യമുന തീരം മലിനമാക്കിയതിന് ശ്രീ ശ്രീ രവിശങ്കര്‍ 4.75 കോടി രൂപ പിഴയടച്ചു

Update: 2018-05-28 04:21 GMT
Editor : admin
യമുന തീരം മലിനമാക്കിയതിന് ശ്രീ ശ്രീ രവിശങ്കര്‍ 4.75 കോടി രൂപ പിഴയടച്ചു
Advertising

ഡല്‍ഹി യമുന തീരത്ത് സാംസ്കാരിക സമ്മേളനം നടത്തി പരിസ്ഥിതി നാശം വരുത്തിയതിന് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് പിഴയടച്ചു.

ഡല്‍ഹി യമുന തീരത്ത് സാംസ്കാരിക സമ്മേളനം നടത്തി പരിസ്ഥിതി നാശം വരുത്തിയതിന് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് പിഴയടച്ചു. 4 കോടി 75 ലക്ഷം രൂപയാണ് അടച്ചത്. പരിപാടി നടത്താനായി 25 ലക്ഷം രൂപ മുന്‍കൂര്‍ അടച്ചിരുന്നു. അവശേഷിക്കുന്ന തുകയടക്കാന്‍ ഹരിത ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ യമുന തീരത്ത് നടത്തിയ ലോക സാംസ്കാരിക സമ്മേളനം ഉണ്ടാക്കിയ പാരിസ്ഥിക നാശത്തിനുള്ള പ്രാഥമിക നഷ്ടപരിഹാരമായാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന്‍ 4.75 കോടി രൂപ പിഴയടച്ചത്. സമ്മേളനത്തിന് മുന്നോടിയായി തന്നെ പിഴയടക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നെങ്കിലും ഫൌണ്ടേഷന്‍ അംഗീകരിച്ചില്ല. ഇതേതുടര്‍ന്നാണ് ജൂണ്‍ മൂന്നിനകം അടക്കാന്‍ അന്ത്യശാസനം നല്‍കിയത്. വെള്ളിയാഴ്ച തന്നെ തുക ഡിഡിയായി ഡല്‍ഹി ഡെവലപ്മെന്‍റ് അതോറിറ്റിയില്‍ അടച്ചു. യമുന തീരത്തുണ്ടാക്കിയ പാരിസ്ഥിതിക നാശത്തിനുള്ള ആദ്യ ഘട്ട നടപടി മാത്രമാണ് ഇത്. തീരത്തെ പാരിസ്ഥിതിക നാശം വിലയിരുത്താന്‍ വിദഗ്ധ സമിതിയെ ഹരിത ട്രിബ്യൂണല്‍ നിശ്ചയിച്ചിട്ടുണ്ട്.

സമിതിയില്‍ തങ്ങള്‍ നിര്‍ദേശിക്കുന്ന രണ്ട് പേരെ ഉള്‍പ്പെടുത്തണമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ വാദം തുടരുകയാണ്. ഏതാണ്ട് നൂറ് കോടി രൂപക്ക് മുകളിലുള്ള നഷ്ടമാണ് യമുന തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗ് ഉണ്ടാക്കിയതെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News