തനിക്ക് നൊബേല്‍ സമ്മാനം വേണ്ട; മലാലക്ക് നല്‍കിയതിനോട് യോജിപ്പില്ല: ശ്രീ ശ്രീ രവിശങ്കര്‍
നൊബേല്‍ സമ്മാനം നിരസിച്ചുവെന്ന വെളിപ്പെടുത്തലുമായി ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍.
നൊബേല്‍ സമ്മാനം നിരസിച്ചുവെന്ന വെളിപ്പെടുത്തലുമായി ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. നേരത്തെ തനിക്ക് നൊബേല്‍ സമ്മാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ പുരസ്‍കാരം നിരസിക്കുകയായിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. പ്രവൃത്തിയിലാണ് വിശ്വസിക്കുന്നതെന്നും തന്റെ പ്രവൃത്തികളുടെ പേരില്‍ ആദരിക്കപ്പെടുന്നതിനോട് താത്പര്യമില്ലെന്നുമാണ് നൊബേല്‍ നിരസിച്ചതിനു കാരണമായി ശ്രീ ശ്രീ പറയുന്നത്.
ഇതിനിടെ മലാല യൂസുഫ് സായിക്ക് നൊബേല്‍ സമ്മാനം നല്‍കിയതിനോട് യോജിപ്പില്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. അര്‍ഹതയുള്ളവരെ മാത്രമാണ് നാം ആദരിക്കേണ്ടത്. അതുകൊണ്ട് തന്നെ മലാലയെ നൊബേല്‍ നല്‍കി ആദരിച്ചതിനോട് പൂര്‍ണമായും താന്‍ എതിരാണെന്നും 59 കാരനായ രവിശങ്കര്‍ പറഞ്ഞു. ഈ ആദരം കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്നും ശ്രീ ശ്രീ പറയുന്നു.
അടുത്തിടെ പരിസ്ഥിതി നിയമങ്ങളെ കാറ്റില്‍പ്പറത്തി യമുന നദിക്കരികില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ സാംസ്കാരികോത്സവം സംഘടിപ്പിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിനു താലിബാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മലാല, ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു ധീരയായ ആ പെണ്‍കുട്ടിയെ തേടി സമാധാന നൊബേല്‍ സമ്മാനം എത്തിയത്.