ജമ്മു കശ്‌മീരില്‍ നുഴഞ്ഞുകയറിയ 10 ഭീകരരെ സൈന്യം വധിച്ചു

Update: 2018-05-10 18:44 GMT
ജമ്മു കശ്‌മീരില്‍ നുഴഞ്ഞുകയറിയ 10 ഭീകരരെ സൈന്യം വധിച്ചു
Advertising

ഉറി മേഖലയിലെ ലാചിപുരയിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്.

ജമ്മുകശ്മീരില്‍ വീണ്ടും തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍. ഉറി സെക്ടറിലെ ലച്ച്പുര അതിര്‍ത്തിയില്‍ പത്ത് പേരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി. നുഴഞ്ഞ് കയറാന്‍ ശ്രമിച്ച തീവ്രവാദികളെ സൈന്യം അക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘത്തില്‍ അഞ്ച് പേര്‍ കൂടി ബാക്കിയുണ്ടെന്നും, ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ ഉറി സെക്ട്റില്‍ ഇന്ന് രാവിലെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

തീവ്രവാദി ആക്രമണം നടന്ന ഉറി സൈനിക താവളത്തില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ലച്ച്പുര അതിര്‍ത്തിയിലാണ് തീവ്രവാദികളുമായി ഇന്ത്യന്‍ സൈന്യം വീണ്ടും ഏറ്റുമുട്ടിയത്. പതിനഞ്ച് പേരടങ്ങിയ സംഘം ഇന്ത്യയിലേക്ക് നുഴ‍ഞ്ഞ് കയറാന്‍ ശ്രമിക്കവേയാണ് സൈന്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ഇതുവരെ പത്ത് നുഴഞ്ഞുകയറ്റക്കാരെ സൈന്യം കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ബാക്കി സംഘങ്ങളുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രാവിലെ ഉറി സെക്ടറില്‍ തന്നെ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഇരുപത് മിനുട്ടോളം നീണ്ട് നിന്ന് വെടിവെപ്പിന് മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുപക്ഷം ആളപായം ഉണ്ടായതായി വിവരമില്ല. പ്രദേശവാസികളും സുരക്ഷിതരാണ്.

അതിനിടെ ഉറി ആക്രമണത്തില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്ന് സൈനികത്താവളത്തിലെത്തിയ അന്വേഷണ സംഘം കൊല്ലപ്പെട്ട തീവ്രവാദികളുടെ രക്ത സാമ്പിളുകളും, വിരലടയാളങ്ങളും ശേഖരിച്ചു. തീവ്രവാദികളില്‍ നിന്ന് പിടികൂടിയ ആയുധങ്ങളും ജിപിഎസ് ഉപകരണങ്ങളും അന്വേഷണ സംഘത്തിന് കൈമാറി. ജിപിഎസ് ഉപകരണം ഫോറന്‍സിക് പരിശോധനക്കായി അമേരിക്കയിലേക്ക് അയക്കും. ജിപിഎസ് ഡാറ്റകള്‍ ശേഖരിച്ച് സംഭവത്തിലെ പാക് ബന്ധത്തിനുള്ള തെളിവ് കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമം.

Tags:    

Similar News