വേനലിലെ പൂക്കള്‍: തിരഞ്ഞെടുത്ത മലയാള സിനിമകളെ മുന്‍നിര്‍ത്തി ഒരാലോചന

22 ഫിമെയ്ല്‍ കോട്ടയം, ഉയരെ, മായാനദി, ഫ്രീഡം ഫൈറ്റ്, ജയ ജയ ജയഹേ തുടങ്ങി നിരവധി സ്ത്രീപക്ഷ സിനിമകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള ഭാഷയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഈ ചിത്രങ്ങളുടെ പൊതുസ്വഭാവമായി കണക്കാക്കാവുന്ന ഒരു കാര്യം, ഇവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ കുരുക്കഴിച്ചെടുക്കുക എളുപ്പമാണ് എന്നതൊ സങ്കീര്‍ണമായ ഒരു Decoding പ്രക്രിയ അവ ആവശ്യപ്പെടുന്നില്ല എന്നതൊ ആണ്.

Update: 2023-02-22 13:39 GMT

ആധുനിക പുരുഷാവസ്ഥ അതിസങ്കീര്‍ണമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു വര്‍ത്തമാനകാലമാണ് നമുക്കു മുന്‍പിലുള്ളത്. ഇടത് വോക് ഫെമിനിസത്തിന്റെ വ്യാപനത്തോടെ പുരുഷന്റെ പ്രതിസ്ഥാനം മുന്‍പത്തേക്കാളേറെ സ്ഥിരത നേടുകയും ചെയ്തു. പുരുഷാധിപത്യപരമായ ഒരു ലോകക്രമത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത് എന്ന് ആവര്‍ത്തിച്ച് പറയപ്പെടുമ്പോള്‍ പോലും ആധിപത്യത്തിന്റെ നിവബന്ധിതമായ വാഹകത്വം ഏറ്റെടുക്കേണ്ടിവരുന്ന വ്യക്തി കടന്നുപോകേണ്ടിവരുന്ന സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളേതും അര്‍ഹിക്കാത്ത വിധം തഴയപ്പെടുന്ന സ്ഥിതിയുമാണ് നിലവിലത്തേത്. ഒരു സ്ത്രീക്കു മുന്‍പില്‍ ചെയ്തുകൂടാത്തതും ചെയ്യേണ്ടതുമായ കാര്യങ്ങളുടെ ഒരു നിര അവതരിപ്പിക്കുന്നത് സ്ത്രീപക്ഷ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ അടിച്ചമര്‍ത്തലാണ്. എന്നാല്‍, ഇതേ അവസ്ഥ തന്നെയാണ് പുരുഷന്റെ കാര്യത്തില്‍ തിരിച്ചും നിലവിലുള്ളത് എന്ന വസ്തുത സ്ത്രീപക്ഷ വാദികള്‍ മനഃപൂര്‍വ്വമൊ അല്ലാതെയൊ മറവിക്ക് വിട്ടുകൊടുക്കുന്നു.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും വര്‍ധിക്കുന്നതുകൊണ്ടാണ് ഇന്ത്യയില്‍ വിവാഹമോചനങ്ങളുടെ തോത് വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന പുറത്തുവന്നത് ഈയടുത്താണ്. സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഇതേസംബന്ധിച്ച് ഉയര്‍ന്നുവന്നു. ഇത് തീര്‍ച്ചയായും പുരോഗമനപരമായ ഒരു സമീപനമാണ്. പക്ഷെ, പുരുഷന്‍ എന്ന നിലയില്‍ ഒരാള്‍ തൊഴിലെടുക്കേണ്ടത് അനിവാര്യതയാവുകയും മാതാപിതാക്കളും പങ്കാളിയും കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം അയാള്‍ ഏകനായി ഏറ്റെടുക്കുന്നത് സ്വാഭാവികതയാവുകയും ചെയ്യുന്ന നമ്മുടെ സാമൂഹിക സംവിധാനം ഇപ്പോഴും സംശയത്തിന്റെ മുനകളില്‍ നിന്നും ബഹുദൂരം അകലെയാണ് എന്ന വസ്തുത അടിയന്തരമായ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. 2023 ഫെബ്രുവരി രണ്ട് മുതല്‍ അഞ്ച് വരെ നടന്ന മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്സത്തില്‍ പങ്കെടുത്തുകൊണ്ട് എഴുത്തുകാരിയായ സാറാ ജോസഫ് നടത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമായതും ചേര്‍ത്തു വായിക്കാവുന്നവയുമാണ്. ഫെമിനിസം എന്ന പേരില്‍ നിലവില്‍ ആഘോഷിക്കപ്പെടുന്നത് കേവലമായ പുരുഷ വിദ്വേഷമാണെന്നും ഈ അവസ്ഥയില്‍ മാറ്റം സംഭവിച്ച് സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ വസ്തുനിഷ്ഠമായി പഠിക്കപ്പെടണമെന്നുമാണ് അവര്‍ പറയുകയുണ്ടായത്. സ്ത്രീപക്ഷവാദം സ്ത്രീകളേക്കാളുപരി പുരുഷന്റെ പരിഗണനാവിഷയമാകേണ്ടതുണ്ടെന്നു പറഞ്ഞ സാറാ ജോസഫ് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി സ്ത്രീധനം സ്വരൂപിക്കാന്‍ ബാധ്യസ്ഥരാവുന്നതും അതിന്റെ സമ്മര്‍ദ്ദം എതിര്‍പ്പുകളേതുമില്ലാതെ ഏറ്റുവാങ്ങേണ്ടിവരുന്നതും കുടുംബത്തിലെ പുരുഷന്മാരല്ലെ എന്ന ചോദ്യവും ഉയര്‍ത്തിക്കാണിച്ചു.


28 ഒക്ടോബര്‍ 2022 ന് വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ജയ ജയ ജയ ജയഹേ' എന്ന മലയാള സിനിമ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചൂഷണങ്ങളെ പ്രശ്‌നവല്‍കരിക്കുന്ന ഒന്നാണ്. ബൗദ്ധികവും സാമൂഹികവും കായികവുമായ അടിച്ചമര്‍ത്തലുകളുടെ ചിത്രീകരണവും തുടര്‍ന്ന് സ്ത്രീയുടെ മുന്‍കൈയ്യില്‍ തന്നെ നടക്കുന്ന ആത്മവിമോചനവുമാണ് ഈ സിനിമയുടെ ഉള്ളടക്കം. ബാല്യകാലം മുതല്‍ തുടങ്ങുന്ന അച്ചടക്ക പരിശീലനവും ആഗ്രഹിക്കുന്ന വിദ്യാഭ്യാസമൊ തൊഴിലൊ നേടിയെടുക്കാനുള്ള അവസരം നിഷേധിക്കുന്ന കുടുംബ സാഹചര്യവും സാമ്പ്രദായികവും ആചാരപരവുമായി നടത്തപ്പെടുന്ന വിവാഹ ബന്ധങ്ങളുടെ യുക്തിരാഹിത്യവുമെല്ലാം വളരെ പ്രകടമായിത്തന്നെ ഈ ചിത്രത്തില്‍ കാണാം. മലയാളത്തിലൊ ഇന്ത്യന്‍ ഭാഷകളില്‍ തന്നെയൊ പുറത്തിറങ്ങിയ സ്ത്രീപക്ഷ സിനിമകളില്‍ എക്കാലവും ഓര്‍ത്തുവക്കപ്പെട്ടേക്കാവുന്ന ഒന്നാകും ഈ ചിത്രം എന്ന് കരുതാന്‍ ന്യായങ്ങള്‍ ഏറെയാണ്. എന്നാല്‍, 11 നവംബര്‍ 2022 ന് അഭിനവ് സുന്ദര്‍ നായ്കിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന സിനിമ സ്ത്രീ-പുരുഷ സ്ഥിതിയുടെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വശത്തെയാണ് അവതരിപ്പിക്കുന്നത്. അഭിഭാഷകനായി ജോലി ചെയ്യുന്ന നായകന്‍ സാമൂഹ്യാംഗീകൃതമായ ജീവിത വിജയത്തിനു വേണ്ടി പരിധികടന്നതും ഹിംസാത്മകവുമായ മാര്‍ഗങ്ങളാണ് ഈ ചിത്രത്തില്‍ സ്വീകരിക്കുന്നത്. നീതി-അനീതി, ശരി-തെറ്റ് എന്നീ ദ്വന്ദ്വങ്ങളെ പിന്‍പറ്റുന്ന പൊതു സിനിമാ ശൈലിയില്‍ നിന്നുള്ള മനഃപ്പൂര്‍വ്വമുള്ള വേറിട്ടുനടത്തം കൂടി ഇത്തരത്തിലുള്ള ഒരു കഥാപാത്ര നിര്‍മിതിയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വശം നായികയുടെ ജീവിത വീക്ഷണമാണ്. ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ റിസപ്ഷനിസ്റ്റായി തൊഴിലെടുക്കുന്ന നായിക താന്‍ പി.എസ്.സി പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നുണ്ട് എന്ന് സിനിമയിലെ ഒരു പ്രത്യേക അവസരത്തില്‍ പറഞ്ഞുകാണുന്നുണ്ട്. എന്നാല്‍, ഇതേയാള്‍ തന്നെ പി.എസ്.സി പഠനം വിവാഹക്കമ്പോളത്തിലെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി മാത്രം താന്‍ ചെയ്തുപോരുന്ന ഒന്നാണെന്നും വെറുതെ വീട്ടിലിരിക്കുക, യാത്രകള്‍ പോവുക, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക എന്നിവയൊക്കെയാണ് തന്റെ യഥാര്‍ത്ഥ താല്‍പര്യങ്ങള്‍ എന്നും പറയുന്നതായി പിന്നീട് കാണാം. സ്ത്രീകളെ തൊഴിലെടുക്കാന്‍ അനുവദിക്കാതെ വീടിന്റെ അകത്തളങ്ങളില്‍ അടച്ചുപൂട്ടുന്നതാണ് നമ്മളുടെ പൊതുവായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം എന്ന സാമാന്യ ധാരണയെ നേരിട്ടുതന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ് ഈ സിനിമാ സന്ദര്‍ഭം.

മനുഷ്യന്റെ സഹജ സ്വഭാവമായ പരസ്പര മാത്സര്യത്തെ പെരുപ്പിച്ചുകൊണ്ട് ലാഭവിഹിതത്തിന്റെ തോതിനെ അനുദിനമെന്നോണം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്ന മുതലാളിത്ത മൂര്‍ധന്യത്തിലൂടെയാണ് അനുദിനവും നാം കടന്നുപോകുന്നത്. Woody Allen സംവിധാനം നിര്‍വഹിച്ച് 2011 ല്‍ പുറത്തിറങ്ങിയ Midnight in Paris എന്ന സിനിമയിലെ ഒരു ഭാഗം ഇതിന് ഉദാഹരണമായെടുക്കാം. ഏതാനും രാത്രികളില്‍ താന്‍ ജീവിക്കുന്ന നൂറ്റാണ്ടില്‍ നിന്ന് 1920 കളിലേക്ക് സഞ്ചരിക്കുന്ന ഈ സിനിമയിലെ നായകന്‍ ഒരവസരത്തില്‍ വിശ്വപ്രസിദ്ധ സാഹിത്യകാരനായ Ernest Hemingway യെ കണ്ടുമുട്ടുന്നുണ്ട്. താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തെ സംബന്ധിച്ച് അഭിപ്രായമറിയിക്കാനുള്ള നായകന്റെ അഭ്യര്‍ത്ഥനയോട് ഹെമിംഗ്‌വെ പ്രതികരിക്കുന്ന രീതി അസാധരണമാം വിധം സുതാര്യമാണ്. 'നിങ്ങളുടെ എഴുത്ത് മറ്റൊരു എഴുത്തുകാരനെ മൂല്യനിര്‍ണയത്തിനായി ഏല്‍പ്പിച്ചാല്‍ രണ്ട് കാര്യങ്ങളാണ് സംഭവിക്കുക. ഇഷ്ടപ്പെട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് മോശമാണെന്ന് അയാള്‍ പറയും. കൊള്ളാവുന്നതായി തോന്നിയാല്‍ അയാള്‍ അസൂയാലുവായിത്തീരുകയും മോശമാണെന്ന മറുപടി തന്നെ പറയുകയും ചെയ്യും' :- എന്നതാണ് പ്രസ്തുത പ്രതികരണം. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ വ്യക്തികള്‍ വച്ചുപുലര്‍ത്തുന്ന പരസ്പര സമീപനങ്ങള്‍ ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. സാമൂഹിക മാധ്യമങ്ങള്‍ സമൂഹ ശരീരത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒരവയവമായിത്തീര്‍ന്ന ഒരു കാലഘട്ടമാണിത്. സാങ്കേതിക വിപ്ലവത്തിന്റെ ഭാഗമായി നിലവില്‍ വന്ന ഈ സ്ഥിതിവിശേഷം സമൂഹത്തെ മുന്‍പെങ്ങുമില്ലാത്ത വിധമുള്ള പൊളിച്ചെഴുത്തുകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. 'തിരഞ്ഞെടുപ്പിന്റെ അധികാരവും ധാരാളിത്തവും' സ്ത്രീകളില്‍ ഭദ്രമാക്കപ്പെട്ടു എന്നതാണ് അതിലെ പ്രധാനപ്പെട്ട ഒന്ന്. മെസ്സേജ് ബോക്‌സിലും ജീവിതത്തില്‍ തന്നെയും തനിക്ക് മുന്‍പും പിന്‍പുമുള്ളവരുമായി മത്സരിച്ചുകൊണ്ടേയിരിക്കുക എന്ന പുരുഷ ദുരിതമാണ് രണ്ടാമത്തേത്. ഇവ സര്‍വ്വതോന്മുഖമായ ഔന്നിത്യ സമ്പാദനത്തിനും അതിന്റെ നിലനിര്‍ത്തലിനുമായുള്ള ആണ്‍കൂട്ടത്തിന്റെ ഓട്ടത്തിന് ഇന്ധനമാവുകയും ചെയ്യുന്നു.


രണ്ട് തവണ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും (മഹേഷിന്റെ പ്രതികാരം -2017, ജോജി -2022) ഒരു തവണ ദേശീയ പുരസ്‌കാരവും (മഹേഷിന്റെ പ്രതികാരം-2017) നേടിയ മലയാള രചയിതാവാണ് ശ്യാം പുഷ്‌കര്‍. നിരവധി സിനിമകളില്‍ സഹ തിരക്കഥാ രചന, സംഭാഷണ രചന എന്നിവയില്‍ ഭാഗമായിട്ടുള്ള ഇദ്ദേഹം കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ച സിനിമകള്‍ യഥാക്രമം മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി, തങ്കം എന്നിവയാണ്. സംവിധായകനും അഭിനേതാവുമായ ദിലീഷ് പോത്തനുമായിച്ചേര്‍ന്ന് 2018 ല്‍ ഇദ്ദേഹം ആരംഭിച്ച 'Working Class Hero' എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് 'Fahad Fasil and Friends' എന്ന നിര്‍മാണ സംരംഭവുമായി ചേര്‍ന്ന് 2019 കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം നിര്‍മ്മിച്ചത്. ഭാവന സ്റ്റുഡിയോസ്, Fahad Fasil and Friends, Working Class Hero എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം സഹീദ് അറാഫത് സംവിധാനം ചെയ്ത 'തങ്കം' ആണ് (26 January 2023). ശ്യാം പുഷ്‌കര്‍ കൂടി ഭാഗമായ 'Working Class Hero' എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതിയ സിനിമകള്‍ 'തൊഴില്‍' എന്നതിനെ അവയുടെ കേന്ദ്രസ്ഥാനങ്ങളിലൊന്നായി പ്രതിഷ്ഠിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ തന്റെ പിതാവ് ചെയ്തുപോന്നിരുന്ന ഫോട്ടോഗ്രാഫി എന്ന തൊഴില്‍ പിന്‍തുടരുന്നയാളാണ് നായകന്‍. ഇന്ത്യന്‍ സമൂഹത്തില്‍ ജാതീയ മൂല്യങ്ങളുടെ അവശേഷിപ്പുകളില്‍ ഒന്നായി ഇന്നും തുടരുന്ന ഒന്നാണ് തൊഴിലിന്റെ തലമുറകളായുള്ള തുടര്‍ച്ച. അധ്യാപനം, അഭിഭാഷകവൃത്തി, പൊലീസ്, ആര്‍മി, ഗവണ്‍മെന്റ് ജോലികള്‍ എന്നിങ്ങനെ സമൂഹത്തില്‍ പ്രത്യേക പ്രിവിലെജ് ലഭിക്കുന്ന തൊഴിലുകളുടെ പൊതുസ്വഭാവം പരിശോധിച്ചാല്‍ ഇതില്‍ മിക്കവരുടെയും മുന്‍തലമുറ അതേ ജോലിയൊ സമാനമായ ബഹുമാനം ലഭിച്ചുപോരുന്ന മറ്റ് തൊഴിലുകളൊ ചെയ്തിരുന്നവരാണ് എന്നുകാണാം. ഈ പ്രവണതയിലെ പ്രധാന പ്രശ്‌നങ്ങള്‍ വ്യക്തികള്‍ക്ക് തങ്ങളുടെ അഭിരുചിയൊ നൈപുണ്യമൊ സ്വയം തിരിച്ചറിയാന്‍ പോലുമുള്ള അവസരം നഷ്ടപ്പെടുന്നു എന്നതും തങ്ങള്‍ക്കിണങ്ങാത്തവയില്‍ ചെന്നുചേരേണ്ടിവരുന്നു എന്നതുമാണ്. സിനിമയില്‍ സദൃശമായ ഒരു പ്രതിസന്ധി ഘട്ടം ഫഹദ് ഫാസില്‍ അവതരിപ്പിച്ച നായക കഥാപാത്രം നേരിടുന്നുണ്ട്. പിതാവില്‍ നിന്ന് ഏറ്റെടുക്കേണ്ടിവന്ന തൊഴിലില്‍ പ്രാമാണ്യം നേടാന്‍ അയാള്‍ക്ക് കഴിയാതെ വരുന്നു. ഇതോടനുബന്ധിച്ച് അയാളുടെ പിതാവ് പറയുന്ന ഒരു വാചകം ഈ സിനിമയിലെത്തന്നെ ഓര്‍ത്തുവക്കപ്പെടുന്ന ഒന്നായി പിന്നീട് മാറുകയുണ്ടായി. 'ഫോട്ടോഗ്രാഫി പഠിപ്പിക്കാന്‍ പറ്റില്ല. പക്ഷെ പഠിക്കാന്‍ പറ്റും' എന്നതാണത്. നായകന്‍ തന്റെ പരിമിതികളെ ഗൗവരവത്തിലെടുക്കുകയും അവയെ പരിഹരിക്കാനുള്ള ശ്രമത്തില്‍ വിജയിക്കുകയും ചെയ്യുന്ന ഘട്ടം ഈ ചിത്രത്തിന്റെ ഒരു പ്രധാന പരിണാമ സന്ധിയുമാണ്.


'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന സിനിമയിലേക്ക് വന്നാല്‍ ഒരൊറ്റ നായകന്‍ എന്നതില്‍ നിന്ന് വ്യത്യസ്തമായി തുല്യ പ്രാധാന്യമുള്ള ഏതാനും കഥാപാത്രങ്ങളെയാണ് കാണാനാവുക. ഇതിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളും തൊഴില്‍പരമായ പ്രതിസന്ധി നേരിടുന്നവരവാണ്. അതിലെത്തന്നെ സൗബിന്‍ സാഹിര്‍ അവതരിച്ച 'സജി' എന്ന കഥാപാത്രത്തിന് തന്റെ കുത്തഴിഞ്ഞ ജീവിതവും മാനസികമായ സംഘര്‍ഷങ്ങളും മൂലമാണ് തൊഴില്‍ എന്ന അച്ചടക്കത്തില്‍ സ്വയം ഉള്‍ക്കൊള്ളിക്കാന്‍ കഴിയാതെപോവുന്നത്. ഷെയ്ന്‍ നിഗം അവതരിപ്പിച്ച 'ബോബി' എന്ന കഥാപാത്രം ലക്ഷ്യരാഹിത്യത്തിലകപ്പെട്ട ആധുനിക യൗവ്വനത്തിന്റെ പ്രതിനിധിയാണ്. പ്രണയത്തിന്റെയും പങ്കാളിത്തജീവിതം മുന്നില്‍ കണ്ടുള്ള സ്വയം പരിവര്‍ത്തനത്തിന്റെയും ഭാഗമായി ബോബിക്കും കുടുംബപരമായ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവന്ന സജിക്കും സിനിമയുടെ അന്ത്യത്തോടെ അനിവാര്യമായും തൊഴില്‍ ജീവിതം ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. ഇരുവരും തിരഞ്ഞെടുക്കുന്നത് ഒരേ ഉപജീവനമാര്‍ഗമാണെങ്കിലും സജിയുടേത് ഉത്തരവാദിത്തത്തിന്റെ കേവലമായ പിന്‍പറ്റലും ബോബിയുടേത് തൊഴില്‍പരമായ സാംസ്‌കാരിക-സാമൂഹിക കല്‍പിത സ്ഥാനങ്ങളെ വിലവക്കേണ്ടതില്ലെന്നും തനിക്കിണങ്ങുന്നതും സ്വയം പര്യാപ്തവുമായ തൊഴില്‍ ചെയ്യുന്നതില്‍ അപമാനമേതുമില്ലെന്നുമുള്ള പങ്കാളിയുടെ പുരോഗമനപരമായ ലോകവീക്ഷണത്തിന്റെ പരിണിതിയുമാണ്.

വില്യം ഷേക്‌സ്പിയറിന്റെ 'മക്ബത്' എന്ന നാടകത്തെ ഉപജീവിച്ച് രചിക്കപ്പെടുകയും ചലച്ചിത്രമായി ആവിഷ്‌കരിക്കപ്പെടുകയും ചെയ്ത 'ജോജി' എന്ന സിനിമ മലയാളത്തില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും മികച്ച പരീക്ഷണ സിനിമകളില്‍ ഒന്നാണ്. ശ്യാം പുഷ്‌കറിന്റെ അവസാന സിനിമയായ 'തങ്കം' പിന്‍തുടരുന്ന ക്രൈം, ഹ്യൂമര്‍ എന്നിവയുടെ സമ്മിശ്രണത്തിന്റെ പ്രാഗ്‌രൂപമായി പരിഗണിക്കാവുന്ന ഒന്നാണ് ഈ ചിത്രം. 'അമേരിക്കന്‍ സൈക്കൊ' പോലുള്ള ചുരുക്കം ചില സിനിമകള്‍ മാത്രം പരീക്ഷിച്ച് വിജയിച്ച ഒരു രീതിയാണിത്. അതിസമ്പന്നമായ ഒരു കുടുംബത്തിലെ ഏറ്റവും ഇളയ മകനായ 'ജോജി' എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, പിതാവിനാല്‍ നിരന്തരം ആക്ഷേപിക്കപ്പെടുന്ന, തൊഴില്‍ രഹിതമായ ഒരാളാണ് ജോജി. അയാള്‍ക്ക് ഏതെങ്കിലും ജോലിയോടൊ മേഖലയോടു തന്നെയുമൊ പ്രത്യേക താല്‍പര്യങ്ങളില്ല. എന്നാല്‍, അതിസമ്പന്നമായതും ഉദാസീനവുമായ ഒരു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് അയാളെ മുന്നോട്ടു നയിക്കുന്നത്. അതിന്റെ ഭാഗമായി അയാള്‍ നടത്തുന്ന നീക്കങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ഈ ചിത്രത്തിന്റെ കാതല്‍. കുടുംബം എന്ന സ്ഥാപനം ഒരു പുരുഷനില്‍ നിക്ഷേപിക്കുന്ന മൂലധനത്തില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്ന പില്‍ക്കാല വിളയെടുപ്പിന്റെ സാധ്യതകള്‍ കെട്ടുപോകുമ്പോള്‍ ഉടലെടുക്കുന്ന പരസ്പര സംഘര്‍ഷങ്ങളെന്ന നിലയിലും ഈ ചിത്രത്തെ നോക്കിക്കാണാവുന്നതാണ്. കേരളത്തില്‍ നടന്ന 'കൂടത്തായി കൊലപാതക പരമ്പര'കളോട് സാദൃശ്യമുള്ള ഒന്നായിക്കൂടി കണക്കിലെടുക്കാവുന്നതുമാണ് ഈ ചിത്രം. 'ജോജി' എന്ന സിനിമ തൊഴില്‍, കുടുംബ ഘടന, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയോടുള്ള ആധുനിക ആണവസ്ഥയുടെ തണുത്തതും അക്രമാസക്തവുമായ പ്രതികരണത്തിലാണ് ഊന്നുന്നതെങ്കില്‍, 'തങ്കം' പിതൃകേന്ദ്രിത കുടുംബ ഘടനയുടെ ഇരയായിത്തീരുന്ന വര്‍ത്തമാനകാല പുരുഷന്റെ ദൈന്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. പാരമ്പര്യപ്പകര്‍ച്ചയായി നാം തുടര്‍ന്നു പോരുന്ന പുരുഷ സങ്കല്‍പങ്ങളുടെ ഇരയാണ് ഈ ചിത്രത്തിലെ നായകന്‍. 'സംരക്ഷണം' എന്ന പേരില്‍ ഒരു വിഭാഗം സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അംഗീകൃത ബന്ധിയാക്കപ്പെടലിന്റെ മറുപുറമാണിത്. 'സംരക്ഷകന്‍' എന്ന പദവി പൊതുബോധ പ്രകാരം ചുമക്കേണ്ടിവരുന്ന പുരുഷന്റെ 'ജീവിക്കാന്‍ കഴിയാതെ പോകുന്ന ജീവിതം' നമ്മെ നോക്കി തൂങ്ങിയാടുമ്പോള്‍ ഉച്ചനീചത്വങ്ങളെ സംബന്ധിക്കുന്ന കാലാഹരണപ്പെട്ട സമവാക്യങ്ങളെ അറുത്ത് താഴെയിറക്കേണ്ടതും മറവുചെയ്യേണ്ടതുമായ ഉത്തരവാദിത്തമാണ് ഈ സിനിമ പ്രേക്ഷനെയേല്‍പിക്കുന്നത്.


ആധുനിക സമൂഹം എന്തുകൊണ്ട് പുരുഷാധിപത്യപരമല്ല എന്ന തന്റെ വാദത്തെ സാധൂകരിക്കുന്നതിന്റെ ഭാഗമായി ലോകപ്രശസ്ത സൈക്കോളജിസ്റ്റും അധ്യാപകനുമായ ജോര്‍ദാന്‍ പീറ്റേര്‍സന്‍ ഏതാനും വസ്തുതകള്‍ എടുത്തുപറയുന്നുണ്ട്. സമ്പത്തിന്റെ ഭൂരിഭാഗവും ഒരു ചെറിയ വിഭാഗം സമ്പന്നര്‍ കൈവശം വച്ചിരിക്കുകയാണ് എന്ന കാര്യം സത്യമാണെന്നും എന്നാല്‍, യുദ്ധത്തില്‍ കൊല്ലപ്പെടുന്നവര്‍, തെരുവില്‍ പാര്‍ക്കുന്നവര്‍, വിദ്യാലയങ്ങളില്‍ മോശം പ്രകടനം കാഴ്ചവക്കുന്നവര്‍, ജയിലിലടക്കപ്പെടുന്നവര്‍, മാനസികാസ്വാസ്ഥ്യങ്ങളനുഭവിക്കുന്നവര്‍ എന്നിവരുടെ കണക്കെടുത്താല്‍ അവരിലെ ബഹുഭൂരിപക്ഷവും പുരുഷന്മാരാണെന്നുമാണ് അദ്ദേഹം പറഞ്ഞുവക്കുന്നത്. അതുകൊണ്ടുതന്നെ വിജയികള്‍ എന്ന് കണക്കാക്കപ്പെടുന്ന ഒരു ചെറുവിഭാഗം പുരുഷന്മാരെ മാത്രം മുന്‍നിര്‍ത്തി പുരുഷാധിപത്യത്തെ നിര്‍വ്വചിക്കരുത് എന്ന കണിശമായ മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. 22 ഫിമെയ്ല്‍ കോട്ടയം, ഉയരെ, മായാനദി, ഫ്രീഡം ഫൈറ്റ്, ജയജയജയഹേ തുടങ്ങി നിരവധി സ്ത്രീപക്ഷ സിനിമകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള ഭാഷയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഈ ചിത്രങ്ങളുടെ പൊതുസ്വഭാവമായി കണക്കാക്കാവുന്ന ഒരു കാര്യം ഇവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ കുരുക്കഴിച്ചെടുക്കുക എളുപ്പമാണ് എന്നതൊ സങ്കീര്‍ണമായ ഒരു Decoding പ്രക്രിയ അവ ആവശ്യപ്പെടുന്നില്ല എന്നതൊ ആണ്. എന്നാല്‍, ഈ മുദ്രാവാക്യ സ്വഭാവത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ആഴത്തിലുള്ള വായനയും വിശകലനവും നടത്തുന്നതിലൂടെ മാത്രം വിശദീകരണക്ഷമമാകുന്നവയാണ് ഇവിടെ പറഞ്ഞുവച്ച മറ്റു സിനിമകള്‍. ഇടത് വോക് സാംസ്‌കാരിക ബോധ്യങ്ങളുടെ ആധിപത്യം അതിന്റെ എല്ലാ തീവ്രതയോടെയും മുന്നേറുന്ന ഒരു സമൂഹത്തില്‍ നിലനില്‍പ്പിന്റേതായ സാധ്യതകള്‍ പരിഗണിക്കുന്നതിന്റെ (ബോധപൂര്‍വ്വമായതൊ അല്ലാത്തതൊ ആയ) ഭാഗമായിക്കൂടിയാകാം ഈ സമീപനം. എന്തൊക്കെയായിരുന്നാലും 'കെട്ടകാലത്ത് കവിതകളുണ്ടാകുമൊ?, ഉവ്വ്; കെട്ടകാലത്തിന്റെ കവിതകള്‍' എന്ന ബെര്‍തോള്‍ഡ് ബ്രഹ്തിന്റെ വാചകം പോലെ ഈ സിനിമകളെ വീണ്ടെടുത്താദരിക്കുന്ന ഒരു ഭാവികാലം ഉണ്ടാകുമെന്ന് ഉറപ്പിച്ചു തന്നെ പറയാം.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സനല്‍ ഹരിദാസ്

Writer

Similar News