ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ വിദ്യാഭ്യാസ നിലവാരം ഏറെ താഴെയെന്ന് റിപ്പോര്‍ട്ട്
പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികളില്‍ നാലില്‍ ഒരാള്‍ക്ക് മാതൃഭാഷ വായിക്കാന്‍ അറിയില്ല
ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ വിദ്യാഭ്യാസ നിലവാരം ഏറെ താഴെയെന്ന് പഠന റിപ്പോര്‍ട്ട്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികളില്‍ നാലില്‍ ഒരാള്‍ക്ക് മാതൃഭാഷ വായിക്കാന്‍ അറിയില്ല. 57 ശതമാനം കുട്ടികള്‍ക്ക് ചെറിയ കണക്കുകള്‍ പോലും ചെയ്യാന്‍ അറിയില്ലെന്നും വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഥം എന്ന എന്‍ജിഒയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
ഇന്ത്യയുടെ മാപ്പ് കാണിച്ചു കൊടുത്താല്‍ 14 ശതമാനം കുട്ടികള്‍ക്കും എന്താണെന്ന് അറിയില്ല. രാജ്യത്തുള്ള 21 ശതമാനം കുട്ടികളോട് സ്വന്തം സംസ്ഥാനം ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. 58 ശതമാനം പേര്‍ക്ക് മാപ്പില്‍ സ്വന്തം സംസ്ഥാനം കണ്ടെത്താന്‍ കഴിയില്ല. രാജ്യ തലസ്ഥാനം ചോദിച്ചാലോ 36 ശതമാനം പേരും കൈമലര്‍ത്തും. പ്രഥം എന്‍ജിഒ പുറത്ത് വിട്ട വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്ളത്. 14 നും 18 നും ഇടയില്‍ പ്രായമുള്ള 24 സംസ്ഥാനങ്ങളിലെ 28,323 വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു സര്‍വേ . രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവം നടക്കുകയാണെങ്കിലും 64 ശതമാനം വിദ്യാര്‍ത്ഥികളും ഇതുവരെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ലെന്നു കണക്കുകളിലുണ്ട്. ക്ലോക്കിലെ സമയം നോക്കാന്‍ അറിയാത്തവര്‍, വ്യത്യസ്ത മൂല്യങ്ങളിലുള്ള നോട്ടുകള്‍ കൊടുത്താല്‍ എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തവര്‍ തുടങ്ങി പട്ടികയിലുള്ള കണക്കുകള്‍ നിരവധിയാണ്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ രാജ്യത്തെ 60 ശതമാനം കുട്ടികള്‍ തുടര്‍ പഠനത്തിന് ആഗ്രഹിക്കുന്നുണ്ട്. കേരളത്തെ നാണിപ്പിക്കുന്ന കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ 18 ശതമാനം കുട്ടികള്‍ക്കാണ് തലസ്ഥാനം ഏതാണെന്ന് അറിയാത്തത്. സംസ്ഥാനത്തെ എറണാകുളം ജില്ലയിലായിരുന്നു സര്‍വേ നടന്നത്.