എന്‍.ഡി.ടി.വിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥക്ക് തുല്യമാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ്
എന്‍.ഡി.ടി.വി ഗ്രൂപ്പിന്റെ ഹിന്ദി വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വി ഇന്ത്യയോട് ഒരു ദിവസത്തേക്ക് സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു
എന്‍.ഡി.ടി.വിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥക്ക് തുല്യമാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു. മറ്റ് പല ചാനലുകളും ഇത്തരത്തിലുള്ള സംപ്രേഷണം നടത്തിയിട്ടും തങ്ങള്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് എന്‍.ഡി.ടി.വി പ്രതികരിച്ചു.
എന്‍.ഡി.ടി.വി ഗ്രൂപ്പിന്റെ ഹിന്ദി വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വി ഇന്ത്യയോട് ഒരു ദിവസത്തേക്ക് സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ വാര്‍ത്താ സംപ്രേഷണം പരിശോധിച്ച അന്തര്‍ മന്ത്രാലയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഡി.ടി.വി ഇന്ത്യയ്ക്കതിരെ നടപടിയെടുക്കുന്നതെന്നാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പത്താന്‍ കോട്ട് ഭീകരാക്രമണത്തിന്റെ വാര്‍ത്താ സംപ്രേഷണത്തില്‍ എന്‍.ഡി.ടി.വി ഇന്ത്യ സര്‍ക്കാരിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ പുറത്തു വിട്ടുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സൈനിക വിമാനത്താവളത്തിലുണ്ടായിരുന്ന ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഇന്ധന ടാങ്കുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ചാനല്‍ വാര്‍ത്തയില്‍ നല്‍കിയെന്നും ഇത് ഭീകരവാദികള്‍ മനസ്സിലാക്കി അവയ്ക്ക് വലിയ നഷ്ടം വരുത്താന്‍ സാദ്ധ്യതയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വാര്‍ത്തകളുടെ ഉള്ളടക്കം സംബന്ധിച്ച നിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ചാണ് നടപടി സ്വീകരച്ചിരിക്കുന്നത്. നവംബര്‍ 9ന് ഉച്ചയ്ക്ക് ഒരുമണി മുതല്‍ 10ന് ഉച്ചയ്ക്ക് ഒരുമണിവരെ സംപ്രേഷണം നിര്‍ത്തിവെക്കാനാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം.