കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അഥവാ, ബ്രാഹ്മണിക് മാര്‍ക്‌സിസത്തിന്റെ പാഠാവലി

മുസ്‌ലിം അപരവത്കരണ പ്രകിയയുടെ തുടര്‍ച്ചയായിട്ട് വേണം കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചാരണത്തെയും മനസ്സിലാക്കാന്‍.

Update: 2024-08-19 07:38 GMT
Advertising

വടകര ലോക്‌സഭ ഇലക്ഷനിലും ശേഷവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സി.പി.ഐ.എം പാര്‍ട്ടി പ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യമായി പങ്കുവെച്ചത് എന്ന് ഹൈക്കോടതിയില്‍ കേരള പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി റിബേഷ് രാമകൃഷ്ണന്‍ മുതല്‍ സി.പി.എം സംസ്ഥാന സമിതി അംഗം കെ.കെ ലതിക വരെ എത്തിനില്‍ക്കുന്നു. രാഷ്ട്രീയമായി വലിയ പോരാട്ടങ്ങള്‍ നടക്കാറുള്ള ഒരു പ്രദേശമാണ് വടകര. അതേസമയം, ഇവിടുത്തെ ജനസമൂഹം വളരെ സൗഹാര്‍ദത്തിലാണ് ജീവിച്ചു പോരുന്നത്. അത്തരത്തില്‍ സൗഹൃദത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ഇടയിലേക്കാണ് ഇത്രയും വര്‍ഗീയ വിഷം വമിപ്പിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. ലോക്‌സഭാ ഇലക്ഷനില്‍ വിജയിക്കുക എന്ന മിനിമം പരിപാടിയില്‍ നിന്ന് വികസിച്ചു വന്നതായിരിക്കണം ഇത്തരം പ്രചരണങ്ങള്‍ എന്നാണ് മനസ്സിലാകുന്നത്.

മുസ്‌ലിം സമുദായ ചിഹ്നങ്ങളെയും വാക്കുകളെയും ഇത്തരത്തില്‍ ഉപയോഗിച്ചു ഒരു ഹിന്ദു കണ്‍സോളിഡേഷന്‍ നടത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാം എന്ന ലളിതമായ സമവാക്യത്തില്‍ നിന്നായിരിക്കണം ഇത്രയും ഭീകരമായ ഒരു സ്‌ക്രീന്‍ഷോട്ട് പ്രചരണത്തിന് തുടക്കം കുറിച്ചത്. സത്യത്തില്‍ അങ്ങനെ ഒരു ഹിന്ദു കണ്‍സോളിഡേഷന്‍ നടക്കുക്കയും കെ.കെ ശൈലജക്ക് വോട്ട് ചെയ്ത് അവര്‍ വിജയിക്കുകയും ചെയ്തിരുന്നുവെങ്കില്‍ വടകര അതിന്റെ മതേതര മനസ്സാക്ഷിയെ തകര്‍ത്തു എന്ന് പറയേണ്ടിവരും. പക്ഷേ, എന്നും സെക്കുലര്‍ ബോധം അതിന്റെപൂര്‍ണ്ണതയില്‍ കാത്തുസൂക്ഷിക്കാറുള്ള പ്രദേശം ഇത്തരത്തിലുള്ള വര്‍ഗീയ ദുഷ്ടതകളെ തള്ളിക്കളയുകയാണ് ചെയ്തത്. സി.പി.എം നടത്തി എന്ന് പറയപ്പെടുന്ന ഈ വര്‍ഗീയ പ്രചരണത്തിന് സമൂഹത്തെ വിഭജിക്കുവാനും ഒരു പ്രദേശത്തെ അസ്വസ്ഥതയുടെ വിളനിലമായി മാറ്റി എഴുതുവാനും സാധിക്കുന്നതാണ്.

ആധുനികവത്കരിക്കപ്പെടാത്ത ഒരു ജനസമൂഹമാണ് മുസ്‌ലിംകള്‍ എന്നത് സവര്‍ണ്ണ ഭാവുകത്വം പ്രസരണം ചെയ്ത ബോധമാണ്. ഇതിനപ്പുറത്ത് ആധുനികവത്കരിക്കപ്പെട്ട ഒരു ഐഡന്റിറ്റിയായി മുസ്‌ലിമിനെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും പല ബുദ്ധിജീവികള്‍ക്കും സാധ്യമായിട്ടില്ല. മുസ്‌ലിമും കാഫിറും തമ്മിലുള്ള മത്സരത്തില്‍ കാഫിറിന് മുസ്‌ലിംകള്‍ വോട്ട് കൊടുക്കില്ല എന്ന സങ്കല്‍പത്തിലാണ് വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മിക്കപ്പെടുന്നത്.

സാമൂഹികമായ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒരു പ്രചരണത്തിന് എന്തിനായിരിക്കാം സി.പി.ഐ.എം പാര്‍ട്ടി മുന്നോട്ടുവന്നത്? അത് മനസ്സിലാവണമെങ്കില്‍ മുസ്‌ലിം സമൂഹത്തെ കുറിച്ച് ഇപ്പോഴും പാര്‍ട്ടി വെച്ചുപുലര്‍ത്തുന്ന ഒരു ബോധതലത്തെ കുറിച്ച് അറിയേണ്ടതുണ്ട്. അത് യൂറോപ്പ് അറബികളെ കുറിച്ച് വച്ചുപുലര്‍ത്തുന്നതിന് സമാനമാണ്. ആധുനികവത്കരിക്കപ്പെടാത്ത പ്രാകൃത ജനസമൂഹമാണ് അറബികള്‍ എന്ന് യൂറോപ്പ് വെച്ചുപുലര്‍ത്തുന്ന ഒരു മാനസികാവസ്ഥയാണ്. മതഭ്രാന്തനും വിഷയലമ്പടനുമായ ഒരു അറബിയെ മാത്രമേ യൂറോപ്പിന്റെ വൈറ്റ് സുപ്രീമേസിക്ക് അറിയുകയുള്ളൂ എന്നത് അവരെ സ്വാധീനിച്ച ബോധത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. അപരിഷ്‌കൃത സ്വത്വവും ഭൂതത്തിന്റെ ശേഷിപ്പുമായി ജീവിക്കുന്ന ഒരു വര്‍ഗം എന്ന നിലയില്‍ അറബികളെ കാണുവാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ യൂറോപ്യന്‍ മനസ്സിനെ പഠിപ്പിച്ച് വെച്ചിട്ടുണ്ട്. ഇതിന് ഹോളിവുഡ് വ്യവസായം വലിയ പങ്കുവഹിച്ചതായി ജാക് ജോര്‍ജ് ഷഹീന്‍ തന്റെ Real Bad Arabs: How Hollywood velifies a people എന്ന ഡോക്യുമെന്ററിയില്‍ വിവരിക്കുന്നുണ്ട്. ഈ മാനസിക ബോധം പേറുന്നതു കൊണ്ടായിരിക്കണം പാര്‍ട്ടിയും വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരണത്തിന് നേതൃത്വം നല്‍കിയത് എന്ന് മനസ്സിലാക്കാം. 


ഇപ്പോഴും ആധുനികവത്കരിക്കപ്പെടാത്ത ഒരു ജനസമൂഹമാണ് മുസ്‌ലിംകള്‍ എന്നത് ഇവിടുത്തെ സവര്‍ണ്ണ ഭാവുകത്വം പ്രസരണം ചെയ്ത ബോധമാണ്. ഇതിനപ്പുറത്ത് ആധുനികവത്കരിക്കപ്പെട്ട ഒരു ഐഡന്റിറ്റിയായി മുസ്‌ലിമിനെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും പല ബുദ്ധിജീവികള്‍ക്കും സാധ്യമായിട്ടില്ല. ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പ്രയോഗിക്കേണ്ട വാക്കുകള്‍ പോലും വശമില്ലാത്ത, വെറും ബാര്‍ബേറിയന്‍സായ ഒരു കൂട്ടം എന്ന നിലയിലാണ് മുസ്‌ലിമിനെ ഇപ്പോഴും ഇവര്‍ കാണുന്നത്. അതുകൊണ്ടാണ് കേരളത്തിലെ ഒരു മുസ്‌ലിമും പൊതുസമൂഹത്തില്‍ ഉപയോഗിക്കാത്ത ഒരു പരാമര്‍ശം അവരുടേത് എന്ന് അര്‍ഥത്തില്‍ പ്രചരണം നടത്തിയത്. മുസ്‌ലിമും കാഫിറും തമ്മിലുള്ള മത്സരത്തില്‍ ഒട്ടും രാഷ്ട്രീയ ബോധമില്ലാത്ത ഇക്കൂട്ടര്‍ കാഫിറിന് വോട്ട് കൊടുക്കില്ല എന്ന സങ്കല്‍പത്തിലാണ് ഇത്തരം വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മിക്കപ്പെടുന്നത്. ഒട്ടും സാമൂഹ്യ ബോധമില്ലാത്ത മതാന്ധത ബാധിച്ച ഒരു സമുദായമാണ് ഇവര്‍ എന്ന നിലയില്‍ വായിക്കാന്‍ പഠിച്ചവരാണ് പാര്‍ട്ടിയും അതിലെ ബുദ്ധി ജീവികളും. കേരളത്തിലെ മുസ്‌ലിംകളെ കുറിച്ച് ഇവിടുത്തെ ബുദ്ധിജീവികള്‍ക്ക് ഇത്രമാത്രമെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളൂ എങ്കില്‍ അറബികളെ കുറിച്ച് യൂറോപ്പ് മനസ്സിലാക്കിയതില്‍ അത്ഭുതമില്ല.

മുസ്‌ലിം സമൂഹത്തെ കുറിച്ച് സി.പി.എം ഈ സങ്കല്‍പത്തില്‍ എത്തിച്ചേര്‍ന്നത് നേരത്തെ പറഞ്ഞ ബ്രാഹമണിക്ക് മാര്‍ക്‌സിസത്തിന്റെ പാഠശാലയിലാണ് പാര്‍ട്ടി വിദ്യാഭ്യാസം ഇപ്പോഴും നടക്കുന്നത് എന്നത് കൊണ്ടാണ്. ഇത്തരത്തില്‍ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രചരണം താത്കാലികമായി പാര്‍ട്ടിക്ക് ചിലപ്പോള്‍ ഗുണം ലഭിക്കുമെങ്കിലും അത്യന്തികമായി ഇതിന്റെ ഗുണഭോക്താക്കള്‍ സംഘ്പരിവാര്‍ മാത്രമായിരിക്കും എന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ല. എത് തരത്തിലുള്ള മുസ്‌ലിം പൈശാചികവത്കരണം നടന്നാലും അതില്‍ നിന്ന് ലാഭം കൊയ്യാന്‍ സംഘ്പരിവാര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ അടുത്ത കാലത്തായി പാര്‍ട്ടി സ്വീകരിച്ച് കൊണ്ടിരിക്കുന്ന മുസ്‌ലിം അപരവത്കരണ പ്രകിയയുടെ ഭാഗമായിട്ട് വേണം ഇതിനെ മനസ്സിലാക്കാന്‍. തങ്ങളുടെ കൂടെ നില്‍ക്കാത്ത മുസ്‌ലിംകള്‍ക്ക് തീവ്രവാദ പട്ടം ചാര്‍ത്തി കൊടുക്കുന്ന പണി സത്യത്തില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ബലം പകരുക മാത്രമെ ചെയ്യുകയുള്ളൂ. കേവലം തെരത്തെടുപ്പ് രാഷ്ട്രീയത്തിലെ താത്കാലിക ലാഭത്തിന് വേണ്ടി ഒരു ജനസമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് പാര്‍ട്ടി കൂട്ട് നില്‍ക്കാന്‍ പാടില്ലായിരുന്നു. ഇനിയെങ്കിലും തെറ്റ് സമ്മതിച്ച് ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ച് പാര്‍ട്ടി അതിന്റെ സെക്യുലര്‍ ക്രെഡന്‍ഷ്യന്‍ വീണ്ടെടുക്കണമെന്ന് ഉപദേശിക്കാന്‍ അവിടെ ആളില്ല എന്നത് പാര്‍ട്ട എത്തിപ്പെട്ട മറ്റൊരു ദുരന്തമാണ്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ.പി ഹാരിസ്

Writer

Similar News