നദാല്‍: കവിതയും ജുഗല്‍ബന്ദിയും സമ്മേളിക്കുന്ന സ്വപ്നവിരുന്ന് സ്വപ്നം മാത്രമായവശേഷിക്കുന്നു
കോര്‍ട്ടില്‍ കവിതയെഴുതിയിരുന്ന ഫെഡറര്‍ യുഗത്തില്‍ പവര്‍ടെന്നീസ് ജുഗല്‍ബന്ദിയായിരുന്നു റാഫ.
അയാള്‍ തുടങ്ങുന്നത് തന്നെ അത്ഭുതങ്ങളില്‍ നിന്നാണ്. റോജര്‍ ഫെഡററുടെ നെറുകയിലെന്ന് എഴുതപ്പെട്ട 2005 ഫ്രഞ്ച് ഓപ്പണില്‍ അതേ ഫെഡററെ സെമിഫൈനലില്‍ അട്ടിമറിച്ചുകൊണ്ടുള്ള ഒരു പത്തൊന്‍പതുകാരന്റെ തുടക്കം. അക്കൊല്ലം പീറ്റ് സാംപ്രസിന് ശേഷം ഗ്രാന്‍ഡ് സ്ലാം ജയിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയ നദാല്‍ പിന്നീട് സാംപ്രസെന്ന അതികായനും മുകളില്‍ സഞ്ചരിച്ചുകൊണ്ടുള്ള തേരോട്ടമായിരുന്നു.
പ്രതിഭാധാരാളിത്തം കൊണ്ടും ജന്മസിദ്ധമായ കഴിവ് കൊണ്ടും വിസ്മയിപ്പിച്ച ഫെഡററുള്‍പ്പെടെയുള്ള 'സ്‌കില്‍ഫുള്‍' ആയവര്‍ക്കിടയില്‍ നദാലിന്റെ പേര് കാണാനായേക്കില്ല. കളിമണ്‍ കോര്‍ട്ടിലെ പ്രകടനം മറ്റിടങ്ങില്‍ സാധ്യമാവാത്ത കാരണം കൊണ്ട് 'വണ്‍ ഡൈമന്‍ഷന്‍' പ്ലയെര്‍ എന്ന അപഖ്യാതി വേറെയും.
ഹാര്‍ഡ്‌കോര്‍ട്ടുകളിലെ പരാജയങ്ങള്‍ അയാളെക്കൊണ്ടെത്തിച്ചത് 'ഇയാളാണോ ഫെഡററിനെ വെല്ലുവിളിക്കാന്‍ പോന്നവനെന്ന' കേള്‍ക്കാനാഗ്രഹിക്കാത്ത ചോദ്യവും. ഒടുവില്‍ നാല് ഫ്രഞ്ച് ഗ്രാന്‍ഡ്സ്ലാമുകള്‍ക്കപ്പുറം ഒരു വിംബിള്‍ഡണ്‍ ചുംബിക്കാന്‍ കൂടെ അയാള്‍ പ്രാപ്തമായതോടെ വിമര്‍ശനങ്ങള്‍ അവസാനിക്കുകയായിരുന്നു. പരിക്കുകളെ വകവെക്കാതെ, വേദനാസംഹാരികളുടെ സഹായത്തോടെ നദാല്‍ അന്ന് തോല്‍പ്പിച്ചത് സാക്ഷാല്‍ ഫെഡററിനെയാണ്.
അഞ്ചാം മണിക്കൂറിലേക്ക് നീളുന്ന മത്സരത്തിന്റെ അനിശ്ചതത്വങ്ങള്‍ക്കൊടുവില്‍ വിജയിയെ തെരഞ്ഞെടുക്കാനുള്ള അവസാനവട്ട സര്‍വ് ഉതിര്‍ക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ കുഴിഞ്ഞു, മുഖം വാടി മത്സരം സമ്മാനിച്ച ക്ലേശങ്ങളൊക്കെയും പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. അപ്പോഴും കാണികള്‍ അയാളുടെ പേര് അലറിവിളിക്കുന്നുണ്ടായിരുന്നു.
'റാഫേല്‍ നദാല്‍ പെരേര.'
സ്‌പെയിനിന്റെ കാളക്കൂറ്റനും സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഫെഡ് എക്‌സ്പ്രസും തമ്മില്‍ പോരാടിയ ഡ്രീം റിവല്‍റി. കവിതയും ജുഗല്‍ബന്ദിയും കോര്‍ട്ടില്‍ ഒരേ സമയം സമ്മേളിച്ച കായികവിരുന്ന്. ഒടുവിലൊരു ടൈ ബ്രേക്കിലൂടെ വിംബിള്‍ഡണിന്റെ പുല്‍ത്തകിടിയില്‍ അയാള്‍ കണ്ടുന്നിവരെയൊന്നാകെ വിസ്മയിപ്പിച്ചു അട്ടഹസിക്കുമ്പോള്‍ അങ്ങേയറ്റത്ത് ഫെഡറര്‍ കണ്ണീര്‍ വിതുമ്പുന്നുണ്ടായിരുന്നു.
ആന്ദ്രേ അഗാസിയുടെ കരിയറിന്റെയൊടുക്കത്തില്‍ അതിനോളം പോന്ന ലെഗസി ഫെഡററിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട, എതിരാളികളില്ലാതെ അമാനുഷികനായി റോജര്‍ വാഴുന്ന കാലത്ത് തന്നോളം പോന്ന ഒരാളുടെ ഉദയം കണ്ട ഫൈനലായിരുന്നുവത്.
മത്സരാന്ത്യം കണ്ണീരോടെ ഫെഡറര്‍ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വരും വര്‍ഷങ്ങളില്‍ റാഫേല്‍ നദാലെന്ന പേര് വിന്നിങ് പോഡിയത്തില്‍ പലതവണയുയര്‍ന്ന് കേള്‍ക്കുമെന്ന ഫെഡററുടെ പ്രവചനം ഫലിച്ചു. അടുത്ത വര്‍ഷങ്ങളില്‍ ഓസ്ട്രേലിയന്‍ - യു.എസ് ഓപ്പണും നദാല്‍ അയാളുടെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു.
പവര്‍ടെന്നീസിന്റെ വക്താവായിരുന്ന നദാലിന്റെ പ്രധാന എതിരാളി പരിക്കുകളായിരുന്നു. എന്നാല്‍, ഓരോ തവണ പരിക്കിലകപ്പെടുമ്പോഴും ഒരു 'എയ്സ്' പായിക്കുന്ന ശക്തിയില്‍ അയാള്‍ തിരിച്ചു വന്നിട്ടുണ്ട്. കിരീടഫേവറിറ്റ് ആയി ടൂര്‍ണമെന്റിന് വരികയും, നോക്ക്ഔട്ടിന് മുന്നേ അട്ടിമറിക്കപ്പെടുമ്പോഴും ആ ശീലത്തെ തൊട്ടടുത്ത ടൂറില്‍ അനായാസം 'ബ്രേക്ക്' ചെയ്തിട്ടുണ്ട്.
കളിമണ്‍ കോര്‍ട്ടില്‍ ചാമ്പ്യന്‍ഷിപ്പുകളുടെ 'റാലി' തന്നെ അയാളുടെ പേരിലുണ്ട്. പ്രായക്കൂടുതലിനെ - ഉത്തേജകമരുന്നുള്‍പ്പെടയുള്ള വിവാദങ്ങളെ - കരിയര്‍ എന്‍ഡ് ആയേക്കുമായിരുന്ന ഇഞ്ച്വറികളെ ഒരു 'പവര്‍ സെര്‍വിലൂടെ' തിരിച്ചടിച്ചിട്ടുണ്ട്.
'ഡബിള്‍ ഫോള്‍ട്ടുകള്‍ക്ക്' സ്ഥാനമില്ലാത്ത, കരിയറിന്റെയും ജീവിതത്തിന്റെയും 'ബേസ് ലൈന്‍' ക്രോസ്സ് ചെയ്യാത്ത 'ഫോര്‍ഹാന്‍ഡ് പവര്‍ഗെയിം' നദാലിന് സാധ്യമായിട്ടുണ്ട്. ഒടുവില്‍ ഫെഡ് - ജോക്കോ - റാഫ ഇരുപതുകളുടെ സമനിലപ്പൂട്ട് 'ഡ്യൂസി'ല്ലാതെ തന്നെ അയാള്‍ 'ടൈബ്രേക്ക്' ചെയ്തിട്ടുണ്ട്.
ഫെഡററോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രം രണ്ടാം നിരയിലേക്ക് പിന്തള്ളപ്പെട്ട് പോയ റാഫേല്‍ നദാല്‍. നദാലെന്ന പേരിന് പോരാളി എന്ന് കൂടെ അര്‍ഥമുണ്ട്. കാലം കഴിഞ്ഞെന്ന് വിധിയെഴുതിയപ്പോഴൊക്കെയും കായികലോകത്തെ സമാനതകളില്ലാത്ത തിരിച്ചുവരവ് ഒന്നിലേറെ തവണ സാധ്യമായിട്ടുണ്ട് റാഫക്ക്.
കോര്‍ട്ടില്‍ കവിതയെഴുതിയിരുന്ന ഫെഡറര്‍ യുഗത്തില്‍ പവര്‍ടെന്നീസ് ജുഗല്‍ബന്ദിയായിരുന്നു റാഫ. ഇന്നിപ്പോള്‍ അയാള്‍ കോര്‍ട്ടിനോട് വിട ചൊല്ലിയിരിക്കുന്നു. കവിതയും ജുഗല്‍ബന്ദിയും സമ്മേളിക്കുന്ന സ്വപ്നവിരുന്ന് സ്വപ്നം മാത്രമായവശേഷിക്കുന്നു, ഇനിയൊരിക്കല്‍ കൂടെ സാധ്യമാവാത്ത വിധം.