നജീബിനായുള്ള കാമ്പസിനകത്തെ തെരച്ചില്‍ അവസാനിപ്പിച്ചു

Update: 2017-06-19 15:58 GMT
Editor : Sithara
നജീബിനായുള്ള കാമ്പസിനകത്തെ തെരച്ചില്‍ അവസാനിപ്പിച്ചു
Advertising

600 പേരടങ്ങുന്ന സംഘം രണ്ട് ദിവസം തെരച്ചില്‍ നടത്തിയിട്ടും കേസിന് സഹായകരമാകുന്ന ഒന്നും കണ്ടെത്താനായില്ല.

കാണാതായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹമ്മദിനായുള്ള കാമ്പസിനകത്തെ തെരച്ചില്‍ ഡല്‍ഹി പൊലീസ് അവസാനിപ്പിച്ചു. 600 പേരടങ്ങുന്ന സംഘം രണ്ട് ദിവസം തെരച്ചില്‍ നടത്തിയിട്ടും കേസിന് സഹായകരമാകുന്ന ഒന്നും കണ്ടെത്താനായില്ല. കേസില്‍ പോലീസ് അനാസ്ഥ തുടരുകയാണെന്നും ഈ തെരച്ചില്‍ നേരത്തെ നടത്തേണ്ടതായിരുന്നു എന്നും നജീബിന്റെ കുടുംബം പ്രതികരിച്ചു.

12 എസിപിമാരും 30 ഇന്‍സ്പെക്ടര്‍മാരുമടക്കം 600 പേരടങ്ങുന്ന സംഘം രണ്ട് ദിവസം നീണ്ട തെരച്ചിലാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍ നടത്തിയത്. പൊലീസ് നായയുടെ സഹായത്തോടെ നജീബിന്റെ മുറി, ഹോസ്റ്റല്‍, ക്ലാസ് റൂം, കാമ്പസിലെ ഉള്‍പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം തെരച്ചില് നടത്തി എങ്കിലും കേസിന് സഹായകരമാകുന്ന ഒന്നും കണ്ടെത്താനായില്ല.

കേസിലിപ്പോഴും പൊലീസ് കാണിക്കുന്ന നിസ്സംഗത എന്തെന്ന് മനസിലാകുന്നില്ലെന്നും നജീബിനെ കാണാതായി 65 ദിവസങ്ങള്‍ക്ക് ശേഷം ഇത്തരത്തിലൊരു തെരച്ചില്‍ നടത്തുന്നതുകൊണ്ട് പൊലീസ് എന്താണ് ഉദ്ദേശിക്കുന്നതെന്നും നജീബിന്റെ മാതാവ് ഫാത്തിമ നഫീസ പ്രതികരിച്ചു.

കാമ്പസിനകത്ത് തെരച്ചില്‍ നടത്തണം, കാമ്പസിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കുടുംബവും വിദ്യാര്‍ത്ഥികളും നജീബിനെ കാണാതായത് മുതല്‍ ഉന്നയിച്ചിരുന്നു. ആവശ്യം ഡല്‍ഹി പൊലീസ് നിരച്ചതോടെ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കുകയും കേസ് പരിഗണിക്കവെ നജീബിന്റെ തിരോധാനത്തില്‍ ഒരു കണ്ടെത്തലും നടത്താതിരുന്ന പൊലീസിനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News