അരികുകകള്‍ ജനാധിപത്യത്തെ പുനര്‍ നിര്‍വചിക്കുന്നു - സെമിനാര്‍

സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്നവരുടെ ജീവിതം ഔദാര്യമായി ആരെങ്കിലും ആവിഷ്‌കരിക്കുന്നതിനു പകരം, ഞങ്ങളുടെ ജീവിതം ഞങ്ങള്‍ തന്നെ ആവിഷ്‌കരിക്കുന്നു എന്ന നിലയിലേക്ക് വരുന്നതില്‍ എത്ര മാത്രം വിജയിച്ചിട്ടുണ്ട് എന്ന ചോദ്യം ഉയരുന്നുണ്ട്.

Update: 2023-03-21 09:46 GMT

പാര്‍ശ്വവത്കൃതരുടെ ശബ്ദങ്ങള്‍ മുഖ്യധാരയില്‍ എത്തിക്കാന്‍ സിനിമകള്‍ക്കാവുന്നുണ്ടോ? - നിഷാദ് റാവുത്തര്‍

മീഡിയാവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവല്‍ മുന്നോട്ടു വെക്കുന്ന ആപ്തവാക്യം 'റീഫ്രെയിം ഡെമോക്രസി: വിഷന്‍ ഫ്രം ദി മാര്‍ജിന്‍സ്' എന്നതാണ്. സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ കാഴ്ച്ചകള്‍ പ്രതിഫലിപ്പിക്കുന്ന സിനിമകള്‍, ആവിഷ്‌കാരങ്ങള്‍ ജനാധിപത്യത്തെ പുനഃസൃഷ്ടിക്കുന്നതില്‍ എത്രമാത്രം പ്രധാനപ്പെട്ട ദൗത്യം നിര്‍വഹിക്കുന്നു എന്ന ചിന്തയിലേക്കാണ് അത് നയിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും മനുഷ്യരുടെയും ശബ്ദം കേള്‍പ്പിക്കപ്പെടുകയും, എല്ലാവര്‍ക്കും ഒരേ അളവില്‍ ശബ്ദമുണ്ടാവുക എന്നതുമാണ് നമ്മള്‍ ജനാധിപത്യം കൊണ്ട് വിഭാവനം ചെയ്യുന്നത്. പക്ഷേ, പുതിയ കാലത്ത് എല്ലാവരുടെയും ശബ്ദങ്ങള്‍ അവിടെ കേള്‍ക്കുന്നില്ല. ചില പ്രത്യേക ശബ്ദങ്ങള്‍ക്കു അധീശത്വം ഉണ്ടാകുന്നു. ചെറിയ ശബ്ദങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം കിട്ടാതെ പോകുകയും അവര്‍ വക്കുകളിലേക്ക് വകഞ്ഞു മാറ്റപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു കാലത്ത് അവരുടെ ശബ്ദത്തെ, മുഖത്തെ, ജീവിതത്തെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ സിനിമ പ്രവര്‍ത്തനം എന്തുമാത്രം കടമ നിറവേറ്റുന്നു എന്നത് ഒരു പ്രധാന കാര്യമാണ്. സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്നവരുടെ ജീവിതം ഔദാര്യമായി ആരെങ്കിലും കാണിക്കുന്നതിനു പകരം, ഞങ്ങള്‍ തന്നെ ഞങ്ങളുടെ ജീവിതം കാണിക്കുന്നു എന്ന നിലയിലേക്ക് വരുന്നതില്‍ ഇവര്‍ എത്ര മാത്രം വിജയിച്ചിട്ടുണ്ട് എന്ന ചോദ്യവും ഉണ്ട്.

ഗോത്ര വിഭാഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പടാണ് മാറേണ്ടത് - ലീല സന്തോഷ്

ആദിവാസി-ഗോത്ര വിഭാഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പടില്‍ മാറ്റം ഉണ്ടാകണം. ഗോത്ര വിഭാഗത്തിന് ഇത്ര മാത്രമേ കഴിയൂ, ഇന്നതൊക്കെ ചെയ്യാന്‍ കഴിയില്ല എന്ന പൊതുബോധം സമൂഹത്തിലുണ്ട്. ഈ പൊതുബോധം സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്. ലോക സിനിമകളില്‍ ഗോത്രവിഭാഗങ്ങളിലെ കലാകാരന്‍മാരെയും ഉള്‍ക്കൊളിച്ച് അവരുടെ സന്തോഷവും യാഥാര്‍ഥ്യവും കാണിച്ചു കൊണ്ടുള്ള സിനിമകള്‍ നിരവധിയുണ്ട്. അതുവെച്ച് നോക്കുമ്പോള്‍, ഇവിടെ ആദിവാസികളെക്കുറിച്ചുള്ള സിനിമകള്‍ കാണുമ്പോള്‍ മാനസികമായി ബുദ്ധിമുട്ട് തോന്നാറുണ്ട്. ഗോത്ര വിഭാഗത്തോടുള്ള സഹതാപം പ്രദര്‍ശിപ്പിക്കുക എന്നത് മാത്രമാണ് പല സിനിമകളും കാണുമ്പോള്‍ തോന്നുന്നത്. ഗോത്ര വിഭാഗത്തിന്റെ ദയനീയത കാണിക്കുക, വിഷമ വികാരങ്ങളെ കാണിക്കുക എന്നിവ മാത്രമാണ് മലയാള സിനിമ എടുത്തിട്ടുള്ളൂ. മലയാള സിനിമയില്‍ ആദിവാസികളുടെ കഥ പറയാനായി ഒരു സിനിമയെടുക്കുക, സീന്‍ മുഴുമിപ്പിക്കാനായി ആദിവാസി കഥാപാത്രത്തെ എഴുതിപ്പിടിപ്പിക്കുക എന്നിങ്ങനെ വളരെ പൊള്ളയായ സിനിമ സൃഷ്ടികളാണ് ചെയ്യുന്നത്.

മലയാള സിനിമയില്‍ ട്രാന്‍സുകളുടെ സാമൂഹ്യ ജിവിതത്തെ ചിത്രീകരിക്കുന്നില്ല - ശീതള്‍ ശ്യാം

മലയാള സിനിമയില്‍ അരികുവല്‍ക്കരിക്കപ്പെട്ട ട്രാന്‍സ് ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ പരിഭവത്തെയും ദുഃഖത്തെയുമാണ് എപ്പോഴും നോക്കികാണാന്‍ ശ്രമിക്കുന്നത്. അവര്‍ ഒരു സാമൂഹിക ജീവിയായി ജീവിതം നയിക്കുന്നതും, സന്തോഷം പങ്കുവെക്കുന്നതുമൊന്നും ആരും ചിത്രീകരിക്കുന്നില്ല. ട്രാന്‍സ് സമൂഹത്തിനെ അടയാളപ്പെടുത്തുന്ന സിനിമകളും ഡോക്യുമെന്ററികളും വരുന്നുണ്ടെങ്കിലും മുഖ്യധാരയില്‍ ആരും തന്നെ ഇതൊന്നും ചര്‍ച്ച ചെയ്യുന്നില്ല. പകരം ട്രാന്‍സ് സമൂഹത്തിനെ അപമാനിച്ചുക്കൊണ്ടുള്ള സിനിമകള്‍ വരുന്നത് മുഖ്യധാരയില്‍ ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്. 'അവളിലേക്കുള്ള ദൂരം' എന്ന ഡോക്യമെന്ററി കണ്ടിട്ടാണ് തോമസ് ഐസക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രാന്‍സ് വ്യക്തികള്‍ക്ക് വീടു കൊടുക്കാമെന്ന് പറഞ്ഞത്. മാധ്യമം ഫോട്ടോഗ്രാഫറായ അഭിജിതിന്റെ ഫോട്ടോ ഡോക്യുമന്ററി കണ്ടിട്ടാണ് മന്ത്രി എം.കെ മുനീര്‍ ട്രാന്‍സ് പോളിസി എന്ന നയം രൂപീകരിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, ഇത്തരം മാറ്റങ്ങള്‍ക്ക് കാരണമായ അഭിജിത്തിനെ പോലുള്ളവരെ ആര്‍ക്കും അറിയില്ല. അര്‍ഹിച്ച അംഗീകാരങ്ങളും ആരും നല്‍കുന്നുമില്ല.

മലയാള സിനിമയുടെ ലൊക്കേഷനുകള്‍ മാറുന്നത് തന്നെ വലിയ മാറ്റമാണ് - കെ.കെ ബാബുരാജ്

സിനിമയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥാപാത്ര സൃഷ്ടികള്‍ വരുന്നുണ്ടെങ്കിലും ഭൂരിഭാഗവും യാഥാര്‍ഥ്യത്തോട് നീതി പുലര്‍ത്തുന്നില്ല. 1980 കള്‍ക്കു ശേഷമാണ് സിനിമക്കകത്തെ ദലിത് പ്രാതിനിധ്യത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത്. സിനിമയില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം വരണം. അതിന് ആ സമൂഹത്തില്‍ നിന്നു തന്നെ ആളുകള്‍ ഉയര്‍ന്നു വരണം. കലാഭവന്‍ മണിയൊക്കെ ഇതിനുദാഹരണമാണ്. ആദ്യ കാലങ്ങളില്‍ സിനിമയുടെ മണ്ഡലം മദ്രാസ് ആയിരുന്നു. പിന്നീട് തിരുവനന്തപുരത്തും, ഒറ്റപ്പാലം കേന്ദ്രീകരിച്ചിട്ടുള്ള നായര്‍ തറവാടുകളിലുമായിരുന്നു. പക്ഷേ, അതുമാറി കൊച്ചിയിലേയും, ഇടുക്കിയലേയും, മലപ്പുറത്തെയും നാടുകളിലേക്ക് മാറുകയും അവിടുത്തെ ജനങ്ങളുടെ ആന്തരിക പശ്ചാത്തലങ്ങളെയും സംഘര്‍ഷങ്ങളെയും ഉള്‍ക്കൊള്ളുന്ന രീതിയിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്തു. സിനിമയിലെ നമ്മള്‍ ഇപ്പോള്‍ സംസാരിച്ച പ്രശ്‌നങ്ങളെ പഠിച്ചു വരുന്ന പുതിയ ഒരു തലമുറ ഉയര്‍ന്നു വരുന്നുണ്ട്. അവരുടെ ചിന്താശേഷിക്കും സര്‍ഗാത്മക്കും ക്രിയാത്മകമായ ഒരു ഇടം ഇവിടെയുണ്ട്.

ഇന്ത്യന്‍ സിനിമയില്‍ മുസ്ലിം പ്രാതിനിധ്യത്തെ പോസിറ്റീവായല്ല അടയാളപ്പെടുത്തുന്നത് - ലദീദ

മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടായെന്ന് കരുതുന്നില്ല. വര്‍ത്തമാനം, ജനഗണമന, മായാനദി എന്നീ സിനിമകള്‍ ഉദാഹരണമായി എടുത്താല്‍ മുസ്ലിം സ്ത്രീ കഥാപാത്ര സൃഷ്ടികളില്‍ വലിയ മാറ്റമൊന്നും വന്നതായി കാണാന്‍ കഴിയില്ല. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ക്ക് ഇന്നും ഫെമിനിസത്തിന്റെ ഇടങ്ങളില്‍ സ്ഥാനമില്ല. ഈ ഒരു ചിന്ത തന്നെയാണു സിനിമകളിലും പ്രതിഫലിക്കുന്നത്. ബുര്‍ഖ എന്നത് അടിച്ചമര്‍ത്തപ്പെട്ടവരുടെ വേഷമാണെന്ന ധാരണയൊക്കെ പൊതുസമൂഹത്തില്‍ നിന്നു മാറിക്കഴിഞ്ഞ സമയമാണിപ്പോള്‍. പക്ഷേ, ആ ചിന്താ പ്രതിഫലനം സിനിമയില്‍ വന്നിട്ടില്ല. ഇന്ത്യന്‍ സിനിമയുടെ കാര്യമെടുത്താല്‍ മുസ്ലിം പ്രാതിനിധ്യത്തില്‍ പോസിറ്റീവായ കാര്യങ്ങളല്ലായുള്ളത്. മുസ്ലിം വ്യക്തിത്വത്തെയും, ചിഹ്നങ്ങളെയും അടയാളപ്പെടുത്തുന്ന രീതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാ മേഖലകളില്‍. എങ്കിലും ഷാരൂഖ്ഖാനെ പോലുളള ഒരു മുസ്ലിം വ്യക്തി അവിടെ നിലനില്‍ക്കുന്നത് സന്തോഷത്തോടെ നോക്കി കാണുന്ന ആളാണ് ഞാന്‍.

ആദിവാസി കലാരൂപങ്ങള്‍ എന്തുകൊണ്ട് കലോത്സവങ്ങളില്‍ മത്സരമിനമാകുന്നില്ല- സി. ദാവൂദ്

സിനിമയില്‍ മാത്രം ഊന്നി ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല ഈ വിഷയം. കള്‍ച്ചറല്‍ ക്യാപിറ്റല്‍, പൊളിറ്റിക്കല്‍ ക്യാപിറ്റല്‍, ഫിനാന്‍ഷ്യല്‍ ക്യാപിറ്റല്‍ തുടങ്ങിയവയാണ് ഒരു ജനതയെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇതില്‍ ഏതാണ് കൂടുതല്‍ പ്രധാനം എന്നു ചോദിക്കുന്നത് അപ്രസക്തമാണ്. ഓരോന്നും പരസ്പരം ശക്തിപ്പെടുത്തുന്നതാണ്. ആദിവാസികള്‍ക്കിടയില്‍ നിരവധി കലാരൂപങ്ങളുണ്ട്. സംസ്ഥാന യുവജനോത്സവത്തില്‍ എന്തുക്കൊണ്ട് ഇതൊന്നും മത്സരമിനമാകുന്നില്ല. അവര്‍ക്ക് കള്‍ച്ചറല്‍ ക്യാപിറ്റല്‍ ഇല്ലാത്തത് കൊണ്ടല്ല. അവര്‍ക്ക് അവരുടേതായ സംഗീത ഉപകണങ്ങളുണ്ട്, കലാരൂങ്ങളുണ്ട്, നൃത്തരൂപങ്ങളുണ്ട്. എന്നാല്‍, അതിനെ സാധ്യമാക്കുന്ന പൊളിറ്റിക്കല്‍ ക്യാപിറ്റല്‍, ഫിനാന്‍ഷ്യല്‍ ക്യാപിറ്റല്‍ അവര്‍ക്ക് അന്യമാണ്. അത് അവരുടെ മാത്രം കുറ്റമല്ല. ഈ ഒരു മൂലധനം ആര്‍ജിച്ചെടുക്കുകയാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസി, ട്രാന്‍സ്, മുസ്ലിം സമൂഹങ്ങള്‍ ചെയ്യേണ്ടത്. ഇത് ആര്‍ജ്ജിച്ചെടുത്താല്‍ അതിന്റെ ദൃശ്യത അവര്‍ക്കുണ്ടാകും.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആഷിഖ് റഹ്മാന്‍

Media Student

Similar News