ചത്തപശുക്കളെ അറവുകാര്‍ക്ക് വിറ്റിരുന്നുവെന്ന് അറസ്റ്റിലായ ബിജെപി നേതാവിന്‍റെ കുറ്റസമ്മതം
പശുക്കളുടെ എല്ലും തോലും വില്‍പന നടത്തിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ചത്ത പശുക്കളെ അറവുകാര്‍ക്ക് വിറ്റിരുന്നുവെന്ന് അറസ്റ്റിലായ ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ കുറ്റസമ്മതം. ഇയാള്‍ പശുക്കളുടെ എല്ലും തോലും വില്‍പന നടത്തിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഗോശാലയിലെ മുന്നൂറോളം പശുക്കള്‍ പട്ടിണി കിടന്ന് ചത്തതിനെ തുടര്‍ന്നാണ് ഛത്തിസ്ഗഢിലെ ദുര്‍ഗ് ജില്ലയില്‍ ഗോശാല നടത്തിപ്പുകാരനായ ഹരീഷ് വര്‍മ അറസ്റ്റിലായത്.
കന്നുകാലി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഗോസേവ ആയോഗ് എന്ന സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. ഹരീഷ് നടത്തിയിരുന്ന മൂന്ന് ഗോശാലകളിലായി മുന്നൂറോളം പശുക്കളാണ് ചത്തത്.
ചത്ത പശുക്കളെ അറവുകാര്‍ക്ക് വിറ്റതായി ഹരീഷ് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ദീപാന്‍ഷു കാബ്ര പറഞ്ഞു. ജാമുല്‍ നഗര്‍ നിഗം പഞ്ചായത്ത് വൈസ് പ്രസിന്‍റാണ് ഹരീഷ് വര്‍മ. അറസ്റ്റിലായതോടെ ബിജെപിയില്‍ നിന്നും ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.