റാം റഹീമിനെതിരായ വിധി വിശ്വാസത്തിന്‍റെ പേരില്‍ വഞ്ചിക്കപ്പെട്ടവരുടെ വിജയം; മലക്കംമറിഞ്ഞ് സാക്ഷി മഹാരാജ്

Update: 2018-04-27 14:35 GMT
Editor : Sithara
റാം റഹീമിനെതിരായ വിധി വിശ്വാസത്തിന്‍റെ പേരില്‍ വഞ്ചിക്കപ്പെട്ടവരുടെ വിജയം; മലക്കംമറിഞ്ഞ് സാക്ഷി മഹാരാജ്
Advertising

താന്‍ റാം റഹീമിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സാക്ഷിയുടെ ഇപ്പോഴത്തെ നിലപാട്

റാം റഹിം സിങിന് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ മുന്‍നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് ബിജെപി എംപി സാക്ഷി മഹാരാജ്. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാണ് സാക്ഷി മഹാരാജ് ഇപ്പോള്‍ പറയുന്നത്. കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും സാക്ഷി മഹാരാജ് വ്യക്തമാക്കി.

താന്‍ റാം റഹീമിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സാക്ഷിയുടെ ഇപ്പോഴത്തെ നിലപാട്. മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. റാം റഹീമിന് എതിരായ കോടതി വിധി മാനിക്കുന്നു. വിശ്വാസത്തിന്‍റെ പേരില്‍ വഞ്ചിക്കപ്പെട്ടവരുടെ വിജയമാണ് കോടതി വിധിയെന്നുമാണ് സാക്ഷി മഹാരാജ് ഇപ്പോള്‍ പറയുന്നത്.

റാം റഹീമും രാംപാലും ആശാറാമുമൊന്നും സന്യാസിമാരല്ലെന്നും സാക്ഷി പറയുന്നു. ഇത്തരക്കാരെ ആരാധിക്കുന്നതിനുമുമ്പ് ആളുകള്‍ രണ്ട് തവണ ചിന്തിക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

റാം റഹീം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചപ്പോള്‍ അദ്ദേഹത്തെ ന്യായീകരിച്ചാണ് സാക്ഷി രംഗത്തെത്തിയത്. കോടിക്കണക്കിന് ആളുകള്‍ റാം റഹീമിനെ പിന്തുണയ്ക്കുന്നവരാണ്. ഒരാള്‍ മാത്രമാണ് പരാതിപ്പെടുന്നത്. കോടിക്കണക്കിനാളുകളാണോ അതോ ആ ഒരാളാണോ ശരി എന്നായിരുന്നു സാക്ഷി മഹാരാജിന്‍റെ ചോദ്യം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News