ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍ പൂവച്ചല്‍ ഖാദര്‍ ക്ഷണിച്ചത് തന്റെ ഭാര്യയായ കാമുകിയെ തന്നെയായിരുന്നു.

സംഗീതാസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹിറ്റ് സിനിമാപ്പാട്ടുകളുടെ ശില്‍പിയായിരുന്ന പൂവച്ചല്‍ ഖാദര്‍ നാല് പതിറ്റാണ്ട് കൊണ്ട് 1200 ലേറെ ഗാനങ്ങളാണെഴുതിയത്. ഐ.വി ശശി ആദ്യമായി സംവിധാനം ചെയ്ത 'ഉത്സവം' എന്ന സിനിമ പൂവച്ചല്‍ ഖാദറിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഉത്സവത്തിലെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. | ജൂണ്‍ 22: പൂവച്ചല്‍ ഖാദര്‍ ഓര്‍മദിനം

Update: 2024-06-22 09:38 GMT
Advertising

അക്ഷരങ്ങളുടെ ആര്‍ദ്രതയും മനസ്സിന്റെ നൈര്‍മല്യവും കൊണ്ട് പ്രണയിക്കാന്‍ പഠിപ്പിച്ച പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദറിന്റെ ഓര്‍മദിനമാണിന്ന.് ആര്‍ദ്രമായ പ്രണയത്തെ അതിമനോഹരമായി പകര്‍ത്തുന്ന പൂവച്ചല്‍ ശൈലി അനുരാഗം നിറഞ്ഞ പാട്ടുകളിലൂടെ തേനും വയമ്പുമെല്ലാം മലയാളിക്ക് സമ്മാനിച്ചു.

അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ ബീവിയുടെയും മകനായി 1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ എന്ന ഗ്രാമത്തിലാണ് മുഹമ്മദ് അബ്ദുള്‍ ഖാദര്‍ ജനിച്ചത്. ആര്യനാട് ഗവ. ഹൈസ്‌കൂള്‍, തൃശൂര്‍ വലപ്പാട് പോളിടെക്‌നിക് കോളജ്, തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലായിയിരുന്നു വിദ്യാഭ്യാസം. 

സ്‌കൂള്‍ പഠനകാലത്ത് തന്നെ അദ്ദേഹം കയ്യെഴുത്ത് മാസികകളില്‍ കവിതകളെഴുതിയിരുന്നു. ആദ്യകാലങ്ങളില്‍ നാടകങ്ങള്‍ക്കും ആകാശവാണിക്കും വേണ്ടി ഗാനങ്ങള്‍ രചിച്ചു. അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരമായ 'കളിവീണ' 1974 ല്‍ പ്രസിദ്ധീകരിച്ചിരുന്നു.

തൃശ്ശൂരിലേയും തിരുവനന്തപുരത്തേയും പഠനനാളുകളില്‍ പൂവച്ചല്‍ ഖാദറിന്റെ കവിതകളും വളര്‍ന്നു. വാരികകളില്‍ പൂവച്ചല്‍ ഖാദര്‍ എന്ന പേര് തെളിമയോടെ കണ്ടുതുടങ്ങി. പി.ഡബ്ല്യു.ഡിയില്‍ ജോലി കിട്ടി കോഴിക്കോട്ടേക്ക് പോകുമ്പോള്‍ വാരികകളുടെ വായനക്കാര്‍ക്ക് പൂവച്ചല്‍ ഖാദര്‍ പരിചിതനായിത്തീര്‍ന്നിരുന്നു. കോഴിക്കോട് ആകാശവാണിയുമായി അങ്ങനെ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. 


കോഴിക്കോടന്‍ ജീവിതം പുതിയ സൗഹൃദങ്ങളെ പകുത്തു നല്‍കി. ബാബുരാജ്, കെ. രാഘവന്‍ അടക്കമുള്ള കോഴിക്കോടന്‍ സംഗീത കൂട്ടായ്മയാണ് ഖാദറിലെ പാട്ടെഴുത്തുകാരനെ പുറത്തു കൊണ്ടുവന്നത്. 'കവിത' എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ലാണ് ചലച്ചിത്രഗാന രചനയിലേക്കു അദ്ദേഹം കടന്നത്. 1973 ലെ 'കാറ്റ് വിതച്ചവന്‍' എന്ന ചിത്രം ഖാദറിന് ആദ്യ ബ്രേക്ക് നല്‍കി. ആ ചിത്രത്തിലെ 'നീയെന്റെ പ്രാര്‍ഥന കേട്ടു' എന്ന ക്രിസ്തീയ ഭക്തിഗാനം ഇന്നും ശ്രദ്ധേയമാണ്.

സംഗീതാസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹിറ്റ് സിനിമാപ്പാട്ടുകളുടെ ശില്‍പിയായിരുന്ന പൂവച്ചല്‍ ഖാദര്‍ നാല് പതിറ്റാണ്ട് കൊണ്ട് 1200 ലേറെ ഗാനങ്ങളാണെഴുതിയത്. ഐ.വി ശശി ആദ്യമായി സംവിധാനം ചെയ്ത 'ഉത്സവം' എന്ന സിനിമ പൂവച്ചല്‍ ഖാദറിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഉത്സവത്തിലെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.  


വിഖ്യാത സംഗീതജ്ഞരായ നൗഷാദ്, എ.ആര്‍ റഹ്മാന്‍ തുടങ്ങിയവരോടൊപ്പം പൂവച്ചല്‍ ഖാദര്‍

82 ല്‍ ഇറങ്ങിയ ഭരതന്റെ 'പാളങ്ങള്‍' എന്ന സിനിമയിലെ 'ഏതോ ജന്മകല്‍പനയില്‍.....' എന്ന പാട്ട് മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിലൊന്നാണ്.

ചിത്തിരത്തോണിയില്‍

അക്കരെ പോകാന്‍ എത്തിടാമോ

ചിറയിന്‍കീഴിലെ പെണ്ണേ....

എന്നു ചോദിക്കുന്നത് അദ്ദേഹം തന്റെ ഭാര്യയായ കാമുകിയോടു തന്നെയായിരുന്നു. ചിറയിന്‍കീഴുകാരിയായ ആമിനയോട് കായല്‍ക്കരയില്‍ ഇരുന്ന് ദൂരേക്ക് തെളിയുന്ന ശരറാന്തലുകളും നോക്കി എത്രയോ സന്ധ്യകളില്‍ ചെലവഴിച്ചിട്ടുള്ളതു തന്നെയായിരുന്നു 'കായലും കയറും' എന്ന സിനിമയില്‍ അദ്ദേഹം എഴുതിവെച്ച പ്രശസ്തമായ പ്രണയഗാനം.


ഹൃദയം ഒരു വീണയായി, മധുരിതഗാനങ്ങള്‍ മൂളി നാലര പതിറ്റാണ്ട് ജനപ്രിയ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ പുതുവസന്തം തീര്‍ത്ത അദ്ദേഹം കോവിഡ് ബാധിച്ച് 2021 ജൂണ്‍ 22-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിക്കുമ്പോള്‍ 72 വയസ്സായിരുന്നു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സലീന സലാവുദീൻ

Writer

Similar News