നോക്കണം. മാധവിക്കുട്ടിയെ അപമാനിച്ച ഒരാളുടെ കേസ് ശ്രീധരന്‍ പിള്ള എടുക്കാന്‍ പാടില്ലായിരുന്നു. അതിലുണ്ടായ ഇടപാടുകളെക്കുറിച്ച് എല്ലാ കാലത്തും ചര്‍ച്ചയുണ്ടായിരുന്നു. അത് വിളിച്ചുപറയാനും ഇപ്പോള്‍ ആളുണ്ടായി. ശ്രീധരന്‍ പിള്ള മുഖ്യസ്ഥാനത്തുണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് ബിജെപി ഇതേറ്റെടുക്കാത്തത്. ലീഗ് നേതാവിന്റേത് കൊടിയ കുറ്റകൃത്യമാണ്. ഇനി സമാദാനിക്ക് മിണ്ടാതിരിക്കാനാവില്ല. സമര്‍ത്ഥമായ മൗനം കൊണ്ട് രക്ഷപ്പെട്ടുപോയ കേസാണ്. അതിനി നടക്കില്ല. 25 കൊല്ലത്തിനുശേഷം കേസ് നിയമസഭ ഏറ്റെടുക്കുകയാണ്. (ഹിന്ദുവിനെ ഒറ്റിയ കഥ ജലീല്‍ പറയുന്നു!, എബിസി മലയാളം, ഒക്ടോടബര്‍ 10, 2024). 

 കമല സുരയ്യയുടെ കുടുംബം വർഷങ്ങൾക്കു മുമ്പു തന്നെ ഈ ആരോപണങ്ങൾക്കു മറുപടി നൽകിയിട്ടുണ്ട് ( കൂടുതൽ വായനക്ക് : ശൈഖ് മുഹമ്മദ് കാരക്കുന്ന് , 2009, കമലാ സുരയ്യ : സഫലമായ സ്നേഹാന്വേഷണം, ഐപിഎച്ച്, കോഴിക്കോട്)

 

എ.പി അഹമ്മദിന്റെ 2018ലെ പ്രസംഗം

2018ല്‍ എ.പി അഹമ്മദ് നടത്തിയ ആദ്യ വെളിപ്പെടുത്തല്‍ മറുനാടന്‍ മലയാളി പുനപ്രക്ഷേപണം ചെയ്തു. സമദാനിയെന്ന ഭീകരനെന്ന് ആക്ഷേപിച്ചായിരുന്നു എ.പി അഹമ്മദിന്റെ പ്രസംഗം: ‘ചേകന്നൂര്‍ മൗലവിക്കുവേണ്ടി വലിയ ഒച്ചവച്ച എത്രപേര്‍ മാധവിക്കുട്ടിക്കുവേണ്ടി ശബ്ദിച്ചു. ഇസ്ലാമിക ഭീകരവാദത്തിന്റെ ആഗോള കച്ചവടത്തിന്റെ മതപരിവര്‍ത്തനം എന്ന ആഗോള കൊള്ളയുടെ ഏറ്റവും വലിയ നേതാവ് മലപ്പുറത്തെ മുസ്ലിംലീഗിന്റെ നേതാവും എംപിയുമാണെന്ന് ചരിത്രം പകല്‍വെളിച്ചം പോലെ വിളിച്ചുപറയുമ്പോള്‍ ലീലാ മേനോന്‍ ചങ്കുപൊട്ടി പറഞ്ഞുനോക്കി. കേട്ടില്ല. ഇപ്പോള്‍ കനേഡിയന്‍ എഴുത്തുകാരി മെര്‍ലി വിസ്‌ബോര്‍ഡ് പത്തുവര്‍ഷം അവരൊടൊപ്പം സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്ത ആത്മസുഹൃത്താണ്. മാധവിക്കുട്ടി ആരാണോ തത്തുല്യമായ എഴുത്തുകാരിയാണ് മെർലി വിസ്‌ബോര്‍ഡ്. നമ്മെപ്പോലെ കാപട്യമില്ലാത്തതുകൊണ്ട് അവരത് തുറന്നെഴുതി. മരിക്കുന്നതിനു മുമ്പ് മാധവിക്കുട്ടിയോട് ഇവനാണ് ഭീകരന്‍ എന്നെഴുതട്ടെയെന്ന് ചോദിച്ചപ്പോള്‍ മരിച്ചുപോയിട്ട് അറസ്റ്റ് ചെയ്തുപോകുന്നത് കാണരുതെന്ന് മാത്രമാണ്. അതുകൊണ്ട് പേര് മാറ്റണം. അങ്ങനെയാണ് സാദിഖലിയായത്. കമലിന് അത്രപോലും കഴിഞ്ഞില്ല. വേഷമൊക്കെ ഒപ്പിച്ചുകൊടുത്തു. പക്ഷേ, പേര് നല്‍കിയില്ല അക്ബറലിയോ മറ്റോ. അക്ബറലിയും സാദിഖലിയുമല്ല, ആ ഭീകരന്റെ യഥാര്‍ത്ഥ പേര് സമദാനിയാണെന്ന് പറയാന്‍ മലയാളിക്കെന്താണ് നാക്ക് പൊന്താത്തത്. (...) 67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീലെ ചാലിയാറിന്റെ തീരത്ത് വച്ച് പ്രണയാന്തരീക്ഷമൊരുക്കി ബലാല്‍ക്കാരം ചെയ്തു. കലഹിക്കുമ്പോൾ കെട്ടിക്കോളാമെന്ന് പറയുക. ഇന്നുമുതല്‍ പത്താം ദിവസം ഭാര്യയാവും. അതിന് കണ്ടീഷന്‍ മതം മാറണം. പ്രണയത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ആ അത്യുത്തമമായ ജന്മം അതിനു തയ്യാറായി. അവര്‍ മതംമാറാന്‍ ഏര്‍പ്പാടു ചെയ്തു. പാളയം ഇമാമിനെ വിളിച്ചു. തിരുവനന്തപുരം സൗത്ത് പാര്‍ക്കില്‍ ഡിന്നര്‍ ബുക്ക് ചെയ്തു (മാധവികുട്ടിയും സമദാനിയും.. കലിപിടിച്ച ജലീല്‍ പൊട്ടിത്തെറിച്ചു, മറുനാടന്‍ മലയാളി, ഒക്ടോബര്‍ 11,2024).

 

‘ആദ്യ ലൗജിഹാദ്’

 കേരളത്തില്‍ ഏറ്റവും ആദ്യം റിപ്പോർട്ട് ചെയ്ത ‘ലൗജിഹാദ്’ എന്ന വിശേഷണത്തോടെയാണ് എബിസി മലയാളം ന്യൂസ് ഈ വിഷയം ചര്‍ച്ച ചെയ്തത്. 'ഹിന്ദുവിനെ ഒറ്റിയ കഥ ജലീല്‍ പറയുന്നു' എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചയില്‍ അവതാരകനൊപ്പം കെ.ടി ജലീല്‍ പങ്കുകൊണ്ടു. 2018ല്‍ 'മതംമാറ്റം, മതനിരപേക്ഷത' എന്ന വിഷത്തില്‍ എടക്കരയില്‍ നടന്ന സെമിനാറില്‍ താന്‍ ഈ വിഷയം പറഞ്ഞത് ഓര്‍ത്തുകൊണ്ടാണ് അഹമ്മദ് ചര്‍ച്ചക്ക് തുടക്കമിട്ടത്:

‘മാധവിക്കുട്ടിയുടെ കൂട്ടുകാരി മെര്‍ലി വിസ്‌ബോര്‍ഡ് അവരോടാപ്പം ജീവിച്ച് ഒരു പുസ്തകമെഴുതി. മതംമാറ്റത്തിനു ശേഷം മാധവിക്കുട്ടി പത്തു കൊല്ലത്തോളം ജീവിച്ചു. അവരോട് മാധവിക്കുട്ടി തന്റെ സങ്കടങ്ങള്‍ പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിനു മുമ്പ് വായിച്ചുകൊടുത്തു. ഇവനെ (സമദാനിയെ) കുറച്ചുകാലമെങ്കിലും ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നുവല്ലോ. അതുകൊണ്ട് പേര് മാറ്റിയേക്ക്. മരണശേഷമാണെങ്കിലും അറസ്റ്റ് ചെയ്തുപോകുന്നത് കാണാന്‍ വയ്യെന്ന് പറഞ്ഞു. സമദാനിയുടെ പേര് സാദിഖലിയെന്ന് മാറ്റിയാണ് പ്രസിദ്ധീകരിച്ചത്. സമദാനിയാണെന്ന് തിരിച്ചറിയാന്‍ ധാരാളം അടയാളങ്ങളതിലുണ്ട്. മുസ്‌ലിംലീഗ് നേതാവാണ്, മതപ്രഭാഷകനാണ്, രാജ്യസഭാ അംഗമാണ്. അല്ലാമ ഇഖ്ബാലിന്റെ ഫാനാണ്. രണ്ട് കല്യാണം കഴിച്ചിട്ടുണ്ട്.... ആ പുസ്തകവുമായി ഞാന്‍ പലരെയും കണ്ടു. പക്ഷേ, ആരും ഉന്നയിക്കാന്‍ തയ്യാറായില്ല. കാര്യം എല്ലാവര്‍ക്കും അറിയാം. മാതൃഭൂമിയെ ആക്ഷേപിക്കുന്ന നിലപാടെടുക്കുകയില്ലെന്ന് ഒരാള്‍ പറഞ്ഞു. മുസ്ലിംകള്‍ മാധവിക്കുട്ടിയുടെ മതംമാറ്റത്തെ ആവേശത്തോടെ കാണുന്നു. അത് ചതിയാണെന്ന് പറഞ്ഞാല്‍ അവര്‍ നിരാശരാകും. അത് വോട്ട് ബാങ്കിനെ ബാധിക്കുമെന്ന് ഇടതുപക്ഷക്കാരായ സുഹൃത്തുക്കള്‍ പറഞ്ഞു. അങ്ങനെയാണ് 2017ല്‍ എടക്കരയിലെ സ്വതന്ത്രലോകം സെമിനാറില്‍വച്ച് തുറന്നുപറഞ്ഞത്. പിന്നീട് മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും അതേറ്റെടുത്തു(...)ലീലാ മേനോന്‍ കൈരളിയില്‍ പണ്ടിത് പറഞ്ഞിട്ടുണ്ട്. പക്ഷേ, അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അഭിമുഖം കട്ട് ചെയ്തു.(...). (ഹിന്ദുവിനെ ഒറ്റിയ കഥ ജലീല്‍ പറയുന്നു!, എബിസി മലയാളം, ഒക്ടോടബര്‍ 10, 2024).

മറുനാടന്‍ മലയാളിയുടെ ഇതുസംബന്ധിച്ച ആദ്യ വീഡിയോയുടെ ടാഗ് ലൈന്‍ 'ആദ്യ ലവ് ജിഹാദ് മാധവിക്കുട്ടിയുടേതോ? കലി പിടിച്ച ജലീല്‍ പൊട്ടിത്തെറിച്ചപ്പോള്‍' എന്നായിരുന്നു (മാധവികുട്ടിയും സമദാനിയും.. കലിപിടിച്ച ജലീല്‍ പൊട്ടിത്തെറിച്ചു, മറുനാടന്‍ മലയാളി, ഒക്ടോബര്‍ 11, 2024). ഇതേ ദിവസത്തെ എബിസി ചര്‍ച്ചയും ലൗവ് ജിഹാദ് ആരോപണം ഉന്നയിച്ചു (ജലീലിനു നന്ദി: മാധവിക്കുട്ടിയെ ചതിച്ച കഥ പറഞ്ഞതിന് ! , എബിസി മലയാളം ന്യൂസ്, എബിസി ടാക്ക്, ഒക്ടോബര്‍ 11, 2024)

12-ാം തിയതി ജനം ടിവി ഒരു ചര്‍ച്ച നടത്തി. ആ ചര്‍ച്ചയില്‍ പ്രധാന ടാഗ് ലൈന്‍ 'മാധവിക്കുട്ടിയെ മതംമാറ്റിയത് എന്തിന്..?' എന്നായിരുന്നു. കേരളത്തിലെ ആദ്യ ലൗജിഹാദാണ് ഇതെന്ന് ജനം ടിവിയും സ്‌ക്രീനില്‍ എഴുതിക്കാണിച്ചു. ചര്‍ച്ചയില്‍ എ.പി അഹമ്മദും പങ്കെടുത്തിരുന്നു. തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലെ അതേ ആശയങ്ങളാണ് അഹമ്മദ് ഇതിലും പങ്കുവച്ചത്: ‘ഇത് വെറും ഫാന്റസിയല്ല. പൊതുവേദിയില്‍ ആദ്യമായി ഈ വിവരം പറഞ്ഞയാള്‍ ഞാനാണ്. അതിനുശേഷം ഒരു വര്‍ഷത്തോളം സ്‌പെഷ്യല്‍ ബ്രാഞ്ച് എനിക്കെന്തെങ്കിലും ഭീഷണിയുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പക്ഷേ, ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും അഭിനന്ദന കോളുകള്‍ വരാറുണ്ട്. സമദാനി മാധവിക്കുട്ടിയുടെ വീട്ടില്‍ വരാറുണ്ടെന്നും അവരെ വഴി തെറ്റിക്കുകയും ചെയ്തിരുന്നതായി അവരുടെ വീട്ടിലുണ്ടായിരുന്ന സഹായികളായ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന കഥയായിട്ടും ഇതൊന്നും ആരും പുറത്തുപറയാതിരുന്നത് മുസ്ലിംകള്‍ വളരെ കാര്യമായെടുത്ത് മാധവിക്കുട്ടിയെ ഇസ്ലാമിലേക്ക് ആനയിക്കുകയും അവരത് ആഘോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തശേഷം അതൊരു ചതിയാണെന്ന് വന്നാല്‍ മുസ്‍ലിംകള്‍ നിരാശരാവും. അത് വോട്ടുബാങ്കിനെ ബാധിക്കും എന്നതുകൊണ്ടാണ്. ചിലര്‍ തങ്ങളുടെ ജനപ്രീതിയെ ബാധിക്കുമെന്ന് ഭയപ്പെട്ടു. അന്വേഷണം നടന്നാല്‍ മാധവിക്കുട്ടിയുടെ മകന്‍ എം.ഡി നാലപ്പാട്ട് പ്രതിയാവുമെന്നും അങ്ങനെയായാല്‍ മാതൃഭൂമി തന്നെ പ്രതിയായി മാറുമെന്നും ചിലര്‍ കരുതിയിരുന്നു. മാതൃഭൂമിയെ പിണക്കാന്‍ ആരും ഇഷ്ടപ്പെട്ടില്ല’ (മാധവിക്കുട്ടിയെ മതംമാറ്റിയത് എന്തിന്..? ഒക്ടോബര്‍ 12, 2024, ജനം ടിവി).

മറുനാടന്‍ മലയാളിയും ആദ്യ ലൗജിഹാദായി രേഖപ്പെടുത്തുന്നത് മാധവിക്കുട്ടിയുടെ മതംമാറ്റത്തെയാണ്: ‘ലൗജിഹാദ് എന്ന് കേള്‍ക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്നവര്‍ക്കു നേരെയുള്ള വെല്ലുവിളിയാണ് കെ.ടി ജലീല്‍ നടത്തിയത്. കേരളത്തിലെ ആദ്യ ലൗജിഹാദ് മാധവിക്കുട്ടിയോട് സമദാനി ചെയ്തതാവുമെന്ന് അതില്‍ വഞ്ചനയും ബലാത്സംഗവും ഉള്‍പ്പെട്ട ക്രമിനല്‍കുറ്റം പോലും ഉള്‍പ്പെട്ടതാണെന്ന വിവരമാണ് പുറത്തുവരുന്നത്. അത് സെറ്റില്‍ ചെയ്തത് പി.എസ് ശ്രീധരന്‍ പിള്ളയെന്ന ബിജെപി നേതാവായിരുന്നുവെന്ന ആരോപണവും ജലീല്‍ നടത്തിയിട്ടുണ്ട്. എ.പി അഹമ്മദിന്റെ പ്രസ്താവനയിലോ മറ്റ് വെളിപ്പെടുത്തലുകളിലും ഇതുണ്ടായിരുന്നില്ല. ലീഗിലെ സമ്മുന്നതനായ നേതാവ് പത്ത് മില്യന്‍ അമേരിക്കന്‍ ഡോളര്‍ കൈപ്പറ്റിക്കൊണ്ട് ലോകപ്രശസ്തയായ എഴുത്തുകാരിയെ ഇസ്‍ലാമിലേക്ക് കൊണ്ടുവന്നത് കബളിപ്പിച്ചും വഞ്ചിച്ചും ബലാല്‍സംഗം ചെയ്തുമാണ് എന്നത് അവര്‍ക്ക് തുറന്നുപറയാന്‍ പോലും നാം അനുമതി നല്‍കിയില്ല എന്നതും അവര്‍ അവരുടെ പര്‍ദ്ദ വലിച്ചുകീറിക്കളഞ്ഞപ്പോള്‍ നട്ടെല്ലില്ലാത്ത മക്കള്‍ വന്ന് അത് തിരിച്ചിടീച്ചുവെന്നതുമൊക്കെ ചര്‍ച്ചയാവേണ്ടതല്ലേ. മാധവിക്കുട്ടിയുടെ അടുത്ത കൂട്ടുകാരിയുടെ പുസ്തകത്തിലുള്ളതാണ് ഇതെന്നത് കൂടുതല്‍ അപകടകരമായി മാറുന്നു. (മാധവിക്കുട്ടിയും സമദാനിയും.. കലിപിടിച്ച ജലീല്‍ പൊട്ടിത്തെറിച്ചു, മറുനാടന്‍ മലയാളി, ഒക്ടോബര്‍ 11, 2024)

മറുനാടന്റെ മറ്റൊരു വീഡിയോയുടെ ശീര്‍ഷകം 'റേപ്പ് ചെയ്ത് മതം മാറ്റം; സമദാനിയുടെ ക്രൂരത.., സമദാനി മാധവിക്കുട്ടിയെ റേപ്പ് ചെയ്ത് മതം മാറ്റി 10 ലക്ഷം ഡോളര്‍ പ്രതിഫലവും കൈപ്പറ്റി' എന്നായിരുന്നു (എ.പി അഹമ്മദ്, മറുനാടന്‍ മലയാളി, ചര്‍ച്ച, നവംബര്‍ 8, 2024)

അന്താരാഷ്ട്ര ഗൂഢാലോചനയും ഫണ്ടിങ്ങും

മാധവിക്കുട്ടിയുടെ മതംമാറ്റത്തെ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായാണ് ഈ വിഷയം പൊതുവേദിയിലെത്തിക്കാന്‍ വിയര്‍പ്പൊഴുക്കിയ എ.പി അഹമ്മദ് കാണുന്നത്. ആദ്യം മുതല്‍ എ.പി അഹമ്മദിന്റെ വാദങ്ങള്‍ ഇതിനെ ചുറ്റിപ്പറ്റിയായിരുന്നു. ഇതേ ആരോപണങ്ങള്‍ പിന്നീട് മറ്റുള്ളവരും ആവര്‍ത്തിച്ചു. എ.പി അഹമ്മദിന്റെ 2018ലെ പ്രസംഗത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: ''അവര്‍ മതം മാറി. പിന്നെ കേള്‍ക്കുന്ന കഥ ഇതാണ്. സൗദി അറേബ്യന്‍ ജാലിയാത്തില്‍നിന്ന് പത്ത് ലക്ഷം ഡോളറാണ് ഈ കച്ചവടത്തിന് കൈപ്പറ്റിയത്. ലോകപ്രശസ്ത എഴുത്തുകാരിയെ ഞാനിതാ ഇസ് ലാമിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ആ കങ്കാണിയുടെ പേര് എന്തുകൊണ്ടാണ് മലയാളം മിണ്ടാത്തത് (മാധവികുട്ടിയും സമദാനിയും.. കലിപിടിച്ച ജലീല്‍ പൊട്ടിത്തെറിച്ചു, മറുനാടന്‍ മലയാളി, ഒക്ടോബര്‍ 11, 2024 ഉദ്ധരിച്ചത്).

മുന്‍ കാലടി സര്‍വകലാശാല വിസി ഡോ. കെ എസ് രാധാകൃഷ്ണനും എ.പി അഹമ്മദും മാധ്യമപ്രവര്‍ത്തകന്‍ രാമചന്ദ്രനും പങ്കെടുത്ത ചര്‍ച്ചയില്‍ രാധാകൃഷ്ണന്‍ ഈ വിഷയത്തില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തി. ഇസ്ലാമിക പണ്ഡിതന്‍ റിയാലു സാഹിബിനെ ചുറ്റിപ്പറ്റിയായിരുന്നു അദ്ദേഹം ഫണ്ടിങ് ആരോപണങ്ങള്‍ ഉന്നയിച്ചത്: ‘കെ.എം റിയാലു എന്നയാള്‍ മരിച്ചശേഷം അദ്ദേഹത്തെക്കുറിച്ചു മാധ്യമത്തിലോ രിസാലയിലോ വന്ന ലേഖനത്തില്‍ പറഞ്ഞിരുന്നത് അദ്ദേഹം 1000 പേരെ മതംമാറ്റിയിട്ടുണ്ടെന്നാണ്. തമിഴ്‌നാട്ടിലെ ചില പ്രസിദ്ധരുടെ പേരും പറഞ്ഞിട്ടുണ്ട്. അദ്ദേഹമാണ് മാധവിക്കുട്ടിയെ മതംമാറ്റിയത് എന്നും അത് മാത്രമല്ല, ആയിരം പേരെ മതംമാറ്റിയിട്ടുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. മറ്റൊരു അവകാശവാദവും അതിലുണ്ട്. മതംമാറിയവര്‍ക്ക് ആളും അര്‍ത്ഥവും നല്‍കിയിട്ടുണ്ട്. ഒന്നും വെറുതേയല്ല. റിയാലും ഇറാനിലെ ഇസ്ലാമിക വിപ്ലവത്തില്‍ വിദഗ്ധ പരിശീലനം നേടിയ ആളാണ്. കുവൈത്തില്‍നിന്നാണ് അന്നവിടേക്ക് പോയത്. ഇറാനില്‍നിന്ന് കുവൈത്തിലെത്തിയ റിയാലുവിനെ കുവൈത്ത് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് നാടുകടത്തി.

ഇക്കാലത്ത് സൗദി അറേബ്യയിലെ കിങ് അസീസ് സര്‍വകലാശാല ഒരു പ്രത്യേക ഇസ് ലാമിക് ഫണ്ടിങിന്റെ പ്രവര്‍ത്തനം തുടങ്ങി. 18,000 മില്യന്‍ അമേരിക്കന്‍ ഡോളറാണ് അതിനുവേണ്ടി ചെലവാക്കിയത്. എല്ലാ ഇസ്ലാമിക രാജ്യങ്ങളില്‍നിന്നും പിരിച്ച് കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലക്ക് കൊടുക്കുകയായിരുന്നു. മാധ്യമം, സാഹിത്യം, സര്‍വകലാശാല അധ്യാപനം തുടങ്ങി മൂന്ന് രംഗത്താണ് പണം നിക്ഷേപിച്ചത്. സര്‍വകലാശാല അധ്യാപനത്തില്‍ സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും കൊടുത്തു. പക്ഷേ, ഗവേഷണ വിഷയം അവരാണ് നിശ്ചയിക്കുക. സാഹിത്യരംഗത്ത് വലിയ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. അതിന്റെ ഭാഗമായി മലയാളത്തില്‍ തുടങ്ങിയതാണ് മാധ്യമം. ഇതിനുള്ള ഫണ്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിച്ചത് റിയാലുവാണ്. ഇതിന് റിയാലുവിന് കിട്ടിയ നിര്‍ദേശം ഇവയാണ്. ഇസ് ലാമിക സംസ്‌കാരം പ്രചരിപ്പിക്കണം. അതിനുവേണ്ടി ആഹാരത്തിലും പാര്‍പ്പിടത്തിലും വസ്ത്രത്തിലും ഒരു ഹലാല്‍ ടച്ച് കൊണ്ടുവരണം. ഇസ് ലാമിക തത്വചിന്തക്ക് സ്വീകാര്യതയുണ്ടാക്കണം. മൂന്നാമത്തെ കാര്യമാണ് പ്രഗത്ഭരെ കണ്ടെത്തി ഇസ് ലാമിലേക്ക് മതംമാറ്റണം. അതിന്റെ ഭാഗമായാണ് ആയിരം പേരെ മതംമാറ്റിയതും പര്‍ദയൊക്കെ പ്രചാരത്തിലായതും. അറബ് ഫണ്ടിന്റെ രുചി വരുന്നതും ഇതേ സമയത്താണ്. ഇക്കാലത്ത് മാധ്യമവും തുടങ്ങി. ചെറിയ തുകക്കല്ല ഇയാള്‍ മതംമാറ്റിയത്. മാധവിക്കുട്ടിയുടെ മതംമാറ്റത്തിന് ഒരു വ്യവസ്ഥയുണ്ടായിരുന്നു. ശ്രീകൃഷ്ണനെയോ ആരെയെങ്കിലും മനസ്സില്‍ സൂക്ഷിച്ചാലും മരിക്കുമ്പോള്‍ ഇസ് ലാമിക ആചാരപ്രകാരം സംസ്‌കരിക്കണം. അവരുമായി ഈ ധാരണ നേരത്തെ എത്തിയിട്ടുണ്ട്. മകന്‍ എം.ഡി നാലപ്പാട്ടാണ് എല്ലാ കാര്യങ്ങളും ഏര്‍പ്പാട് ചെയ്തത്. അദ്ദേഹമാണ് ഇതിന്റെ ഡീലുണ്ടാക്കിയത്. മാധവിക്കുട്ടിയെ ആരും ട്രാപ്പിലാക്കിയതല്ല. അവരത് അറിഞ്ഞുകൊണ്ട് ചെയ്തതാണ്. റിയാലു ഒന്നും നേരിട്ടല്ല ചെയ്തത്. സമദാനിയാണ് ഏജന്റ്. അതില്‍ സമദാനിക്ക് ലാഭമുണ്ടായിട്ടുണ്ടോയെന്നറിയില്ല. ഇവരൊക്കെ പറയുന്ന പ്രണയം ഉപയോഗിച്ചായിരിക്കാം ഇതൊക്കെ ചെയ്തത്. പക്ഷേ, അതുമാത്രമല്ല കാരണം. സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളത്. (...)റിയാലുവിന്റെ അജണ്ട വ്യക്തമാണ്. റിയാലുതന്നെയാണ് സിമിയും സത്യസരണിയും സ്ത്രീസംഘടനയും ഉണ്ടാക്കിയത്. (മാധവിക്കുട്ടി: സമദാനി സബ് ഏജന്റ് മാത്രം! ഒക്ടോബര്‍ 16, 2024, എബിസി മലയാളം).

പൊളിഞ്ഞ കള്ളങ്ങള്‍

ഒക്ടോബര്‍ 12-ാം തിയതി ജനം ടിവി ചര്‍ച്ചയില്‍ മുസ് ലിംലീഗ് നേതാവ് ഷാഫി ചാലിയവും പങ്കെടുത്തിരുന്നു. ആ ചര്‍ച്ചയില്‍ അവതാരകനൊപ്പം ടി.ജി മോഹന്‍ദാസും എ.പി അഹമ്മദും പങ്കെടുത്തു. ഈ ചര്‍ച്ചയില്‍ ഷാഫി ചാലിയം എ.പി അഹമ്മദ് നടത്തിയ ചില പരാമര്‍ശങ്ങളെ ചോദ്യം ചെയ്തു. മാധവിക്കുട്ടി പരപ്രേരണയിലാണ് മതം മാറിയതെന്ന പ്രശ്നമാണ് അദ്ദേഹം ആദ്യം പരിശോധിച്ചത്. ചാനല്‍ ചര്‍ച്ചയിലേക്ക് വരും മുമ്പ് പരാമര്‍ശവിധേയരായ എം.ഡി നാലപ്പാടിനെയും കാരശ്ശേരിയെയും വിജയലക്ഷ്മിയെയും ഷാഫി ചാലിയം നേരില്‍ വിളിച്ചിരുന്നുവത്രെ. അവര്‍ നല്‍കിയ വിവരങ്ങളാണ് ഷാഫി പങ്കുവച്ചത്. മാധവിക്കുട്ടി ആരുടെയെങ്കിലും പ്രേരണയിലല്ല മതംമാറിയതെന്ന് അവരുടെ മകന്‍ എം.ഡി നാലപ്പാട് പറയുന്നതിന്റെ തെളിവുകള്‍ ഷഫി അവതാരകന് അയച്ചുകൊടുത്തു.

മറ്റൊന്ന് മാധവിക്കുട്ടി കാമുകനുവേണ്ടിയും പരപ്രേരണയിലും മതംമാറിയെന്ന അവകാശവാദമാണ്. കാരശ്ശേരി മാസ്റ്റര്‍ ഇക്കാര്യം മാധവിക്കുട്ടിയോട് നേരിട്ട് ചോദിച്ചിട്ടുണ്ടെന്നും അല്ലെന്ന മറുപടിയാണ് തനിക്ക് കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞതായും ഷാഫി പറഞ്ഞു. താന്‍ ഒരിടത്തും പറയാത്ത കാര്യങ്ങള്‍ എ.പി അഹമ്മദിന് എങ്ങനെ കിട്ടിയെന്നും കാരശ്ശേരി ചോദിച്ചിരുന്നു.

മതംമാറ്റത്തിനുശേഷം വിജയലക്ഷ്മിയെയും ലീലാമേനോനോയും പൂനയിലേക്ക് വിളിപ്പിച്ച കാര്യമാണ് അടുത്തത്. ഇക്കാര്യം വിജയലക്ഷ്മി തള്ളിയതായും ഷാഫി അവകാശപ്പെട്ടു. ആകെ രണ്ട് തവണയാണ് മാധവിക്കുട്ടിയെ കണ്ടിട്ടുള്ളത്. രണ്ടും ഭര്‍ത്താവിനൊപ്പം. ആ സമയത്ത് മതംമാറ്റമോ മറ്റെന്തെങ്കിലുമോ ചര്‍ച്ച ചെയ്തിട്ടില്ല. 2006ല്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സമദാനി തനിക്ക് മകനെപ്പോലെയാണെന്ന് മാധവിക്കുട്ടി തന്നെ പറഞ്ഞതായും ഷാഫി പറഞ്ഞു. (മാധവിക്കുട്ടിയെ മതംമാറ്റിയത് എന്തിന്..? ഒക്ടോബര്‍ 12, 2024, ജനം ടിവി). സമാനമായ രീതിയില്‍ പല ആരോപണങ്ങളും അദ്ദേഹം ചോദ്യം ചെയ്തു. എ.പി അഹമ്മദ് കൂടുതല്‍ വിശദീകരണങ്ങളൊന്നും നല്‍കിയില്ല.

വിചിത്രമെന്നു പറയട്ടെ, ഒക്ടോബര്‍ 16ാം തിയ്യതി പുറത്തിറങ്ങിയ എബിസി മലയാളം ചര്‍ച്ചയില്‍ എ.പി അഹമ്മദും ഡോ. കെ എസ് രാധാകൃഷ്ണനും അതുവരെയില്ലാത്ത പുതിയ ഒരാളെ പ്രതിയായി അവതരിപ്പിച്ചു. ഇസ്ലാമിക പ്രബോധകനായ കെ.എസ് രിയാലു സാഹിബിനെ. തുടര്‍ന്ന് പലരും ഇതേ ആരോപണങ്ങള്‍ ആവര്‍ത്തിച്ചതായി നാം കണ്ടു (മാധവിക്കുട്ടി: സമദാനി സബ് ഏജന്റ് മാത്രം! ഒക്ടോബര്‍ 16, 2024, എബിസി മലയാളം). എന്നാൽ മാധവിക്കുട്ടിയുടെ മതം മാറ്റത്തിനു പിന്നിൽ രിയാലുവാണെന്നു തെളിയിക്കുന്ന ഒരു വസ്തുതയും ഇല്ല. 2020 -ൽ അന്തരിച്ച കെ.എം രിയാലുവിനെക്കുറിച്ചു സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നെഴുതിയ കെ. എം രിയാലു ‘: ഒറ്റക്കൊരു പ്രസ്ഥാനമായി മാറിയ പ്രബോധകൻ ( ആശയം ബുക്സ് 2023 ) എന്ന പുസ്തകവും ഒരു സൂചനയും നൽകുന്നില്ല .

നജ്മല്‍ ബാബുവിന്റെ മരണാനന്തര അവകാശം:

2024 ഒക്ടോബര്‍ 2ന് ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബുവിന്റെ ചരമവാര്‍ഷിക ദിനമായിരുന്നു. അന്നേ ദിവസം കൊടുങ്ങല്ലൂരില്‍ പലരും അദ്ദേഹത്തിന്റെ ചരമദിനം ആചരിച്ചു. അതു സംബന്ധിച്ച സെമിനാറുകളും നടന്നു.

2018 ഒക്ടോബര്‍ 2 നാണ് നജ്മല്‍ ബാബു മരിച്ചത്. ഇസ്‌ലാം ആശ്ലേഷിച്ചയാളെന്ന നിലയില്‍ മരണാനന്തരം തന്റെ ശരീരം കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളി ഖബര്‍ സ്ഥാനില്‍ സംസ്‌കരിക്കണമെന്നവാശ്യപ്പെട്ട് അദ്ദേഹം പള്ളിക്കമ്മറ്റിക്ക് കത്തു കൊടുത്തിരുന്നെങ്കിലും കുടുംബം സഹകരിക്കാത്തതുകൊണ്ട് അത് നടന്നില്ല. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ പൊലീസിനെയും റവന്യൂ അധികാരികളെയും സമീപിച്ചിരുന്നെങ്കിലും അതൊന്നും നടപ്പായില്ല. വീട്ടുവളപ്പില്‍ തന്നെ കുടുംബം ആഗ്രഹിച്ച രീതിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. അദ്ദേഹത്തിന്റെ ഇസ്‌ലാം ആശ്ലേഷംപോലെത്തന്നെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംസ്‌കാരച്ചടങ്ങുകളിലൊന്നായിരുന്നു ഇത്.

1955ല്‍ കൊടുങ്ങല്ലൂരില്‍ യുക്തിവാദിയായ പിതാവിന്റെ മകനായി ടി.എന്‍ ജോയി ജനിച്ചു. ഈഴവ സമുദായത്തില്‍ പിറന്ന അദ്ദേഹത്തിന് പിതാവായ നീലകണ്ഠദാസാണ് ജോയി എന്ന പേര് നല്‍കിയത്. പിതാവ് സഹോദരപ്രസ്ഥാനത്തില്‍ അംഗമായിരുന്നു. സിപിഎംഎല്‍ പ്രവര്‍ത്തകനെന്ന നിലയിലാണ് ടി.എന്‍ ജോയി കൂടുതല്‍ അറിയപ്പെട്ടത്. 2015ല്‍ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിക്കുകയും നജ്മല്‍ ബാബുവെന്ന പേര് സ്വീകരിക്കുകയും ചെയ്തു.

'സവര്‍ണതയുടെ തന്നെ ഭാഗമായ അല്ലെങ്കില്‍ സവര്‍ണതയുടെ സമകാലിക ആവിഷ്‌കാരമായ ഹിന്ദുത്വ ഫാഷിസത്തിനെതിരായാണ് ഞാന്‍ ഇസ്‍ലാം മതാശ്ലേഷം നടത്തിയത്' എന്നാണ് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്റെ ഇസ്‌ലാം ആശ്ലേഷത്തെക്കുറിച്ച് പറഞ്ഞത് ('ഞാന്‍ മരിച്ചാല്‍ ചേരമാന്‍ പള്ളി വളപ്പില്‍ സംസ്‌കരിക്കുമോ?''; ടി എന്‍ ജോയ് ഇസ്‍ലാം മതം സ്വീകരിച്ചതിന് പിന്നില്‍, അഴിമുഖം, ഒക്ടോബര്‍ 13, 2018).

അദ്ദേഹം ടി.എന്‍ ജോയ് ആയിരുന്ന കാലത്ത്, ചേരമാന്‍ മസ്ജിദിന് എഴുതിയ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്, ‘ബാബരി പള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം മാത്രം സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇതിനെതിരായ മുസ്‍ലിം സഹോദരങ്ങളുടെ പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്. മുസ്‍ലിം സമുദായത്തിലെ അനേകരോടൊപ്പം എന്റെ ഭൗതികശരീരവും മറവുചെയ്യപ്പെടണമെന്ന എന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുര്‍ബലന്റെ പിടച്ചലില്‍ മൗലവി എന്നോടൊപ്പമുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് ഏതാണ്ടുറപ്പാണ്.''(പ്രശാന്ത് സുബ്രഹ്‌മണ്യന്‍, നജ്മല്‍ ബാബുവും സെക്കുലര്‍ ഘര്‍വാപ്പസിയും, ഉത്തരകാലം, ഒക്ടോബര്‍ 10, 2018). തുടര്‍ന്നാണ് അദ്ദേഹം മതംമാറിയത്.

കൊടുങ്ങല്ലൂരിലെ ഡോക്ടര്‍ സെയ്ദിന്റെ ആശുപത്രിയില്‍ വെച്ചാണ് ടി.എന്‍ ജോയി മരണമടയുന്നത്. അദ്ദേഹത്തോട് വളരെ അടുത്ത ചിലരുടെ നിര്‍ദ്ദേശപ്രകാരം മൃതദേഹം സഹോദരന്റെ വീട്ടിലേക്കു കൊണ്ടുപോയി. മരണാനന്തരച്ചടങ്ങുകള്‍ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് അപ്പോള്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും തീരുമാനമായില്ല. മൃതശരീരം പള്ളിയില്‍ മറവുചെയ്യാം എന്നായിരുന്നു സുഹൃത്തുക്കള്‍ തീരുമാനിച്ചത്. അതേസമയം വീട്ടുകാര്‍ക്കും ഇടതുചിന്ത വെച്ചുപുലര്‍ത്തുന്ന അപൂര്‍വ്വം ചിലര്‍ക്കുമുണ്ടായിരുന്ന എതിര്‍പ്പ് അപ്പോള്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു. എങ്കിലും പള്ളിയില്‍ അടക്കണമെന്ന ധാരണയോടെയാണ് പിരിഞ്ഞുപോയത്. പിറ്റേന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. പള്ളിയില്‍ സംസ്‌കരിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു. എംഎല്‍എയും വീട്ടുകാര്‍ക്കൊപ്പമാണ് നിലകൊണ്ടത്. സുഹൃത്തുക്കള്‍ പള്ളിയില്‍ സംസ്‌കരിക്കണമെന്നതില്‍ ഉറച്ചുനിന്നു.

ഈ സന്ദര്‍ഭത്തിലാണ് 'സമവായം' എന്ന വാദം ഉയര്‍ന്നുവരുന്നത്. അദ്ദേഹം കുറേ കാലമായി എച്ച്സിഐ (ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) എന്ന സ്ഥാപനത്തിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഒരു രണ്ടാം വീട് പോലെയുള്ള ഒരു ഇടമാണ് അത്. വീടിനു പകരം എച്ച്സിഐ ആയിരുന്നു സുഹൃത്തുക്കള്‍ മുന്നോട്ടുവച്ച സമവായം. ഇത് കൂടുതല്‍ തര്‍ക്കത്തിനു കാരണമായി.

എച്ച്സിഐ ഓപ്ഷന്‍ വീട്ടുകാര്‍ക്കും സമ്മതമായിരുന്നെങ്കിലും അന്ത്യാഭിലാഷം നടപ്പാക്കണമെന്നതില്‍ അദ്ദേഹത്തിന്റെ ഏതാനും സുഹൃത്തുക്കള്‍ ഉറച്ചുനിന്നു. വ്യത്യസ്ത രാഷ്ട്രീയകക്ഷികളില്‍പ്പെട്ടവര്‍ ഇതിലുണ്ടായിരുന്നു. പള്ളിയില്‍ സംസ്‌കരിക്കുന്നതിനോടായിരുന്നു എതിര്‍പ്പ്. ഈ ആവശ്യമുന്നയിച്ച് റവന്യൂ അധികാരികളെയും പൊലീസിനെയും കണ്ടെങ്കിലും ആദ്യം അനുകൂല നിലപാടെടുത്ത ഉദ്യോഗസ്ഥര്‍ അവസാന നിമിഷത്തില്‍ പൊലീസിനൊപ്പം ചേര്‍ന്നു. മൃതദേഹം തട്ടിക്കൊണ്ടുപോയി വീട്ടില്‍ സംസ്‌കരിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാവാന്‍ സാധ്യതയുള്ളതുകൊണ്ട് അങ്ങനെ ചെയ്തതെന്നാണ് പിന്നീട് പി.എ കുട്ടപ്പന്‍ എന്ന പൊതുപ്രവര്‍ത്തകന് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ അധികൃതര്‍ നല്‍കിയ മറുപടി.

പള്ളിയും വീടും

നജ്മല്‍ ബാബുവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കുവേണ്ടി മൂന്ന് ഓപ്ഷനുകളാണ് ഉയര്‍ന്നുവന്നത്. വീട്, പള്ളി, എച്ച്സിഐ. അടുത്തുനിന്നു പരിശോധിച്ചാല്‍ രണ്ട് ഓപ്ഷനേയുള്ളൂ. വീട് അല്ലെങ്കില്‍ പള്ളി. അതിനിടയിലുള്ള സമവായമാണ് എച്ച്സിഐ. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് എച്ച്‌സിഐ ഉയര്‍ന്നുവന്നത്. അല്ലെങ്കില്‍ പള്ളിയെ ഒഴിവാക്കുകയായിരുന്നു എച്ച്‌സിഐയുടെ ധര്‍മം. അതിനുമുമ്പ് സമാനമായ രീതിയില്‍ മരിച്ച സൈമണ്‍ മാഷുടെ കാര്യത്തില്‍ തര്‍ക്കം വന്നപ്പോള്‍ പ്രതിസന്ധി പരിഹാരമായി മുന്നോട്ടു വെക്കപ്പെട്ടത് മെഡിക്കല്‍ കോളേജാണ്. വീടും മെഡിക്കല്‍ കോളേജും ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിറ്റൂട്ട് എന്ന പൊതുസ്ഥാപനവും മതേതര ഇടമാണ്. പക്ഷേ, പള്ളി അങ്ങനെയല്ലെന്ന് കരുതിയതുകൊണ്ടാണ് അത് അസ്വീകാര്യമായത്.

ശരിയായ മുസ് ലിം

അദ്ദേഹം ശരിയായ വിശ്വാസിയാണോയെന്ന പ്രശ്‌നമാണ് മറ്റു ചിലര്‍ ഉയര്‍ത്തിയത്. അദ്ദേഹം മതത്തെ ഒരു രാഷ്ട്രീയതീരുമാനമെന്ന നിലയില്‍ സ്വീകരിച്ചതുകൊണ്ട് ശരിയായ മുസ്ലിമല്ലെന്ന് ചിലര്‍ വാദിച്ചു. ഉദാഹരണത്തിന് അദ്ദേഹത്തിന്റെ രണ്ട് സഹപ്രവര്‍ത്തകര്‍ വാദിച്ചത് ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ സുഹൃത്തും സാംസ്‌കാരിക രാഷ്ട്രീയപ്രവര്‍ത്തകനുമായ ടി.ആര്‍ രമേശിന്റെയും റെഡ്ഫ്ലാഗ് നേതാവ് പി.സി ഉണ്ണിച്ചെക്കന്റെയും അഭിപ്രായം പ്രശാന്ത് തന്റെ ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്: 'ഈമാന്‍ കാര്യവും ഇസ്ലാം കാര്യവും അനുസരിച്ച് ജീവിക്കുന്ന ഒരാളെയാണല്ലോ മുസ്‍ലിം എന്ന് വിളിക്കുന്നത്. സക്കാത്ത്, നോമ്പ്, നിസ്‌ക്കാരം തുടങ്ങിയവ അനുഷ്ഠിക്കുക, ഖുര്‍ആന്‍ ദൈവീക ഗ്രന്ഥമായും മുഹമ്മദിനെ ദൈവത്തിന്റെ പ്രവാചകനായും അംഗീകരിക്കുക, അന്ത്യനാളില്‍ വിശ്വസിക്കുക, ദൈവത്തിന്റെ മലക്കുകളില്‍ വിശ്വസിക്കുക തുടങ്ങി സ്വര്‍ഗം, നരകം എന്നിവയിലും വിശ്വസിക്കുന്ന ഒരാളാണല്ലോ ഇസ്ലാം മത വിശ്വാസി. ഇതൊന്നും അനുഷ്ഠിക്കുകയോ, ഇതിലൊന്നും വിശ്വസിക്കുകയോ ചെയ്ത ആളല്ല നജ്മല്‍ ബാബു.....''

റെഡ്ഫ്ലാഗ് നേതാവ് പി.സി ഉണ്ണിച്ചെക്കന്റ അഭിപ്രായവും വ്യത്യസ്തമല്ല: ''ടി.എന്‍ ജോയ് ഇപ്പോഴും ടി.എന്‍ ജോയ് തന്നെയാണെന്നും അദ്ദേഹത്തിന് മുസ്ലിമാകാന്‍, വിശ്വാസിയാകാന്‍ കഴിയില്ല'' - പള്ളിയില്‍ സംസ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തോടുള്ള പ്രതികരണമായാണ് ഇതൊക്കെ ഉയര്‍ന്നുവന്നത്.(പ്രശാന്ത് സുബ്രഹ്‌മണ്യന്‍, നജ്മല്‍ ബാബുവും സെക്കുലര്‍ ഘര്‍വാപ്പസിയും, ഉത്തരകാലം, ഒക്ടോബര്‍ 10, 2018). തുടര്‍ന്നാണ് അദ്ദേഹം മതംമാറിയത്.

സച്ചിദാനന്ദന്റെ വിയോജിപ്പുകള്‍:

കൊടുങ്ങല്ലൂര്‍ സ്വദേശിയും മലയാളത്തിലെ മുന്‍നിര കവികളിലൊരാളും ടി?എന്‍ ജോയിയുടെ സുഹൃത്തുമാണ് സച്ചിദാനന്ദന്‍. ടി.എന്‍ ജോയി മരിച്ച ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'നീ പിന്നില്‍' എന്ന പേരില്‍ ഒരു കവിത എഴുതി. (2020 ഒക്ടോബര്‍ 7, മാതൃഭൂമി ആഴ്ചപ്പതിപ്പ്)

''...മതമേതുമാകട്ടെ

പീഡിതരുടെതെന്റെ

ഹിത, മെന്നുറപ്പിക്കാന്‍

പേര്‍ മാറ്റും ദുഃഖജ്ഞനായ്

അവര് നിന്‍ ജഡത്തിനാ-

യൊടുവില്‍ കലഹിക്കെ

ഇരുകൂട്ടര്‍ക്കും വാരി-

ടെയുക്കാന്‍ മലര്‍ക്കുന്നായ്...''

ഇതിനു നല്‍കിയ അടിക്കുറിപ്പില്‍ അദ്ദേഹം താന്‍ ഉദ്ദേശിച്ച കാര്യം ഇങ്ങനെ വ്യക്തമാക്കി: ഭക്തകവി കബീറിനെക്കുറിച്ചുള്ള ഒരു ഐതിഹ്യം. അദ്ദേഹത്തിന്റെ ജഡത്തിനായി ഹിന്ദുക്കളും മുസ്ലിംകളും തര്‍ക്കിച്ചപ്പോള്‍ ഇരുവര്‍ക്കും വാരിയെടുക്കാന്‍ പാകത്തില്‍ ജഡം പൂക്കളായി മാറി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ന്യൂനപക്ഷവുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു രാഷ്ട്രീയചേഷ്ടയായിരുന്നു ഇസ്‌ലാം ആശ്ലേഷം.

ഈ കബീര്‍ ഉപമ അദ്ദേഹം ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്. ടി.എന്‍ ജോയി മരിച്ചശേഷം മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ എഴുതിയ കുറിപ്പിലും ഇതേ ഉപമ അദ്ദേഹം ഉപയോഗിച്ചിരുന്നു. അതിനു ശേഷം ഒന്നാം ചരമവാര്‍ഷികത്തില്‍ മറ്റൊരു ലേഖനം കൂടെ എഴുതി. ഇതേ കബീര്‍ ഉപമയും ഹിന്ദു-മുസ് ലിം തര്‍ക്കവും അവിടെയും ആവര്‍ത്തിച്ചു. സച്ചിദാനന്ദന്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി കൊടുങ്ങല്ലൂരില്‍ ഹിന്ദുക്കളും മുസ് ലിംകളും തമ്മില്‍ ഒരു സംഘര്‍ഷവും അരങ്ങേറിയിരുന്നില്ലെന്നതാണ് വസ്തുത.

മതംമാറ്റവും ഇസ് ലാമോഫോബിയയും

മാധവിക്കുട്ടി മതംമാറി കമലാസുരയ്യയായി മാറിയത് കേരളീയ സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് ഇടവരുത്തിയ സംഭവമാണ്. ഇതുനടക്കുന്ന സമയത്ത് ആരും ലൗജിഹാദ് ആരോപണം ഉയര്‍ത്തിയിരുന്നില്ലെങ്കിലും ഏകദേശം കാല്‍നൂറ്റാണ്ടിനുശേഷം മാധവിക്കുട്ടിയുടെ മതംമാറ്റം കേരളത്തില്‍ വീണ്ടും ഉയര്‍ന്നുവന്നപ്പോള്‍ ലൗജിഹാദിന്റെ പശ്ചാത്തലത്തിലായിരുന്നു മിക്കവാറും എല്ലാ ചര്‍ച്ചകളും നടന്നത്. പ്രണയം നടിച്ച് മതംമാറ്റുകയെന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെയും ആഗോള ഫണ്ടിങിന്റെയും കഥകള്‍ സമാന്തരമായി ഉണ്ടായിരുന്നു.

ഇസ് ലാമിലേക്കുള്ള മതംമാറ്റം പരപ്രേരണയിലുണ്ടാകുന്ന പ്രതിഭാസമായി കാണുകയാണ് ഇത്തരം ചര്‍ച്ചകളുടെ മറ്റൊരു പ്രത്യേകത. തിരിച്ച് ഹിന്ദുവായി മാറിയാല്‍ തങ്ങള്‍ക്ക് ഭീഷണി നേരിടേണ്ടിവരുമെന്ന് മക്കള്‍ ഭയന്നിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവര്‍ത്തിച്ചു. ചിലരാകട്ടെ മകനും ഫണ്ടിങ്ങിന്റെ ഭാഗമായിരുന്നെന്ന് ആക്ഷേപമുന്നയിച്ചു. ജാതിവ്യവസ്ഥയുടെയും സാമൂഹിക നവോത്ഥാനപ്രക്രിയയുടെയും ഭാഗമായി വായിച്ചിരുന്ന 'മതംമാറ്റ'മാണ് പുതിയ കാലത്ത് ആഗോളഭൗമരാഷ്ട്രീയത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. ഓരോ സംഭവവും കാലത്തിലേക്കും ദേശത്തിലേക്കും വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ നല്‍കി പരിവര്‍ത്തിപ്പിക്കുന്ന ഇസ്ലാമോഫോബിക് രീതിശാസ്ത്രത്തിന്റെ പ്രത്യേകതകള്‍ മാധവിക്കുട്ടിയുടെ മതംമാറ്റത്തില്‍ നമുക്ക് വായിച്ചെടുക്കാം.

ടി.എന്‍ ജോയിയുടെ മതംമാറ്റത്തോടുള്ള വിയോജിപ്പ് വ്യത്യസ്തമായാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന് അതൊരു രാഷ്ട്രീയ ചേഷ്ടമാത്രമാണെന്നതിലായിരുന്നു പലരുടെയും ഊന്നല്‍. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യത്തില്‍ മുന്നില്‍നിന്നത്. അദ്ദേഹത്തിന്റെ മരണശേഷം സംസ്‌കാരച്ചടങ്ങുകളെ സംബന്ധിച്ച തര്‍ക്കം സഹിഷ്ണുതയുടെ പ്രശ്‌നമായി മനസ്സിലാക്കാനാണ് മിക്കവരും ശ്രമിച്ചത്. അതുകൊണ്ടാണ് ഹിന്ദു-മുസ് ലിം സംഘര്‍ഷമെന്ന രൂപകത്തിലൂടെ അതിനെ മറികടക്കാന്‍ സച്ചിദാനന്ദനെപ്പോലുള്ളവര്‍ ശ്രമിച്ചത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News