സ്പൈസ് ജെറ്റ് ഉടമ എന്‍ഡിടിവി ഏറ്റെടുക്കുന്നുവെന്ന അഭ്യൂഹം ചാനല്‍ നിഷേധിച്ചു

Update: 2018-06-02 21:40 GMT
Editor : Sithara
സ്പൈസ് ജെറ്റ് ഉടമ എന്‍ഡിടിവി ഏറ്റെടുക്കുന്നുവെന്ന അഭ്യൂഹം ചാനല്‍ നിഷേധിച്ചു
Advertising

സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ് എന്‍ഡിടിവി ഏറ്റെടുക്കുമെന്ന വാര്‍ത്ത ചാനല്‍ നിഷേധിച്ചു.

സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ് എന്‍ഡിടിവി ഏറ്റെടുക്കുമെന്ന വാര്‍ത്ത ചാനല്‍ നിഷേധിച്ചു. കമ്പനി പ്രമോട്ടര്‍മാര്‍ തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് എന്‍ഡിടിവി ഔദ്യോഗികമായി അറിയിച്ചു.

1988ല്‍ പ്രണോയ് റോയിയുടെയും രാധിക റോയിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ എന്‍ഡിടിവി ഇന്ത്യയിലെ ആദ്യകാല വാര്‍ത്താചാനലുകളില്‍ ഒന്നാണ്. പ്രണോയ് റോയും രാധിക റോയും സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ എന്‍ഡിടിവിയുടെ ഉടമസ്ഥാവകാശം കൈമാറുന്നുവെന്നായിരുന്നു വാര്‍ത്ത. അജയ് സിങ് കമ്പനിയുടെ 40 ശതമാനം ഓഹരി വാങ്ങുന്നുവെന്ന അഭ്യൂഹം പരന്നതിനിടെയാണ് ഇക്കാര്യം നിഷേധിച്ച് എന്‍ഡിടിവി രംഗത്തെത്തിയത്.

ബിജെപിയുമായി സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങിന് അടുത്ത ബന്ധമാണുള്ളത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് അദ്ദേഹം. നിലവില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വശത്താക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെയാണ് എന്‍ഡിടിവി ബിജെപി അനുകൂലി ഏറ്റെടുത്തെന്ന അഭ്യൂഹം പരന്നതും ചാനല്‍ അക്കാര്യം നിഷേധിച്ചതും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News