മുഹമ്മദ് സുബൈര്‍: നുണ പ്രതിരോധത്തിന്റെ കാവല്‍ക്കാരന്‍

ഉത്തരേന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ സ്വദേശികളാല്‍ ആക്രമിക്കപ്പെടുന്നു എന്ന കിംവദന്തികളെക്കുറിച്ച് പ്രസിദ്ധീകരിച്ച വസ്തുതാ പരിശോധനാ ലേഖനങ്ങളുടെ പരമ്പര തയ്യാറാക്കിയതിനാണ് സുബൈറിനെ തമിഴ്‌നാട് സര്‍ക്കാര്‍ ആദരിച്ചത്.

Update: 2024-01-27 10:55 GMT
Advertising

സംഘ്പരിവാര്‍ സൈബര്‍ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിച്ച് നിരന്തരം പ്രചരിപ്പിക്കുന്ന വംശീയ ഉള്ളടക്കമുള്ള നുണകള്‍ക്കെതിരെ സത്യത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ചിറകള്‍ കെട്ടി രാജ്യത്തിന്റെ കമ്മ്യൂണല്‍ ഐക്യം സംരക്ഷിക്കുകയാണ് തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ സുബൈര്‍ എന്ന യുവാവ്.

മുഴുവന്‍ മുഖ്യധാരാ മാധ്യമങ്ങളും സംഘ്പരിവാര്‍ വിലക്കെടുത്തുകഴിഞ്ഞ, ഹിന്ദു രാഷ്ട്ര സ്ഥാപകരുടെ വാലാട്ടികളായിത്തീര്‍ന്ന ദുരന്ത കാലത്ത് സംഘ്പരിവാറിന്റെ നുണ വാര്‍ത്തകളെ വസ്തുനിഷ്ഠമായി തെളിവുകള്‍ നിരത്തി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് മുഹമ്മദ് സുബൈറും അദ്ദേഹത്തിന്റെ Alt News മീഡിയയും.

ശിരോവസ്ത്രം അണിയാത്ത ഹിന്ദു സ്ത്രീയെ ബസ്സില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ അധിക്ഷേപിക്കുന്ന തരത്തില്‍ സംഘ്പരിവാറുകളും സയണിസ്റ്റുകളും കേരളത്തിലെ കാസര്‍ഗോഡ് നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രചരിപ്പിച്ച സന്ദര്‍ഭത്തില്‍ ആദ്യമായി മുഹമ്മദ് സുബൈര്‍ ആയിരുന്നു ഈ വ്യാജ വാര്‍ത്ത പൊളിച്ച് യാഥാര്‍ത്ഥ്യം വടക്കേ ഇന്ത്യയിലും മറ്റും എത്തിച്ചത്. 


കേരളത്തിനുവേണ്ടി നിരന്തരം ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സുബൈറിനെ നമ്മുടെ നാട് ഇതുവരെ പരിഗണിച്ചിട്ട് പോലുമില്ല. എന്നാല്‍, അയോധ്യയിലെ വഖഫ് ബോര്‍ഡിന്റെ പള്ളിപ്പറമ്പില്‍ മന്ദിരോദ്ഘാടനത്തിന്റെ ആഘോഷം തിമിര്‍ത്താടിയപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍, മുഖ്യമന്ത്രി സ്റ്റാലിന്‍ നേരിട്ട് 'കമ്മ്യൂണല്‍ ഹാര്‍മണി' പുരസ്‌കാരം നല്‍കി മുഹമ്മദ് സുബൈറിനെ ആദരിച്ചിരിക്കുകയാണ്. ഈ സുപ്രധാനമായ, ആഹ്ലാദകരമായ, പ്രചോദനപരമായ നിമിഷം പങ്കുവെക്കാന്‍ ഒരു മാധ്യമങ്ങളും കേരളത്തില്‍ ഉണ്ടായില്ല.

മറീന ബീച്ചില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കോട്ടൈ അമീര്‍ കമ്മ്യൂണല്‍ ഹാര്‍മണി അവാര്‍ഡും (Kottai Ameer Communal Harmony Award) മെഡലും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്ന പുരസ്‌കാരം സുബൈറിന് സമ്മാനിച്ചു. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍, സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ Alt News ന്റെ സഹസ്ഥാപകനാണ് സുബൈര്‍.  


ഉത്തരേന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ സ്വദേശികളാല്‍ ആക്രമിക്കപ്പെടുന്നു എന്ന കിംവദന്തികളെക്കുറിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ച വസ്തുതാ പരിശോധനാ ലേഖനങ്ങളുടെ പരമ്പരക്കാണ് സുബൈറിനെ ആദരിച്ചത്.

പരിഭ്രാന്തരായ കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ തടിച്ചുകൂടിയപ്പോള്‍ അവരെ ശാന്തരാക്കാനും സത്യം ബോധ്യപ്പെടുത്താനും സംഘdപരിവാര്‍ നുണകളുടെ ആഴം അവരെ മനസ്സിലാക്കി കൊടുക്കാനും ഹിന്ദിയില്‍ പ്രാവീണ്യമുള്ള സുബൈര്‍ ഓടിയെത്തുകയായിരുന്നു.

വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ തമിഴ്നാട്ടില്‍ ഉണ്ടായിട്ടില്ലെന്നും, അതിനാല്‍ തമിഴ്നാടിനെതിരായ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയേണ്ടതും, പ്രതിരോധിക്കേണ്ടതും ഉണ്ടെന്ന് അദ്ദേഹം തന്റെ 'ആള്‍ട്ട് ന്യൂസ്' വെബ്സൈറ്റിലൂടെ മുന്നറിയിപ്പു നല്‍കി.

തമിഴ്നാട്ടില്‍ ജാതി, മതം, വംശം, ഭാഷ എന്നിവയുടെ പേരിലുള്ള അക്രമങ്ങള്‍ തടയാന്‍ മുഹമ്മദ് സുബൈര്‍ നടത്തിയ ശക്തമായ ഇടപെടലുകളെ കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ അമര്‍ത്തിപ്പറയുന്നുണ്ട്. 1983ലെ ഒരു ഹിന്ദി സിനിമയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് 2018ലെ ട്വീറ്റിന് നാലു വര്‍ഷത്തിന് ശേഷം 2022ല്‍ സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നതുവരെ ജയിലില്‍ കിടന്ന കാലയളവില്‍ ആറ് കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.

വൈറല്‍ ക്ലെയിമുകളും തെറ്റായ വിവരങ്ങളും പരിശോധിച്ച് ധീരമായി സത്യം വെളിപ്പെടുത്തുന്നതിന് ഹിന്ദുത്വ കമന്റേറ്റര്‍മാര്‍ ഓണ്‍ലൈനില്‍ സുബൈറിനെ നിരന്തരം ആക്രമിക്കാറുണ്ട്. ധീരമായ പിന്മടക്കമില്ലാത്ത പോരാട്ടത്തിന് പ്രിയപ്പെട്ട മുഹമ്മദ് സുബൈറിന് സ്‌നേഹാഭിവാദ്യങ്ങള്‍.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - പി.എ പ്രേംബാബു

Writer

Similar News