മലേഗാവ് സ്ഫോടനം: സാധ്വി പ്രഗ്യ സിങിനെ കുറ്റവിമുക്തയാക്കി കുറ്റപത്രം സമര്‍പ്പിച്ചു
മലേഗാവ് സ്ഫോടനക്കേസില്‍ സാധ്വി പ്രഗ്യ സിങ് ഠാക്കൂറിനെ ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രം എന്‍ഐഎ സമര്‍പ്പിച്ചു.
മലേഗാവ് സ്ഫോടനക്കേസില്‍ എബിവിപി മുന്‍ നേതാവ് സ്വാധി പ്രഗ്യാസിംഗ് താക്കൂറിനെ കുറ്റവിമുക്തയാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. മുഴുവന്‍ പ്രതികള്‍ക്കെതിരെയും ചുമത്തിയ മകോക്ക കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതായും സൂചന. കേസില്‍ ആദ്യം അന്വേഷണം നടത്തിയിരുന്ന ഹേമന്ദ് കാര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എടിഎസിനെതിരായ പരാമര്‍ശങ്ങളും ഇന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്..
2008ല്‍ മുംബൈയിലെ മലേഗാവില്‍ നടന്ന സ്ഫോടനത്തില്‍ ഹിന്ദു ഭീകര സംഘടനയായ അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകരായ 12 പേര്‍ക്കെതിരെയാണ് ഹേമന്ദ് കാര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നാല് പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചത്.
ഒഴിവാക്കപ്പെടുന്ന കുറ്റവാളികളില്‍ പ്രധാനി, മുന്‍ എബിവിപി നേതാവ് സ്വാധി പ്രഗ്യാസിംഗ് താക്കൂറാണ്. സ്ഫോടനത്തിന് ഉപയോഗിച്ച മോട്ടോര്‍സൈക്കിളിന്റെ ഉടമ, ഗൂഢാലോചനകളിലെ മുഖ്യപങ്കാളി എന്നീ കണ്ടെത്തലുകളാണ് പ്രഗ്യാസിംഗിനെതിരെ മഹാരാഷ്ട്ര എടിഎസ് നടത്തിയിരുന്നത്. എന്നാല്‍ എന്‍ഐഎ ഇപ്പോള്‍ പറയുന്നത് ഗൂഢാലോചനക്കുറ്റത്തിന് തെളിവുകളില്ലെന്നും സ്ഫോടനത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പ്രഗ്യാസിംഗല്ല ഉപയോഗിച്ചതെന്നുമാണ്.
കേസിലെ മുഖ്യപ്രതി അഭിനവ് ഭാരതിന്റെ സ്ഥാപകന്‍ കേണല്‍ പ്രസാദ് പുരോഹിതിനെതിരായ പല തെളിവുകളും മഹാരാഷ്ട്ര എടിഎസ് കെട്ടിച്ചമച്ചുവെന്നും കറ്റപത്രത്തില്‍ പറയുന്നുണ്ട്. അറസ്റ്റ് സമയത്ത് കേണല്‍ പുരോഹിതിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കള്‍ എടിഎസ് തന്നെ കൊണ്ട് വെച്ചതാണ്, പല പ്രതികളുടെയും മൊഴികള്‍ കസ്റ്റഡിയില്‍ ബലം പ്രയോഗിച്ച് എടുത്തതാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് മഹാരാഷ്ട്ര എടിഎസിനെതിരെ ഉള്ളത്. പ്രതികള്‍ക്കെതിരെയുള്ള മക്കോക്ക കുറ്റങ്ങളും കുറ്റപത്രത്തില്‍ ഉണ്ടാകില്ല. മലേഗാവ് സ്ഫോടനക്കേസ് അട്ടിമറിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് കേസില്‍ എന്‍ഐഎയുടെ മലക്കം മറിച്ചില്‍.