ഉനായ് എമിറിയും പ്രാഗ്മാറ്റിക്ക് ഫുട്ബാളും

നാല് തവണ യൂറോപ്പ ലീഗ് റെക്കോര്‍ഡ് ജേതാവാണ് ഉനായ് എമിറി. 2014, 2015, 2016 വര്‍ഷങ്ങളില്‍ സെവിയക്കൊപ്പവും 2021ല്‍ വിയ്യ റയലിനൊപ്പവും എമിറി യൂറോപ്പ ലീഗ് കിരീടങ്ങള്‍ നേടി.

Update: 2023-12-20 15:47 GMT
Advertising

പരിമിതമായ ബഡ്ജറ്റില്‍ ടീമുകളെ കെട്ടിപ്പടുക്കാന്‍ നിയോഗിതനായ ഒരു മാനേജര്‍, തന്റെ തന്ത്രപരമായ മികവുകള്‍ കൊണ്ട് മാത്രം ലോകത്തിലെ ഏറ്റവും ശക്തമായ ലീഗുകളില്‍ ഒന്നില്‍ പ്രതിഭ തെളിയിച്ചതിന്റെ ഉദാഹരണമാണ് സ്പാനിഷ് മാനേജറായ ഉനായ് എമിറി. എമിറിയുടെ ആസ്റ്റണ്‍ വില്ല നിലവില്‍ മികച്ച പ്രകടനങ്ങളോടെ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

ആര്‍സേനലിന്റെ കൂടെയുള്ള പരാജിത കാലഘട്ടത്തിന് ശേഷം ആസ്റ്റണ്‍ വില്ലയുടെ ചാര്‍ജ് ഏറ്റെടുത്ത എമിറി പ്രീമിയര്‍ ലീഗിലെ തന്റെ രണ്ടാമത്തെ അവസരത്തില്‍, തനിക്ക് ചുറ്റും ഒരു ഘടന നിര്‍മിക്കാന്‍ തീരുമാനിച്ചു. അത് ഫോമിലെ ഏറ്റക്കുറച്ചിലുകളെ നേരിടാന്‍ തക്കവിധം കരുത്തുറ്റതായിരുന്നു. അതിലും പ്രധാനമായി, തന്റെ പ്രതിച്ഛായയില്‍ ചേര്‍ന്ന രീതിയില്‍ ക്ലബ്ബിനെ കെട്ടിപ്പടുക്കാന്‍ അദ്ദേഹം ശ്രമിച്ചു കൊണ്ടേയിരുന്നു. ചെലവഴിക്കാന്‍ പണമുള്ളതിനേക്കാള്‍ പ്രധാനം ഒരു സ്ഥിരതയുള്ള അന്തരീക്ഷമാണ് എന്ന കാഴ്ചപ്പാട് എമിറി വെച്ചു പുലര്‍ത്തി. 


എമിറി ഫ്രാന്‍സില്‍ ആയിരുന്നപ്പോള്‍ പാരീസ് സെന്റ് ജെര്‍മെയ്നിന്റെ (പി.എസ്.ജി) കൂടെ രണ്ട് സീസണുകളിലായി ഏഴ് ട്രോഫികള്‍ നേടി. സ്‌പെയിനില്‍ സെവിയക്കും വിയ്യ റയലിനുമൊപ്പമുള്ള കാലഘട്ടത്തില്‍ യൂറോപ്പ ലീഗിലെ നിര്‍ണായക സാന്നിധ്യമായി മാറാന്‍ എമിറിക്ക് സാധിച്ചു. നാല് തവണ യൂറോപ്പ ലീഗ് റെക്കോര്‍ഡ് ജേതാവാണ് ഉനായ് എമിറി. 2014, 2015, 2016 വര്‍ഷങ്ങളില്‍ സെവിയക്കൊപ്പവും 2021ല്‍ വിയ്യ റയലിനൊപ്പവും എമിറി യൂറോപ്പ ലീഗ് കിരീടങ്ങള്‍ നേടി.

തന്ത്രവും രീതിശാസ്ത്രവും

ഒരു കര്‍ശനമായ പ്രതിരോധ ഘടന നിലനിര്‍ത്താന്‍ മാനേജര്‍മാര്‍ പ്രയോഗിക്കുന്ന യാഥാസ്ഥിതിക പ്രതിരോധ തന്ത്രമാണ് എമിറി വില്ലയില്‍ ഉപയോഗിക്കുന്നത്. ഈ പ്രായോഗിക സംവിധാനത്തിലൂടെ, എതിര്‍ ടീമുകള്‍ക്ക് തന്ത്രങ്ങള്‍ മെനയാന്‍ ഇടം കുറച്ചു കൊണ്ട് ഗോള്‍ നേടാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്നു. എമിറിയുടെ ടീമുകള്‍ സാധാരണയായി ഉയര്‍ന്ന പ്രതിരോധ ലൈനുകള്‍ സ്വീകരിക്കുകയും ഗോളില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കുകയും ചെയ്യുന്നു. ഒരേസമയം എതിര്‍ ടീമിനെ പ്രസ് ചെയ്യുന്നതിനോടൊപ്പം അവരുടെ പാസ്സിങ്ങ് ലൈന്‍ നിരന്തരമായി ബ്രേക്ക് ചെയ്തു കൊണ്ടേയിരിക്കും. ഉയര്‍ന്ന പ്രതിരോധ നിര അപ്രായോഗികമായ ഘട്ടത്തില്‍ എമിറി തന്റെ കളിക്കാരെ ഒരു മിഡ്-ബ്ലോക്കിലേക്ക് മാറ്റി ഡിഫെന്‍ഡ് ചെയ്യും. തുടര്‍ന്ന് എതിരാളിയുടെ പിഴവില്‍ ഗോള്‍ അടിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഡിഫെന്‍ഡ് ടൂ കൗണ്ടര്‍ എന്നതാണ് അദ്ദേഹത്തിന്റെ രീതിശാസ്ത്രം.

4-4-2 ഫോര്‍മേഷനാണ് എമിറി വില്ലയില്‍ ഉപയോഗിക്കുന്നത്. ഹൈ പ്രെസ്സിങ്ങ് ഡിഫെന്‍സിവ് സിസ്റ്റത്തില്‍ വാട്ട്കിന്‍സും ഡയബിയും ആദ്യവരിയില്‍ സെന്‍ട്രല്‍ സ്പെയ്സുകള്‍ മറയ്ക്കുകയും സ്‌ക്രീന്‍ ചെയ്യുകയും ചെയ്യുന്നു, കൂടാതെ പന്ത് വൈഡ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ലൂയിസും കമാറയും സെന്‍ട്രല്‍ സ്പെയ്സുകളില്‍ കവര്‍ നല്‍കുന്നു. അതേസമയം മക്ഗിന്‍, റാംസെ, കാഷ് എന്നിവ വില്ലയുടെ രണ്ടാം നിരയില്‍ പ്രതിരോധ സാന്നിധ്യം ചേര്‍ക്കുന്നു. 

നിലവില്‍ ടൈറ്റില്‍ നേടാന്‍ വരെ സാധ്യതയുള്ള ടീമായി വിലയിരുത്തപ്പെടുന്ന ആസ്റ്റണ് വില്ല എമിറിയുടെ മാസ്റ്റര്‍ക്ലാസ് ചരിത്രം ആവര്‍ത്തിച്ചാല്‍ മികച്ച ഫലത്തിലേക്ക് നായിക്കപ്പെടും എന്നത് തീര്‍ച്ച.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആത്തിക്ക് ഹനീഫ്

Writer

Similar News