ഡല്‍ഹിയില്‍ ദിനംപ്രതി നാല് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നു
2012 നും 2015നും ഇടയിലുള്ള കാലയളവിലെ കണക്കാണിത്
ഡല്‍ഹിയില്‍ ഓരോ ദിവസവും ചുരുങ്ങിയത് നാല് സ്ത്രീകളെങ്കിലും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഒന്‍പത് സ്ത്രീകള്‍ വീതം അധിക്ഷേപിക്കപ്പെടുന്നതായും ഡല്‍ഹി പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 നും 2015നും ഇടയിലുള്ള കാലയളവിലെ കണക്കാണിത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ബലാത്സംഗക്കേസുകള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 2012ല്‍ 706 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2015ല്‍ കേസുകളുടെ എണ്ണം 2199 ആയി വര്‍ദ്ധിച്ചു. 2013ല്‍ 1636 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ 2166 കേസുകളും. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ ലൈംഗികാതിക്രമ കേസുകള്‍ ആറിരട്ടിയായി വര്‍ദ്ധിച്ചു. 2001ല്‍ 381 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2015 ആയപ്പോള് അത് 2199 ആയി വര്‍ദ്ധിച്ചു.
2015 ജനുവരിക്കും ജുലൈയ്ക്കും ഇടയില്‍ 1120 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വീടിനുള്ളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഡല്‍ഹി പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ത്രീധന പീഡനം, ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം എന്നിവ അതിലുള്‍പ്പെടുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 13,984 കേസുകളാണ് ഈ ഗണത്തില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. നാല് വര്‍ഷത്തിനിടയില്‍ സ്ത്രീധന പീഡനം മൂലം മരണപ്പെട്ടത് 681 സ്ത്രീകളാണ്. 2012ല്‍ 134ഉം 2013ല്‍ 144ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ ഇത് 153 ആയി ഉയര്‍ന്നു. എന്നാല്‍ 2015ല്‍ ഇത്തരം കേസുകളുടെ കാര്യത്തില്‍ നേരിയ കുറവുണ്ടായി. 122 സ്ത്രീധന മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.