ലഹരിയിൽ നിന്ന് കുറ്റവാളിയിലേക്ക്, ജയിലഴികളിൽ ഒടുക്കം
ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ ഒരു കൂട്ടായ്മയും ആശയവിനിമയവും സ്വാഭാവികമായി വികസിച്ചിട്ടുണ്ടാകും. ഇത് അവരെ ഗുണ്ടാസംഘങ്ങളിലോ ക്രിമിനൽ ഗ്രൂപ്പുകളിലോ എത്തിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കളുടെ സഞ്ചാരവഴികൾ ഇക്കാര്യത്തിൽ ഏറെക്കുറെ സമാനാണ്. സമപ്രായക്കാരുടെ സമ്മർദ്ദവും മയക്കുമരുന്ന് ഉപയോഗത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്ന പ്രധാന കാരണമാണ്. ആദ്യമൊക്കെ ഇതൊരു ഹീറോപരിവേഷം നൽകുമെങ്കിലും ഒടുക്കം ആത്മഹത്യയിലോ ജയിലറകളിലോ ആകും. ലഹരിയുടെ സ്വാധീനം കുറ്റകൃത്യങ്ങളുടെ ഉറവിടമാകുന്നുണ്ട്.


ലഹരി ഉപയോഗത്തിന്റെ ശാരീരിക-മാനസിക പ്രത്യാഘാതങ്ങളെ നേരിടാൻ നമ്മുടെ സമൂഹം ഏറെക്കുറെ സജ്ജമാണ്. അതിനുവേണ്ട ബോധവത്കരണം മുതൽ ചികിത്സാ സൗകര്യങ്ങൾ വരെയുള്ള ബഹുതല സ്പർശിയായ സംവിധാനങ്ങൾ ഇന്ന് കേരളീയ സമൂഹത്തിൽ ലഭ്യമാണ്. എന്നാൽ കേരളത്തിലെ ലഹരി ഉപഭോഗത്തിന്റെ പ്രത്യാഘാതങ്ങളുടെ പൊതു സ്വഭാവം അപകടകരമാംവിധം മാറിക്കഴിഞ്ഞിരിക്കുന്നു. വ്യക്തിപരമായ അപകടഘട്ടം പിന്നിട്ട് അത് സമൂഹത്തിന്റെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറികഴിഞ്ഞു. ലഹരിക്കടിമകളായവർ ചെയ്യുന്ന കുറ്റകത്യങ്ങൾ ദിനംപ്രതിയെന്നോണം നാടിനെ നടുക്കുന്നു. കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ക്രൂരതകളുടെ വൈവിധ്യങ്ങളിലേക്ക് അത് സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്. സമീപകാലത്ത് കേരളത്തിലുണ്ടായ കൂട്ടക്കൊലകളുടെ പശ്ചാത്തലം പരിശോധിച്ചാൽ തന്നെ ഇത് വ്യക്തമാകും.
കുറ്റകൃത്യങ്ങളിലേക്കുള്ള വഴികാട്ടി
ചെറുപ്രായത്തിൽ മയക്കുമരുന്നിൻ്റെ കെണിയിൽ വീഴുന്നവർ പലപ്പോഴും ചെന്നെത്തുന്നത് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ആകും. ലഹരിയുടെ ഉപയോഗം തലച്ചോറിൻ്റെ പ്രവർത്തനത്തെ താളംതെറ്റിക്കുകയും ചിന്താശേഷി കുറയ്ക്കുകയും ചെയ്യുന്നു. ഇത് യുവാക്കളെ എടുത്തുചാട്ടത്തിലേക്കും അക്രമവാസനയിലേക്കും നയിക്കുന്നു. അപ്രതീക്ഷിത നിമിഷങ്ങളിൽ കൊടുംകുറ്റകൃത്യങ്ങളിലേക്ക് അവരെത്തിപ്പെടുന്നത് ഇങ്ങിനെയാണ്. മയക്കുമരുന്നിന് അടിമകളാകുന്നവർ വളരെ പെട്ടെന്ന് സാമ്പത്തിക പ്രതിസന്ധിയിലേക്കും ചെന്നെത്തും. ഒടുവിൽ മയക്കുമരുന്ന് വാങ്ങാൻ പോലും പണം കണ്ടെത്താനാകാത്ത ദാരിദ്യത്തിലെത്തും. അവിടെ നിന്നാണ് ചെറിയ കുറ്റകൃത്യങ്ങളിലേക്ക് അവർ വഴിമാറുക. പണം കണ്ടെത്താൻ മോഷണം, കവർച്ച, മയക്കുമരുന്ന് കടത്ത്, പിടിച്ചുപറി തുടങ്ങിയവയിലേക്കാണ് ആദ്യം ചെന്നെത്തുക. ക്രമേണ അത് ഭീകരരൂപം പ്രാപിച്ചു കൊള്ളയിലേക്കും കൊലപാതകങ്ങളിലേക്കും സ്ഥിരം കുറ്റവാളി ലിസ്റ്റിലേക്കും മാറുന്നു. കുറ്റകൃത്യങ്ങളിലേക്ക് അവരെ എത്തിക്കുന്നതിൽ കൂട്ടുകെട്ടുകളും വളരെ പ്രധാനമാണ്. ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ ഒരു കൂട്ടായ്മയും ആശയവിനിമയവും സ്വാഭാവികമായി വികസിച്ചിട്ടുണ്ടാകും. ഇത് അവരെ ഗുണ്ടാസംഘങ്ങളിലോ ക്രിമിനൽ ഗ്രൂപ്പുകളിലോ എത്തിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കളുടെ സഞ്ചാരവഴികൾ ഇക്കാര്യത്തിൽ ഏറെക്കുറെ സമാനാണ്. സമപ്രായക്കാരുടെ സമ്മർദ്ദവും മയക്കുമരുന്ന് ഉപയോഗത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്ന പ്രധാന കാരണമാണ്. ആദ്യമൊക്കെ ഇതൊരു ഹീറോപരിവേഷം നൽകുമെങ്കിലും ഒടുക്കം ആത്മഹത്യയിലോ ജയിലറകളിലോ ആകും. ലഹരിയുടെ സ്വാധീനം കുറ്റകൃത്യങ്ങളുടെ ഉറവിടമാകുന്നുണ്ട്.ചില ലഹരിവസ്തുക്കൾ, അവ ഉപയോഗിക്കുന്നവരിൽ മാനസിക വിഭ്രാന്തിയും അക്രമവാസനയും ഉണ്ടാക്കും. ഇത്തരം ആളുകളുടെ പ്രവർത്തനങ്ങൾ പലപ്പോഴും അക്രമങ്ങളിലും കൊലപാതകങ്ങളിലുമാണ് കലാശിക്കുക.ഒരിക്കൽ ക്രിമിനൽ പശ്ചാതലത്തിലേക്ക് എത്തിപ്പെട്ടാൽ ഭാവിയിൽ അവർക്ക് നല്ല അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത കുറയും. ഇത് അവരെ വീണ്ടും ലഹരി ഉപയോഗത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു. ഇത് ലഹരി ഉപയോക്താക്കളെ വരിഞ്ഞുമുറുക്കുന്ന വിഷവൃത്തമാണ്.
ജയിലറ, ലഹരി വഴി
ഇങ്ങിനെ ലഹരിയുടെ ഇരുൾവഴികളിലേക്ക് ഇറങ്ങുന്നവരുടെ യാത്ര ഒടുവിൽ നിയമത്തിന്റെ ഇരുണ്ട ഇടനാഴികളിലാണ് ചെന്നെത്തുക. ലഹരിയാത്ര ജീവിതത്തെ ജയിലഴികളിൽ എത്തിക്കുമെന്ന തിരിച്ചറിവ് ചെറുപ്പത്തിൽതന്നെ കുട്ടികൾക്ക് പകർന്നുകൊടുക്കണം. ഇന്ത്യയിൽ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങൾ വളരെ കർശനമാണ്. 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (NDPS) നിയമം ലഹരിമരുന്നുകളുടെ ഉത്പാദനം, കൈവശം വയ്ക്കൽ, വിൽപ്പന, വാങ്ങൽ, കച്ചവടം, ഇറക്കുമതി, കയറ്റുമതി, ഉപയോഗം എന്നിവ നിരോധിക്കുന്നു. ഉപയോഗിക്കാത്തവർ പോലും, അത് കൈവശം വച്ചതിന്റെ പേരിൽ പിടിക്കപ്പെടുകയും ജയിലിലെത്തുകും ചെയ്യാം. ലഹരിമരുന്നുകളുടെ വിൽപ്പനയും വിതരണവും ഗുരുതരമായ കുറ്റകൃത്യമാണ്. അത് സ്കൂൾ പരിസരത്തോ പൊതുസ്ഥലങ്ങളിലോ ആണെങ്കിൽ കടുത്ത ശിക്ഷയുണ്ടാകും.
ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കൽ, വലിയ പിഴ, ജയിൽ ശിക്ഷ എന്നിവ ലഭിക്കാം. ലഹരി ഉപയോഗംമുലം ചെയ്യുന്ന മോഷണം മുതൽ കൊലപാതകം വരെയുള്ള കുറ്റകൃത്യങ്ങളും ആജീവനാന്ത ജയിൽ ജീവിതത്തിന് കാരണമാകും. 18 വയസ്സിന് താഴെയുള്ള ലഹരി ഉപയോക്താക്കളെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) നിയമം 2015 പ്രകാരമാണ് കൈകാര്യം ചെയ്യുക. ഇവിടെ കൗൺസിലിംഗും പുനരധിവാസ പദ്ധതികളും നിർബന്ധമാണ്. സ്കോളർഷിപ്പുകളും ഉന്നത വിദ്യാഭ്യാസ അവസരങ്ങളും നഷ്ടപ്പെടാൻ ഇത് മതിയായ കാരണമാണ്. ക്രിമിനൽ റെക്കോർഡ് ഭാവിയിലെ തൊഴിൽ, പാസ്പോർട്ട്, വിദേശയാത്ര എന്നിവയെയും പ്രതികൂലമായി ബാധിക്കും. ലഹരിവലയിൽ കുരുങ്ങിയവർ അത് ഭേദിച്ച് പുറത്തെത്തിയാലും പ്രതിസന്ധികളിൽനിന്ന് എളുപ്പം മുക്തരാകില്ല എന്നത് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പേക്കണ്ട പാഠമാണ്.
രക്ഷിതാക്കൾ ചെയ്യേണ്ടത്
കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്. സ്നേഹത്തോടെയുള്ള ഇടപെടലുകളിലൂടെയും തുറന്ന ആശയവിനിമയത്തിലൂടെയും സുരക്ഷിതമായ ഒരു ചുറ്റുപാട് ഒരുക്കിയാൽ കുട്ടികൾ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യത കുറയ്ക്കാം.
1. തുറന്ന സംഭാഷണം
കുട്ടികളുമായി ചെറുപ്പം മുതലേ സൗഹൃദം സ്ഥാപിക്കുക. മയക്കുമരുന്നിനെക്കുറിച്ചും അതിന്റെ ദോഷങ്ങളെക്കുറിച്ചും പ്രായത്തിനനുസരിച്ച് പറഞ്ഞു മനസിലാക്കുക.ഭയമില്ലാതെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാനുള്ള ഒരിടം വീട്ടിലൊരുക്കുക. കുട്ടികൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും അവരുടെ വികാരങ്ങളെയും പ്രതിസന്ധികളെയും മാനിക്കുകയും ചെയ്യുക. കൂട്ടുകാരുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാനും 'വേണ്ട' എന്ന് പറയാനും കുട്ടികളെ പഠിപ്പിക്കുക.നല്ല മാതൃകകളായി കുട്ടികൾക്ക് മുന്നിൽ ജീവിക്കുക.
2. നിയന്ത്രണങ്ങളും പരിധികളും
കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും അതിന്റെ പരിധികളെക്കുറിച്ചും വ്യക്തമായി സംസാരിക്കുക. അവരുടെ സ്വാതന്ത്ര്യത്തിന്റെ പരിധികളെക്കുറിച്ചു ബോധവാന്മാരാക്കുക. നിയമങ്ങൾ തെറ്റിച്ചാലുള്ള പ്രത്യാഘാതങ്ങൾ എന്താണെന്ന് അവരെ ബോധ്യപ്പെടുത്തുക. മദ്യത്തെക്കുറിച്ചും ലഹരി മരുന്നുകളെക്കുറിച്ചും ശരിയായ അവബോധം നൽകുക. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യാൻ അവരെ പഠിപ്പിക്കുക. ആവശ്യങ്ങൾക്ക് പണം നൽകുകയും ഒപ്പം അത് ചിലവഴിക്കുന്നത് നിരീക്ഷിക്കുകയും ചെയ്യുക. നിയന്ത്രണങ്ങൾക്കും പരിധികൾക്കും അകത്താണ് അവർ ജീവിക്കേണ്ടത് എന്ന മൂല്യബോധം അവരിൽ വളർത്തിയെടുക്കണം. സർവ്വ സ്വാതന്ത്ര്യം എന്ന കാൽപനികതയല്ല വിജയകരമായ ജീവിതത്തിന്റെ അടിസ്ഥാനമെന്നത് ചെറുപ്രായത്തിൽ തന്നെ കുട്ടികൾ അറിഞ്ഞിരിക്കണം.
3. സൗഹൃദങ്ങൾ ശ്രദ്ധിക്കുക
കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയാണെന്നും അവർ എവിടെയാണ് സമയം ചെലവഴിക്കുന്നതെന്നും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. അവരുടെ സഞ്ചാരവഴികൾ ശ്രദ്ധിക്കണം.നല്ല കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും മോശം ബന്ധങ്ങളിലേക്ക് പൊകുന്നത് തടയുകയും വേണം. കായിക വിനോദങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുക.കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുക. കുട്ടികളെ എപ്പോഴും സജീവരാക്കി നിലനിർത്തുക.
4. മനസ്സിലാക്കാം, പിന്തുണയ്ക്കാം
പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നും സമ്മർദ്ദം എങ്ങനെ കുറക്കാമെന്നും കുട്ടികളെ പഠിപ്പിക്കണം. ആത്മവിശ്വാസം വളർത്താൻ അവരെ സഹായിക്കണം. സ്കൂളിലെ അധ്യാപകരുമായും കൂട്ടുകാരുടെ രക്ഷിതാക്കളുമായും നല്ല ബന്ധം നിലനിർത്തുക. ഇത് തുടക്കത്തിലേ തന്നെ കുട്ടിയുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ സഹായിക്കും.കുട്ടികളിൽ എന്തെങ്കിലും അസ്വാഭവിക മാറ്റങ്ങൾ കണ്ടാൽ ഉടൻ തന്നെ സൈക്കോളജിസ്റ്റിനെയോ കൗൺസിലറെയോ സമീപിക്കണം. അവരുടെ പ്രശ്നങ്ങളെ യഥാസമയം മനസ്സിലാക്കുകയും അത് പരിഹരിക്കാൻ അവരെ സഹായിക്കുകയും വേണം. വിജയത്തിലും പരാജയത്തിലും അവർക്കാവശ്യമായ പിന്തുണനൽകണം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കുട്ടികളെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ സാധിക്കും. അവർ വഴിമാറി സഞ്ചരിക്കാൻ തുടങ്ങുപ്പോൾ തന്നെ അത് തിരിച്ചറിയാൻ കഴിയും. ഇത് പ്രയാസരഹിതമായി പരിഹാരത്തിന് സഹായിക്കുമെന്ന് രക്ഷിതാക്കൾ മനസ്സിലാക്കണം.സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും
സന്തോഷത്തോടെ ജീവിക്കാനും ലഹരിയില്ലാത്ത ഒരു ജീവിതം തെരഞ്ഞെടുക്കാൻ ഒരുമിക്കാം.... സജ്ജരാക്കാം ഓരോ കുട്ടിയേയും...
അവസാനിച്ചു
Reena V R
Sr. psychologist
The Insight Centre
Trivandrum
8590043039