റാം റഹീം സിങിന് 20 വര്‍ഷം കഠിന തടവ്
ബലാത്സംഗകേസില്‍ ദേര സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് 20 വര്‍ഷം കഠിന തടവ്.
ബലാത്സംഗകേസില്‍ ദേര സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് 20 വര്‍ഷം കഠിന തടവ്. രണ്ട് കേസുകളിലായി 30 ലക്ഷം രൂപ പിഴ വിധിച്ചു. 14 ലക്ഷം രൂപ വീതം രണ്ട് ഇരകള്‍ക്കും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കോടതിക്കകത്ത് പൊട്ടിക്കരഞ്ഞ റാം റഹീം സിങ് തന്നോട് ദയവ് കാണിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഇരുപക്ഷവും വ്യക്തമാക്കി.
റോത്തക്ക് ജയിലില്‍ സജ്ജമാക്കിയ പ്രത്യേക കോടതിയില്‍ 40 മിനുട്ടോളമാണ് നടപടിക്രമങ്ങള്‍ നീണ്ടത്. 10 മിനുട്ട് വീതം ശിക്ഷാവിധിയിന്‍മേല്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ഇരുവിഭാഗത്തിനും കോടതി സമയം അനുവദിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ തന്‍റെ കക്ഷിയുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് കുറഞ്ഞശിക്ഷ മാത്രമേ വിധിക്കാവൂവെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ബലാത്സംഗ കേസായി ഇതിനെ കാണണമെന്നും 45 സാക്ഷികള്‍ കേസിനോട് സഹകരിക്കാതിരുന്നത് പ്രതിയുടെ ഭീഷണി മൂലമാണെന്നും സിബിഐ വാദിച്ചു. 3 വര്‍ഷത്തോളം ഇരകളെ നിരന്തരം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ശിക്ഷ വിധിക്കുന്നതിന് മുന്‍പ് പ്രതിക്ക് പറയാനുള്ളത് കോടതി ചോദിച്ചപ്പോഴാണ് റാം റഹീം സിങ് പൊട്ടിക്കരഞ്ഞത്. തന്നോട് ദയവുണ്ടാകണമെന്നും മാപ്പ് നല്‍കണമെന്നും റാം റഹീം സിങ് ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം പ്രതിക്ക് വിവിഐപി പരിഗണന നല്‍കി ജയിലിലെത്തിച്ചതിനെ കോടതി വിമര്‍ശിച്ചു. ശിക്ഷാവിധിക്ക് ശേഷം കോടതിമുറിയിലെ തറയില്‍ കുത്തിയിരുന്ന് കരഞ്ഞ റാം റഹീമിനെ ബലം പ്രയോഗിച്ചാണ് പുറത്തുകൊണ്ടുപോയത്. നെഞ്ച് വേദന അനുഭവപ്പെടുന്നെന്ന റാം റഹീമിന്‍റെ പരാതിയെ തുടര്‍ന്ന് വിശദമായ പരിശോധനയക്ക് വിധേയനാക്കി.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗവും ശിക്ഷ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് അപ്പീല്‍ പോകുമെന്ന് സിബിഐയും വ്യക്തമാക്കി. കനത്ത സുരക്ഷാവലയത്തിലുള്ള ജയിലിലേക്ക് വിധി പറയാനായി ഹെലികോപ്ടറിലാണ് ജഡ്ജി പഞ്ച്കുലയില്‍ നിന്നെത്തിയത്.