പശ്ചിമഘട്ടം-ഗാഡ്ഗില്‍ കമ്മിറ്റി: ഘടനയും ശുപാര്‍ശകളും

കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍, പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പിച്ച റിപ്പോര്‍ട്ടിന്റെ പ്രസക്തി വര്‍ധിക്കുകയാണ്.

Update: 2024-08-14 17:28 GMT
Advertising

മലയാളക്കരയെ വേദനയിലാഴ്ത്തി പശ്ചിമഘട്ടത്തില്‍ വീണ്ടും ദുരന്തം ആവര്‍ത്തിച്ചിരിക്കുന്നു. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 225 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഓരോ പ്രകൃതി ദുരന്തമുണ്ടാവുമ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന മുറവിളികളുയരുന്നു. പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലം. അതായത് പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതിക തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് രൂപംകൊള്ളുന്നത്.

തെക്ക് കന്യാകുമാരി മുതല്‍ വടക്ക് തപതീ തീരംവരെ നീണ്ടുകിടക്കുന്ന തെക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഇതില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്. ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടവനം 29 വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെയും മറ്റു പലതരം വനവാസികളുടെയും വാസസ്ഥലമാണ്. പലതരം കുടിയേറ്റക്കാരും ഈ ഭൂപ്രദേശത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ അതിര്‍ത്തിയില്‍ മാത്രം 44 നദികള്‍ ഇതില്‍ നിന്ന് ഉല്‍ഭവിക്കുന്നു.

ഗാഡ്ഗില്‍ കമ്മിറ്റി ആദ്യം ചെയ്തത് പശ്ചിമഘട്ടത്തിന്റെ അതിര്‍ത്തിനിര്‍ണയമാണ്. മുഖ്യമായും ആധാരമാക്കുന്നത് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ ഭൂപടമാണ്. രണ്ടാമത് ചെയ്തത് പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക അവസ്ഥയുടെ വിശദമായ വിലയിരുത്തലാണ്. 25 കോടി ജനങ്ങളുടെ ജീവജലസ്രോതസ്സ്, ജൈവ കലവറ, പ്രാദേശിക സമ്പദ്ഘടനയെ സ്വാധീനിക്കുന്ന പരിസ്ഥിതിവ്യവസ്ഥ എന്നീ നിലകളിലെല്ലാം പശ്ചിമഘട്ടം അതീവ പ്രധാനമാണെന്ന് സമിതി വിലയിരുത്തുന്നു

പലതരം ധാതുപദാര്‍ഥങ്ങളും പ്രകൃതിവിഭവങ്ങളും ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഈ മലനിരകള്‍ അതിര്‍ത്തിയായി വരുന്ന ആറു സംസ്ഥാനങ്ങള്‍ക്കും മലനിരകളിലെ അഞ്ചു കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവജാലങ്ങള്‍ക്കും കൃത്യമായ ആവാസവ്യവസ്ഥ തന്നെയാണ് പശ്ചിമഘട്ടം. കേരളത്തിലാണെങ്കില്‍ 28,000 ത്തിലധികം ച.കി.മീ ഭൂമിയെയും- അതായത് ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട് 75 ശതമാനം - മൂന്നു കോടിയോളം ജനങ്ങളുടെയും ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. ഇങ്ങന ഒരുപാട് പ്രാധാന്യമുണ്ടെങ്കില്‍ പോലും പലതരം ഭീഷണികളെ നേരിടുന്ന ഒരു പ്രദേശമായാണ് ശാസ്ത്രലോകം ഇന്ന് പശ്ചിമഘട്ടത്തെ കാണുന്നത്. അതില്‍ പ്രധാനം ജൈവവൈവിധ്യത്തിന്ന് നേരെയുള്ളതാണ്. 1920 മുതല്‍ 1990 വരെയുള്ള കാലയളവില്‍ മാത്രം 40 ശതമാനത്തോളം വനസമ്പത്ത് നശിച്ചതായി പഠനങ്ങള്‍ കാണിക്കുന്നു. മറ്റൊന്ന്, വികസനത്തിന്റെ പേരില്‍ നടക്കുന്ന കൈയേറ്റങ്ങളാണ്. ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങള്‍, ടൂറിസം എന്നിവയുടെയൊക്കെ പേരില്‍ നടന്നുവരുന്ന അതിരുവിട്ട കൈയേറ്റങ്ങള്‍ പശ്ചിമഘട്ടത്തെ പൊതുവില്‍ ദുര്‍ബലപ്പെടുത്തി. അതിപ്പോഴും തുടരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ഈ കടന്നാക്രമണങ്ങളെല്ലാം വന്‍തോതില്‍ കരുത്താര്‍ജിച്ചിരിക്കുകയുമാണ്. ഈ പരിസ്ഥിതി തകര്‍ച്ച ഇന്ന് കേരളത്തിലെ ജനജീവിതത്തില്‍ ദുരന്തങ്ങളായി പെയ്തുതുടങ്ങിയിരിക്കുന്നു. ഇവിടെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുന്നത്. 


പ്രശ്‌നങ്ങള്‍ക്ക് അടിയന്തരപരിഹാരം കാണുന്നതിനുള്ള കൂട്ടായ ശ്രമത്തില്‍നിന്നുകൂടിയാണ് പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാന്‍ ആയി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതിക്ക് രൂപം നല്‍കിയത്. പ്രൊഫ. മാധവ് ഗാഡ്ഗില്‍ അടക്കം 14 അംഗങ്ങളാണ് സമിതിയില്‍ ഉണ്ടായിരുന്നത് (ചെയര്‍മാനെ കൂടാതെ എട്ട് അനൗദ്യോഗിക അംഗങ്ങള്‍, അഞ്ച് ഉദ്യോഗസ്ഥ അംഗങ്ങള്‍ എന്നിങ്ങനെ). 2010 മാര്‍ച്ച് നാലിനാണ് സമിതി ചുമതലയേറ്റത്. പ്രധാനമായും ആറ് കാര്യങ്ങളാണ് അന്ന് കമ്മിറ്റിയോട് പഠന വിധേയമാക്കാന്‍ ആവശ്യപ്പെട്ടത്;

1) പശ്ചിമഘട്ടമേഖലയുടെ നിലവിലെ പാരിസ്ഥിതിക സ്ഥിതി വിലയിരുത്തുക

2) പശ്ചിമഘട്ടപ്രദേശത്തുള്ള പരിസ്ഥിതിലോല പ്രദേശങ്ങളെ വേര്‍തിരിക്കുക. ഇത് 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരമായിരിക്കണം.

3) പശ്ചിമഘട്ടപ്രദേശത്തിന്റെ സംരക്ഷണം, പരിരക്ഷ, പുനരുജ്ജീവനം എന്നിവ സംബന്ധിച്ച് പ്രാദേശിക പങ്കാളിത്തത്തോടെ നടപ്പാക്കാവുന്ന കാര്യങ്ങള്‍ നിര്‍ദേശിക്കുക.

4) 1986 ലെ നിയമത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ടപ്രദേശത്തെ സവിശേഷ സ്ഥലങ്ങള്‍ കണ്ടെത്തി അവയെ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാനുള്ള യുക്തമായ നടപടികള്‍ നിര്‍ദേശിക്കുക.

5) 1986 ലെ നിയമമനുസരിച്ച് ഒരു പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരിക്കാനുള്ള നടപടിക്രമങ്ങള്‍ ചൂണ്ടിക്കാണിക്കുക(ഈ പ്രദേശത്തെ ആവാസവ്യവസ്ഥയെ പരിരക്ഷിക്കാനും, സുസ്ഥിരവികസനം ഉറപ്പുവരുത്താനുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്)

6) കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സൂചിപ്പിക്കുന്നതുള്‍പ്പെടെ പശ്ചിമഘട്ടത്തെ സംബന്ധിച്ച മറ്റ് പാരിസ്ഥിതികകാര്യങ്ങള്‍ കൈകാര്യം ചെയ്യുക.

ഏഴാമതായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.

കമ്മിറ്റിയുടെ കൂടിയിരിക്കല്‍, വിദഗ്ധമായ നോട്‌സ് തയ്യാറാക്കലും സമാഹരിക്കലും, വിഷയബന്ധിതായ ചര്‍ച്ചകള്‍, സര്‍ക്കാര്‍ ഏജന്‍സികളുമായി ചര്‍ച്ചകള്‍, ജനകീയ ചര്‍ച്ചകള്‍, ഫീല്‍ഡ് വിസിറ്റ്, എം.പിമാരുടെ യോഗം, വിദഗ്ധസമിതിയോഗം എന്നിങ്ങനെ വിവരലഭ്യതക്കായും അഭിപ്രായ രൂപീകരണത്തിനായും വിവിധ നടപടികള്‍ കമ്മിറ്റി കൈസൊള്ളുകയുണ്ടായി.

പശ്ചിമഘട്ടപ്രദേശത്തിന്റെ കൃത്യമായ അതിര്‍ത്തിനിര്‍ണയം, അതിന്റെ നടപ്പ് അവസ്ഥയെപ്പറ്റിയുള്ള വ്യക്തമായ തീരുമാനങ്ങള്‍ എന്നിങ്ങനെ ശക്തമായ അടിത്തറ രൂപപ്പെടുത്തിയാണ് ഗാഡ്ഗില്‍ കമ്മിറ്റി മറ്റ് വിശകലനങ്ങളിലേക്കു കടന്നത് (പേജ് 813). പശ്ചിമഘട്ടപ്രദേശത്തെ പ്രധാനപ്പെട്ട മൂന്നു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രത്യേകതകള്‍ റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട് (പേജ്11). ശബരിമല, മാധവേശ്വരമല, മഹാബലേശ്വര്‍ എന്നിവയാണത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ശബരിമല തകരും എന്ന പ്രചരണം കേരളത്തിലുണ്ട്. ഊട്ടി, തേക്കടി, നീലഗിരി എന്നീ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. പശ്ചിമഘട്ടപ്രദേശത്തുള്ള സംസ്ഥാനങ്ങളിലെ പഞ്ചായത്തീരാജ് ഭരണസംവിധാനത്തെപ്പറ്റിയും (കേരളം, മഹാരാഷ്ട്ര) പ്രത്യേകം സൂചിപ്പിക്കുന്നുണ്ട് (പേജ്13).

റിപ്പോര്‍ട്ടിലെ  നിര്‍ദേശങ്ങളെ പ്രധാനമായും ഏഴു ഭാഗങ്ങളായി കാണാം

1) പശ്ചിമഘട്ടിന്റെ പൊതു പാരിസ്ഥിതിക അവസ്ഥ.

2) പശ്ചിമഘട്ടപ്രദേശത്തിന്റെ അതിര്‍ത്തിനിര്‍ണയം.

3) പശ്ചിമഘട്ടപ്രദേശത്തെ മൊത്തത്തില്‍ പരിസ്ഥിതിലോല മേഖലയായി കണക്കാക്കല്‍.

4) പ്രത്യേക പരിസ്ഥിതിലോല മേഖലകളാക്കി തരംതിരിക്കല്‍.

5) വിവിധ മേഖലകളില്‍, വിവിധ രംഗങ്ങളില്‍ ജനങ്ങള്‍ എങ്ങനെ ഇടപെടണമെന്നുള്ള നിര്‍ദേശങ്ങള്‍.

6) പശ്ചിമഘട്ട പാരിസ്ഥിതിക അതോറിറ്റിയുടെ രൂപീകരണം.

7) പ്രത്യേക പരാമര്‍ശ വിഷയങ്ങള്‍; കേരളത്തില്‍ അതിരപ്പിള്ളി പദ്ധതി 


കമ്മിറ്റിയുടെ പൊതുനിര്‍ദേശങ്ങള്‍

* മൊത്തം പശ്ചിമഘട്ടപ്രദേശത്തെ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കുക.

* ഈ പ്രദേശത്തെ ജൈവ, ഭൗതിക, പാരിസ്ഥിതിക ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, അവിടുത്തെ പാരിസ്ഥിതിക ലോലത കണക്കാക്കി മൊത്തം പ്രദേശത്തെ മൂന്നുതരം പരിസ്ഥിതിലോല മേഖലകളായി തരംതിരിക്കുന്നു. (ESZ1, ESZ2, ESZ3). ഇപ്പോള്‍ത്തന്നെ സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ക്ക് പുറമേയാണിത്.

* ഈ മൂന്നു വ്യത്യസ്ത പാരിസ്ഥിതിക പ്രദേശങ്ങളില്‍ മനുഷ്യരുടെ ഇടയില്‍ വഴിനടക്കുന്ന പ്രവര്‍ത്തനങ്ങളെ 'ചെയ്യാവുന്നത്', 'പാടില്ലാത്തത്' എന്ന രീതിയില്‍ തരംതിരിച്ചിരിക്കുന്നു. ഇവയില്‍ ഭൂവിനിയോഗം, കൃഷി, മൃഗപരിപാലനം, വനസംരക്ഷണം, മത്സ്യബന്ധനം, മണല്‍വാരല്‍, പാറപൊട്ടിക്കല്‍, ടൂറിസം, ജലം, ഊര്‍ജപ്രൊജക്ടുകള്‍, പശ്ചാത്തലവികസനം, റോഡുകള്‍, റെയില്‍വേ എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഈ നിര്‍ദേശത്തില്‍ സുസ്ഥിരവികസനം, മണ്ണ് ജലവന, ജൈവവൈവിധ്യ സംരക്ഷണം എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചത്.

* പശ്ചിമഘട്ട പാരിസ്ഥിതിക അഥോറിറ്റി (WGEA) യുടെ രൂപീകരണം, അതിന്റെ സംസ്ഥാന ജില്ലാതല രൂപങ്ങള്‍.

* കേരളത്തെ സംബന്ധിച്ച പ്രത്യേക കാര്യമെന്ന നിലയില്‍ ഇരുപത്തിനാലോളം പാരിസ്ഥിതിക ഘടകങ്ങള്‍ പരിശോധിച്ചുകൊണ്ട് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടതില്ലെന്ന ശിപാര്‍ശ.

എടുത്തുപറയേണ്ട കാര്യം ഇവയെല്ലാം നിര്‍ദേശങ്ങള്‍ മാത്രമാണെന്നതാണ്. അതും ഒരു വിദഗ്ധസമിതിയുടെ സര്‍ക്കാറിലേക്കുള്ള പഠനറിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ മാത്രമാണ്. ഇതുവരെ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല.

ഗാഡ്ഗില്‍ കമ്മിറ്റി ആദ്യം ചെയ്തത് പശ്ചിമഘട്ടത്തിന്റെ അതിര്‍ത്തിനിര്‍ണയമാണ്. മുഖ്യമായും ആധാരമാക്കുന്നത് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ ഭൂപടമാണ്. രണ്ടാമത് ചെയ്തത് പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക അവസ്ഥയുടെ വിശദമായ വിലയിരുത്തലാണ്. 25 കോടി ജനങ്ങളുടെ ജീവജലസ്രോതസ്സ്, ജൈവ കലവറ, പ്രാദേശിക സമ്പദ്ഘടനയെ സ്വാധീനിക്കുന്ന പരിസ്ഥിതിവ്യവസ്ഥ എന്നീ നിലകളിലെല്ലാം പശ്ചിമഘട്ടം അതീവ പ്രധാനമാണെന്ന് സമിതി വിലയിരുത്തി. മണലൂറ്റലും കൃഷിയും ഖനനവും പാറ പൊട്ടിക്കലുമെല്ലാം പശ്ചിമഘട്ടത്തിന്റെ ഭൂവിനിയോഗത്തില്‍ ഗണ്യമായ മാറ്റംവരുത്തിയിട്ടുണ്ട്. ഈ വികസനമെന്ന് പറയപ്പെടുന്ന വഴികള്‍ പ്രകൃതിസമ്പത്തിന് വലിയ നാശംവരുത്തി. അത് ജനജീവിതത്തില്‍ വിവിധ പ്രതിസന്ധികള്‍ക്കിടയാക്കുകയാണ്. പുത്തുമലയും ചൂരല്‍മലയും അതിന് സാക്ഷിയാണ്. പശ്ചിമഘട്ട മേഖലയാകെ പരിസ്ഥിതിലോലപ്രദേശ (Ecologically Sensitive Area) മാണെന്ന് കമ്മറ്റിി വിലയിരുത്തി. ഈ രീതിയില്‍ പരിസ്ഥിതിലോലാവസ്ഥ നിര്‍ണയിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 2000ല്‍ നിയോഗിച്ചിരുന്ന പ്രണോബ്‌സെന്‍ സമിതിയുടെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് ഗാഡ്ഗില്‍ സമിതി പശ്ചിമഘട്ടത്തെയാകെ പരിസ്ഥിതിലോലപ്രദേശമായി കണക്കാക്കിയത്.

കുറ്റമറ്റ മെത്തഡോളജി ഇല്ലാത്തതിനാല്‍ പശ്ചിമഘട്ടംപോലെ കെട്ടുപിണഞ്ഞ പരിസ്ഥിതി ആവാസവ്യവസ്ഥയെ, പരിസ്ഥിതി ലോലതയുടെ തരംതിരിക്കുക എന്നത് വളരെ പ്രയാസമുള്ളൊരു കാര്യമാണ്. ചര്‍ച്ചകള്‍ക്ക് ശേഷം ഒരു മാതൃക തയ്യാറാക്കി പൊതുജനാഭിപ്രായത്തിനായി പരസ്യപ്പെടുത്തി. 2011 ജനവരിയിലെ 'Current Science' എന്ന മാസികയില്‍ ഒരു ലേഖനമായി പ്രസിദ്ധീകരിച്ചു. (Mapping Ecologically Significant and Sensitive Areas of Western Ghats: Proposed Protocol and Methedology by Madhav Gadgil et. എന്നതായിരുന്നു പേര്. 


കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍, പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പിച്ച റിപ്പോര്‍ട്ടിന്റെ പ്രസക്തി വര്‍ധിക്കുകയാണ്.

അതാതു പ്രദേശത്തിന്റെ ജീവശാസ്ത്രപരമായ സവിശേഷത, ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം, ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ പ്രത്യേകത, പ്രകൃതിദുരന്തസാധ്യത, പ്രദേശവാസികളുടെ വിലയിരുത്തല്‍, നദികളുടെ ഉദ്ഭവസ്ഥാനം എന്നിവയോടൊപ്പം ദേശീയ ഉദ്യാനം, വന്യജീവി സംരക്ഷണകേന്ദ്രം തുടങ്ങിയവയോടുള്ള സാമീപ്യം എന്നീ ആറു ഘടകങ്ങള്‍ ഉപയോഗിച്ച് ഒരു ബഹുതല സൂചിക (composite index) തയ്യാറാക്കലായിരുന്നു ആദ്യപടി. ഇതനുസരിച്ച് ഓരോ ഘടകത്തിനും പ്രത്യേകമായ വെയിറ്റേജ് നല്‍കി. സ്‌കോറിന്റെ ഏറ്റക്കുറച്ചിലിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശത്തിന്റെ തീവ്രത കണക്കാക്കി.

ഇതിനായി പിന്നീട് ചെയ്തത് പശ്ചിമഘട്ടത്തെ 8,100 ഹെക്ടര്‍ വിസ്തീര്‍ണമുള്ള ചതുരങ്ങളായി വേര്‍തിരിക്കുകയായിരുന്നു. 2200 ചതുരങ്ങളാക്കി ഈ പ്രദേശത്തെ പകുത്തു. നേരത്തെ പറഞ്ഞ സ്‌കോറുകളുടെ സാന്നിധ്യം ഓരോ ചതുരത്തിലും എത്രമാത്രം വരുന്നു എന്ന് നോക്കുന്നു. ആ സ്‌കോറുകളുടെ ശരാശരി കണക്കാക്കി, ശരാശരി സ്‌കോര്‍ മൂന്നില്‍ കുറവാണെങ്കില്‍ ആ പ്രദേശത്തെ ESZ3 ആയിട്ട കണക്കാക്കി. 35 സ്‌കോര്‍, ESZ2 എന്നും അതില്‍ കൂടുതലാണെങ്കില്‍ ESZ1 ഉം ആയി കണക്കാക്കി. ഇതിനകം ലഭ്യമായ വിവിധ സ്രോതസ്സുകളില്‍നിന്നാണ് ഇതു സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ചത്. ഇതനുസരിച്ച് കേരളത്തില്‍ ESZ1ല്‍ 15 ഉം ESZ2ല്‍ രണ്ടും ESZ3ല്‍ എട്ട് താലൂക്കുകളും ഉള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. കേരളത്തിലെ മൊത്തം 63 താലൂക്കുകളില്‍ 25 താലൂക്കുകള്‍ ആണ് അവയുടെ വിസ്തീര്‍ണത്തിന്റെ 50 ശതമാനത്തിലധികം ഈ രീതിയില്‍ ESZ കളില്‍ വരുന്നതായി തരംതിരിച്ചിരിക്കുന്നത്. 18 താലൂക്കുകളില്‍ 50 ശതമാനത്തില്‍ താഴെ പ്രദേശങ്ങളില്‍ ചിലയിടത്ത് ESZ1, ESZ2 പ്രദേശങ്ങള്‍ ഉണ്ട്. ബാക്കി താലൂക്കുകള്‍ ഒന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്നില്ല. ഇപ്പോള്‍ ഉള്‍പ്പെടുത്തിയതില്‍ത്തന്നെ, ഇനിയും ചര്‍ച്ചയാവാമെന്നും ഈ ചര്‍ച്ച താഴെതട്ടില്‍വരെ നടത്തണമെന്നും ഏതൊക്കെ പ്രദേശങ്ങള്‍ വിവിധ ESZ കളില്‍ വരണമെന്നതില്‍ ജനങ്ങള്‍ തീരുമാനമെടുക്കണമെന്നുമാണ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.

പശ്ചിമഘട്ടത്തെ പൊതുവില്‍ പാരിസ്ഥിതിക ലോലപ്രദേശമായാണ് ഗാഡ്ഗില്‍ കമ്മിറ്റി കാണുന്നതെങ്കിലും ലോലതയുടെ അടിസ്ഥാനത്തില്‍ എല്ലാ പ്രദേശങ്ങളെയും കമ്മിറ്റി ഒരേപോലെയല്ല പരിഗണിക്കുന്നത്. ജൈവസവിശേഷതകള്‍, ഉയരം, ചരിവ്, കാലാവസ്ഥ, അപകടസാധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം നോക്കി ചില പ്രദേശങ്ങള്‍ ലോലമാകാം എന്നതാണ് നിഗമനം. ഇത് ശാസ്ത്രീയമായൊരു നിലപാടാണ്.

ഈ ചര്‍ച്ചകളില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി പ്രതിനിധികള്‍കൂടി പങ്കാളിയാവുകയും വേണം. പരിസ്ഥിതിലോല പ്രദേശങ്ങളായി തരംതിരിച്ച താലൂക്കുകളുടെ മുഴുവന്‍ ഭാഗവും പരിസ്ഥിതിലോലമാകണമെന്നില്ല. പ്രസ്തുത താലൂക്കിന്റെ ഏതെങ്കിലുമൊരു കോണില്‍ മാത്രമായിരിക്കാം മേല്‍പ്പറഞ്ഞ സൂചികകളുടെ സാന്നിധ്യം. ഈ സ്ഥലം ഏതെങ്കിലും ഒരു പഞ്ചായത്തിലോ വാര്‍ഡിലോ ആയിരിക്കാം. ഇതാകട്ടെ, ഒരു ചരിത്രസ്മാരകം ഉള്ളതുകൊണ്ടോ, പ്രകൃതിദുരന്തസാധ്യത - അതായത് ഉരുള്‍പൊട്ടാനും മറ്റും ഉള്ള സാധ്യതകൊണ്ടോ ഉള്‍പ്പെട്ടതായിരിക്കാം. ഉദാ: കോഴിക്കോട് ജില്ലയിലെ പഴയ കോഴിക്കോട് താലൂക്ക് ESZ കണക്കില്‍ വന്നിട്ടുണ്ടെങ്കില്‍ അതൊരുപക്ഷേ, തിരുവമ്പാടിയിലെ ഉരുള്‍പൊട്ടല്‍ പ്രദേശം, ആ താലൂക്കിന്റെ ഭാഗമായതുകൊണ്ടാവാം. എന്നാല്‍, ഉരുള്‍പൊട്ടല്‍ പ്രദേശത്തിന്റെ ESZ ല്‍ വരുന്ന ഭാഗം ചര്‍ച്ചകളിലൂടെയാണ് തീരുമാനിക്കേണ്ടത്. അതിന് ഗ്രാമസഭകൂടി ജനങ്ങളും, വിദഗ്ധരും തമ്മിലുള്ള ചര്‍ച്ചള്‍ നടക്കണം.

''പശ്ചിമഘട്ടത്തെ പൊതുവില്‍ ഒരു പാരിസ്ഥിതിക ലോലപ്രദേശമായാണ് ഗാഡ്ഗില്‍ കമ്മിറ്റി കാണുന്നതെങ്കിലും ലോലതയുടെ അടിസ്ഥാനത്തില്‍ എല്ലാ പ്രദേശങ്ങളെയും കമ്മിറ്റി ഒരേപോലെയല്ല പരിഗണിക്കുന്നത്. ജൈവസവിശേഷതകള്‍, ഉയരം, ചരിവ്, കാലാവസ്ഥ, അപകടസാധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം നോക്കി ചില പ്രദേശങ്ങള്‍ ലോലമാകാം എന്നതാണ് നിഗമനം. ഇത് ശാസ്ത്രീയമായൊരു നിലപാടാണ്. അല്ലാതെ ആര്‍ക്കും എവിടെയും എന്തും ചെയ്യാം എന്നതില്‍നിന്ന് മാറി ഭൂവിനിയോഗത്തില്‍ ഒരു സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന കേരളത്തിന്റെയും മറ്റും അനിവാര്യമായ ആവശ്യമാണ് ഒരര്‍ഥത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍വഹിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. അവിടനിന്ന്, തദ്ദേശവാസികളെ ഇറക്കിവിടണമെന്നോ, പട്ടയംകൊടുക്കാന്‍ പാടില്ലെന്നോ, കൃഷി നിര്‍ത്തണമെന്നോ, കന്നുകാലികളെ വളര്‍ത്താന്‍ പറ്റില്ലെന്നോ, രണ്ടു കന്നുകാലികള്‍ മാത്രമേ പാടുള്ളൂ എന്നോ ഒന്നും ഗാഡ്ഗില്‍ കമ്മിറ്റി എവിടെയും പറഞ്ഞിട്ടില്ല.'' (ടി.പി. കുഞ്ഞിക്കണ്ണന്റെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരളവികസനവും എന്ന പുസ്തകത്തില്‍ നിന്ന്)

കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍, പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പിച്ച റിപ്പോര്‍ട്ടിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ രൂപം താഴെ കൊടുക്കുന്നു. 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഹനൂന്‍ റസീന അഷ്റഫ്

Writer

Similar News