പാവങ്ങളുടെ അന്നം മുട്ടിക്കുന്നതെന്തിന്? ബീഫ് നിരോധത്തിനെതിരെ ബിജെപി എംഎല്‍എ
ബീഫ് നിരോധം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ബിജെപി എംഎല്‍എ തന്നെ രംഗത്ത്.
ബീഫ് നിരോധം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ബിജെപി എംഎല്‍എ തന്നെ രംഗത്ത്. ബീഫ് നിരോധം കര്‍ഷകരുടെ താല്‍പര്യത്തിന് വിരുദ്ധമായിരുന്നുവെന്ന് എംഎല്‍എ ഭിംറാവു ധൊന്തേ പറഞ്ഞു. ഇങ്ങനെ പാവങ്ങളുടെ അന്നം മുട്ടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ നിയമസഭയിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. വരള്‍ച്ചയുടെ നാളുകളില്‍ മുഴുവന്‍ കന്നുകാലികളെയും പരിപാലിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചത്. തുടര്‍ന്ന് പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും ആദ്യമായാണ് ഭരണകക്ഷയില്‍പ്പെട്ട എംഎല്‍എ തന്നെ വിമര്‍ശം ഉന്നയിച്ചത്. മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യം ബീഫ് നിരോധത്തെ കുറിച്ച് സംസാരിച്ച് ജോലി കളയാനില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.