'പകുതി ആകാശം സ്ത്രീകളുടേത്' രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യം വിഷയമാക്കി പാനല്‍ ചര്‍ച്ച

നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി 'പാര്‍ലമെന്ററി രംഗത്ത് സ്ത്രീകളുടെ സംഭാവനയും പങ്കാളിത്തവും' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജ്, ജെ. ചിഞ്ചു റാണി, വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി, ജെബി മേത്തര്‍ എം.പി, ഡോ. പ്രിയ കെ. നായര്‍, അഡ്വ. വീണ എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Update: 2023-11-06 13:46 GMT
Advertising

ഭരണരംഗത്ത് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് മൂന്നു പതിറ്റാണ്ടിലേറെയുള്ള ചരിത്രം പറയാനുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്ലിന്റെ ഗുണഫലം 2024 ലെ തിരഞ്ഞെടുപ്പില്‍ ഉണ്ടാകണം. സുപ്രധാന നിയമനിര്‍മാണങ്ങള്‍ക്ക് വനിതകള്‍ ചുക്കാന്‍ പിടിച്ച ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. തൊഴിലിടങ്ങളില്‍ ഭരണസംവിധാനത്തില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ പ്രധാന പദവികളില്‍ വരുമ്പോള്‍ ചുറ്റുമുള്ള സ്ത്രീ സമൂഹമൊന്നാകെ ശാക്തീകരിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു.

ആധുനിക കേരളത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ധീര വനിതകളായ ആനി മസ്‌ക്രീന്‍, അക്കാമ്മ ചെറിയാന്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയവരെ ഈയവസരത്തില്‍ ഓര്‍ക്കുന്നതായി മന്ത്രി ചിഞ്ചുറാണി പറഞ്ഞു. രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ള ഒട്ടനവധി സ്ത്രീകള്‍ ഇന്ത്യയിലുണ്ടായിരുന്നു. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ സ്ത്രീകളെ എത്തിക്കാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ബില്ല് പാസായെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ധാരാളം വെല്ലുവിളികള്‍ നിറഞ്ഞ രാഷ്ട്രീയ സാഹചര്യമാണ് ഇന്നുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

മാവോയുടെ 'പകുതി ആകാശം സ്ത്രീകളുടേത്' എന്ന വാചകം ഉദ്ധരിച്ചാണ് ജെബി മേത്തര്‍ എം.പി. ചര്‍ച്ച ആരംഭിച്ചത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ അടയാളപ്പെടുത്തിയ അനേകം സ്ത്രീകള്‍ ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണ്. ഇന്നും സമ്മേളനങ്ങളിലും യോഗങ്ങളിലും സ്ത്രീകള്‍ക്ക് കസേര പോലും കിട്ടാത്ത അനുഭവങ്ങള്‍ നിത്യസംഭവങ്ങളാണ്. ഏറെ സസ്‌പെന്‍സ് നിറഞ്ഞതായിരുന്നു പാര്‍ലമെന്റിലെ വനിതാ സംവരണ ബില്‍ അവതരണം. എന്തെങ്കിലും ചെയ്തുവെന്ന് ജനങ്ങളുടെ മുന്നില്‍ വരുത്തിത്തീര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് ജെബി പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീകളെ അഭിനന്ദിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നുണ്ടോ എന്നതും ചിന്തിക്കണമെന്ന് അവര്‍ വ്യക്തമാക്കി. 


തുല്യത വിഭാവനം ചെയ്യുന്ന ഒരു ഭരണഘടനയാണ് നമ്മുടേതെന്ന് പി. സതീദേവി പറഞ്ഞു. അതേസമയം നമ്മുടെ നിയമസഭയില്‍ സ്ത്രീകളുടെ എണ്ണം 10 ശതമാനം പോലുമില്ല എന്നത് നിരാശാജനകമാണ്. വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്‍. ഇത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഭരണ സംവിധാനമാണ് ഇന്ന് ആവശ്യം. പൊതുബോധ നിര്‍മിതിയില്‍ പരിവര്‍ത്തനം കൊണ്ടുവരാനും സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകള്‍ മാറ്റാനും ശ്രമങ്ങള്‍ ഉണ്ടാകണം. സ്ത്രീകളില്‍ അന്തര്‍ലീനമായ കഴിവുകള്‍ നാടിന്റെ വികസനത്തിന് കാരണമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണമെന്നും പി. സതീദേവി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ട് സമാഹരിക്കാനുള്ള അടവ് മാത്രമാണ് വനിതാ സംവരണ ബില്ലെന്ന് അഡ്വ. വീണ എസ്. നായര്‍ അഭിപ്രായപ്പെട്ടു. സാവിത്രി ലക്ഷ്മണന്‍, കെ.ആര്‍. ഗൗരിയമ്മ എന്നീ വനിതാ നേതാക്കള്‍ കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ച് അവര്‍ സംസാരിച്ചു. 


സ്ത്രീകള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ പൊതുബോധത്തിന്റെ കാഴ്ചപ്പാടുകളില്‍ സ്വാഭാവിക പരിവര്‍ത്തനം ഉണ്ടാകുന്നത് വരെ സംവരണം ആവശ്യമാണെന്ന് ഡോ. പ്രിയ കെ. നായര്‍ പറഞ്ഞു. ലിംഗനീതിയോട് വിരക്തിയുള്ള പൊതുബോധമാണ് നമ്മുടേത്. വിദ്യാഭ്യാസ തലത്തില്‍ തന്നെ ഈ വിഷയം അഭിസംബോധന ചെയ്യപ്പെടണം. നമ്മുടെ കുട്ടികള്‍ ഇന്നും യുദ്ധത്തിന്റെയും പുരുഷന്‍മാരുടെയും ചരിത്രം മാത്രമാണ് പഠിക്കുന്നത്. ഭൂരിപക്ഷമായിട്ടും ന്യൂനപക്ഷം അനുഭവിക്കുന്ന എല്ലാ അനീതികളും സ്ത്രീകള്‍ അനുഭവിക്കുന്നുണ്ടെന്ന് പ്രിയ കെ. നായര്‍ വ്യക്തമാക്കി.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News