ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു
സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉപരോധിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്.
രോഹിത് വെമുല വിഷയത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉപരോധിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. കഴിഞ്ഞയാഴ്ച സര്‍വകലാശാല എക്‌സിക്യൂട്ട് യോഗത്തില്‍ ഉയര്‍ന്ന രോഹിത് വെമുല സ്തൂപം പൊളിച്ചുമാറ്റുമെന്നതടക്കമുള്ള തീരുമാനങ്ങളും പരാമര്‍ശങ്ങളുമാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം.
മാര്‍ച്ച് 24 ന് സര്‍വകലാശാല എക്സിക്യൂട്ടീവിലെ തീരുമാനങ്ങളാണ് വിദ്യാര്‍ഥി സമരം ശക്തമാക്കിയത്. സര്‍വകലാശാലയിലെ രോഹിത് വെമുല സ്തൂപം പൊളിച്ചുമാറ്റണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. അപ്പാറാവു ആവശ്യപ്പെട്ടതാണ് ഇവയില്‍ പ്രധാനം. രോഹിതിന്റെ വാക്കുകളും ചിത്രങ്ങളും അര്‍ധകായ പ്രതിമകളും ചേര്‍ത്തുണ്ടായ വെളിവാഡ എന്ന സ്തൂപം അനധികൃതമായി നിര്‍മ്മിച്ചതാണെന്നും പൊളിച്ച് മാറ്റണമെന്നുമായിരുന്നു എക്‌സിക്യൂട്ടീവില്‍ വിസിയുടെ ആവശ്യം. സസ്‌പെന്‍ഷനിലിരിക്കെ രോഹിത് പ്രതിഷേധിച്ച ഇവിടം രോഹിതിന്റെ ആത്മഹത്യക്ക് ശേഷം പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കേന്ദ്രമാവുകയായിരുന്നു. ഇത് പൊളിച്ച് മാറ്റുന്നതിലൂടെ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നാണ് വിദ്യാര്‍ഥികളുടെ വാദം.
ജാതി വിവേചനത്തിനെതിരെയുള്ള സമരത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥലമാണിതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍, രോഹിത് വെമുലയുടെ അമ്മ, കനയ്യ കുമാര്‍ തുടങ്ങിയവരെ കാമ്പസില്‍ പ്രവേശിപ്പിക്കാഞ്ഞത് കാമ്പസില്‍ സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവന്നു എന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തിയെന്നാണ് സൂചന. ഒപ്പം കാമ്പസില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സിഐഎസ്എഫിനെ നിയോഗിക്കാനും പൊലീസ് ഔട്ട്‌പോസ്റ്റും സെക്യൂരിറ്റി കാമറകളും സ്ഥാപിക്കാനും വിദ്യാര്‍ഥികള്‍ക്ക് സ്വൈപ്പിങ് കാര്‍ഡ് നല്‍കാനുമുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രോഹിതിന്റെ മരണത്തില്‍ ആരോപണവിധേയനായ വിസി അപ്പാറാവു വീണ്ടും ചുമതല ഏറ്റെടുത്തതിനെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടരാജിയെടുത്ത അധ്യാപകര്‍ക്ക് വിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിലും പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഒപ്പം രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആവശ്യങ്ങളും വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നുണ്ട്.