മാധ്യമങ്ങള്‍ പണം വാങ്ങി വാര്‍ത്ത നല്‍കുന്നതില്‍ രാജ്യസഭയ്ക്ക് ആശങ്ക
ഇത്തരം വാര്‍ത്തകള്‍ ചെയ്യുന്നത് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും എം പിമാര്‍ സഭയില്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് മാധ്യമങ്ങള്‍ പണം വാങ്ങി വാര്‍ത്ത നല്‍കുന്നതില്‍ കക്ഷിഭേദമന്യേ ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭ. ഇത്തരം വാര്‍ത്തകള്‍ ചെയ്യുന്നത് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും എം പിമാര്‍ സഭയില്‍ ആവശ്യപ്പെട്ടു. പരസ്യം വാര്‍ത്തകളെ സ്വാധീനിക്കുന്നതായും അതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കപ്പെടുമെന്നും അരുണ്‍ജയ്റ്റിലി സഭയില്‍ പറഞ്ഞു.
പരസ്യങ്ങള്‍ വാര്‍ത്തകളെ സ്വാധീനിക്കുന്നതായും ഇതിനനുസരിച്ച് വാര്‍ത്തകളെ വളച്ചൊടിക്കുന്നതായുമാണ് സഭയില്‍ ഭരണപ്രതിപക്ഷ ഭേദമന്യേ എംപിമാര്‍ ആരോപിച്ചത്. മാധ്യമങ്ങളുടെ വിശ്വാസ്യതക്ക് പരസ്യങ്ങള്‍ മറ തീര്‍ത്തിരിക്കുകയാണെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാക്കുന്നുവെന്നും ബിജെപി നേതാവ് വിജയ് ഗോയല്‍ പറഞ്ഞു. ഒരു ദിവസം കൊടുക്കുന്ന വാര്‍ത്ത പരസ്യത്തിനനുസരിച്ച് അടുത്ത ദിവസം നേരേ തിരിച്ച് കൊടുക്കുന്നു. ഡല്‍ഹിയിലെ വാഹനപരിഷ്ക്കത്തെക്കുറിച്ച് രണ്ട് ദിവസങ്ങളിലായി പത്രങ്ങളില്‍ വന്ന വാര്‍ത്ത ഉയര്‍ത്തികാട്ടിയായിരുന്നു വിജയ് ഗോയല്‍ സംസാരിച്ചത്.
പണം വാങ്ങി വാര്‍ത്ത നല്‍കുന്നത് ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പണം വാങ്ങി വാര്‍ത്ത നല്‍കുന്നതില്‍ പരാതിപ്പെട്ടിട്ടും പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും സഭയില്‍ ആരോപണമുയര്‍ന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു.
രാഷ്ട്രീയക്കാരെല്ലാം അതിന്റെ ഇരകളാണെന്നും എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിച്ചാല്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടുമെന്നും അരുണ്‍ജയ്റ്റിലി പറഞ്ഞു. മാധ്യമമുതലാളിമാരുടെ താല്‍പര്യത്തിനനുസരിച്ചാണ് വാര്‍ത്തകള്‍ എഴുതപ്പെടുന്നതെന്ന് ജെഡിയു നേതാവ് ശരത്‌യാദവ് അഭിപ്രായപ്പെട്ടു. ദൃശ്യമാധ്യമങ്ങള്‍ പണം വാങ്ങിയാണ് സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ഇത് തെരഞ്ഞെടുപ്പുകളെ ബാധിക്കുന്നുവെന്നും എസ് പി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു.
വിഷയം ഗൌരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ട ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ ചര്‍ച്ച നടത്താന്‍ സഭയില്‍ നോട്ടീസ് നല്‍കാന്‍ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു