റെഫാത് അലരീര്‍: ആളിക്കത്തുന്ന നിര്‍ഭയ നീതി മൊഴി

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിലെ കലാപം എന്ന് വിരോധികള്‍ പേരിട്ടിരിക്കുന്ന ഏറ്റവും ഉച്ചത്തിലുള്ള നീതിക്കുവേണ്ടിയുള്ള പ്രതിരോധ ശബ്ദമാണ് സയണിസ്റ്റ് ഭീകര ഗുണ്ടകളാല്‍ നിശബ്ദമാക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള എഴുത്തുകാരില്‍ നിന്നും ചിന്തകരില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ആ പ്രതിരോധ കവിയുടെ മരണത്തില്‍ അനുശോചനങ്ങള്‍ ഒഴുകിയെത്തുകയാണ്.

Update: 2023-12-09 13:12 GMT
Advertising

'ഞാന്‍ മരിക്കുകയാണെങ്കില്‍ അതൊരു കഥയാകട്ടെ'

സയണിസ്റ്റ് ഭീകര ഗുണ്ടകള്‍ ഗാസ മുനമ്പില്‍ നിരന്തരമായ ബോംബാക്രമണം ആരംഭിച്ചതുമുതല്‍, അലരീര്‍ വടക്കന്‍ ഗാസയിലെ തന്റെ ജന്മനഗരമായ ഷുജയയില്‍ തുടര്‍ന്നു. സയണിസത്തിന്റെ ക്രൂരതയ്ക്ക് മുന്നില്‍ മുട്ടുകുത്താന്‍ വിസമ്മതിക്കുന്ന പുനരുത്ഥാനത്തിന്റെ പ്രതിരൂപം. അതായിരുന്നു മഹാനായ അധ്യാപകനും ഗവേഷകനും കവിയുമായിരുന്ന അലരീര്‍.

എതിര്‍വാക്കില്‍ ആളുന്ന ആ നീതി മൊഴിയെ നിരന്തരം ഭയന്നിട്ടുള്ള സയണിസ്റ്റ് ഭീകരര്‍, ഇന്നലെ നിശ്ശബ്ദമാക്കി. ഫലസ്തീനിനെക്കുറിച്ച് എഴുതാന്‍ ആയിരക്കണക്കിന് ഗാസന്‍ യുവാക്കളെയും പുരുഷന്മാരെയും സ്ത്രീകളെയും അദ്ദേഹം പരിശീലിപ്പിച്ചു. ഒരുപക്ഷേ പ്രതിരോധ കവിതകള്‍ എഴുതാന്‍ പരിശീലനം നല്‍കുന്ന ലോകത്തിലെ ആദ്യ അധ്യാപകനായിരിക്കും പ്രഫ. റഫാത് അലരീര്‍.

ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗാസയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പ്രൊഫസറായിരുന്നു അലരീര്‍. ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ഐതിഹാസികമായ പ്രതിരോധ മുന്നേറ്റത്തെ 'It is legitimate and moral' (നിയമപരവും ധാര്‍മ്മികവും) എന്ന് രേഖപ്പെടുത്തി ഹമാസിനെതിരെ പ്രതിലോമ ആഖ്യാനങ്ങള്‍ പടര്‍ത്തിയ സാമ്രാജ്യത്വ മാധ്യമങ്ങളെ അദ്ദേഹം വിമോചനത്തിന്റെ ചരിത്രം ഓര്‍മിപ്പിച്ചു.

ഗാസയിലെ ഒരു സ്‌കൂളില്‍ അഭയം തേടിയിരുന്ന അലരീറിനൊപ്പം സഹോദരങ്ങളും പേരക്കുഞ്ഞുങ്ങളും അദ്ദേഹത്തെ വകവരുത്താന്‍ ലക്ഷ്യം വച്ചുള്ള സയണിസ്റ്റ് ഭീകരാക്രമണത്തില്‍ കത്തിയെരിഞ്ഞ് തീക്കട്ടയായി. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 17,000 പരം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 46,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗാസയിലെ 2.2 ദശലക്ഷം ഫലസ്തീനികളില്‍ ഏകദേശം 1.9 ദശലക്ഷം ഈ ആക്രമണങ്ങളില്‍ പലായനം ചെയ്യപ്പെട്ടു.

2023-ലെ ഗാസയ്ക്കെതിരായ യുദ്ധത്തിന് മുമ്പും ഇസ്രായേല്‍ ആക്രമണത്തില്‍ തന്റെ കുടുംബത്തിലെ 26 അംഗങ്ങളെ റെഫാത്തിന് നഷ്ടപ്പെട്ടിരുന്നു. 2014 ല്‍ അദ്ദേഹത്തിന്റെ വീടിന് നേരെ സയണിസ്റ്റ് ഭീകരര്‍ നടത്തിയ വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒരു സഹോദരന്‍ കൊല്ലപ്പെട്ടു, ഇത് റെഫാത്തിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. കഥകളുടെ, എഴുത്തിന്റെ ശക്തിയെക്കുറിച്ച് വ്യക്തതയുള്ള അലരീര്‍, അധിനിവേശത്തിനെതിരെ പോരാടാനുള്ള വഴികളിലൊന്നായി അവരുടെ കഥകള്‍ ലോകത്തോട് പറയാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും, പരിശീലിപ്പിക്കുകയും ചെയ്തു. 


ഡിസംബര്‍ 4 ന് അദ്ദേഹം തന്റെ അവസാന സന്ദേശങ്ങളിലൊന്നില്‍ ഇങ്ങനെ കുറിച്ചിട്ടിരുന്നു: 'ഞങ്ങള്‍ വെടിമരുന്നിന്റെയും സിമന്റിന്റെയും കട്ടിയുള്ള പാളികളാല്‍ പൊതിഞ്ഞിരിക്കുന്നു,'' അദ്ദേഹം അതേ ദിവസം എഴുതി: ''എന്റെ ചില കുട്ടികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ പലരും ഇപ്പോഴും ഷെജയ്യയില്‍ കുടുങ്ങിക്കിടക്കുന്നു,''

നവംബറില്‍ എഴുതിയ ഒരു കവിതയില്‍ അലരീര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തിരുന്നു:

'എനിക്ക് മരിക്കേണ്ടി വരുമ്പോള്‍

നീ ജീവിക്കണം

എന്റെ കഥ പറയാന്‍

എന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റ്

ഒരു തുണ്ട് തുണി വാങ്ങാന്‍

ഒപ്പം ചില ചരടുകളും

(വെളുത്ത് നീണ്ട അഗ്രമുള്ളവ)

ആയതിനാല്‍

യാത്രയയപ്പ് ഏറ്റുവാങ്ങാതെ,

ആത്മാവിനോടും

തന്റെ ശരീരത്തിനോട് തന്നെയും

വിട ചൊല്ലാതെ,

തീനാളമായി തീര്‍ന്ന അച്ഛനെ

കാത്തിരിക്കുന്ന

കുഞ്ഞ്.

നീ നിര്‍മിച്ച എന്റെ പട്ടം

ഉയരത്തിലുയരത്തിലേക്ക്

പാറിപ്പറക്കുന്നത്

അവന്‍ കാണുമ്പോള്‍

ഒരു നിമിഷം

അവന്‍ ചിന്തിക്കുന്നു.

അവിടെ ഒരു മാലാഖയുണ്ട്

സ്‌നേഹം തിരിച്ചു കൊണ്ടുവരാന്‍.

എനിക്ക് മരിക്കേണ്ടി വന്നാല്‍

അത് പ്രതീക്ഷകള്‍ പകരട്ടെ,

അതൊരു കഥയായിത്തീരട്ടെ..'

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിലെ കലാപം എന്ന് വിരോധികള്‍ പേരിട്ടിരിക്കുന്ന

ഏറ്റവും ഉച്ചത്തിലുള്ള നീതിക്കുവേണ്ടിയുള്ള പ്രതിരോധ ശബ്ദമാണ് സയണിസ്റ്റ് ഭീകര ഗുണ്ടകളാല്‍

നിശബ്ദമാക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള എഴുത്തുകാരില്‍ നിന്നും ചിന്തകരില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ആ പ്രതിരോധ കവിയുടെ മരണത്തില്‍ അനുശോചനങ്ങള്‍ ഒഴുകിയെത്തുകയാണ്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - പി.എ പ്രേംബാബു

Writer

Similar News