അധികൃതരുടെ മോശം പെരുമാറ്റം; കോവിഡ് പ്രതിസന്ധിക്കിടെ യുപിയില്‍ 16 ഡോക്ടര്‍മാര്‍ രാജിവച്ചു
ഉന്നാവോ ജില്ലയിലെ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള 16 മുതിർന്ന ഡോക്ടർമാരാണ് ബുധനാഴ്ച വൈകുന്നേരം രാജിവച്ചത്
കോവിഡ് പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല. രാവും പകലും ഒരു ലീവ് പോലുമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരുമാണ് നമുക്ക് ചുറ്റിലുമുള്ളത്. കോവിഡ് പ്രതിസന്ധിക്കിടയിലും ആശുപത്രി അധികൃതരുടെ മോശം പെരുമാറ്റം ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍മാര്‍. ഉന്നാവോ ജില്ലയിലെ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള 16 മുതിർന്ന ഡോക്ടർമാരാണ് ബുധനാഴ്ച വൈകുന്നേരം രാജിവച്ചത്.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളുടെ ചുമതലയുള്ള 11 ഡോക്ടർമാരും ജില്ലയിലുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള അഞ്ച് ഡോക്ടർമാരും ഉന്നാവോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അശുതോഷ് കുമാറിന് രാജി സമര്‍പ്പിക്കുകയായിരുന്നു. ഡപ്യൂട്ടി സി.എം.ഒ ഡോ തന്‍മയിക്ക് ഡോക്ടര്‍മാര്‍ ഒരു മെമ്മോറാണ്ടവും സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഡോക്ടര്‍മാര്‍ അവരുടെ ജോലി ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുന്നുണ്ടെങ്കിലും തലപ്പത്തുള്ളവര്‍ നിഷേധ മനോഭാവമാണ് കാണിക്കുന്നതെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ സഹപ്രവർത്തകർക്കെതിരെ യാതൊരു വിശദീകരണമോ ചർച്ചയോ നടത്താതെ ശിക്ഷാനടപടി സ്വീകരിക്കുകയാണെന്നും ഡോക്ടർമാർ ആരോപിച്ചു.
തങ്ങളോടുള്ള അധികൃതരുടെ മനോഭാവത്തില്‍ അസ്വസ്ഥരാണെന്ന് ഗഞ്ചാമുറാദാബാദ് പി.എച്ച്.സിയുടെ ചുമതലയുള്ള ഡോ. സഞ്ജീവ് കുമാര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ആർടി-പിസിആർ സാമ്പിൾ, കോവിഡ് വാക്സിനേഷൻ ഡ്രൈവ് അല്ലെങ്കിൽ മറ്റേതെങ്കിലും പരിപാടി ആണെങ്കിലും അധികൃതര്‍ തങ്ങള്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കുന്നതായും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതായും സഹകരണമില്ലാത്ത മനോഭാവമാണെന്നും മുതിർന്ന ഡോക്ടർ ആരോപിച്ചു.
അസോഹയിലെയും ഫത്തേപൂർ ചൗരാസിയിലെയും ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള രണ്ട് സഹപ്രവർത്തകരെ യാതൊരു വിശദീകരണമോ വിശദീകരണത്തിനുള്ള അവസരമോ ഇല്ലാതെ അവരുടെ തസ്തികകളിൽ നിന്ന് നീക്കം ചെയ്യുകയും കോവിഡ് കമാൻഡ് കൺട്രോൾ റൂമിലേക്ക് മാറ്റുകയും ചെയ്തതായി ഡോ. മനോജ് പറഞ്ഞു.