സാധാരണക്കാരുടെ നടുവൊടിച്ച് വീണ്ടും പാചകവാതക വിലവര്‍ധന

Update: 2018-05-29 17:38 GMT
Editor : Sithara
സാധാരണക്കാരുടെ നടുവൊടിച്ച് വീണ്ടും പാചകവാതക വിലവര്‍ധന
Advertising

ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 78 രൂപ വര്‍ധിപ്പിച്ചു

പാചക വാതക വില വീണ്ടും കുത്തനെ കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ളതിന് 76 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് എണ്ണക്കമ്പനികളുടെ കഴുത്തറുപ്പന്‍ തീരുമാനം.

പുതുക്കിയ വിലകള്‍ ഇന്ന് അര്‍‌ധരാത്രി മുതല്‍ നിലവില്‍ വരും. 49 രൂപ വര്‍ധിച്ചതോടെ ഗാര്‍ഹിക സിലിണ്ടറിന് 646 രൂപ 50 പൈസയായിരിക്കും കേരളത്തില്‍ ഉപഭോക്താവ് നല്‍കേണ്ടിവരിക. 597 രൂപ 50 പൈസ യായിരുന്നു മുമ്പത്തെ വില. വാണിജ്യ സിലിണ്ടറുകള്‍ക്ക് 1160 രൂപ 50 പൈസയും ഇനി നല്‍കേണ്ടിവരും.

സബ്സിഡി തുകകള്‍ ബാങ്ക് അക്കൌണ്ടില്‍ ലഭിക്കും. പാചകവാതക സിലിണ്ടറുകള്‍ക്ക് മാസം തോറും ചുരുങ്ങിയത് നാല് രൂപ വച്ച് കൂട്ടാന്‍ കഴിഞ്ഞ മെയില്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചക വാതക സബ്സിഡി പൂര്‍ണമായും എടുത്തുകളയാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന് റിപ്പോട്ടുകളുണ്ട്. ഇക്കാര്യം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നിഷേധിച്ചിരുന്നെങ്കിലും എണ്ണകമ്പനികളുടെ കഴുത്തറുപ്പന്‍ വിലവര്‍ധനവ് സബ്സിഡി നിരോധം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞമാസം ഒറ്റയടിക്ക് 4 ശതമാനമാണ് പാചക വാതക വില വര്‍ധിപ്പിച്ചത്. ഈ മാസമായപ്പോള്‍ അത് 14 ശതമാനമായി കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം എല്ലാ മാസവും എണ്ണകമ്പനികള്‍ വില വര്‍‌ധിപ്പിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News