പ്രണയം പ്രണയമല്ലാതാകുന്ന കാലം
ഇരുപത്തിരണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് ഒറ്റയ്ക്ക് ആസൂത്രിതമായി ഒരു കൊലപാതകം നടത്താനും, ആദ്യ ഘട്ടത്തിലെ പൊലീസ് അന്വേഷണത്തില്‍ യാതൊരു തരത്തിലും പിടി കൊടുക്കാതെ പിടിച്ചു നില്‍ക്കാനും സാധിക്കുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. കുട്ടിക്ക് ജാതകദോഷമുണ്ടെന്ന് കണ്ടെത്തിയതും, ആദ്യ ഭര്‍ത്താവ് മരണപ്പെടുമെന്ന് അറിഞ്ഞതും സ്വാഭാവികമായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആയിരിക്കും എന്നുള്ളത് കൊണ്ട് തന്നെ ഗ്രീഷ്മയുടെ കുടുംബത്തിന് ഈ കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ സൂക്ഷ്മമായ അന്വേഷണം ആവശ്യമാണ്.
വിദേശ രാജ്യങ്ങളില്‍ ഒക്കെ ക്ലാസ് മുറികളിലേക്ക് തോക്കുമായി ചെല്ലുന്ന കുട്ടികളെ കുറിച്ചു വായിച്ചിട്ടില്ലേ. ഈയിടെ വായിച്ച വര്‍ത്തായിലെവിടെയോ പതിമൂന്നോ പതിനാലോ വയസ്സുള്ളൊരു കുട്ടി തോക്കുമായി സ്‌കൂളില്‍ ചെന്ന് അവന്റെ പെണ്‍സുഹൃത്തിനെ വെടിവെച്ചു കൊന്നതായുള്ളൊരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എത്ര വേഗത്തിലാണ് ഒരു തരംഗം പോലെ അത് കേരളത്തിലേക്ക് വ്യാപിച്ചതെന്ന് ചിന്തിച്ച ദിവസങ്ങളാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. 22 വയസ്സുള്ള ഗ്രീഷ്മ എന്ന പെണ്‍കുട്ടി 23 വയസ്സുള്ള ഷാരോണ്‍ എന്ന യുവാവിനെ കഷായത്തില്‍ കീടനാശിനി ലയിപ്പിച്ചു നല്‍കി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നത് അതുകൊണ്ട് കൂടിയാണ്. കമ്പോള യുക്തിക്കനുസരിച്ചു മനുഷ്യന്റെ മസ്തിഷ്‌കം പ്രവര്‍ത്തിക്കുകയും എന്തിന്റെയും പളപളപ്പില്‍ തോന്നുന്ന ആദ്യത്തെ ആകര്‍ഷണത്തിന് ശേഷം പിന്നീട് അവയെ വലിച്ചെറിയുന്ന പുതിയൊരു സംസ്‌കാരത്തിലേക്ക് നമ്മളും എത്തിക്കഴിഞ്ഞു എന്നുള്ളതാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ബന്ധങ്ങള്‍ ആവശ്യമില്ല, കാര്യങ്ങള്‍ നടന്നാല്‍ മതിയെന്ന സ്വാര്‍ത്ഥ ബോധം കേരളത്തെയും പിടികൂടി കഴിഞ്ഞിരിക്കുന്നു.
അല്ലെങ്കില്‍ 22 വയസ്സ് മാത്രം പ്രായമുള്ളോരു യുവതിയെ കൊണ്ട് ഒറ്റയ്ക്ക് സാധ്യമാകുന്നതാണോ ഇത്രയും ആസൂത്രിതമായൊരു കൊലപാതകം? ഗ്രീഷ്മയുടെ ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരണപ്പെടുമെന്ന് അവരുടെ ജാതകത്തില്‍ പറയുന്നുണ്ടെന്നും അത് പ്രകാരം ഷാരോണിനെ ആസൂത്രിതമായി പ്രണയിച്ച് താലി കെട്ടിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നു എന്നുമാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നത്. നോക്കൂ, പ്രണയം എത്തരത്തിലാണ് പകയിലേക്കും കൊലപാതകത്തിലേക്കുമൊക്കെ വ്യതിചലിക്കുന്നതെന്ന്. 23 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവിനെ പ്ലാന്‍ ചെയ്ത് പ്രണയിക്കുക, എന്നിട്ട് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച ശേഷം വളരെ കൃത്യമായി പ്ലാന്‍ ചെയ്ത് വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുക. ആദ്യ ഘട്ടം പാറശാല പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് അത്രതന്നെ വിദഗ്ധമായി രക്ഷപ്പെടുക. ഇതൊക്കെയും ചെയ്യുന്നത് 22 വയസ്സുള്ളൊരു യുവതി. കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണമോ ജാതകദോഷത്തില്‍ പറയുന്ന ഈ മരണം സംബന്ധിച്ച അന്ധവിശ്വാസവും. 21 ആം നൂറ്റാണ്ടില്‍ ജീവിക്കുന്ന കേരള ജനത ഞെട്ടാതിരിക്കുന്നതെങ്ങനെയാണ്.
ഒരുപക്ഷേ ആ സുഹൃത്ത് അതിന് ദൃക്സാക്ഷി ആവാതിരുന്നെങ്കില്‍ എന്തായിരിക്കും ഈ കേസിന്റെ ഗതിയെന്ന് ചിന്തിച്ചിട്ടുണ്ടോ? മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ച യുവതി, വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്ന അന്യ ജാതിക്കാരനായ മുന്‍ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്തിനാണ് വീടൊഴിഞ്ഞു നല്‍കിയത്. കൊലപാതകത്തില്‍ വീട്ടുകാരുടെ പങ്ക് സംബന്ധിച്ച പൊലീസ് അന്വേഷണം നടക്കുന്നതെ ഉള്ളൂ എന്നത് കൊണ്ട് അന്വേഷണമവസാനിക്കും വരെ കാത്തിരിക്കാനെ നിവൃത്തിയുള്ളൂ.
ഒരു ദലിത് ക്രൈസ്തവ യുവാവ് സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന് നില്‍ക്കുന്ന നായര്‍ കുടുംബത്തിലെ യുവതിയെ, പ്രത്യേകിച്ചും സംഘപരിവാര്‍ പശ്ചാത്തലമുള്ള കുടുംബത്തിലെ നായര്‍ യുവതിയെ പ്രണയിക്കുന്നു. മരണത്തിന് തൊട്ട് മുമ്പ് വരെ അവന്‍ അവളെ വിശ്വസിക്കുന്നു. ഒരു ദാക്ഷണ്യവുമില്ലാതെ യുവതി അവനെ കൊലപ്പെടുത്തുന്നു. കുടുംബം കൃത്യമായി ആസൂത്രണം ചെയ്ത് ജാതിക്കൊല അഥവാ ദുരഭിമാന കൊലപാതകമെന്ന് പറയേണ്ടതിന് പകരം അടിമുടി ? ഗൂഡാലോചന നടന്നിട്ടുള്ള ഒരു കേസില്‍, മാധ്യമങ്ങള്‍ പോലും പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും ജാതി, രാഷ്ട്രീയബന്ധങ്ങള്‍ മറച്ചുവയ്ക്കുന്നത് എന്തിനെന്നാണ് ചിന്തിക്കേണ്ടത്.
22 വയസ്സുള്ളൊരു പെണ്‍കുട്ടിക്ക് ഒറ്റയ്ക്ക് ഇത്തരത്തില്‍ ആസൂത്രിതമായി ഒരു കൊലപാതകം നടത്താനും, ആദ്യ ഘട്ടത്തിലെ പൊലീസ് അന്വേഷണത്തില്‍ യാതൊരു തരത്തിലും പിടി കൊടുക്കാതെ പിടിച്ചു നില്‍ക്കാനും സാധിക്കുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. കുട്ടിക്ക് ജാതകദോഷമുണ്ടെന്ന് കണ്ടെത്തിയതും, ആദ്യ ഭര്‍ത്താവ് മരണപ്പെടുമെന്ന് അറിഞ്ഞതും സ്വാഭാവികമായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആയിരിക്കും എന്നുള്ളത് കൊണ്ട് തന്നെ ഗ്രീഷ്മയുടെ കുടുംബത്തിന് ഈ കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ സൂക്ഷ്മമായ അന്വേഷണം ആവശ്യമാണെന്നതല്ലേ വസ്തുത. മാത്രവുമല്ല, ഏറ്റവും അവസാനം, കൃത്യമായി പറഞ്ഞാല്‍ ഷാരോണിന് ഗ്രീഷ്മ വിഷം നല്‍കിയ ദിവസം ഗ്രീഷ്മയാണ് കൊല്ലപ്പെട്ട യുവാവിനെ അവളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നത് എന്നതിന് തെളിവുണ്ട്. വീട്ടില്‍ അച്ഛനും അമ്മയും ഇല്ലെന്ന് ഗ്രീഷ്മ പറഞ്ഞത് പ്രകാരമാണ് ഷാരോണും സുഹൃത്തും വീട്ടില്‍ എത്തുന്നതെങ്കിലും അവരെത്തിയ ശേഷമാണ് ഗ്രീഷ്മയുടെ മാതാപിതാക്കള്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നത് എന്നുമാണ് ഷാരോണിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്. ഒരുപക്ഷേ ആ സുഹൃത്ത് അതിന് ദൃക്സാക്ഷി ആവാതിരുന്നെങ്കില്‍ എന്തായിരിക്കും ഈ കേസിന്റെ ഗതിയെന്ന് ചിന്തിച്ചിട്ടുണ്ടോ? മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ച യുവതി, വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്ന അന്യ ജാതിക്കാരനായ മുന്‍ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്തിനാണ് വീടൊഴിഞ്ഞു നല്‍കിയത്. കൊലപാതകത്തില്‍ വീട്ടുകാരുടെ പങ്ക് സംബന്ധിച്ച പൊലീസ് അന്വേഷണം നടക്കുന്നതെ ഉള്ളൂ എന്നത് കൊണ്ട് അന്വേഷണമവസാനിക്കും വരെ കാത്തിരിക്കാനെ നിവൃത്തിയുള്ളൂ. കൊലപാതകത്തില്‍ കുടുംബത്തിന് പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും, പെണ്‍കുട്ടിയുടെ ജാതകം നോക്കിയ, ആദ്യ ഭര്‍ത്താവ് മരണപ്പെടുമെന്നറിയിച്ച ജ്യോതിഷിയെ കൂടി ഈ കേസില്‍ പ്രതി ചേര്‍ക്കേണ്ടതുണ്ട്. അയാളുടെ പ്രവചനത്തില്‍ വിശ്വാസിച്ചാണ് അവള്‍ ആ യുവാവിനെ കൊലപ്പെടുത്തിയതെങ്കില്‍ സ്വാഭാവികമായും അത്തരമൊരു പ്രവചനം നടത്തുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്ത അയാളും ഈ കൊലപാതകത്തിന്റെ ഭാഗമാണ്.
ഷാരോണിന്റെ ശരീരത്തില്‍ നിന്നും കോപ്പര്‍ സള്‍ഫേറ്റിന്റെ സ്വഭാവമുള്ള കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് എന്ന ഡോക്ടറുടെ മൊഴിയാണ് ഈ കേസില്‍ വഴിത്തിരിവായിട്ടുള്ളത്. ഒരു പക്ഷേ ഡോക്ടര്‍ അത് പറയുകയും മാധ്യമങ്ങള്‍ ആ വാര്‍ത്ത ഇത്രയും പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തിരുന്നില്ല എങ്കില്‍ 'എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ജ്യൂസ് കഴിച്ച യുവാവ് മരണപ്പെട്ടു' എന്ന തലക്കെട്ടോടെ ഏതെങ്കിലും പത്രത്തിലെ ഒരു കോളം ഉള്‍പേജ് വാര്‍ത്തയായി മാത്രം അവസാനിക്കുമായിരുന്നു ഈ കൊലപാതകവും. അങ്ങനെ ഉണ്ടായില്ല എന്നത് കൊണ്ട് ഒരു ക്രൈം തെളിയിക്കപ്പെട്ടു.
ഒരു വ്യക്തിയുടെ ശരീരത്തില്‍ കോപ്പറിന്റെ അളവ് അധികമായാല്‍ ശരീര കോശങ്ങള്‍ സമയമെടുത്ത് നശിക്കുമെന്നുള്ളത് കൊണ്ട് തന്നെ സ്ലോ പോയിസന്‍ എന്ന നിലയ്ക്ക് ജ്യൂസ് ചാലഞ്ച് എന്ന പേരില്‍ ഗ്രീഷ്മ ഷാരോണിന് ഒന്നില്‍ കൂടുതല്‍ തവണ കീടനാശിനി നല്‍കിയിരിക്കാം എന്ന കണ്ടെത്തലുകള്‍ ഉണ്ടാകുന്നുണ്ട്. ശരീരത്തിലെ കോപ്പറിന്റെ അളവ് കൂടിയാലുണ്ടാകുന്ന ആദ്യകാല ബയോമാര്‍ക്കര്‍ കണ്ടെത്തുന്നത് ദുസ്സഹമാണെന്നും, കോപ്പര്‍ ശരീരത്തിലെത്തി ഛര്‍ദ്ദില്‍ അനുഭവിക്കുന്ന സമയത്ത് പോലും, ശരീരത്തിലെ കോപ്പറിന്റെ അളവ് കൂടുതലാണെന്ന് വിശ്വസനീയമായി കണ്ടെത്താന്‍ സാധിക്കില്ല എന്നുള്ളതുമാണ് ഷാരോണിനെ മരണത്തിലേക്ക് നയിച്ച പ്രധാന ഘടകം. ഷാരോണിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പോലും അവര്‍ക്ക് വല്ല കൈപ്പിഴയും പറ്റിയതാണോ എന്ന് സംശയിച്ചു പോയത് അതുകൊണ്ടാകാം.
മനുഷ്യര്‍ കോപ്പര്‍ സംയുക്തങ്ങള്‍ കഴിച്ചാല്‍ അത് ആമാശയത്തില്‍ വച്ചു തന്നെ ആഗിരണം ചെയ്യപ്പെടുമെന്നതാണ് മനുഷ്യ ശരീരത്തിന്റെ ഒരു പ്രത്യേകത. പാസീവ് ഡിഫ്യൂഷന്‍ വഴിയും ആക്റ്റീവ് ട്രാന്‍സ്‌പോര്‍ട്ട് മെക്കാനിസങ്ങള്‍ വഴിയും ഇത് ആഗിരണം ചെയ്യപ്പെടും. അതായത് രക്തത്തില്‍ കോപ്പറിന്റെ അളവ് ആദ്യത്തെ ഒന്നു മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ക്രമാതീതമായി ഉയരുകയും അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കോപ്പര്‍ പെട്ടെന്ന് എത്തുവാനും, കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുവാനും ഇടയാക്കുകയും ചെയ്യുന്നു എന്നതാണ് ഈ വിഷയത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മരണത്തിന് തൊട്ട് മുമ്പ് ഷാരോണ്‍ മജിസ്ട്രേറ്റിന് നല്‍കിയ മരണ മൊഴിയിലോ പൊലീസിന് നല്‍കിയ മൊഴിയിലോ ഗ്രീഷ്മ നല്‍കിയ വിഷം കലര്‍ത്തിയ കഷായം കുടിച്ചതിനെ കുറിച്ചൊരു വരി പോലും ഷാരോണ്‍ പറഞ്ഞിട്ടില്ല. വിഷം കലര്‍ത്തിയിരുന്നതിനെ കുറിച്ച് പോയിട്ട് കഷായം കുടിച്ചതിനെ കുറിച്ചേ വീട്ടുകാരോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടില്ല. മരണത്തിന് തൊട്ട് മുമ്പ് അത്രയും സീരിയസ് ആയിരിക്കെ ആണ് കുടുംബം ഈ വിവരം അറിയുന്നത് എന്നത് കൊണ്ട് തന്നെ അത് നിയമപ്രകാരം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
ആദ്യ തവണ ജ്യൂസ് ചാലഞ്ച് എന്ന പേരില്‍ ഷാരോണിനെ കൊണ്ട് ജ്യൂസ് കുടിപ്പിച്ചപ്പോള്‍ തന്നെ ഷാരോണിന് ഛര്‍ദില്‍ ഉണ്ടായിരുന്നു എന്ന് കുടുംബം പറയുന്നുണ്ട്. അന്ന് ശരീരത്തിലേക്ക് എത്തിയ കോപ്പര്‍ സള്‍ഫേറ്റിന്റെ അളവ് കുറഞ്ഞതായിരിക്കാം യുവാവ് രക്ഷപ്പെടാന്‍ കാരണം. എന്നാല്‍, അന്ന് മുതല്‍ തന്നെ ആന്തരികാവയവങ്ങളെ വിഷാംശം ബാധിച്ച് തുടങ്ങിയിരിക്കാം എന്ന് വേണം മനസ്സിലാക്കാന്‍. കോപ്പര്‍ സള്‍ഫേറ്റ് വെള്ളത്തില്‍ ലയിക്കുമ്പോള്‍ നീല നിറമാകും ഉണ്ടാകുന്നതുകൊണ്ടും, രുചി തിരിച്ചറിയാതിരിക്കാനും, അളവ് കൂട്ടി ഉപയോഗിക്കാന്‍ തീരുമാനിച്ചത് കൊണ്ടുമാകാം കൊലപാതകം നടത്താന്‍ കഷായം ഉപയോഗിച്ചിട്ടുണ്ടാവുക.
ഒരു കെമിക്കല്‍ കോമ്പൗണ്ടിനെ കൃത്യമായി തിരിച്ചറിയുക. അതിനെ എങ്ങനെ ഒരു വിഷമായി ഉപയോഗിക്കാമെന്നതിനെ കുറിച്ചുള്ള ഫലപ്രദമായ രീതി ഗൂഗിള്‍ സെര്‍ച്ച് ചെയ്തും മറ്റും കണ്ടെത്തുക. എന്നിട്ട് ആ രീതിയില്‍ ഒരു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുക. ഇതൊക്കെ ഷാരോണിന്റെ മരണത്തില്‍ നടന്നിട്ടുണ്ട്. അത് 22 വയസ്സുള്ളൊരു പെണ്‍കുട്ടിക്ക് തനിച്ചു സാധിക്കുമോ എന്നാണ് കണ്ടെത്തേണ്ടത്. മറ്റൊന്ന് പാറശാല പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തില്‍ നിന്ന് യുവതി എങ്ങനെയാണ് രക്ഷപ്പെട്ടത് എന്നതാണ്. യുവതി അങ്ങനെ ചെയ്യില്ലെന്ന് ഷാരോണിന്റെ കുടുംബത്തോട് ഉറപ്പിച്ചു പറയാന്‍ പാറശാല പൊലീസിനെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും?
ഷാരോണിനെ കൊല്ലാനുള്ള നീക്കം തന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല എന്നാണ് ഗ്രീഷ്മ പൊലീസില്‍ നല്‍കിയ മൊഴി. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും താന്‍ ഒറ്റയ്ക്കാണെന്ന് ചുരുക്കം. വിഷം നല്‍കിയത് ഷാരോണിനോട് പറഞ്ഞിട്ടുണ്ട് എന്നും, ആരോടും പറയരുതെന്ന് ഷാരോണ്‍ തന്നെയാണ് പറഞ്ഞതെന്നും യുവതി പറയുന്നുണ്ട്. അതായത് താന്‍ പ്രണയിച്ച പെണ്‍കുട്ടി തന്നെ കൊല്ലാന്‍ ശ്രമിച്ച വിവരം അവനറിയാമായിരുന്നു. എന്നാല്‍, മരണത്തിന് തൊട്ട് മുമ്പ് ഷാരോണ്‍ മജിസ്ട്രേറ്റിന് നല്‍കിയ മരണ മൊഴിയിലോ പൊലീസിന് നല്‍കിയ മൊഴിയിലോ ഗ്രീഷ്മ നല്‍കിയ വിഷം കലര്‍ത്തിയ കഷായം കുടിച്ചതിനെ കുറിച്ചൊരു വരി പോലും ഷാരോണ്‍ പറഞ്ഞിട്ടില്ല. വിഷം കലര്‍ത്തിയിരുന്നതിനെ കുറിച്ച് പോയിട്ട് കഷായം കുടിച്ചതിനെ കുറിച്ചേ വീട്ടുകാരോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടില്ല. മരണത്തിന് തൊട്ട് മുമ്പ് അത്രയും സീരിയസ് ആയിരിക്കെ ആണ് കുടുംബം ഈ വിവരം അറിയുന്നത് എന്നത് കൊണ്ട് തന്നെ അത് നിയമപ്രകാരം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പിന്നീട് ഈ കാര്യം ഷാരോണിന്റെ സഹോദരന്‍ ഗ്രീഷ്മയോട് ചോദിക്കുകയും അവള്‍ ഒഴിഞ്ഞു മാറുകയും ചെയ്തതോടെ ആണ് കുടുംബം യുവതിയെ സംശയിച്ചു തുടങ്ങുന്നത്.
മരണ ശേഷം മകന്റെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി പാറശാല പൊലീസില്‍ ഷാരോണിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നത് കൊണ്ട് തന്നെ, ഈ പറയുന്ന വിഷം കലര്‍ത്തിയ കഷായത്തിന്റെയോ, എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞെന്ന് പറയപ്പെടുന്ന ജ്യൂസിന്റെയോ സാമ്പിളുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായുള്ള മരണമെന്നാണ് പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട് പോലും. അതായത് കേസിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തെളിവുകള്‍ അതാവാ നിര്‍ണ്ണായക തെളിവുകളായ വിഷാംശം അടങ്ങിയ കുപ്പികള്‍ നഷ്ടപ്പെട്ടൊരു കേസാണ് ഷാരോണിന്റെ കൊലപാതകക്കേസ്. വരാനിരിക്കുന്ന കെമിക്കല്‍ എക്സാമിനേഷന്‍ റിസള്‍ട്ടില്‍ മാത്രം പ്രതീക്ഷ വയ്ക്കാവുന്ന കേസാണിതെന്ന് ചുരുക്കം.
നിലവില്‍ പൊലീസിന്റെ കയ്യില്‍ ആകെയുള്ള തെളിവ് ഷാരോണിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ ചാറ്റും, വീഡിയോസും, പെണ്‍കുട്ടി പൊലീസിനോട് കുറ്റം സമ്മതിക്കുന്ന മൊഴിയും മാത്രം. ഇതില്‍ ചാറ്റുകളില്‍ വിഷം നല്‍കിയതിനെ പറ്റി ഒരു സംസാരമില്ല. മറിച്ച് കഷായവും ജ്യൂസും നല്‍കി എന്ന് മാത്രമാണുള്ളത്, ഇതിന്റെ രണ്ടിന്റെയും കുപ്പി പോലും കണ്ടെടുത്തിട്ടില്ല എന്നത് കൊണ്ട് തന്നെ കോടതിയിലതിന്റെ ഭാവി എന്താകുമെന്ന കാര്യം കണ്ടു തന്നെയറിയണം. പിന്നെ ബാക്കിയുള്ളത് അവള്‍ കുറ്റം സമ്മതിച്ചു എന്നതുമാത്രമാണെന്നിരിക്കെ കോടതിയിലവളത് മാറ്റി പറയില്ലെന്നതില്‍ എന്താണുറപ്പ്?
1995 ല്‍ രാജസ്ഥാനില്‍ സമാന രീതിയിലുള്ളൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ആദ്യ ഘട്ടത്തില്‍ ശിക്ഷിക്കപ്പെട്ട പ്രതി പിന്നീട് രക്ഷപ്പെടുകയും ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവതിയും യുവാവും തമ്മിലുള്ള പ്രണയം യുവാവിന്റെ വീട്ടുകാര്‍ എതിര്‍ത്തത്തോടെ പെണ്‍കുട്ടി അവളുടെ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരു കല്യാണത്തിന് സമ്മതിച്ചു. ഇതില്‍ പക തോന്നി കോപ്പര്‍ സള്‍ഫേറ്റ് നല്‍കി യുവതിയെ കൊന്ന കേസില്‍ വിചാരണ കോടതി ജീവപര്യന്തം ശിക്ഷിക്കുകയും, ഹൈക്കോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്‌തെങ്കിലും സുപ്രീംകോടതി യുവാവിനെ വെറുതേവിടുകയായിരുന്നു. യുവാവിന്റെ വീട്ടുകാരായിരുന്നു കല്ല്യാണത്തിനെ എതിര്‍ത്തതെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി ഉണ്ടായിരുന്നിട്ടും, സാക്ഷികളോ മറ്റ് തെളിവുകളോ പുറത്തുവരാത്തതിനാല്‍ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നത് ആരുടെയെങ്കിലും ഊഹമാണ് എന്നും, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് രണ്ട് ആളുകള്‍ക്ക് മാത്രമേ അറിയൂ എന്നും, അവരില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ നിയമത്തിന് മുന്നിലാണ്, അതുകൊണ്ട് എന്താണ് അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പ്രോസിക്യൂഷന് പറയാന്‍ സാധിക്കില്ലെന്നു പറഞ്ഞ് യുവാവിനെ വെറുതേവിടുകയായിരുന്നു സുപ്രീംകോടതി.
ഏറെ കുറെ ഇതിന് സമാനമായ കേസാണ് ഷാരോണിന്റെ കൊലപാതകം എന്നിരിക്കെയും, പ്രാഥമിക തെളിവുകള്‍ പോലും നഷ്ടപ്പെട്ടു എന്നത് കൊണ്ടും പ്രതിക്ക് വളരെ എളുപ്പത്തില്‍ കോടതിക്ക് മുന്നില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതകളുള്ള ഈ കേസിന്റെ മുന്നോട്ടുള്ള പോക്കില്‍ ഉണ്ടാവാനിടയുണ്ട്. ഒപ്പം ഷാരോണിന്റെ കുടുംബത്തിന്റെ ആദ്യ പരാതിയില്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ പാറശാല പൊലീസിന് തെളിയിക്കാമായിരുന്ന ഒരു കേസില്‍ അവര്‍ കാണിച്ച മെല്ലെ പോക്കിനെയും, ക്ലീന്‍ ചിറ്റിനെയും, നിഷ്‌ക്രിയത്വത്തെയും സംശയിക്കേണ്ട സാഹചര്യവും നിലവിലുണ്ട്.
ക്രൈം ചെയ്തത് ഒരു പെണ്‍കുട്ടി ആണെന്നതോ അവള്‍ പഠിക്കാന്‍ മിടുക്കി ആയിരുന്നു എന്നതോ, ചെറിയ പ്രായമാണെന്നതോ ഒന്നും ഒരാള്‍ക്ക് അയാള്‍ ചെയ്ത തെറ്റില്‍ നിന്ന്, ഒരു കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള കാരണങ്ങള്‍ അല്ല. നിയമത്തില്‍ നിന്ന് ഊരി പോകാനുള്ള മാനദണ്ഡവുമല്ല. മറിച്ച് ഇത്രയും ചെറിയ പ്രായത്തിലുള്ള, പഠിക്കാന്‍ മിടുക്കിയായിരുന്ന, ഉയര്‍ന്ന വിദ്യാഭ്യാസമുള്ള, ഒരു പെണ്‍കുട്ടിക്ക് എങ്ങിനെയാണ് ഇത്തരത്തിലുള്ള ക്രൈമുകള്‍ ചെയ്യാന്‍ സാധിക്കുന്നത് എന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടതും പഠിക്കേണ്ടതും. നമ്മുടെ പാരന്റിങില്‍, സ്‌കൂള്‍ പഠനത്തില്‍, സാമൂഹിക ചുറ്റുപാടില്‍ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. അത് പരിഹരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അത് വീടുകളില്‍ നിന്ന്, സ്‌കൂളുകളില്‍ നിന്ന്, വളര്‍ന്ന് വരുന്ന കുഞ്ഞുങ്ങള്‍ ഇടപെടുന്ന എല്ലാ മേഖലയില്‍ നിന്നും ആരംഭിക്കേണ്ടതുണ്ട്.
തെറ്റ് ചെയ്തത് ആരായാലും അവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതില്‍ ജെന്റര്‍ വ്യത്യാസം ഇല്ല. ഈ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകുന്നതിനോടൊപ്പം തന്നെ അകാലത്തില്‍ മകന്‍ നഷ്ടപ്പെട്ട ആ കുടുംബത്തിന് പൂര്‍ണ്ണ നീതി ഉറപ്പാക്കേണ്ടേ ബാധ്യതയും ഭരണകൂടത്തിനുണ്ട്.