വരൂ ഓപ്പറ കാണാന്‍ പോകാം, നമുക്ക് ഇറ്റ്‌ഫോക്കിലേക്ക്!

ഭാവാഭിനയത്തിന്റെ തായ്വാനീസ് ഓപ്പറ നാടകം ഹീറോ ബ്യൂട്ടി പതിമൂന്നാമത് ഇറ്റ്‌ഫോക്കില്‍ അരങ്ങേറുമ്പോള്‍ നമുക്ക് കേട്ടും ചലച്ചിത്രങ്ങളില്‍ മാത്രം കണ്ടും പരിചയമുള്ള ഓപ്പറ കാണാം. 94 വര്‍ഷത്തോളം പഴക്കവും പാരമ്പര്യവുമുള്ള തായ്വാനിലെ മിംഗ് ഹ്വാ യുവാന്‍ ആര്‍ട്‌സ് & കള്‍ച്ചര്‍ ഗ്രൂപ്പ്, (MHY) എന്ന ടീമിലെ നാല്പതോളം കലാകാരന്മാരാണ് ഹീറോ ബ്യൂട്ടിയുമായി ഇന്ത്യന്‍ നാടക ആസ്വാദകരെ ത്രസിപ്പിക്കാന്‍ ഇറ്റ്‌ഫോക്കില്‍ എത്തുന്നത്.

Update: 2023-02-13 13:57 GMT

1929 ലാണ് ഓപ്പറയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള ഈ ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ലോകമെമ്പാടും ഇക്കാലമത്രയും വിവിധ കഥകളുമായി ഇവര്‍ പ്രകടനം കാഴ്ചവെച്ചു. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ചൈനീസ് സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് വികാസം കൊണ്ട താരതമ്മ്യേന പുതിയ കലാരൂപമാണ് തായ്വാനീസ് 'ഗാന നാടകം' എന്ന് അര്‍ത്ഥമാക്കുന്നഈ തായ്വാനീസ് ഓപ്പറ. തായ്വാനിയന്‍ നാടോടി സംസ്‌കാരത്തില്‍ ഊന്നിയുള്ള നാടക കലകളുടെ ഒരു സംക്ഷിപ്ത രൂപം. പരമ്പരാഗത പ്രകടന കലയുടെ മികച്ച പ്രതിനിധാനങ്ങളിലൊന്നാണ് ഇന്ന് തായ്വാനിലെ ഓപ്പറ. അവിടുത്തെ കര്‍ഷക സമൂഹത്തിന് ഓപ്പറ ഒരു വിനോദകല എന്നതിലുപരി അവര്‍ക്ക് അവരുടെ നാടോടി സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്ന സൗന്ദര്യാത്മകവും ധാര്‍മ്മികവുമായ അവതരണങ്ങള്‍ കൂടിയാണ് ഇത്.


23 രാജ്യങ്ങളിലായി ലോകമെമ്പാടുമുള്ള ദശലക്ഷത്തിലധികം പ്രേക്ഷകരുടെ മുന്‍പില്‍ മിംഗ് ഹ്വാ യുവാന്‍ ആര്‍ട്‌സ് & കള്‍ച്ചര്‍ ഗ്രൂപ്പ് ഓപ്പറ അവതരിപ്പിച്ചു കഴിഞ്ഞു. ആധുനിക തിയേറ്റര്‍, സിനിമകള്‍, സാഹിത്യം എന്നിവയെല്ലാം ഉള്‍ച്ചേര്‍ത്തുകൊണ്ട് ഓരോ അവതരണത്തിലും നവീകരിക്കുകയും ട്രെന്‍ഡ് സെറ്ററാക്കുകയും ചെയ്യുന്നതില്‍ മികവ് പുലര്‍ത്തുകയും ചെയ്തുപോന്നു. തായ്വാനിലെ പരമ്പരാഗത പെര്‍ഫോമിംഗ് കലകളില്‍ നിന്ന് അനന്തമായ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ട് 'മ്യൂസിക്കല്‍ ഓഫ് ദി ഓറിയന്റ്' ആകാന്‍ മിംഗ് ഹ്വാ യുവാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഫാള്‍സെറ്റോ (falsetto) സാങ്കേതികത ആവശ്യമുള്ള മറ്റ് പരമ്പരാഗത ഓപ്പറകളില്‍ നിന്ന് വ്യത്യസ്തമായി, ഹീറോ ബ്യൂട്ടി സംഭാഷണങ്ങള്‍ക്കും പാട്ടുകള്‍ക്കും അഭിനേതാക്കളുടെ സ്വാഭാവിക ശബ്ദത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. ഹീറോ ബ്യൂട്ടി ഭാഷയോ പ്രായമോ തടസ്സമല്ല. ആര്‍ക്കും ആസ്വദിക്കാവുന്ന പകടന ചാരുതയാണിത്. വേദിയില്‍ മാന്ത്രികത തീര്‍ത്തു പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തായ്വാന്‍ ഓപ്പറ കാണാന്‍ പോകാം നമുക്ക് അന്തര്‍ദേശീയ നാടകോല്‍സവത്തിലേക്ക്.

കേരളത്തിന് സ്വന്തമായി ഒരു അന്തര്‍ ദേശീയ നാടകോത്സവം വേണമെന്ന് ആഗ്രഹിക്കുകയും ഇറ്റ്‌ഫോക്കിന് തുടക്കവും കുറിച്ച ചലച്ചിത്ര നാടക അഭിനേതാവും മുന്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന മുരളിയുള്ളപ്പോള്‍ 2008 ലെ ആദ്യ ഇറ്റ്‌ഫോക്കില്‍ നാം ചൈനീസ് ഓപ്പറ കണ്ടു. അതിന്റെ ഓര്‍മ്മകൂടിയാണ് പതിമൂന്നാമത് എഡിഷനിലേക്ക് കടക്കുന്ന ഇറ്റ്‌ഫോക്കില്‍ നാം കാണാന്‍ പോകുന്ന തായ്വാനീസ് ഓപ്പറ.

കേരള സംഗീത നാടക അക്കാദമിക്കു വേണ്ടി സാംസ്‌കാരിക വകുപ്പു നടത്തുന്ന പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്റെ രണ്ടാം ദിവസമായ ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്ന അക്ഷരങ്ങള്‍ വെച്ചുള്ള FAOS പ്ലേ ഹൗസ് എന്ന വേദിയില്‍ ഫെബ്രുവരി 6 ന് രാത്രി 8. 45 ന് കാണാം ഹീറോ ബ്യൂട്ടി എന്ന തായ്വാനീസ് ഓപ്പറ. വരൂ നമുക്ക് ഒപ്പാറ കാണാന്‍ പോകാം തൃശ്ശൂരിലെ സംഗീത നാടക അക്കാദമിയിലേക്ക്.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - Web Desk

contributor

Similar News