വരള്‍ച്ച: ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് ഗ്രീന്‍പീസ്

Update: 2018-05-15 14:22 GMT
Editor : admin
വരള്‍ച്ച: ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് ഗ്രീന്‍പീസ്
Advertising

നഗരത്തില്‍ ജലത്തിന്റെ പുനരുപയോഗം വര്‍ധിപ്പിക്കണമെന്നും മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കണമെന്നും ഗ്രീന്‍പീസ്

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് സര്‍ക്കാരിതര സംഘടനയായ ഗ്രീന്‍പീസ്. നടപടി വൈകുന്ന പക്ഷം പ്രശ്നം സങ്കീര്‍ണമാകുമെന്ന് സര്‍ക്കാരിന് സംഘടനയുടെ മുന്നറിയിപ്പ്. അതേസമയം വരള്‍ച്ചയെ തുടര്‍ന്ന് ഈ വര്‍ഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 116 ആയി.

നിലവില്‍ 12 സംസ്ഥാനങ്ങളെയാണ് വരള്‍ച്ച രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കുടിവെള്ളത്തിനായി ജനം വലയുകയാണ്. ജലസ്രോതസ്സുകള്‍ പലതും വറ്റിവരണ്ടു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ഗ്രീന്‍സ് പീസ് നിലപാട്. ജലം പാഴാക്കുന്ന സാഹചര്യം ഇല്ലാതാക്കാനും ജലത്തിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കേണ്ടതെന്ന് സംഘടന പറയുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതോടൊപ്പം ഭാവിയെ മുന്‍കൂട്ടികണ്ടുള്ള പദ്ധതികളും ആസൂത്രണം ചെയ്യണം. നഗരത്തില്‍ ജലത്തിന്റെ പുനരുപയോഗം വര്‍ധിപ്പിക്കണമെന്നും മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കണമെന്നും ഗ്രീന്‍പീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ഗണനാക്രമം നിശ്ചയിച്ച് ജലം ഉപയോഗിക്കാനും വിതരണം ചെയ്യാനും സംവിധാനം ഉണ്ടാകണം. ഇതില്‍ പ്രഥമ പരിഗണന കുടിവെള്ളത്തിന് നല്‍കണമെന്നു സംഘടന നിര്‍ദേശിക്കുന്നു. ഇത്തവണത്തെ വരള്‍ച്ച കര്‍ഷകരെ ഏറെ ബാധിച്ചിട്ടുണ്ട്.

കൃഷിനാശത്തെ തുടര്‍ന്ന് 116 കര്‍ഷകര്‍ ഇതിനോടകം ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ് രണ്ടാമതും തെലങ്കാന മൂന്നാമതുമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News