അറസ്റ്റിലായവരെ റിമാന്റ് ചെയ്തു, ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം തുടരുന്നു
ഹൈദരബാദ് സര്‍വകലാശാല വിസി അപ്പറാവുവിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും കോടതി റിമാന്റ് ചെയ്തു.
ഹൈദരബാദ് സര്‍വകലാശാല വിസി അപ്പറാവുവിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും കോടതി റിമാന്റ് ചെയ്തു. അതേസമയം വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ സര്‍വകലാശാല അധികൃതര്‍ നിഷേധിച്ചതിനാല്‍ വിദ്യാര്‍ഥികള്‍ ദുരിതത്തിലായിരിക്കുകയാണ്. വിസി അപ്പറാവുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുല സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു.
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എതിര്‍പ്പിനെ മറികടന്ന് വീണ്ടും ചുമതലയേറ്റ സര്‍വ്വകലാശാല വി.സി അപ്പറാവുവിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായി തുടരുകയാണ്. മകന്റെ മരണവുമായി ബന്ധപ്പെട്ട് അപ്പാറാവുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയും ക്യാമ്പസ് ഗേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ തുടങ്ങി. വിസിക്കെതിരെ പ്രതിഷേധിച്ചതിന്റ പേരില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ മോചിപ്പിക്കണമെന്നും രാധികാ വെമുല ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ കോടതി റിമാന്റ് ചെയ്തു. ഇന്ന് രാവിലെതന്നെ ഇവരെ ജയിലിലേക്കയക്കും. അതേ സമയം വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താന്‍ വെള്ളം,വൈദ്യുതി, ഇന്റര്‍നെറ്റ് ,കാന്റീനിലെ ഭക്ഷണവിതരണം തുടങ്ങിയവയെല്ലാം സര്‍വകലാശാല നിര്‍ത്തിവെച്ചത് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കി. കനത്ത പൊലീസ് വലയത്തിലാണ് സര്‍വ്വകലാശാല. പുറത്തുനിന്നുള്ള രാഷ്ട്രീയനേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ക്യാമ്പസിനകത്ത് കയറാന്‍ അനുവദിച്ചിരുന്നില്ല