നാടകാന്ത്യം, മാനം കപ്പലേറിയ ദിവസം

പോക്കറ്റിനുള്ളില്‍ ഞാന്‍ ബലമായി എന്റെ മുഷ്ടി ചുരുട്ടി. അയാള്‍ ബലമായി എന്റെ കൈയില്‍ പിടിച്ചു വലിച്ചു. എന്റെ കൈ പുറത്തേക്കു വന്നപ്പോള്‍ ചുരുട്ടിപ്പിടിച്ച എന്റെ മുഷ്ടിയില്‍ ബ്രേസിയര്‍ ഉണ്ടായിരുന്നു. അത് കണ്ടു അയാള്‍ ആദ്യം ഞെട്ടി. കൂടെ ഉണ്ടായിരുന്ന സ്ത്രീയും അത് കണ്ടു, അത്ഭുതത്തോടെ എന്നെ നോക്കി. പിന്നെ അയാളുടെ മുഖത്ത് ഒരു ചിരി പടര്‍ന്നു. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 24

Update: 2024-09-10 13:58 GMT
Advertising

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥി ആയിരിക്കെത്തന്നെ വിവാഹം കഴിക്കുകയും കുടുംബസ്ഥനാവുകയും ചെയ്തത് രാജ്കുമാര്‍ ആണ്. പക്ഷെ, ഈ കാര്യങ്ങളൊക്കെ വളരെ രഹസ്യമായിരുന്നു. ഇതിനിടയില്‍ ലീലയുടെയോ രാജ്കുമാറിന്റെയോ കൂടെ നേരത്തെ താമസിച്ചിരുന്നവര്‍ ആരോ വിവരം രഹസ്യമായി രാജ്കുമാറിന്റെ വീട്ടുകാരെ അറിയിച്ചു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പോയ മകന്‍ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ കല്യാണവും കഴിച്ചു ജീവിക്കുന്നു എന്ന വാര്‍ത്ത അവന്റെ മാതാപിതാക്കളെ തളര്‍ത്തിക്കളഞ്ഞു. അവര്‍ക്കു ആരാണ് ഈ വിവരം ചോര്‍ത്തിക്കൊടുത്തതെന്നു അറിയില്ല. വല്ല ഊമക്കത്തോ മറ്റോ ആയിരിക്കും. ഏതായാലും വാര്‍ത്തയുടെ നിജസ്ഥിതി കണ്ടുപിടിക്കാന്‍ അവര്‍ തീരുമാനിച്ചു. മദ്രാസിലുള്ള ഏതെങ്കിലും പരിചയക്കാരോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടാല്‍ സത്യം സത്യമായിത്തന്നെ അറിയാന്‍ കഴില്ല എന്ന ധാരണയിലായിരിക്കണം, അവര്‍ ഒരു വസ്തുതാന്വേഷണ ദൗത്യവുമായി സ്വയം മദിരാശിയിലേക്കു പുറപ്പെടാന്‍ തീരുമാനിച്ചത്. അന്ന് ഫോണില്‍ ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നതു കൊണ്ടു അവര്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഉടനെ അവനു തങ്ങളുടെ ആഗമനം അറിയിച്ചു കൊണ്ട് അവന്റെ പുതിയ വിലാസത്തില്‍ ടെലിഗ്രാം അയച്ചു. ടെലിഗ്രാം അവന്റെ കൈയില്‍ കിട്ടിയത് അവര്‍ എത്തുന്നതിന്റെ തലേദിവസം രാത്രിയാണ്.

പിറ്റേദിവസം പുലര്‍ച്ചേ അവന്‍ പരിഭ്രാന്തനായി എന്റെ മുറിയില്‍ ഓടി എത്തി. അവന്റെ ഭാവം കണ്ടപ്പോഴേ എന്തോ പന്തികേടുണ്ടെന്നു മനസ്സിലായി. ഞാന്‍ കാര്യം ചോദിക്കുന്നതിനു മുന്‍പേ അവന്‍ പറഞ്ഞു:

''എടാ നീ എന്നെ സഹായിക്കണം''.

''എടാ എന്റെ സാമ്പത്തിക സ്ഥിതി നിനക്കറിയില്ലേ ?'' ഞാന്‍ പറഞ്ഞു.

''സാമ്പത്തികം ഒന്നുമല്ലടാ. ഇപ്പൊ നീ എന്നെ സഹാച്ചില്ലെങ്കില്‍ എന്റെ ജീവിതം കുട്ടിച്ചോറാകും'' അവന്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

''നീ കാര്യം പറ''

''ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞിരിക്കുന്നത് ഞാനും നീയും കൂടി ഒരു വീട് വാടകക്കെടുത്തു ഒന്നിച്ചു താമസിക്കുന്നു എന്നാണ്. ആ വീടിന്റെ അഡ്രസ്സാണ് ഞാന്‍ അവര്‍ക്കു കൊടുത്തിരുന്നത്''.

'' ശരി അതിനു ഇപ്പൊ എന്താ പ്രശ്‌നം?''

''അവര്‍ കുറച്ചു ദിവസം നമ്മളോടൊപ്പം താമസിക്കാന്‍ വരുന്നു. ഇന്നലെയാണ് ടെലിഗ്രാം കിട്ടിയത്''.

''നിന്റെ വീട്ടില്‍ ?''

''നമ്മുടെ വീട്ടില്‍''.

''എത്ര ദിവസത്തേക്ക് ?''

''രണ്ടു മൂന്നു ദിവസത്തേക്ക് ആയിരിക്കും''

'' അപ്പൊ നിന്റെ ഭാര്യ?''

''അവളെ ഞാനൊരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റി''

''പിന്നെന്താ പ്രശ്‌നം?''

''നീയല്ലേ എന്റെ കൂടെ താമസിക്കുന്നത്. അങ്ങനെയല്ലേ അവരോടു പറഞ്ഞിരിക്കുന്നത്''

''ഓ..അപ്പൊ ഞാന്‍ നിന്റെ വീട്ടുകാര്‍ക്ക് പരിചിതനാണല്ലേ?. എന്നാല്‍, ഞാന്‍ ഒരു മെന്‍സ് ഹോസ്റ്റലിലേക്ക് മാറിയെന്നു പറഞ്ഞാല്‍ മതി''.

'' ഞാന്‍ നിന്നെക്കുറിച്ചു ഒരു പാട് പൊക്കി പറഞ്ഞിരിക്കുന്നത് കൊണ്ട്. മകന്‍ നല്ലൊരു കൂട്ടുകാരനോടൊപ്പം താമസിക്കുന്നതിലവര്‍ക്കു ആശ്വാസമാണ്''

'' താങ്ക്‌സ്, ഇക്കാര്യത്തിലെങ്കിലും നീ സത്യം പറഞ്ഞല്ലോ''

'' അവര് നിന്നെ കാണാനും പരിചയപ്പെടാനും കാത്തിരിക്കയാണ്'' അവന്‍ പറഞ്ഞു.

''സോറി കാള്‍ ഷീറ്റ് ഇല്ലല്ലോ സുഹൃത്തേ''.

'' എടാ നീ തമാശ പറഞ്ഞു സമയം കളയാതെ, ദേ ഇതും കൊണ്ട് വേഗം എന്റെ വീട്ടിലേക്കു പോ. ഞാന്‍ അവരെ വിളിക്കാന്‍ സ്റ്റേഷനിലേക്ക് പോവുകയാണ്. '

അവന്‍ വീടിന്റെ താക്കോല്‍ എന്റെ കൈയില്‍ പിടിപ്പിച്ചിട്ട് ധൃതിയില്‍ ഓടി പോയി കാത്തുകിടന്നു ഓട്ടോയില്‍ കയറി.

'' എടാ... വീട്ടില്‍ നിന്റെ ഭാര്യയുടെ സാധനങ്ങള്‍ ഒന്നുമില്ലല്ലോ?''

ഞാന്‍ വിളിച്ചു ചോദിച്ചു. പക്ഷെ, അപ്പോഴേക്കും ഓട്ടോ പോയിക്കഴിഞ്ഞിരുന്നു.

ഞാന്‍ അവന്റെ വീട്ടില്‍ എത്തി. വാതില്‍ തുറന്നപ്പോള്‍ അത്ഭുതം തോന്നി. ഇതിനു മുന്‍പ് ഞാന്‍ വന്നപ്പോഴൊന്നും അവന്റെ വീട് ഇത്ര വൃത്തിയും അടുക്കും ചിട്ടയും ഉള്ളതായി തോന്നിയിട്ടില്ല. ഞാന്‍ ചുറ്റും നടന്നു പരിശോധിച്ച.. അവിടെ ഒരു സ്ത്രീ താമസിച്ചതിന്റെ ലക്ഷണം ഒന്നും കണ്ടില്ല. അവന്‍ ലീലാമ്മയുടെ സാന്നിധ്യം പൂര്‍ണ്ണമായും തുടച്ചു മാറ്റിയിരിക്കുന്നു! പെട്ടെന്നാണ് ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. മുറിയില്‍ രണ്ടു സിംഗിള്‍ കട്ടിലുകള്‍ ചേര്‍ത്ത് ഡബിള്‍ ബെഡ് ആയിട്ടാണ് കിടക്കുന്നത്. ഞാന്‍ വേഗം അവയെ വേര്‍പെടുത്തി രണ്ടു വശങ്ങളിലായി രണ്ടു സിംഗിള്‍ കട്ടിലുകള്‍ വെവ്വേറെ മാറ്റിയിട്ടു. മുറി ആകെ ഒന്നുകൂടി പരിശോധിച്ചു. എവെരിതിങ് ഓക്കേ! സംതൃപ്തിയോടെ ഞാന്‍ കട്ടിലില്‍കിടന്നു ഒരു മാസിക എടുത്തു മറിച്ചു നോക്കാന്‍ തുടങ്ങി. അധികം താമസിയാതെ വാതില്‍ തുറന്ന് കൈയില്‍ ലഗേജുമായി രാജ്കുമാര്‍ പ്രവേശിച്ചു. പിറകെ അവന്റെ അച്ഛനും അമ്മയും. ഞാന്‍ ചാടി എഴുന്നേറ്റു. രാജ്കുമാര്‍ ലഗേജ് താഴെ വെച്ചിട്ട് എന്നെ പരിചയപ്പെടുത്തി. ഞാന്‍ ഭവ്യതയോടെ തൊഴുതു.

അവന്റെ അച്ഛന്‍ ചോദിച്ചു: എത്ര നാളായി നിങ്ങള്‍ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയിട്ട് ?''

ഞാന്‍ ഒന്ന് പരുങ്ങി. പിന്നെ പറഞ്ഞു.

''ഒരു.. നാലഞ്ചു മാസം...'

ഞാന്‍ കൂടുതല്‍ അബദ്ധങ്ങള്‍ വിളിച്ചു പറയുന്നതിന് മുന്‍പ് രാജ്കുമാര്‍ ഇടയ്ക്കു കയറി പറഞ്ഞു.

'' അമ്മേ, അമ്മയ്ക്ക് കുളിക്കണ്ടേ? ദേ അതാണ് ബാത്രൂം''

'' അതേ, എന്തൊരു ചൂടാ ഇവിടെ !''

അവര്‍ ബാഗില്‍ നിന്നും ചില വസ്ത്രങ്ങള്‍ എടുത്തുകൊണ്ടു ബാത്‌റൂമിലേക്കു നടന്നു. അവന്റെ അച്ഛന്‍ എന്നെ ആപാദചൂഡം വീക്ഷിക്കുകയായിരുന്നു. തന്റെ മകന് പറ്റിയ കൂട്ടണോ ഇവന്‍ എന്ന് അദ്ദേഹം എന്നെ അളക്കുകയായിരുന്നു എന്ന് തോന്നി. അദ്ദേഹത്തിന്റെ നോട്ടത്തില്‍ ഞാന്‍ ചൂളി പോയി. ഈ പാവം മനുഷ്യനെ പറ്റിക്കുന്നതോര്‍ത്തു എനിക്ക് വിഷമം തോന്നി. 


ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസ്സ് റൂമില്‍ സഹപാഠികള്‍

''ബാബു ഞങ്ങളുടെ ഒറ്റ മകനാണ്' അദ്ദേഹം പെട്ടെന്ന് പറഞ്ഞു.

'' അതെയോ ? എവിടെയാണവന്‍?'' ഞാന്‍ ഭവ്യതയോടെ ചോദിച്ചു.

'' എടാ, ബാബു എന്റെ വീട്ടിലെ വിളിപ്പേരാണ്'' രാജ്കുമാര്‍ ഇടയ്ക്കു കയറി പറഞ്ഞു.

''ഓ..''

'' ഇവന്‍ ആദ്യമായാണ് ഞങ്ങളെ പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്നത്.'' അച്ഛന്‍ പറഞ്ഞു ' അതുകൊണ്ടു ഞങ്ങള്‍ക്ക് അവന്റെ കാര്യത്തില്‍ എപ്പോഴും ആധിയാ'

' അതെന്തിനാ?'' ഞാന്‍ ചോദിച്ചു.

'' മദ്രാസ് വലിയൊരു നഗരമല്ലേ. ചെറുപ്പക്കാര്‍ വഴി തെറ്റിപ്പോകാന്‍ അവസരങ്ങള്‍ ഒരു പാടുണ്ടിവിടെ. കുടുംബത്തീന്ന് അകന്നു നിക്കുമ്പോ കിട്ടുന്നസ്വാതന്ത്ര്യവും, നഗരത്തിലെ പ്രലോഭനങ്ങളുമൊക്കെ ധാരാളം പോരെ, ഒരു ചെറുപ്പക്കാരനെ വഴി തെറ്റിക്കാന്‍ '

അദ്ദേഹം ഒരു തത്വജ്ഞാനിയെപ്പോലെ പറഞ്ഞു.

''വളരെ ശരിയാണ്'' ഞാനും ഒരു തത്വജ്ഞാനിയെപ്പോലെ പ്രതിവചിച്ചു.

പെട്ടെന്ന് ബാത്ത് റൂമിന്റെ വാതില്‍ തള്ളിത്തുറന്നു അവന്റെ 'അമ്മ പുറത്തേക്കു വന്നു. അവര്‍ കൈയില്‍ ഒരു ബ്രേസിയര്‍ പൊക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു.

''ഇതാരുടേതാടാ?'' അവര്‍ രാജ്കുമാറിനോട് ചോദിച്ചു.

അവരുടെ മുഖം കോപം കൊണ്ട് തുടുത്തിട്ടുണ്ടായിരുന്നു. രാജ്കുമാര്‍ ഞെട്ടിയെങ്കിലും, എന്റെ നേരെ ത്തിരിഞ്ഞു ചോദ്യം ആവര്‍ത്തിച്ചു.

''ഇതാരുടേതാടാ?''

''അത് ....ലീലയുടേതായിരിക്കും.'' ഞാന്‍ പറഞ്ഞു.

'' ആരാണ് ലീല?'' അവന്റെ അച്ഛനുമമ്മയും ഒരേ സ്വരത്തില്‍ ചോദിച്ചു.

സ്ത്രീ പുരുഷ ശബ്ദങ്ങളുടെ ഇത്രയും സ്വര-താള-ലയ ഐക്യത്താല്‍ ശ്രവണമധുവരമായ ഒരു സിംഫണി ഞാന്‍ ഇതിനു മുന്‍പ് കേട്ടിട്ടില്ല. ഞാന്‍ അവരുടെ സ്വരമാധുരിയില്‍ ലയിച്ചു നില്‍ക്കുമ്പോള്‍, രക്തം വറ്റിയ മുഖത്തോടെ രാജ്കുമാര്‍ എന്നെ തുറിച്ചു നോക്കുകയായിരുന്നു. അപ്പോള്‍ അവര്‍ വീണ്ടും കോറസ് പാടി.

''ആരാണ് ലീല?''

അപ്പോഴേക്കും രാജ്കുമാറിന്റെ തലയ്ക്ക് അല്‍പം വെളിവ് വന്നു. അവന്‍ ദയനീയമായി ചോദിച്ചു.

''അടുത്ത വീട്ടിലെ ചേച്ചിയുടെ കാര്യമാണോ നീ പറയുന്നത് ?''

''ങ്ങേ...ഏത്.....'' ഞാന്‍ അവനെ നോക്കി.

അവന്റെ കണ്ണുകളില്‍ നിന്നും തീ പാറുന്നുണ്ടായിരുന്നു.

'' അതെ...അതെ.. അടുത്ത വീട്ടിലെ ചേച്ചി''. അപ്പോഴേക്കും എന്റെ തലയ്ക്കും അല്‍പം വെളിവ് വന്നിട്ടുണ്ടായിരുന്നു.

ഇപ്പോള്‍ തീ പാറുന്ന മൂന്നു ജോഡി കണ്ണുകള്‍ എന്നെ ദഹിപ്പിക്കാനായി എന്റെ മുഖത്ത് കേന്ദ്രീകരിച്ചിരുന്നു.

''എടാ സാമദ്രോഹീ.....'' രാജ്കുമാര്‍ അലറി.

'' ടെറസ്സില്‍ നിന്ന് ഉണങ്ങിയ തുണിയെടുത്തപ്പോ, നിന്റെ തുണിയുടെ കൂടെ എടുത്തതാവും.''

'' ഇവന് എന്തിനാ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ?'' അവന്റെ അമ്മയുടെ ചോദ്യം മകനോടായിരുന്നെങ്കിലും അവരുടെ കണ്ണുകള്‍ എന്നെ ഭസ്മമാക്കാനുള്ള യത്‌നത്തിലായിരുന്നു. ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ പ്രതിയാക്കപ്പെടുന്നതില്‍ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

'' എനിക്ക് സ്ത്രീകളുടെ അടിവസ്ത്രം എടുത്തു സൂക്ഷിക്കേണ്ട കാര്യമൊന്നുമില്ല. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല'' കോപം അടക്കിക്കൊണ്ടു ഞാന്‍ പറഞ്ഞു.

'' പിന്നെ ഇവിടെ ആരാ കല്യാണം കഴിച്ചത്/ 'അവര്‍ വിടാന്‍ തയാറായിരുന്നില്ല.

ഞാന്‍ രാജ്കുമാറിനെ നോക്കി. പെട്ടന്നവന്‍ പറഞ്ഞു:

''ഓ...നിന്റെ ഉണങ്ങിയ തുണികള്‍ അയയില്‍ നിന്നെടുത്തപ്പോ അറിയാതെ അതിന്റെ കൂടെ വന്നതായിരിക്കും.

എന്നിട്ടവന്‍ അമ്മയോടായി പറഞ്ഞു :

'' അമ്മെ ഈ ബില്‍ഡിങ്ങില്‍ താമസിക്കുന്നവരെല്ലാം തുണി ഉണക്കാനിടയുന്നത് ടെറസ്സിലാണ്''.

''ശരി എന്നാ ഞാന്‍ കൊണ്ടുപോയി തിരിച്ചു കൊടുക്കാം'' വാതില്‍ക്കലേക്കു നടന്നു കൊണ്ട് അമ്മ പറഞ്ഞു. ' ഏതാണവരുടെ വാതില്‍?''

'' വേണ്ട, വേണ്ട,'' അമ്മയെ തടഞ്ഞു കൊണ്ട് രാജ്കുമാര്‍ പറഞ്ഞു.

'''അമ്മ പോകണ്ടാ.. ഇവന്റെ അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലേ?''

അവന്‍ എന്നെ ചൂണ്ടി പറഞ്ഞു

'' ഇവന്‍ തന്നെ കൊണ്ട് പോയി കൊടുക്കട്ടെ/''

അവന്‍ അമ്മയുടെ കൈയില്‍ നിന്നും ബ്രേസ്സിയര്‍ പിടിച്ചു വാങ്ങി എന്റെ കൈയിലേക്ക് വെച്ച് തന്നു.

''ഇതവര്‍ക്കു കൊണ്ടുപോയി കൊടുക്ക്''

''ആര്‍ക്കു? ' ഞാന്‍ ചോദിച്ചു. ഞാന്‍ ഇതിനി അവന്റെ ഭാര്യക്ക് കൊണ്ടുപോയി കൊടുക്കാനാണോ അവന്‍ പറയുന്നത് എന്ന് ഞാനവനോട് കണ്ണ് കൊണ്ട് ചോദിച്ചു.

''എടാ മണ്ടാ, മുകളിലെ ചേച്ചിക്ക്'' അവനു ദേഷ്യം വന്നു.

ദേഷ്യം എനിക്കും വരുന്നുണ്ടായിരുന്നു. ഏതു ചേച്ചി? അഥവാ അങ്ങിനെ ഒരു ചേച്ചിയുണ്ടെങ്കില്‍ തന്നെ എനിക്ക് അവരെ അറിയില്ലല്ലോ. എങ്കിലും കോപം അടക്കിക്കൊണ്ടു ഞാന്‍ പറഞ്ഞു:

'' ശരി ഇത് കൊടുത്തിട്ടു ഞാന്‍ പോകും. '

'എങ്ങോട്ടു ?'' അവന്‍ ചോദിച്ചു.

'' ജയിംസിന്റെ റൂമിലേക്ക്. അച്ഛനുമമ്മയും ഇവിടെ സുഖമായിട്ടു താമസിക്കട്ടെ'.

'' അതൊന്നും വേണ്ട. ഇയാള്‍ ഇവിടെത്തന്നെ താമസിച്ചോ, ഞങ്ങള്‍ക്ക് അസൗകര്യം ഒന്നുമില്ല''

''കുഴപ്പമില്ല അങ്കിള്‍, നിങ്ങള്‍ മകന്റെ കൂടെ കുറച്ച ദിവസം താമസിക്കാന്‍ വന്നതല്ലേ?''

രാജ്കുമാര്‍ എന്നെ നോക്കി. ഇവരെ എ ത്രയും വേഗം കെട്ടുകെട്ടിക്കണം എന്നായിരിക്കും അവന്റെ പ്ലാന്‍. അവന്റെ ഭാവം കണ്ടപ്പോ എനിക്കത് മനസ്സിലായി.

''ശരി ഡാ''. ഞാന്‍ പുറത്തേക്കിറങ്ങി. ഞാന്‍ ഇറങ്ങിയ ഉടനെ അവന്റെ അമ്മ വന്നു വാതില്‍ അടച്ചു. അപ്പോഴാണ് കൈയില്‍ ഇരിക്കുന്ന ബ്രേസിയറിനെകുറിച്ച് ഞാനോര്‍ത്തത്. ഇതിനെ എന്ത് ചെയ്യും. ഏതായാലും ഞാനതു പോക്കറ്റില്‍ തിരുകി. അപ്പോള്‍ അകത്തുനിന്ന് അവന്റെ അമ്മയുടെ ശബ്ദം കേട്ടു-'

'' ഈ ചെക്കന്‍ ആളത്ര ശരിയല്ല കേട്ടോ. അവനൊരു കള്ള ലക്ഷണമുണ്ട്''.

''ഹേയ് അവന്‍ പാവമാ അമ്മെ.. അബദ്ധം പറ്റിയതിലുള്ള ചമ്മലാ അവന്റെ മുഖത്ത്'' രാജ്കുമാര്‍ പറഞ്ഞു.

''നീയല്ലേ പറഞ്ഞത്..........'' അവന്റെ അച്ഛന്റെ ശബ്ദം. കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ അവിടന്ന് സ്ഥലം വിട്ടു. ബസ് കയറി എന്റെ ഹോട്ടലില്‍ എത്തി.

ഞാന്‍ താമസിക്കുന്നത് അമിഞ്ചികരയിലുള്ള അരുണ്‍ ഹോട്ടലില്‍ ആണെന്ന് പറഞ്ഞിരുന്നല്ലോ. അന്ന് നഗരത്തിന്റെ പ്രാന്തപ്രദേശമായിരുന്നു അമിഞ്ചികര. ഈ ഹോട്ടലിനു മൂന്നു നിലകള്‍ ആണുള്ളത്. മൂന്നാമത്തെ നില മാസ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അവിടെയാണ് ഞാനും രജനീകാന്തും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റു ചില വിദ്യാര്‍ഥികളും താമസിക്കുന്നത്. ഒന്നും രണ്ടും നിലകള്‍ ദിവസ വാടകയ്ക്കാണ്. ഗ്രൗണ്ട് ഫ്‌ളോറില്‍ റെസ്റ്റോറന്റും, ബാറും, ക്യാബറേയും ഒക്കെ ഉണ്ട്. 


ആദം അയ്യൂബ്

ഞാന്‍ മുകളിലേക്ക് കയറാനായി കോണിപ്പടിയുടെ അടുത്തെത്തിയപ്പോള്‍, മുകളില്‍ നിന്നും ഒരു സ്ത്രീയും പുരുഷനും ഇറങ്ങി വരുന്നു. അവരെ കണ്ടു ഞാന്‍ ഞെട്ടി. പുരുഷന്‍ അറുപത് വയസ്സിനു മേല്‍ പ്രായമുള്ള ആളാണ്. അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്. എന്റെ നാട്ടുകാരനാണ്. നാട്ടിലെ ധനാഢ്യനും മാന്യനും, ഒക്കെ ആണ്. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു സംഭവം എനിക്ക് ഓര്‍മ വന്നു. കോളജില്‍ പഠിക്കുന്ന കാലത്തു, ഞങ്ങള്‍ കുറെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരു യുവജന സംഘടന രൂപീകരിച്ചിരുന്നു. അതിന്റെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കാനുളള ഒരു പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ക്ലാസ് എടുക്കുന്നത് ഞങ്ങള്‍ കോളജ് വിദ്യാര്‍ഥികള്‍ തന്നെ ആണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിന് പണം ആവശ്യമായിരുന്നു. അതിന്റെ ധനസമാഹരണത്തിനായി ഞങ്ങള്‍ നാട്ടിലെ ധനാഢ്യന്മാരെ ഒക്കെ സമീപിച്ചിരുന്നു. അന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹം ഗേറ്റ് പോലും തുറക്കാതെ ഞങ്ങളെ അപമാനിച്ചു ആട്ടിപ്പായിച്ചിരുന്നു. ആ മാന്യനാണ് ഇപ്പോള്‍, പ്രത്യക്ഷത്തില്‍ തന്നെ ''ഉന്നതങ്ങളിലെ ലൈംഗിക തൊഴിലാളി'' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്ത്രീയുമായി മുറിയില്‍ നിന്ന് ഇറങ്ങി വരുന്നത്.

ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഞെട്ടിയതിനേക്കാള്‍ അദ്ദേഹം എന്നെ കണ്ടപ്പോള്‍ ഞെട്ടി. പെട്ടെന്ന് അദ്ദേഹം സംയമനം വീണ്ടെടുത്തുകൊണ്ടു ഒരു ഇളിഭ്യ ചിരിയുമായി പടികള്‍ ഇറങ്ങി വന്നു. എന്നിട്ടു ആ സ്ത്രീയെ എന്നെ പരിചയപ്പെടുത്തി.

''ഇത് ഫിലിം ആര്‍ടിസ്റ്റാണ്''

ഞാന്‍ പ്രതികരിക്കാതെ ശിലപോലെ നിന്നുകൊണ്ട് അയാളെ തുറിച്ചു നോക്കി. അയാള്‍ എന്റെ അടുത്ത് വന്നു സ്വകാര്യമായി പറഞ്ഞു.

'' A gentleman to another gentleman, ഇത് നമുക്കിടയില്‍ മാത്രമുള്ള ഒരു രഹസ്യമാക്കി വെക്കണം. ആരോടും പറയരുത്''

ഞാന്‍ നിശ്ശബ്ദനായി, നിശ്ചലനായി നിന്നു. എനിക്ക് ഈ മനുഷ്യനോട് വല്ലാത്ത പുച്ഛവും ദേഷ്യവും തോന്നി. അദ്ദേഹം വീണ്ടു കേണപേക്ഷിച്ചു. 'പ്ലീസ്... നാട്ടില്‍ ഇതറിഞ്ഞാല്‍, എന്റെ കുടുംബവും നാട്ടിലെ സല്‍പ്പേരും എല്ലാം തകരും'' അദ്ദേഹം എന്റെ കൈ പിടിക്കാന്‍ ശ്രമിച്ചു. ഞാന്‍ കൈകള്‍ പാന്റ്‌സിന്റെ പോക്കറ്റിനുള്ളിലേക്കു തിരുകി.

അദ്ദേഹം എന്റെ മുന്നില്‍ വിനീതവിധേയനായി നിന്നു.. അപ്പോഴും ഞാന്‍ പ്രതികരിച്ചില്ല. അദ്ദേഹം പറഞ്ഞു

''പ്‌ളീസ് എനിക്കു വാക്ക് തരണം''

''ശരി'' ഞാന്‍ സാവധാനം പറഞ്ഞു.

''പ്രോമിസ് ?'' അദ്ദേഹം സന്തോഷത്തോടെ കൈ നീട്ടി..

'' ഞാന്‍ ആരോടും പറയില്ല'' കൈ കൊടുക്കാതെ ഞാന്‍ പറഞ്ഞു.

''എന്റെ കൈയില്‍ അടിച്ചു സത്യം ചെയ്യ്''. അദ്ദേഹം എന്റെ കൈയില്‍ പിടിച്ചു. പോക്കറ്റിനുള്ളില്‍ ഞാന്‍ ബലമായി എന്റെ മുഷ്ടി ചുരുട്ടി. അയാള്‍ ബലമായി എന്റെ കൈയില്‍ പിടിച്ചു വലിച്ചു. എന്റെ കൈ പുറത്തേക്കു വന്നപ്പോള്‍ ചുരുട്ടിപ്പിടിച്ച എന്റെ മുഷ്ടിയില്‍ ബ്രേസിയര്‍ ഉണ്ടായിരുന്നു. അത് കണ്ടു അയാള്‍ ആദ്യം ഞെട്ടി. കൂടെ ഉണ്ടായിരുന്ന സ്ത്രീയും അത് കണ്ടു, അത്ഭുതത്തോടെ എന്നെ നോക്കി. പിന്നെ അയാളുടെ മുഖത്ത് ഒരു ചിരി പടര്‍ന്നു. അയാള്‍ പറഞ്ഞു.

''താന്‍ എന്നെക്കാളും വലിയ ഉസ്താദാണല്ലോ. കൊച്ചു കള്ളന്‍!'' എന്നിട്ടു അയാള്‍ ആ സ്ത്രീയെ നോക്കി പറഞ്ഞു.

''നമുക്ക് മൂന്നു പേര്‍ക്കും ഒരു ദിവസം കൂടണം''

ആ സ്ത്രീ ചിരിച്ചുകൊണ്ട് തലകുലുക്കി.

'' ശരി താങ്ക്യു, നമുക്ക് കാണാം''

അയാള്‍ ആ സ്ത്രീയെയും കൂട്ടി നടന്നു. ഞാന്‍ അവര്‍ പോകുന്നത് നോക്കി നിന്നു. അവര്‍ കോറിഡോറിന്റെ വളവു തിരിഞ്ഞപ്പോള്‍ ആ സ്ത്രീ അവിടെ നിന്ന് തിരിഞ്ഞെന്നെ നോക്കി. എന്നിട്ടു ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കി കാണിച്ചു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആദം അയ്യൂബ്

contributor

Similar News