അതിര്‍ത്തിയിലെ സംഘര്‍ഷം; അരുണ്‍ ജെയ്റ്റ്‍ലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളിലേയും സൈനിക തലവന്‍മാര്‍ ഫോണില്‍ സംസാരിക്കും
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളിലേയും സൈനിക തലവന്‍മാര്‍ ഫോണില്‍ സംസാരിക്കും. പാകിസ്താന്റേത് തീവ്രവാദികളെ കൂട്ടുപിടിച്ചുള്ള ആസൂത്രിതമായ ആക്രമണമാണെന്ന് ബിഎസ്എഫ് മേധാവി ജമ്മുവില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ 2 ജവാന്‍മാര്‍ കൊല്ലപ്പെടുകയും മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കുകയും ചെയ്തത പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം പ്രതിരോധമന്ത്രി വിവരിച്ചു. പാകിസ്താന്റെ ഭാഗത്ത് നിന്ന് നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇന്ത്യ നിയന്ത്രണരേഖയ്ക്ക് സമീപം സുരക്ഷ ശക്തമാക്കി. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് ശ്രീനഗറിലെത്തിയിട്ടുണ്ട്. പാകിസ്താന്റെ സൈനിക ആക്രമണങ്ങള്‍ക്കൊപ്പം തീവ്രവാദി ആക്രമണവും രൂക്ഷമായ പശ്ചാത്തലത്തിലാണ് സൈനിക മേധാവി ശ്രീനഗറിലെത്തിയത്. നിയന്ത്രണരേഖയ്ക്കപ്പുറം തീവ്രവാദി ക്യാമ്പുകള്‍ ഇപ്പോഴും സജീവമാണെന്ന് ബിഎസ്എഫ് മേധാവി പറഞ്ഞു.
അതേസമയം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന വാര്‍ത്ത പാകിസ്താന്‍ നിഷേധിച്ചു. കഴിഞ്ഞ ദിവസം തുടര്‍ച്ചായി വെടിവെയ്പുണ്ടായ അതിര്‍ത്തിയില്‍ ഇന്ന് സ്ഥിതി ശാന്തമാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരായ പരംജീത്ത് സിങ്ങിന്റെയും പ്രേം സാഗറിന്റെയും ഭൌതികശരീരത്തിന് സൈന്യം ജമ്മുവില്‍ അന്തിമോപചാരം അര്‍പ്പിച്ചു.