അനുജ് ലോയ അങ്ങനെ പറയാന്‍ കാരണം രാഷ്ട്രീയ സമ്മര്‍ദമെന്ന് പിതൃസഹോദരന്‍
ബിജെപി അധ്യക്ഷന്‍ അമിത് ഷായെ രക്ഷിക്കാന്‍ വേണ്ടി സൃഷ്ടിച്ച രാഷ്ട്രീയ സമ്മര്‍ദമാണ് അവരെ ഇപ്പോള്‍ നിശബ്ദരാക്കിയിരിക്കുന്നതെന്നും
സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ പ്രത്യേക ജഡ്‌ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണത്തില്‍ തങ്ങള്‍ക്കൊരു സംശയവും പരാതിയുമില്ലെന്ന് മകന്‍ അനുജ് ലോയ പറയാന്‍ കാരണം രാഷ്ട്രീയ സമ്മര്‍ദമാണെന്ന് ലോയയുടെ പിതൃസഹോദരന്‍ ശ്രീനിവാസ് ലോയ.
21 വയസുകാരന്‍ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി പറഞ്ഞ വാക്കുകളാവാം അത്. അനുജ് തീരെ ചെറുപ്പമാണ്. അവന് അത്രത്തോളം പക്വതയൊന്നുമായിട്ടില്ല. കൌമാരം പിന്നിട്ടിട്ടേയുള്ളു. അവന് മേല്‍ കടുത്ത സമ്മര്‍ദമുണ്ടാകാം. അത് എന്തുമാകട്ടേ, അനുജിന്‍റെ മുമ്പത്തെ കാഴ്ചപ്പാട് പരിഗണിക്കപ്പെടേണ്ടതാണ്. ലോയയുടെ മരണത്തേക്കുറിച്ച് അന്വേഷണം വേണമെന്ന് ആയിരുന്നു അന്നത്തെ അവന്‍റെ ആവശ്യം. ഒരു ബന്ധുവിനോട് എന്നപോലെയല്ല, ഇന്ത്യന്‍ പൌരനോട് എന്ന പോലെ എന്നോട് ചോദ്യങ്ങള്‍ ചോദിക്കണം. സുപ്രിംകോടതി തുടങ്ങിവച്ച അന്വേഷണം മുന്നോട്ട് പോകണമെന്നാണ് തന്‍റെ ആവശ്യമെന്നും ശ്രീനിവാസ് ലോയ പറഞ്ഞു. അനുജിന് മേല്‍ ആരാണ് സമ്മര്‍ദം ചെലുത്തിയതെന്ന ചോദ്യത്തിന്, ''അവന്‍റെ മുത്തച്ഛന് 85 വയസ് പ്രായമുണ്ട്. അവന്‍റെ അമ്മയും വീട്ടിലുണ്ട്. അവന്‍റെ സഹോദരിയുടെ വിവാഹമാണ് ഉടന്‍. ഇതൊക്കെയാകും'' - ഇങ്ങനെയായിരുന്നു ശ്രീനിവാസിന്‍റെ പ്രതികരണം.
ഇതേസമയം, അനുജിന്‍റെ വാര്‍ത്താസമ്മേളനത്തിന് പുറകില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദം തന്നെയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ലോയയുടെ ഉറ്റസുഹൃത്തും സഹപ്രവര്‍ത്തകനുമായ അഡ്വക്കേറ്റ് ബല്‍വന്ത് യാദവ് പറഞ്ഞു. ലോയയുടെ കുടുംബത്തെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷായെ രക്ഷിക്കാന്‍ വേണ്ടി സൃഷ്ടിച്ച രാഷ്ട്രീയ സമ്മര്‍ദമാണ് അവരെ ഇപ്പോള്‍ നിശബ്ദരാക്കിയിരിക്കുന്നതെന്നും ബല്‍വന്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം, അച്ഛന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്നും പരാതിയില്ലെന്നും പറഞ്ഞ് മകന്‍ അനുജ് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. നായിക് ആന്‍റ് നായിക് എന്ന മുംബൈയിലെ പ്രശസ്ത അഭിഭാഷക സ്ഥാപനത്തില്‍ വച്ചായിരുന്നു വാര്‍ത്താസമ്മേളനം. സ്ഥാപനത്തിന്‍റെ പ്രതിനിധി അമീത് ബി നായിക്കും അനുജിനൊപ്പമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളും അനുജിന്‍റെ മറുപടികളും അമീതിന്‍റെ നിയന്ത്രണത്തിലായിരുന്നു.
സൊഹ്റാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിന്‍റെ വിചാരണ നടത്തിയ മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്‌ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ(48) 2014 ഡിസംബർ ഒന്നിനാണ് മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചുവെന്നാണ് കൂടെയുണ്ടായിരുന്ന ജഡ്ജിമാർ അറിയിച്ചത്. ലോയ മരിച്ച് രണ്ടാഴ്ച്ചക്ക് ശേഷം കേസ് പരിഗണിച്ച പുതിയ ജഡ്‌ജി ആദ്യം അമിത് ഷായെയും പിന്നീട് ഘട്ടം ഘട്ടമായി പ്രമുഖ ഐപിഎസുകാരെയും കേസിൽ നിന്ന് ഒഴിവാക്കി. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു നടപടി. ബിജെപി അധ്യക്ഷനും അന്നത്തെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയുമായിരുന്ന അമിത് ഷാ ഉൾപ്പെട്ട കേസായതിനാൽ ദുസ്വാധീനം ഉണ്ടാകുമെന്ന് കണ്ടതിനെ തുടർന്ന് കേസ് സുപ്രിംകോടതി ഗുജറാത്തിൽനിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. കേസിൽ അനുകൂല വിധിക്ക് 100 കോടി രൂപ കൈക്കൂലി ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലോയയുടെ മരണശേഷം കുടുംബം ആരോപിച്ചിരുന്നു.