ചരക്ക് സേവന നികുതി ബില്ലിലെ നിര്‍ണായക ഭേദഗതികള്‍ കേന്ദ്രം അംഗീകരിച്ചു
കോണ്‍ഗ്രസിന്റെ ഭേദഗതി നിര്‍ദേശം മന്ത്രിസഭായോഗം അംഗീകരിച്ചു.
ചരക്ക് സേവന നികുതി ബില്ലിലെ നിര്‍ണായക ഭേദഗതികള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. അന്തര്‍ സംസ്ഥാന കച്ചവടങ്ങള്‍ക്ക് ഒരു ശതമാനം അധിക നികുതി പാടില്ലെന്നതുള്‍പ്പെടെ കോണ്‍ഗ്രസ്സ് മുന്നോട്ട് വച്ച ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ഇന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ഒറ്റക്ക് ഒറ്റക്ക് ചര്‍ച്ച നടത്തും.
രാജ്യത്ത് വര്‍ഷങ്ങളായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഏകീകൃത നികുതി സമ്പ്രദായമായ ചരക്ക് സേവന നികുതിക്കായുള്ള ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ പാസാകാനുളള സാധ്യത ഏറുകയാണ്. ബില്‍ രജ്യസഭയില്‍ വെക്കും മുമ്പ് കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച നിര്‍ണായ ഭേദഗതികളാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.
അന്തര്‍ സംസ്ഥാന കച്ചവടങ്ങള്‍ക്ക് ഒരു ശതമാനം അധിക നികുതി വേണമെന്ന് നേരത്തെ ലോകസഭ പാസാക്കിയ ബില്ലിലുണ്ടായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥക്കെതിരെ കഴിഞ്ഞ ദിവസം നടന്ന സമവായ ചര്‍ച്ചയില്‍ പോലും കോണഗ്രസ്സ് ശക്തമായ എതിര്‍പ്പറിയിച്ചു. ഈ സാഹചര്യത്തിലാണ് ഒരു ശതമാനം അധിക നികുതിയെന്ന വ്യവസ്ഥ കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്.
ബില്ലുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന ധന മന്ത്രിമാരുടെ യോഗത്തിലും പുരോഗതിയുണ്ടായിരുന്നു. ജി എസ് ടി നിരക്ക് തത്വങ്ങള്‍, നഷ്ടപരിഹാരം, ഉപഭോക്തൃ കേന്ദ്രത്തില്‍ നികുതി ഈടാക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലും പുറത്തും നടക്കുന്ന നിര്‍ണായക ചര്‍ച്ചകളില്‍ നിലപാടറിയിക്കാനും തീരുമാനങ്ങള്‍ എടുക്കാനും കോണ്‍ഗ്രസ്സ് 5 അംഗ ഉന്നത തല സമിതി രൂപീകരിച്ചിട്ടുണ്ട്.