ഗുര്‍മീതിന് മൂന്ന് ബിജെപി മന്ത്രിമാര്‍ സമ്മാനിച്ചത് 1.12 കോടി രൂപ

Update: 2018-05-13 18:36 GMT
Editor : Alwyn K Jose
ഗുര്‍മീതിന് മൂന്ന് ബിജെപി മന്ത്രിമാര്‍ സമ്മാനിച്ചത് 1.12 കോടി രൂപ
Advertising

ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഹരിയാനയും പഞ്ചാബും കത്തിയെരിയാന്‍ തുടങ്ങിയിരുന്നു.

ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഹരിയാനയും പഞ്ചാബും കത്തിയെരിയാന്‍ തുടങ്ങിയിരുന്നു. രാജ്യതലസ്ഥാനത്തേക്ക് വരെ കലാപസമാനമായ സാഹചര്യം പടര്‍ന്നു. വിവാദ ആള്‍ദൈവത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ആയിരക്കണക്കിന് ആളുകളാണ് തെരുവില്‍ കലാപം അഴിച്ചുവിട്ടത്.

വിധി വരുന്നതിന് മുമ്പ് സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് വന്‍ സന്നാഹങ്ങളൊക്കെ ഒരുക്കിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഇന്നിപ്പോള്‍ ഛണ്ഡീഗഡ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ചയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത് 2002 ലാണെങ്കിലും 15 വര്‍ഷം വരെ നടപടികള്‍ നീട്ടി കൊണ്ടുപോകാന്‍ ഗുര്‍മീതിന് കഴിഞ്ഞത് അയാള്‍ രാഷ്ട്രീയ നേതാക്കളുടെയും അധികാര വര്‍ഗത്തിന്‍റെയും പ്രിയ തോഴനായിരുന്നു എന്നതു കൊണ്ട് തന്നെയാണ്. ഇക്കാര്യം കേസ് അന്വേഷിച്ച സിബിഐ ഓഫീസര്‍ വെളിപ്പെടുത്തുകയും ചെയ്തു.

ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഹരിയാനയില്‍ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവത്തിന്‍റെ ഉറ്റ അനുയായികള്‍ ബിജെപി മന്ത്രിമാര്‍ തന്നെയായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിലെ മൂന്നു മുതിര്‍ന്ന ബിജെപി മന്ത്രിമാര്‍ ചേര്‍ന്ന് ഗുര്‍മീതിന് സമ്മാനിച്ചത് ഒന്നും രണ്ടും രൂപയല്ല. 1.12 കോടി രൂപ. രാം ബിലാസ് ശര്‍മ, അനില്‍ വിജ്, ഗ്രോവര്‍ എന്നിവരാണ് ഗുര്‍മീതിന് ലക്ഷങ്ങള്‍ സമ്മാനിച്ച മന്ത്രമാര്‍. വിദ്യാഭ്യാസ മന്ത്രിയായ ശര്‍മ, പരസ്യമായാണ് ഗുര്‍മീതിന് 51 ലക്ഷം രൂപ സമ്മാനിച്ചത്. വിധി വന്നതിന് ശേഷം തെരുവുകള്‍ ചുട്ടെരിച്ച ഗുര്‍മീതിന്‍റെ അനുയായികള്‍ സമാധാനദൂതന്‍മാരാണെന്നായിരുന്നു ശര്‍മയുടെ വാദം. സ്വന്തം ലാഭത്തിനായി മുഖ്യമന്ത്രി കലാപകാരികളെ അഴിച്ചുവിട്ടുവെന്നാണ് ഹൈക്കോടതി വിമര്‍ശം വന്നിരിക്കുന്നത്. കായികമന്ത്രിയായ അനില്‍ വിജ് 50 ലക്ഷം രൂപയും ഗ്രോവര്‍ 11 ലക്ഷം രൂപയുമാണ് ഗുര്‍മീതിന്‍റെ അനുഗ്രഹത്തിനായി സമ്മാനിച്ചത്. അനില്‍ വിജ് സമ്മാനിച്ച തുക മന്ത്രിയുടെ ഫണ്ടില്‍ നിന്നായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തന്‍റെ പണം തനിക്ക് ഇഷ്ടമുള്ളതു പോലെ ചെലവഴിക്കുമെന്നായിരുന്നത്രേ മന്ത്രിയുടെ മറുപടി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News