ആകസ്മിക ഒഴിവും ബാരിയുടെ പ്രേതവും

ജെ.കെ. റോളിംഗിന്റെ 'ദ കാഷ്വല്‍ വേക്കന്‍സി' എന്ന നോവലിന്റെ വായന | ഇരട്ടവര

Update: 2024-10-21 08:29 GMT
Advertising

ലോകസാഹിത്യത്തില്‍ ബ്രാന്‍ഡായി മാറുന്ന എഴുത്തുകാരുണ്ട്. ആ ഗണത്തില്‍ മുന്‍നിരയിലാണ് ജെ.കെ റോളിംഗിന്റെ സ്ഥാനം. ഹാരി പോട്ടര്‍ പരമ്പരയിലെ ഏഴ് പുസ്തകങ്ങള്‍ ഈ എഴുത്തുകാരിയെ ലോകപ്രശസ്തയാക്കി. 1997 മുതല്‍ 2007 വരെ പുറത്തിറങ്ങിയ ഹാരി പോട്ടര്‍ കഥകള്‍ 450 മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞു. 74 ലോക ഭാഷകളിലേക്ക് ഹാരി പോട്ടര്‍ പരിഭാഷ ചെയ്യപ്പെട്ടു. എട്ട് ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ ഈ കൃതികളെ ആധാരമാക്കി പിറന്നു. ഹാരി പോട്ടര്‍ ലോകമെങ്ങുമുള്ള കുട്ടികളെ ആകര്‍ഷിച്ചപ്പോള്‍ ദ കാഷ്വല്‍ വേക്കന്‍സി എന്ന നോവലിലൂടെ ഈ എഴുത്തുകാരി മുതിര്‍ന്നവരുടെ സാഹിത്യലോകത്ത് തന്റെ ഇടം ഉറപ്പാക്കി.

തിരുവനന്തപുരത്തെ പുസ്തകശാലകളിലും ബുക്ക് ഫെയറുകളിലും ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ തരംഗം സൃഷ്ടിക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. മഞ്ഞും മഴയും വെയിലും വകവെക്കാതെ ജെ.കെ റോളിംഗിന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്ന ദിവസം പുസ്തകശാലകളില്‍ നീണ്ട ക്യു രൂപപ്പെട്ടു. ആഗോള രംഗത്ത് വന്‍ വാര്‍ത്തകള്‍ പിറന്നു. ഹാരി പോട്ടര്‍ കഥകളിലൂടെ വിശ്വ വിഖ്യാതിയിലേക്ക് ഉയര്‍ന്ന ജെ.കെ റൗളിംഗ് പുസ്തകപ്രസാധന രംഗത്തെ ഒരു ബ്രാന്‍ഡ് ആണെന്നു തന്നെ നിസ്സംശയം പറയാം. ഈ എഴുത്തുകാരിയുടെ ബാലസാഹിത്യകൃതികള്‍ ലോകമെങ്ങുമുള്ള കുട്ടികളെ വിസ്മയഭരിതരാക്കി. എഴുത്തുകാരി അതിവേഗം അതിസമ്പന്നമായി. ഹാരി പോട്ടര്‍ തരംഗം ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തില്‍ വരെ ദൃശ്യമായിരുന്നു. ഇന്നും കുട്ടികളുടെ പ്രിയ കഥാപാത്രമാണ് ഹാരി പോട്ടര്‍

ആറാം വയസ്സില്‍ കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കാന്‍ ഒരു കഥ തുന്നിക്കൂട്ടി എഴുതിയ പെണ്‍കുട്ടി ലോകത്തെ അമ്പരിപ്പിച്ചു. റാബിറ്റ് എന്നായിരുന്നു അവളുടെ ആ ആദ്യ പുസ്തകത്തിന്റെ പേര്. ജെ.കെ റോളിംഗിന്റെ കഥ എഴുത്തിലെ ആവേശം കൊള്ളിക്കുന്ന മാജിക്ക് മുത്തശ്ശിയുടെ പേരും കടമെടുത്തായിരുന്നു. 1996 ല്‍ ഒരു പഴയ റെനിംഗ് ടണ്‍ ടൈപ്പ് റെറ്ററില്‍ ഹാരി പോട്ടര്‍ സീരിസിലെ ആദ്യ നോവല്‍ എഴുതി തീര്‍ക്കുമ്പോള്‍ ജെ.കെ ഓര്‍ത്തില്ല അതു നാളത്തെ ചരിത്രമെന്ന്. പന്ത്രണ്ട് പ്രസാധകര്‍ ഹാരി പോട്ടര്‍ നിഷ്‌കരുണം തള്ളി. എഴുത്തുകാരി തളര്‍ന്നില്ല തന്റെ എഴുത്തില്‍ അവള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. ബ്ലൂംസ്ബറി എന്ന പ്രസാധകര്‍ പുസ്തകം ഏറ്റെടുത്തു. 1997 മുതല്‍ 2007 വരെ ഹാരിപോട്ടര്‍ തരംഗം. പുസ്തകശാലകളുടെ മുന്‍പില്‍ കുട്ടികള്‍ നിരന്നു. സ്‌പെഷ്യല്‍ സുരക്ഷ പുസ്തകങ്ങള്‍ക്ക് ഏര്‍പ്പെടുത്തേണ്ടിവന്നു.

പ്രസാധക ലോകത്തെ വമ്പന്‍ സംഭവമായി ഹാരി പോട്ടര്‍ മാറി. ആ ലോകം ആ മഹാറാണി അടക്കിഭരിച്ചു. തന്നെ അവഗണിച്ച പ്രസാധകര്‍ കാല്‍ക്കീഴില്‍ വീണ്ടും 74 ലോക ഭാഷകളില്‍ പുസ്തകമിറങ്ങി. 450 കോടി ഡോളര്‍ വിറ്റുവരവുള്ള എഴുത്തുകാരിയായി. തന്റെ പിറന്നാളും ഹാരി പോട്ടറിന്റെ പിറന്നാളും ഒന്നാക്കി എഴുത്തുകാരി ഭാഗ്യം എഴുതിവാങ്ങി. ജോലി നഷ്ടപ്പെട്ട ദുഃഖത്തില്‍ എഴുത്ത് തുടങ്ങിയ എഴുതിയ എഴുത്തുകാരി ഇംഗ്ലണ്ടിലും അമേരിക്കയിലും എഴുത്തിലൂടെ കോടീശ്വരിയായി കോടീശ്വരന്മാരെ ഞെട്ടിച്ചു.

2012 ല്‍ മുതിര്‍ന്ന വായനക്കാരെ ലക്ഷ്യമിട്ട് ജെ.കെ. റോളിംഗ് എഴുതിയ ആദ്യ നോവലാണ് ദ കാഷ്വല്‍ വേക്കന്‍സി. പരമ്പരാഗതമായ ഇംഗ്ലീഷ് നോവലുകളുടെ ഗരിമയും ആഴവും വെളിവാക്കുന്ന മഹത്തായ നോവലായാണ് നിരൂപക ലോകം ഈ കൃതിയെ വാഴ്ത്തുന്നത്. എമിലി ബ്രോണ്ടി, ചാള്‍സ് ഡിക്കന്‍സ്, തോമസ് ഹാര്‍ഡി , ജെയ്ന്‍ ഓസ്റ്റന്‍ തുടങ്ങി ഇംഗ്ലീഷ് നോവലിസ്റ്റുകള്‍ തെളിച്ച വഴിയില്‍ ഇതിഹാസതുല്യമായി നില്‍ക്കുന്ന മറ്റൊരു കരുത്തുറ്റ രചന എന്നു തന്നെ ഈ നോവലിനെ വിശേഷിപ്പിക്കാന്‍ കഴിയും.

കഥയിലേക്ക് വരാം. പള്ളി കമ്മറ്റിയിലെ അംഗവും പൊതു സമ്മതനുമായ സാമൂഹിക പ്രവര്‍ത്തകന്‍ ബാരി ഫെയര്‍ബ്രദര്‍ ഭാര്യയോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോകവെ ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണ് മരിക്കുന്നു. ബാരിയുടെ ആകസ്മിക വേര്‍പാട് പാഗ്‌ഫോര്‍ഡ് എന്ന ഉന്നതര്‍ ജീവിക്കുന്ന കോളനിയില്‍ വലിയ ഞെട്ടലായി മാറുന്നു.

ബാരിയുടെ ഭാര്യ മേരിയുടെയും നാലു കുട്ടികളുടെയും വേദനയില്‍ ഉപരി ഒഴിവ് വന്ന പാരിഷ് കൗണ്‍സിലിലേക്കുള്ള മത്സരം പാഗ്‌ഫോര്‍ഡ് വാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറുന്നു. ഈ കോളനിയിലെ മറ്റൊരു പ്രബല കുടുംബമാണ് മൈല്‍സിന്റേത്. തന്റെ പിതാവായ ഹൊവാര്‍ഡ് മോളി സന്റെയും മാതാവ് ഷേര്‍ലി മോളിസന്റെയും സഹായത്തോടെ അയാള്‍ മത്സര രംഗത്ത് സ്ഥാനമുറപ്പിക്കുന്നു.

സ്‌ക്കൂള്‍ അധ്യാപകനായ കോളിന്‍ വാളും മത്സരിക്കാനിറങ്ങുന്നു. അയാളുടെ മകനായ ഫാറ്റ്‌സ് എന്ന് വിളിപ്പേരുള്ള സ്റ്റുവാര്‍ട്ട് കൗമാരക്കാരന്റെ അഴിഞ്ഞ ജീവിതമാണ് നയിക്കുന്നത്.

പാഗ്‌ഫോര്‍ഡിലെ കുടുംബങ്ങള്‍ക്കിടയിലൂടെ ബാരിയുടെ മരണവും തെരഞ്ഞെടുപ്പും നിരവധി പ്രതിസന്ധികള്‍ ഉണര്‍ത്തുന്നു. ഉന്നതരുടെ വാസസ്ഥലത്തിന് സമീപമുള്ള മറ്റൊരു പ്രദേശമാണ് ഫീല്‍ഡ്‌സ് എന്ന സ്ഥലം. മയക്കുമരുന്ന് അടിമകളും പാവപ്പെട്ടവരും താമസിക്കുന്ന സ്ഥലം. ഈ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബെല്‍ ചാപ്പല്‍ എന്ന ലഹരി വിമുക്തി നിലനിര്‍ത്തണോ വേണ്ടയോ എന്നതാണ് അന്തരിച്ച ബാരി നേരിട്ട വലിയ രാഷ്ട്രീയ പ്രശ്‌നം. പുതിയ കൗണ്‍സിലറും മുമ്പിലും ആ പ്രതിസന്ധി നേരിടേണ്ടിവരും.

കൗമാരക്കാരായ ഫാറ്റ്‌സും ആന്‍ഡ്രുവും ചേര്‍ന്ന് ബാരിയുടെ പ്രേതം എഴുതുന്ന പോലെ മത്സര രംഗത്തുള്ളവര്‍ക്കു നേരേ അപഖ്യാതികള്‍ പാരിഷ് കൗണ്‍സില്‍ വെബ്‌സൈറ്റില്‍ എഴുതിവിടുന്നുണ്ട്. അത് കുടുംബങ്ങളുടെ രഹസ്യങ്ങള്‍ പരസ്യമാക്കുന്നു. മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നു.

ഉന്നത കുടുംബ വാസികള്‍ക്ക് തലവേദനയായ ഫീല്‍ഡ്‌സിനെ തങ്ങളുടെ സംരക്ഷണ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. പക്ഷെ, അന്തരിച്ച ബാരി മയക്കുമരുന്നിന് അടിമയായ ടെറി എന്ന സ്ത്രീയുടെ മകള്‍ ക്രിസ്റ്റല്‍ വീല്‍ഡനെ ചേര്‍ത്തു നിര്‍ത്തി. അവള്‍ കയാക്കിംഗ് താരമാണ്. ഫാറ്റ്‌സ് എന്ന കൗമാരക്കാരനുമായി വഴിവിട്ട ഒരു പ്രണയ ബന്ധത്തില്‍ അവള്‍ ഏര്‍പ്പെടുന്നു. അത് അവളുടെ ആത്മഹത്യയിലേക്കും സഹോദരന്‍ റോബി എന്ന കുഞ്ഞിന്റെ പുഴയില്‍ വീണുള്ള അപകട മരണത്തിലേക്കും നയിക്കുന്നുണ്ട്.

ബാരിയുടെ ഭാര്യ മേരിയെ പ്രണയിക്കുന്ന ഗാവിന്‍ ,ബെല്‍ ചാപ്പലിലെ സാമൂഹിക പ്രവര്‍ത്തക കേ, അവളുടെ മകള്‍ ജിയ തുടങ്ങി ഒട്ടേറ കഥാപാത്രങ്ങള്‍ നോവലിലുണ്ട്. ഇംഗ്ലണ്ടിലെ കുടിയേറ്റ സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ പാരമിന്തിര്‍, വിക്രം, സുക്വിന്തര്‍ എന്നിവരടങ്ങുന്ന ഒരു പഞ്ചാബി കുടുംബവും കഥയില്‍ ഇടപെടുന്നു.

ആഖ്യാനത്തിലെ ദൃശ്യപരത വായന സവിശേഷമാക്കുന്ന ഈ നോവലില്‍ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്ന ഇടങ്ങള്‍ നമുക്ക് കൃത്യമായി കാണുവാന്‍ കഴിയും. വിദ്യാലയം, പള്ളി, തെരുവ്, വീട്ടുകള്‍, പുഴ, ഒരു കഫെ, ആശുപത്രി, സൂപ്പര്‍ മാര്‍ക്കറ്റ് അങ്ങനെ കഥാസ്ഥലി എഴുത്തുകാരി ഒരു സിനിമാറ്റിക്ക് പൂര്‍ണ്ണതയോടെ വിവരിക്കുന്നു.

ബാരിയുടെ മരണം മുതല്‍ ശവസംസ്‌കാരം വരെയുള്ള ഏതാനം ദിവസത്തെ സംഭവവികാസങ്ങളിലൂടെ ഒരു വലിയ കുടുംബ കഥ നോവലിസ്റ്റ് പറയുന്നു. അഴിഞ്ഞ ബന്ധങ്ങളും പൊങ്ങച്ചം നിറഞ്ഞ സമൂഹവും ചേര്‍ന്ന് ബ്രിട്ടീഷ് ജീവിതങ്ങളുടെ പൊള്ളത്തരങ്ങളെ വലിച്ചു കീറുകയാണ് ഈ നോവല്‍.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ജേക്കബ് ഏബ്രഹാം

Writer

Similar News