അയോധ്യയില്‍ മധ്യസ്ഥശ്രമവുമായി ശ്രീ ശ്രീ രവിശങ്കര്‍

Update: 2018-05-22 20:12 GMT
Editor : Sithara
അയോധ്യയില്‍ മധ്യസ്ഥശ്രമവുമായി ശ്രീ ശ്രീ രവിശങ്കര്‍
Advertising

നാളെ നടക്കുന്ന അയോധ്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ന് യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥുമായി ശ്രീ ശ്രീ രവിശങ്കര്‍ കൂടിക്കാഴ്ച നടത്തി.

കടുത്ത വിമര്‍ശങ്ങള്‍ക്കിടെ അയോധ്യ തര്‍ക്ക പരിഹാരത്തിന് ആര്‍ട്ട് ഓഫ് ലിവിംഗ് മേധാവി ശ്രീ ശ്രീ രവിശങ്കര്‍ മധ്യസ്ഥ ശ്രമം തുടങ്ങി. നാളെ നടക്കുന്ന അയോധ്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ന് യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥുമായി ശ്രീ ശ്രീ രവിശങ്കര്‍ കൂടിക്കാഴ്ച നടത്തി. അതിനിടെ ഷിയ വഖഫ് ബോര്‍ഡിലെ ഒരു വിഭാഗവും സന്യാസി കൂട്ടായ്മയായ അഘാഡ പരിഷത്തും തമ്മിലും ചര്‍ച്ച നടന്നു.

ആള്‍ ഇന്ത്യ മുസ്‍ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അടക്കം വിവിധ മുസ്‍ലിം വേദികളും സംഘടനകളും ശക്തമായ വിയോജിപ്പും പ്രതിഷേധവും തുടരുന്നതിനിടെയാണ് അയോധ്യ പ്രശ്നത്തില്‍‌ മധ്യസ്ഥ ശ്രമവുമായി ശ്രീ ശ്രീ രവിശങ്കര്‍ മുന്നോട്ട് പോകുന്നത്. നാളെ അയോധ്യയില്‍ രവിശങ്കര്‍ സന്ദര്‍ശനം നടത്തും. ഇന്ന് രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിയിലെത്തിയ രവിശങ്കര്‍ വിഷയം ചര്‍ച്ച ചെയ്തു. രവിശങ്കറിന്‍റെ നീക്കത്തെ നേരത്തെ യോഗി ആദിത്യനാഥ് സ്വാഗതം ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെയോ ബിജെപിയുടെയോ നിര്‍ദ്ദേശത്തിന്‍റെയും താല്‍പര്യത്തിന്‍‌റെയും അടിസ്ഥാനത്തിലല്ല തന്‍റെ നീക്കമെന്നാണ് രവിശങ്കര്‍ വിശദീകരിക്കുന്നത്. എന്നാല്‍ രവിശങ്കറിന്‍റെ നീക്കത്തിന്‍റെ ചുവട് പിടിച്ച് അയോധ്യയിലും ഡല്‍ഹിയിലുമായി രണ്ട് ദിവസത്തിനിടെ മറ്റ് ചര്‍ച്ചകളും സജീവമാണ്.

ഇന്നലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അജ്മീര്‍ ദര്‍ഗയുടെ നടത്തിപ്പ് ചുമതലയുള്ള സയ്യിദ് സൈനുല്ല ആബിദീന്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ 12 ഓളം മുസ്‍ലിം മതനേതാക്കളുമായി ചര്‍ച്ച നടത്തി. ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‍വിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും സന്യാസി കൂട്ടായ്മയായ അഘാഡ പരിഷത്തും തമ്മിലും ചര്‍ച്ച നടന്നു. ഈ ചര്‍ച്ചക്കെതിരെ ഷിയ വഖഫ് ബോര്‍ഡില്‍ തന്നെ എതിരഭിപ്രായം ശക്തമായതായാണ് റിപ്പോര്‍‌ട്ടുകള്‍.

അയോധ്യ തര്‍ക്കത്തില്‍‌ കോടതി വിധി എന്തായാലും അംഗീകരിക്കാമെന്നും മറ്റുതരത്തിലുള്ള മധ്യസ്ഥ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നുമാണ് മുസ്‍ലിം പേഴ്സണല്‍ ലോ ബോര്‍ഡും സുന്നി വഖഫ് ബോര്‍ഡും അടക്കമുളളവരുടെ നിലപാട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News