ആശാന്റെ കവിതകളില്‍ ലയിച്ച 'സ്മൃതി സന്ധ്യ'
കുമാരനാശാന്റെ കവിതകളില്‍ കേരളത്തിന്റെ ജൈവപ്രകൃതിയും പ്രതിരോധവുമുണ്ട്.
കുമാരനാശാനെ ഓര്‍ക്കുകയെന്നാല്‍ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും വൈവിധ്യത്തെയും ആഘോഷിക്കുകയാണെന്ന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. കേരള നിയമസഭാ പുസ്തകോത്സവത്തില്‍ കുമാരനാശാനെ സ്മരിച്ചുകൊണ്ട് സംഘടിപ്പിച്ച 'സ്‌നേഹഗായകന്റെ കവിതകളിലൂടെ' എന്ന കുമാരനാശാന്‍ സ്മൃതി സന്ധ്യയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളില്‍ പുന:സ്ഥാപിക്കപ്പെടേണ്ട ദൈവമാണ് സ്‌നേഹം. സ്‌നേഹത്തിന്റെ തീവ്രത ആശാനോളം അനുഭവിപ്പിക്കാന്‍ മാറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. കുമാരനാശാന്‍ ഈ നിയമസഭയുടെ ഭാഗമായിരുന്നെന്നും നീതിയുള്ള ലോകത്തെ ആഗ്രഹിക്കുന്നവരാണ് കവികളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തുടര്‍ന്ന് കുമാരനാശാന്‍ രചിച്ച ലീല എന്ന കവിതയുടെ ഒരു ഭാഗം ചൊല്ലി. പ്രണയത്തെ ഇത്രയും തീവ്രമായി അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുമാരനാശാന്റെ കവിതകളില്‍ കേരളത്തിന്റെ ജൈവപ്രകൃതിയും പ്രതിരോധവുമുണ്ട്. മലയാളിക്ക് പ്രേമിക്കാനും വിപ്ലവം സംസാരിക്കാനും കഴിയുമെന്ന് മലയാളിയെ ഓര്‍മിപ്പിച്ച കവിയാണ് കുമാരനാശാന്‍. ജാതിബോധത്തിനുമേല്‍ തെറാപ്പി നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും ഡോ. എം.എ. സിദ്ദീഖ് അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് ഡോ. ലക്ഷ്മി ദാസ് 'ചണ്ഡാലഭിക്ഷുകി' കവിതയിലെ ഭാഗവും സുമേഷ് കൃഷ്ണന്‍ 'ചിന്താവിഷ്ടയായ സീത'യിലെ ഒരു ഭാഗവും അഖിലന്‍ ചെറുകോട് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് കുമാരനാശാന്‍ എഴുതിയ കവിതയും ചൊല്ലി.