ഹാദിയയ്ക്ക് നീതി തേടി ഡല്‍ഹിയില്‍ ഒത്തുചേരല്‍
വനിതാ സംഘടനകളും ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമാണ് ഹാദിയക്ക് നീതിയാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഒത്തുകൂടിയത്
ഹാദിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധം. വനിതാ സംഘടനകളും ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമാണ് ഹാദിയക്ക് നീതിയാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഒത്തുകൂടിയത്. ഹാദിയയുടെ മൌലികാവകാശങ്ങള്‍ ലംഘിക്കാന്‍ കോടതികള്‍ കൂട്ട് നില്‍ക്കുകയാണെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അപലപനീയമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
കനത്ത മഴയെ അവഗണിച്ചാണ് ഹാദിയക്ക് നീതിയാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥികളും വനിതാ സംഘടന പ്രവര്‍ത്തകരും ഒത്തുചേര്‍ന്നത്. ഓള്‍ ഇന്ത്യ പ്രോഗ്രസ്സീവ് വുമണ്‍സ് അസോസിയേഷന്‍ നേതാവ് കവിത കൃഷ്ണന്‍, ഓള്‍ ഇന്ത്യ ഡോമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ നേതാവ് ആനി രാജ തുടങ്ങിയവരും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.
ഹാദിയക്കെതിരെ നടക്കുന്ന അനീതിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ദിവസം കൂട്ട ഹരജി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡല്‍ഹിയിലെ പ്രതിഷേധം. ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ സംഗമത്തിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.