തുര്‍ക്കിഫലം ലോകത്തിനു നല്‍കുന്ന സന്ദേശം

സിറിയയിലെ ആഭ്യന്തര കലാപത്തില്‍നിന്നു രക്ഷതേടി അതിര്‍ത്തി കടന്നെത്തിയ 36 ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് ഉര്‍ദ്ദുഗാന്‍ അഭയം നല്‍കിയിരുന്നു. ഇവരെയെല്ലാം നാടുകടത്തുമെന്ന പ്രതിപക്ഷ സ്ഥാനാര്‍ഥി കെമാല്‍ ക്ലച്ദാറോളുവിന്റെ വാഗ്ദാനം ജനംതള്ളി.

Update: 2023-05-30 17:35 GMT
Advertising

സമീപകാലത്ത് തുര്‍ക്കിയില്‍ നടന്ന ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഈ വര്‍ഷം നടന്നത്. ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടന്നു. തുര്‍ക്കിയിലെ തെരഞ്ഞെടുപ്പ് നിയമപ്രകാരം ആദ്യഘട്ട വോട്ടെടുപ്പില്‍ ഏതെങ്കിലും ഒരു സ്ഥനാര്‍ഥി 51 ശതമാനം വോട്ടുകള്‍ നേടിയില്ലെങ്കിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തേണ്ടി വരുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ 52.16 % വോട്ടുകളാണ് ഉര്‍ദ്ദുഗാന്‍ നേടിയത്. പ്രതിപക്ഷ സ്ഥാനാര്‍ഥി കെമാല്‍ ക്ലച്ദാറോളുവിന് 47.84 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.

ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ്

വിഷന്‍ 2040 എന്ന പേരില്‍ ലോകത്ത് വന്‍ ശക്തിയാകാനുള്ള പദ്ധതിയാണ് ഉര്‍ദ്ദുഗാന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചത്. ആഗോള സമ്പദ്വ്യവസ്ഥയിലും ജിയോപൊളിറ്റിക്സിലും എല്ലാ അര്‍ഥത്തിലും ഒരു പ്രധാന കളിക്കാരാകുക എന്നതാണ് ഈ പദ്ധതിയുടെ അടിത്തറ. യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ യൂറോപിനു മുന്നില്‍ യാചിച്ച നില്‍ക്കുന്ന തുര്‍ക്കിയെ അല്ല പിന്നീട് കണ്ടത്. പടിഞ്ഞാറുമായി ഉര്‍ദ്ദുഗാന്‍ നേരിട്ട് ഏറ്റുമുട്ടി. നാറ്റോയില്‍ ചേരാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുര്‍ക്കിയുടെ ദയ കാത്ത് നില്‍ക്കേണ്ടി വന്നു. നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കിയ ഫിന്‍ലന്‍ഡിനെയും സ്വീഡനെയും തുര്‍ക്കി വട്ടംകറക്കി. തുര്‍ക്കി പറയുന്ന നിബന്ധനകള്‍ അവര്‍ അംഗീകരിക്കണം എന്ന നിലവന്നു. നാറ്റോയിലായിരിക്കുമ്പോള്‍ തന്നെ റഷ്യയുമായും ഇറാനുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു ഉര്‍ദ്ദുഗാന്‍. യൂറോപിലെ പല പ്രശ്‌നങ്ങളിലും ഉര്‍ദ്ദുഗാന്‍ പരിഹാരം നിര്‍ദേശിച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തില്‍ മധ്യസ്ഥ റോളിലുണ്ടായിരുന്നത് ഉര്‍ദ്ദുഗാനായിരുന്നു

അത്താതുര്‍ക്കിനെ മറികടക്കുന്നു

തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് തുര്‍ക്കി. ഏഷ്യയെയും യൂറോപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടം. ഭൂരിപക്ഷം മുസ്‌ലിംകളാണെങ്കിലും മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കണമെന്ന് ഭരണഘടനയില്‍ എഴുതിവെക്കപ്പെട്ടിട്ടുണ്ട്. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്പ് മുസ്തഫാ കമാല്‍ അത്താതുര്‍ക്കാണ് തുര്‍ക്കിയെ ആധുനികവത്കരിച്ചത്. തുര്‍ക്കിയെ യൂറോപ്പില്‍ ചേര്‍ക്കാനായി ഇസ്‌ലാമിക ചിഹ്നങ്ങളെ മുഴുവന്‍ തച്ചുടച്ച് യൂറോപ്യന്‍ മൂല്യങ്ങളെ പകരം വെച്ചു അത്താതുര്‍ക്ക്. ഇസ്‌ലാമിക പാരമ്പര്യത്തില്‍ ഉറച്ചു നിന്നവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നെല്ലാം നിഷ്‌കാസിതരായ കാലമാണ് പിന്നെ കഴിഞ്ഞു പോയത്. ഹിജാബ് ധരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയോ യൂണിവേഴ്‌സിറ്റി പ്രവേശനമോ സാധ്യമല്ലാതായി.


പിന്നീടാണ് എ.കെ പാര്‍ട്ടിയുടെ ഉദയം. 2001 ലാണ് ഉര്‍ദുഗാന്‍ എ.കെ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ഇസ്‌ലാമിക രാഷ്ട്രീയത്തെയും പാരമ്പര്യത്തെയും ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു ഉര്‍ദ്ദുഗാന്‍. തുര്‍ക്കി ഏറ്റവും ദൈര്‍ഘ്യമേറിയ കാലം ഭരിച്ച നേതാവാണിപ്പോള്‍ ഉര്‍ദ്ദുഗാന്‍. 2003 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായി. ശേഷം പ്രസിഡന്റ് പദവിയിലെത്തി. 2016-ജൂലായ് 15 നായിരുന്നു ഉര്‍ദ്ദുഗാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു വിഭാഗം സൈനികര്‍ നീക്കം നടത്തിയത്. രാജ്യത്തെ പ്രധാന റോഡുകളും നഗരങ്ങളും പിടിച്ചെടുത്ത വിമത സൈനികര്‍ രാജ്യം പട്ടാള ഭരണത്തിലായതായി പ്രഖ്യാപിക്കുകയായിരുന്നു. ഒരു തീരദേശ റിസോര്‍ട്ടിലായിരുന്നു അപ്പോള്‍ ഉര്‍ദ്ദുഗാന്‍. ഉര്‍ദ്ദുഗാനെ പിടിക്കാന്‍ ലക്ഷ്യമിട്ട് വിമത സൈന്യം അവിടെ നേരിട്ടെത്തിയെങ്കിലും എയര്‍ലിഫ്റ്റിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടാണ് ഈ അട്ടിമറിയെ ഉര്‍ദ്ദുഗാന്‍ തോല്‍പ്പിച്ചത്.

തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പ്രതിപക്ഷത്തിന്റെ  പ്രതീക്ഷ. പണപ്പെരുപ്പം അതിന്റെ ഉച്ഛസ്ഥായിയിലാണ് തുര്‍ക്കിയില്‍. കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു. വിലക്കയറ്റം രൂക്ഷമാണ്. സാധാരണക്കാരുടെയും മധ്യവര്‍ഗത്തിന്റെയും മനസ്സില്‍ ഇത് വലിയ ഭരണവിരുദ്ധ വികാരമുണ്ടാക്കും എന്നായിരുന്നു കണക്കുകൂട്ടല്‍. 

അട്ടിമറിശ്രമം അതിജീവിച്ച് തിരിച്ചുവന്ന ഉര്‍ദുഗാന്‍ ഇനിയങ്ങോട്ട് പുതിയ തുര്‍ക്കിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ പ്രധാനമന്ത്രി ഭരണത്തില്‍നിന്നു മാറ്റി പ്രസിഡന്‍ഷ്യല്‍ പദത്തിന് കീഴലാക്കാനുള്ള ആശയം മുന്നോട്ടുവെച്ചു. 2017-ല്‍ ഇതിനായുള്ള ഹിതപരിശോധന നടത്തി. അതില്‍ കൃത്യമായ ജനപിന്തുണ ഉറപ്പാക്കാന്‍ ഉര്‍ദ്ദുഗാന് കഴിയുകയും ചെയ്തു. അതോടെ തുര്‍ക്കിയുടെ എല്ലാ അധികാരങ്ങളും ഉര്‍ദ്ദുഗാന്റെ കൈകളിലെത്തി. ഈ അധികാരങ്ങള്‍ വെച്ച് തുര്‍ക്കിയെ ലോകത്തിന്റെ നെറുകെയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഉര്‍ദുഗാന്‍ നടത്തിയത്.

തകര്‍ന്നടിഞ്ഞ ടേബിള്‍ ഓഫ് സിക്‌സ്

ഈ തെരഞ്ഞെടുപ്പില്‍ ഉര്‍ദ്ദുഗാന്റെ എതിരാളിയായ കെമാല്‍ ക്ലച്ദാറോളു ആറ് പ്രതിപക്ഷ കക്ഷികളുടെ സഖ്യമായാണ് മത്സരിച്ചത്. സി.എച്ച്.പിയുടെ നേതാവാണ് ക്ലച്ദാറോളു. കെമാലിന്റെ നേഷന്‍ അലയന്‍സ് ടേബിള്‍ ഓഫ് സിക്‌സ് എന്നാണ് അറിയപ്പെട്ടത്. ഇടതുപക്ഷ പാര്‍ട്ടികളും വലതുപക്ഷ സംഘടനകളും ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളും എല്ലാം ചേര്‍ന്നതാണ് പ്രതിപക്ഷ സംഘടനകള്‍. ഗുഡ് പാര്‍ട്ടി കമാലിസ്റ്റ് ആശയങ്ങളുള്ള നാഷണലിസ്റ്റ് പാര്‍ട്ടിയാണ്. ഡെമോക്രാറ്റ് പാര്‍ട്ടി ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ്.


മറ്റൊരു പാര്‍ട്ടിയായ സാദത് പാര്‍ട്ടി തീവ്ര ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്. യൂറോപ്യന്‍ അനുകൂല പാര്‍ട്ടികളായ ഡെമോക്രസി ആന്റ് പ്രോഗസ് പാര്‍ട്ടി, ഫ്യൂച്ചര്‍ പാര്‍ട്ടി എന്നിവയും ടേബിള്‍ ഓഫ് സിക്‌സ് എന്നറിയപ്പെടുന്ന ഈ മുന്നണിയിലുണ്ട്. ഉര്‍ദ്ദുഗാന്‍ വിരുദ്ധത മാത്രമായിരുന്നു ഇവരെയെല്ലാം ഒരു ടേബിളിനു ചുറ്റുമിരുത്തിയത്. എന്നാല്‍, അതിനെയും ഉര്‍ദ്ദുഗാന്‍ അതിജീവിച്ചു.

ഭൂകമ്പവും സാമ്പത്തിക പ്രതിസന്ധിയും

1999-ന് ശേഷം തുര്‍ക്കി കണ്ട ഏറ്റവും വലിയ ഭൂകമ്പമായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായത്. അന്‍പതിനായിരത്തിലധികം തുര്‍ക്കിക്കാര്‍ മരിച്ചു. പല നഗരങ്ങളും ഇല്ലാതായി. 20 ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ദുരന്തനിവാരണത്തില്‍ കുറവുകളുണ്ടായെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കെട്ടിടങ്ങളുടെ നിര്‍മാണത്തിലെ അഴിമതിയടക്കമുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പ് വിഷയമായിരുന്നു. ഇത് ഉര്‍ദ്ദുഗാന്‍ സര്‍ക്കാരിനെതിരേയുള്ള ജനരോഷത്തിന് പ്രധാന കാരണമായി മാറുമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടിയിരുന്നത്. പക്ഷേ, അതുണ്ടായില്ല. ഭൂകമ്പമുണ്ടായ 11 പ്രവിശ്യകളില്‍ പത്തിലും കൂടുതല്‍ വോട്ടുകള്‍ നേടിയത് ഉര്‍ദ്ദുഗാന്റെ പാര്‍ട്ടിയായ എ.കെ.പിയാണ്.

തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു പ്രതീക്ഷ. പണപ്പെരുപ്പം അതിന്റെ ഉച്ഛസ്ഥായിയിലാണ് തുര്‍ക്കിയില്‍. കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു. വിലക്കയറ്റം രൂക്ഷമാണ്. സാധാരണക്കാരുടെയും മധ്യവര്‍ഗത്തിന്റെയും മനസ്സില്‍ ഇത് വലിയ ഭരണവിരുദ്ധ വികാരമുണ്ടാക്കും എന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ, അതിനുമപ്പുറത്തുള്ള ചില കാര്യങ്ങളാണ് തുര്‍ക്കി ജനതയുടെ മനസ്സിലുണ്ടായിരുന്നത് എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. സിറിയയിലെ ആഭ്യന്തര കലാപത്തില്‍നിന്നു രക്ഷതേടി അതിര്‍ത്തി കടന്നെത്തിയ 36 ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് ഉര്‍ദ്ദുഗാന്‍ അഭയം നല്‍കിയിരുന്നു. ഇവരെയെല്ലാം നാടുകടത്തുമെന്ന പ്രതിപക്ഷ സ്ഥാനാര്‍ഥി കെമാല്‍ ക്ലച്ദാറോളുവിന്റെ വാഗ്ദാനവും ജനംതള്ളി.

'സൂര്യന്‍ വീണ്ടും കിഴക്ക് നിന്ന് തന്നെ ഉദിക്കും.' ആയിരക്കണക്കിന് വര്‍ഷങ്ങളായി നാഗരികതയുടെ കളിത്തൊട്ടിലായി പ്രവര്‍ത്തിച്ച തുര്‍ക്കി പ്രദേശം വീണ്ടും എല്ലാ മനുഷ്യരാശിയുടെയും ആകര്‍ഷണ തീരമായി പ്രബുദ്ധതയുടെ കേന്ദ്രമായി മാറും.' ഇതാണ് ഉര്‍ദുഗാന്റെ സ്വപ്നം. ഈ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തന്നെയാണ് ഉര്‍ദ്ദുഗാന് തുര്‍ക്കി ജനത വീണ്ടുമൊരു ഊഴം നല്‍കിയിരിക്കുന്നത്.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബി.കെ സുഹൈല്‍

contributor

Similar News